നമ്മുടെ കുർബ്ബാനയിൽ വചനശുശ്രൂഷയ്ക്കും കൂദാശാഭാഗത്തിനും ഇടയ്ക്കുള്ള കർമ്മങ്ങളും പ്രാർത്ഥനകളുമാണല്ലോ ഒരുക്ക ശുശ്രൂഷ എന്ന പേരിൽ അറിയപ്പെടുന്നത്. വിശുദ്ധവസ്തുക്കളുടെ ഭൗതീകമായ ഒരുക്കവും പുരോഹിതന്റെയും ശുശ്രൂഷികളുടെയും ദൈവജനത്തിന്റെയും ആധ്യാത്മികമായ ഒരുക്കവുമാണ് ഈ ഭാഗത്തു വരുന്നത്. തികച്ചും പൗരസ്ത്യമായ നമ്മുടെ കുർബാനയിലെ ഈ ഭാഗം ഏകദേശം നാലു നൂറ്റാണ്ടൂ കാലം പാശ്ചാത്യ ദൈവാരാധനാ വിശകലനമനുശരിച്ചു മാത്രമാണ് പൗരസ്ത്യ സുറിയാനിക്കാരായ നമ്മുടെ ഇടയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അതിന്റെ തിക്തഫലം ഇന്നും നമ്മുടേ സഭയിലെ ഭൂരിപക്ഷം വിശ്വാസികളെയും സ്വാധീനിച്ചിരിക്കുന്നതുകൊണ്ട് ഈ കർമ്മസമയത്ത് വ്രതാർപ്പണം നടത്തുക, ഇതോടനുബന്ധിച്ച് കാഴ്ചവസ്തുക്കൾ അൾത്താരയിങ്കലേയ്ക്ക് വിശ്വാസികൾ കൊണ്ടൂവരിക തുടങ്ങിയ അനധികൃത പ്രവൃത്തികൾ പല സ്ഥലങ്ങളിലും പടർന്നു പിടീച്ചുകൊണ്ടീരിക്കുന്നു.
എന്നാൽ ആധുനിക പഠനങ്ങളുടെയും അവയുടെ അടിസ്ഥാനത്തിൽ പരിശുദ്ധ സിംഹാസനം വ്യക്തമായി നൽകിയിട്ടുള്ള നിർദ്ദേശങ്ങളുടേയും വെളിച്ചത്തിൽ ഇനിയും ഈ തെറ്റിധാരണ വച്ചുപുലർത്തുവാൻ നമുക്ക് അവകാശമില്ല.
കാഴ്ചവയ്പ് എന്ന പ്രയോഗം
നമ്മുടെ കുർബാനയിൽ കാഴ്ച സമർപ്പണം(Offertory rites) അഥവാ കാഴ്ചവയ്പ്പ് എന്നൊരു ഭാഗമില്ല. ലത്തീൻ കുർബ്ബാനയിൽ പോലും ആ പേരു നീക്കം ചെയ്തിരിക്കുകയാണിപ്പോൾ. എങ്കിലും ആ തലക്കെട്ടിൻ കീഴിൽ ചെയ്തിരുന്ന പ്രവൃത്തികൾ എല്ലാം കുർബ്ബാനയിൽ ഇന്നുമുണ്ട്. അവയുടെ എല്ലാം ആശയം വളരെ വ്യത്യസ്തമായ രീതിയിലാണ് പിതാക്കന്മാർ വ്യാഖ്യാനിച്ചു തരുന്നത്. അതുകൊണ്ട് ഇത്രയും നാൾ നാം ഇവയ്ക്കു കൊടൂത്തിരുന്ന പേരും അതിൽ അന്തർലീനമായിരുന്ന തെറ്റിദ്ധാരണാജനകമായ ആശയവും ഉപേക്ഷിക്കണം എന്നു മാത്രമാണ് സഭാമാതാവ് നമ്മോട് ആവശ്യപ്പെടുന്നത്. "കാഴ്ച സമർപ്പണം(Offertory rites) എന്ന തലക്കെട്ടൂ തന്നെ പിശകാണ്; അത്തരം പ്രയോഗം അവസാനിപ്പിക്കേണ്ടതുമാണ്" എന്ന് 1983 മാർച് 1 ആം തിയതി സീറോമലബാർ മെത്രാന്മാർക്ക് അയച്ച രേഖയിൽ പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിട്ടൂണ്ട്.
രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് വിശുദ്ധ കുർബാനയെക്കുറിച്ചു പാശ്ചാത്യസഭയിലുണ്ടായ നിർഭാഗ്യകരമായ ചില കാഴ്ചപ്പാടുകളുടെ കനിയാണ് "കാഴ്ച സമർപ്പണം" എന്ന പദവും അതിനോടനുബന്ധിച്ചുള്ള ആശയങ്ങളും പ്രവൃത്തികളും. വിശുദ്ധ കുർബാനയിൽ രണ്ടുതരം സമർപ്പണങ്ങളുണ്ടെന്ന് അത്തരം ചിന്താഗതിക്കാർ ധരിച്ചു. സാധനങ്ങളുടെ സമർപ്പണവും കുർബാന സമർപ്പണവും. സാധനങ്ങളുടെ സമർപ്പണം വിശ്വാസികൾക്കും കുർബാനസമർപ്പണം പുരോഹിതർക്കുമായി വികലമായ ഒരു തരംതിരിവ് ഇതുമൂലം വന്നുചേർന്നു. വിശുദ്ധ കുർബ്ബാനയിൽ ഒരു സമർപ്പണമേയുള്ളൂ;സഭ മുഴുവനും ഒന്നിച്ച് - മെത്രാന്മാരും പുരോഹിതരും ഡീക്കന്മാരും അത്മായരും എല്ലാം അവരവരുടെ സ്ഥാനത്തിനും നിലയ്ക്കും യോജിച്ചവിധം ഒന്നിച്ച് - ആണ് ഈ സമർപ്പണം നടത്തുന്നത്.
കാഴ്ചവയ്പ്പു പ്രദിക്ഷിണം
പൗരസ്ത്യസഭകളിൽ ഒന്നിൽ പോലും ഒരുകാലത്തും ജനങ്ങളുടെ കാഴ്ചവയ്പ്പു പ്രദിക്ഷിണം എന്ന പരിപാടി കുർബ്ബാനക്കിടയിൽ ഉണ്ടായിരുന്നതായി കാണാനാവില്ല. ലത്തീൻ സഭയിൽ തന്നെ തെറ്റായ ദൈവശാസ്ത്ര ചിന്തയിൽ ഉരുത്തിരിഞ്ഞു പടർന്നു പന്തലിച്ച ഈ പരിപാടി എങ്ങിനെ നിയന്ത്രിക്കാനാവും എന്ന് അധികാരികൾ ചിന്തിച്ചുകയാണ്. എന്നിട്ടും നമ്മുടെ സഭയിൽ ഇതിന്റെ അസാംഗത്യം മനസിലാക്കിയിട്ടൂണ്ടന്നു തോന്നുന്നില്ല.
അൾത്താരയിലേയ്ക്ക് തിരുവസ്തുക്കൾ കൊണ്ടൂവരുന്ന ചുമതല പൗരസ്ത്യസഭകളിൽ ഡീക്കന്മാരുടേതാണ്. അത്യാവശ്യസന്ദർഭങ്ങളിൽ വൈദീകർ അവരെ സഹായിച്ചിരുന്നതായും കാണുന്നുണ്ട്. എന്നാൽ അത്മായർ ഒരു അവസരത്തിലും അങ്ങിനെ ചെയ്തിരുന്നതായി കാണുന്നില്ല. പൗരസ്ത്യസഭകളും പാശ്ചാത്യസഭകളും തമ്മിലുള്ള സത്താപരമായ വ്യത്യാസം തുടർന്നും പുലർത്തണമെന്നാണ് പരിശുദ്ധ സിംഹാസനം തന്നെ ആവശ്യപ്പെടുന്നത്.
പാശ്ചാത്യ സഭയിലേപോലെതന്നെ പൗരസ്ത്യസഭകൾ വിശുദ്ധ കുർബ്ബാനയ്ക്ക് ആവശ്യമായ വസ്തുക്കൾ വിശ്വാസികൾ ദേവാലയത്തിലേയ്ക്ക് കൊണ്ടൂവരുന്ന രീതി ഉണ്ടായിരുന്നു. വിശുദ്ധ കുർബ്ബാനയ്ക്കുള്ള അപ്പം, വീഞ്ഞ്, കുന്തിരിക്കം, വിളക്കിനുള്ള എണ്ണ തുടങ്ങിയ സാധനങ്ങൾ മാത്രമേ അപ്രകാരം കൊണ്ടുവന്നിരുന്നുള്ളൂ. എന്നാൽ ഒരിക്കലും അത് കുർബാന മധ്യേ ആയിരുന്നില്ല. പിന്നെയോ കുർബ്ബാനയ്ക്കു മുൻപ് സങ്കീർത്തിയിൽ കൊണ്ടൂ പോയി ഡീക്കന്മാരെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ഡീക്കന്മാരാണ് കുർബാനയ്ക്കാവശ്യമായവ അതിൽ നിന്നും എടുത്ത് ബേസ്ഗസ്സാകളിൽ ഒരുക്കി വയ്ക്കുന്നത്. യഥാസമയം അവർ തന്നെ അവ അൾത്താരയിൽ ക്രമീകരിക്കയും ചെയ്യും. പട്ടം, പുത്തൻകുർബാന, വ്രതാർപ്പണം, വിവാഹം തുടങ്ങിയ ചില പ്രത്യേകാവസരങ്ങളിൽ വിശുധകുർബാനയ്ക്കാവശമായ വസ്തുക്കൾ മാത്രം വിശുദ്ധകുർബാന ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് കാർമ്മികന്റെ പക്കൽ കൊടുക്കുന്നത് നമ്മുടെ ആരാധനാ ചൈതന്യത്തിനു എതിരാകുമെന്നു തോന്നുന്നില്ല.
