മിശിഹായുടെ ദൈവമനുഷ്യപ്രകൃതികളെ വികലമായി ചിത്രീകരിയ്ക്കുന്നതായി വ്യാഖ്യാനിയ്ക്കപ്പെട്ട
നെസ്തോറിയസ്സിന്റെ വാദങ്ങളാണ് നെസ്തോറിയൻ പാഷ്ണ്ഡതയായി അവതരിപ്പിയ്ക്കപ്പെട്ടത്. എഫേസൂസ്
സൂന്നഹദോസ് (AD 431) നെസ്തോറിയസിന്റെ വാദങ്ങളെ തള്ളുകയും നെസ്തോറിയസിനെ സഭയിൽ നിന്നു
പുറത്താക്കുകയും ചെയ്തു. കാൽസിദോണിയൻ സൂനഹദോസ് (AD 451) നെസ്തോറിയൻ പാഷ്ണ്ഡതയെ ശപിയ്ക്കുകയും ചെയ്തു. നെസ്തോറിയസിനെയും
കൂട്ടരെയും പൗരസ്ത്യസുറിയാനീ സഭ(Assyrian church of East) സ്വാഗതം ചെയ്യുകയും പില്‌ക്കാലത്ത്
പൗരസ്ത്യ സുറിയാനീ സഭ (Assyrian church of East) നെസ്തോറിയൻ സഭ എന്ന് അറിയപ്പെടുകയും
ചെയ്തു.
നെസ്തോറിയൻ പാഷ്ണ്ഢതയുടെ ആരംഭം
അലക്സാണ്ഡ്രീയായും കോൺസ്റ്റാന്റിനോപ്പിളും തമ്മിലുള്ള കിടമത്സരമാണ് നെസ്തോറിയൻ
പാഷ്ണ്ഡത നെസ്തോറിയസ്സിൽ ആരോപിയ്ക്കപ്പെടാനുള്ള ഒരു കാരണം. നെസ്തോറിയസ് കോൺസ്റ്റാന്റിനോപ്പിളിലെ
പാത്രിയർക്കിസ്സ് ആയിരുന്നു. അതേസമയത്ത് അലക്സാണ്ഡ്രിയായിലെ പാത്രിയർക്കീസ് സിറിൽ ആയിരുന്നു.
പ്രൊക്ലൂസ്സ് എന്ന പ്രാസംഗികൻ പരിശുദ്ധകന്യകാമറിയത്തെ ദൈവമാതാവ് (Theotokos) എന്ന്
അഭിസംബോധന ചെയ്തതിനോട് നെസ്തോറിയസ് വിയോജിച്ചു. മിശിഹായുടെ മാതാവ് (Christokos) എന്ന അഭിസംബോധനയാണ് ശരിയെന്നായിരുന്നു നെസ്തോറിയസ്സിന്റെ വാദം. എന്നാൽ സിറിൽ
ദൈവമാതാവ് എന്ന പ്രയോഗത്തിന്റെ പക്ഷം ചേർന്നു. ഇതാണ് വാദപ്രതിവാദങ്ങളിലൂടെ വഷളാവുകയും
നെസ്തോറിയസ്സ് പോലും ഉന്നയിയ്ക്കാത്ത ദൈവശാസ്ത്രപ്രശ്നങ്ങൾ അദ്ദേഹത്തിൽ ആരോപിയ്ക്കപ്പെടുകയും
ചെയ്യുന്നതിനും ഇടയാക്കിയ നെസ്തോറിയൻ പാഷണ്ഡതയുടെ തുടക്കം.
അസ്സീറിയൻ(കിഴക്കൻ (Church of the East)/ നെസ്തോറിയൻ/ പൗരസ്ത്യ
സുറിയാനീ )സഭ യും നെസ്തോറിയൻ പാഷണ്ഡതയും
നെസ്തോറിയൻ പ്രശ്നം ഗ്രീക്ക് സഭകളിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ്.
ഇതിന് പൗരസ്ത്യസുറിയാനീ സഭയുമായി നേരിട്ടുബന്ധമില്ല. അതേ സമയം മിശിഹായുടെ മാതാവ് എന്ന
പ്രയോഗം സുറീയാനീ സഭയെ സംബന്ധിച്ചിടത്തോളം മനുഷ്യാവതാരത്തോളം തന്നെ പഴക്കമുള്ള പ്രയോഗമാണ്.
കന്യകാമറിയത്തെ ഏലീശ്വാ പുണ്യവതി “എന്റെ കർത്താവിന്റെ അമ്മ” എന്നും സുവിശേഷകന്മാർ മാതാവിനെ ഉദ്ദ്യേശിച്ച് “അവന്റെ അമ്മ” എന്നും പറഞ്ഞിരിയ്ക്കുന്നത്
ഇവിടെ സ്മരണീയമാണ്. ജറൂസലേമിലെ സഭ സുറിയാനീ സഭയായിരുന്നു; ഈശോ മിശിഹായുടെയും മറിയത്തിന്റെയും
ശ്ലീഹന്മാരുടെയും ഭാഷ സുറിയാനി ആയിരുന്നു. പൗലോസ് ശ്ലീഹായുടെ സുവിശേഷപ്രസംഗങ്ങളുടെ
ഫലമായി ഗ്രീക്കു സഭകളിൽ വിജാതീയരായിരുന്നു കൂടുതലും. മിശിഹായെ കണ്ടറിഞ്ഞവരുടെ പ്രയോഗമായ
“മിശിഹായുടെ അമ്മ” എന്ന പ്രയോഗം തെറ്റും
മിശിഹായെ കേട്ടറിഞ്ഞവരുടെ ഇടയിലുണ്ടായ “ദൈവമാതാവ്” എന്ന പ്രയോഗം ശരിയും
എന്നു വരിക സ്വാഭാവികമല്ലല്ലോ.
നെസ്തോറിയസ്സിന്റെ
നിലപാട്
1895ൽ നെസ്തോറിയസിന്റെ ബാസർ ഓഫ് ഹെരക്ലൈഡെസ് (Bazaar of Heracleides) എന്ന പുസ്തകം കണ്ടെടുത്തു. തന്റെ ജീവിതാവസാനത്തിൽ നെസ്തോറിയസ്സ്
എഴുതിയ ഈ പുസ്തകത്തിൽ തനിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെ നെസ്തോറിയസ് തന്നെ നിരാകരിയ്ക്കുന്നു.
അതുവഴി നെസ്തോറിയസ്സുപോലും നെസ്തോറിയൻ അല്ലാതാവുന്നു. ബാസർ ഓഫ് ഹെരക്ലൈഡെസ് (Bazaar of
Heracleides) യും നെസ്തോറീയസ്സിന്റെ മറ്റു പുസ്തകങ്ങളും പരിശോധിച്ച പണ്ഢിതന്മാർ
അദ്ദേഹം പാഷണ്ഢത പഠിപ്പിച്ചു എന്ന വാദം തള്ളിക്കളയുന്നു. അവരുടെ അഭിപ്രായത്തിൽ എഫേസൂസ് സൂനഹദോസിന്റെ നിലപാടുകൾ
തെറ്റിദ്ധാരണയുടേയും അധികാരരാഷ്ട്രീയത്തിന്റെയും ഫലമായിരുന്നു. പൗരസ്ത്യ സുറിയാനി സഭയിലെ
ദൈവശാസ്ത്രജ്ഞനായിരുന്ന മാർ അബ്ബായി (AD 628) നെസ്തോറീയസ്സിന്റെ കൃതികളിലെ പാഷ്ണ്ഢതയില്ലെന്നു
രേഖപ്പെടുത്തിയിട്ടൂണ്ട്. ബാസർ ഓഫ് ഹെരക്ലൈഡെസിൽ തന്നെ കാൽസിദോണിയൻ സൂനഹദോസിന്റെ നിലപാടുകളിൽ
നിന്നു വ്യത്യസ്തമല്ല തന്റെ നിലപാടൂകൾ എന്ന് നെസ്തോറിയസ്സു തന്നെ വാദിയ്ക്കുന്നുമുണ്ട്.