തിരുവസ്തുക്കളുടെ ഒരുക്കം
തിരുവസ്തുക്കൾ അഥവാ അപ്പവും വീഞ്ഞും മദ്ബഹായുടെ ഇരുവശത്തുമുള്ള നിഷേപാലയങ്ങൾ അഥവാ ബേസ്ഗസ്സാകളിലാണ് ഒരുക്കുന്നത് അഥവാ ഒരുക്കേണ്ടത്. ഒരു കാരണവശാലും കാസയും പീലാസയും അൾത്താരയിൽ തന്നെ വച്ച് ഒരുക്കേണ്ടതല്ല. ബേസ്ഗസാകൾ ഇല്ലാത്ത പള്ളികളീലും കപ്പേളകളിലും താമസംവിനാ അവ നിർമ്മിക്കണമെന്ന് പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിട്ടൂണ്ട്. 1962ൽ നമ്മുടെ കുർബ്ബാനക്രമം പുനരുദ്ധരിച്ചപ്പോൾ തന്നെ തിരുവസ്തുക്കൾ ഒരുക്കുന്നതിനായി ബേസ്ഗസാകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടീക്കാട്ടിയിരുന്നു. വിശുദ്ധ കുർബാന എവിടെവച്ചും എങ്ങനെ വേണമെങ്കിലും നടത്താവുന്ന ഒരു കർമ്മമായി നമ്മുടെ ചിന്തയിൽ അധ:പ്പതിച്ചു പോയിട്ടില്ല്ലേ എന്നു ചിന്തിക്കേണ്ടീയിരിക്കുന്നു.
മറ്റു റീത്തുകളുടെ പള്ളികളിൽ വച്ചു നമ്മുടെ കുർബ്ബാന അർപ്പിക്കേണ്ടതായി വരുകയാണെങ്കിൽ അൾത്താരയുടെ ഇരുവശങ്ങളിലും ഉചിതമായി ക്രമീകരിച്ചിരിക്കുന്ന രണ്ടു മേശകളിൽ കാസയും പീലാസയും ഒരുക്കാവുന്നതാണ്. ഒരു കാരണവശാലും അൾത്താരയിൽ വച്ച് ഒരുക്കാവുന്നതല്ലെന്നു വ്യക്തമായി 1983ൽ റോമിൽ നിന്നു നൽകിയ നിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. അൾത്താരയിൽ വച്ചു തന്നെ തിരുവസ്തുക്കൾ ഒരുക്കുന്നത് പുരാതനകാലം മുതൽ സുറിയാനീ സഭാ പിതാക്കന്മാർ ഈ പ്രത്യേക കർമ്മത്തിനു നൽകിയിരുന്ന പ്രതീകാത്മകത കളഞ്ഞു കുളിക്കലാവും.
ഉപസംഹാരം
ചുരുക്കത്തിൽ
1. കാഴ്കവയ്പ്പ് എന്ന പ്രയോഗം തന്നെ ശരിയല്ല.
2. കാഴ്ചവയ്പു പ്രദിക്ഷിണം സുറീയായി സഭയുടെ പാരമ്പര്യമല്ല.
3. തിരുവസ്തുക്കളുടെ ഒരുക്കം ബേസ്ഗസായിലാണു നടത്തേണ്ടത്.
എങ്കിലും ശരിയായ ബോധ്യങ്ങളൂടെയും പരിശീലനത്തിന്റെയും കുറവുനിമിത്തമോ ന്യായമായ അധികാരത്തോടുള്ള വിധേയത്തക്കുറവു നിമിത്തമോ പലയിടങ്ങളിലും ഇതിനു വിപരീതമായി, പരിശുദ്ധ സിംഹാസനത്തിന്റെയും പൗരസ്ത്യതിരുസംഘത്തിന്റെയും മെത്രാൻ സിനഡിന്റെയും നിർദ്ദേശങ്ങൾക്കു വിരുദ്ധമായി, സുറിയാനീ പാരമ്പര്യങ്ങൾക്കും ചൈതന്യത്തിനും നിരക്കാത്ത രീതിയിൽ കുർബ്ബാനയർപ്പിച്ചു കാണുന്നുണ്ട്.
(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന പുസ്തകത്തിൽ നിന്നും ഒരുക്ക ശുശ്രൂഷ എന്ന അധ്യായത്തിലെ ഈ പോസ്റ്റിലെ വിഷയത്തിനു യോജിച്ച പ്രസക്തഭാഗങ്ങൾ കാര്യമായ ഒരു മാറ്റവും കൂടതെ തന്നെയാണു ചേർത്തിട്ടൂള്ളത്. കാര്യങ്ങളുടെ വ്യക്തതയ്ക്കു വേണ്ടി ചില ചെറിയ മാറ്റങ്ങൾ ചുരുക്കം ചില ഭാഗങ്ങളിൽ നടത്തിയിട്ടൂണ്ട്)
Sunday, July 10, 2011
Subscribe to:
Posts (Atom)