കത്തോലിയ്ക്കാ സഭയുടെ നിലപാട്
അസ്സീറിയൻ സഭയും കത്തോലിയ്ക്കാ സഭയും ചേർന്നു
നടത്തിയ പ്രഖ്യാപനത്തിൽ ഇരുസഭകളും തന്നിൽ ദൈവശാസ്ത്രപരമായ ഭിന്നതകളില്ല എന്ന് രേഖപ്പെടുത്തിയിട്ടൂണ്ട്.
1994 നവംബർ 11 ന് ജോൺപോൾ പാപ്പായും ദിൻഖാ IV നും ആണ് ഇതിൽ ഒപ്പു വച്ചിരിയ്ക്കുന്നത്. ഈശോ മിശിഹാ പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമാണെന്ന്
ചിന്ത ഇരു സഭകളും പങ്കുവയ്ക്കുന്നു. ഈശോ മിശിഹായുടെ
അമ്മ എന്ന പ്രയോഗവും ദൈവമാതാവ് എന്ന പ്രയോഗവും ഒരേ വിശ്വാസമാണ് ഏറ്റുപറയുന്നത് എന്നും
ഈ രേഖ സാക്ഷ്യപ്പെടുത്തുന്നു.
ഭാരതത്തിലെ നസ്രാണികളും നെസ്തോറിയൻ പാഷണ്ഢതയും
അസ്സീറിയൻ സഭയുടേതിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാട് ഭാരതത്തിലെ ക്രൈസ്തവർക്കും
ഉണ്ടായിരുന്നിരിയ്ക്കാൻ സാധ്യതയില്ല. മിശിഹായുടെ മാതാവ് എന്ന പ്രയോഗം തന്നെയാണ് ഭാരതത്തിലെ
നസ്രാണികളുടെ ഇടയിൽ ഉണ്ടായിരുന്നത്. അതേസമയം
നെസ്തോറിയസ്സ് നെസ്തോറീയൻ പാഷണ്ഡത പഠിപ്പിച്ചിട്ടില്ലാതിരിയ്ക്കുകയും അസ്സീറിയൻ സഭയും
വത്തിയ്ക്കാനും തമ്മിൽ ദൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ ഇല്ലാതിരിയ്ക്കുകയും ചെയ്യുന്ന
നിലയ്ക്ക് ഭാരതത്തിലെ നസ്രാണികൾ നെസ്തോറിയൻ ആയിരുന്നോ എന്ന ചിന്തയ്ക്ക് വലിയ പ്രസക്തിയില്ല.
ഉപസംഹാരം
നെസ്തോറിയസ്സോ നെസ്തോറിയൻ സഭയോ നെസ്തോറിയൻ പാഷണ്ഡത പഠിപ്പിച്ചിട്ടില്ല. നെസ്തോറിയസ്സു
തന്നെ നെസ്തോറിയൻ ആയിരുന്നില്ല. അധികാരവടംവലികളുടെയും കിടമത്സരത്തിന്റെയും ഫലമായി തെറ്റിദ്ധാരണയുടെ
പശ്ചാത്തലത്തിൽ ഉണ്ടായ ഒരാരോപണമാണ് നെസ്തോറിയൻ പാഷണ്ഡത. അതു സാങ്കേതികമായി ഒരു പാഷണ്ഡതയാണെങ്കിൽ പോലും ചരിത്രപരമായി
അതിനു വലിയ സാംഗത്യം കാണുന്നില്ല.