(കൂനമ്മാക്കൽ തോമാക്കത്തനാരുടെ ലേഖനത്തിന്റെ പരിഭാഷ)
1.
മാർ തോമാ നസ്രാണീ പാരമ്പര്യങ്ങളിലെ യഹൂദ സ്വാധീനം
ദക്ഷിണേന്ത്യയിലെ
സുറിയാനി നസ്രാണീകളുടെ യഹൂദപശ്ചാത്തലം പറഞ്ഞു കഴിഞ്ഞു. പറങ്കികൾ എത്തുന്നതിനു
മുൻപു വരെ യഹൂദരും മാർ തോമാ നസ്രാണികളും തമ്മിൽ ഹാർദ്ദമായ ബന്ധവും
നിലനിന്നിരുന്നു. പെസഹാ ആചരണം, മരണശേഷമുള്ള ശുദ്ധീകരണം, പ്രസവത്തിനുശേഷമുള്ള അമ്മയുടേയും കുട്ടിയുടേയും ശുദ്ധീകരണം, യഹൂദരീതിയിലുള്ള ദിവസത്തിന്റെ ആരംഭവും അവസാനവും, സുറിയാനിയിലെ അറമായിസം തുടങ്ങിയവയെല്ലാം വിരൽ ചൂണ്ടൂന്നത് യഹൂദനസ്രണീ
പാരമ്പര്യത്തിലേയ്ക്കാണ്. നസ്രാണികളുടെ പേരുകൾ പഴയനിയമ പശ്ചാത്തലത്തിലുള്ളവയായിരുന്നു.
ഇത് പറങ്കി മിഷനറിമാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രതിമകളോ ചിത്രങ്ങളോ
നസ്രാണികളുടെ പള്ളികളിൽ ഉണ്ടായിരുന്നില്ല. ഇത് യഹൂദപശ്ചാത്തലത്തിന്റെയും പൗരസ്ത്യ
സുറിയാനീ പാരമ്പര്യത്തിന്റെയും ഫലമാണ്. അവരുടെ പള്ളികളിൽ സ്ലീവാ മാത്രമേ
ഉണ്ടായിരുന്നുള്ളൂ. മാർത്ത് മറിയത്തിന്റെ പ്രതിമ കണ്ട കടുത്തുരുത്തിയിലെ നസ്രാണികൾ
കോപം കൊണ്ടൂം ഹൃദയവേദന കൊണ്ടൂം കണ്ണൂകൾ അടച്ചു എന്നാണ്
രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
2. മാർ തോമാ നസ്രാണികളും പേർഷ്യൻ സഭയും
ദക്ഷിണേന്ത്യൻ സഭയും പേർഷ്യൻ സഭയുമായുള്ള ബന്ധത്തിന് തോമാസ്ലീഹായുടെ കാലത്തോളം
തന്നെ പഴക്കമുണ്ട്. പേർഷ്യൻ സഭ തോമാശ്ലീഹായുടെ ഒന്നാം പ്രേഷിത
ദൗത്യത്തിന്റെ ഫലമായി രൂപം കൊണ്ടതാണല്ലോ. രണ്ടാമത്തെ പ്രേഷിത ദൗത്യത്തിൽ ദക്ഷിണേന്ത്യയിലെ
നസ്രാണീ സമൂഹവും രൂപം കൊണ്ടു. ഇരു സമൂഹങ്ങളുടെയും യഹൂദ-അറമായ ഊഷ്മളമായ ഒരു ബന്ധം തുടർന്നു
കൊണ്ടു പോകുവാൻ അവരെ സഹായിച്ചു. ബാർസായിലെ മാർ ദാവീദ് ദക്ഷിണേന്ത്യയിലെ
മാർ തോമാ നസ്രാണികളെ സഹായിയ്ക്കുവാനായി മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തി.
പേർഷ്യൻ സാമ്രാജ്യം ക്രിസ്തുമതത്തെ പീഠിപ്പിയ്ക്കുവാൻ തുടങ്ങിയപ്പോൾ അവിടുത്തെ പല ക്രിസ്ത്യൻ സമൂഹങ്ങളും
ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറുകയും ഇന്ത്യയിലെ മാർ തോമാ നസ്രാണീസമൂഹത്തിന്റെ ഭാഗമായിത്തീരുകയും
ചെയ്തു. അഞ്ചും ആറും
നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ നസ്രാണീ വിദ്യാർത്ഥികളും മൽപ്പാന്മാരും എദ്ദേസായിലേയും നിസിബസിലേയും
സ്കൂളുകളുമായി ബന്ധപ്പെട്ടൂ പ്രവർത്തിച്ചിരുന്നു. നാലാം നൂറ്റാണ്ടിലും
ഒൻപതാം നൂറ്റാണ്ടിനുമിടയിൽ പേർഷ്യൻ ഇസ്ലാമിക മതമർദ്ദനത്തിന്റെ ഫലമായി പശ്ചിമേഷ്യയിൽ
നിന്നും ദക്ഷിണേന്ത്യയിലേയ്ക്ക് ധാരാളം ക്രിസ്ത്യൻ കുടിയേറ്റങ്ങളുണ്ടായി. തെക്കുംഭാഗരും അത്തരത്തിൽ കുടിയേറിയ
ഒരു കൂട്ടർ മാത്രമായിരുന്നു. മാർ തോമാ നസ്രാണികളുടെ ഇടയിൽ കേട്ടുകേൾവിയില്ലാതിരുന്ന
ജാതി വ്യവസ്ഥ അവരുടെ ഇടയിൽ നിലനിന്നിരുന്നതിനാൽ അവർ കുടിയേറ്റക്കാരിൽ ഏറ്റവും അവസാനകാലങ്ങളിൽ
കുടിയേറിയവരാണെന്നു കരുതേണ്ടീ വരും.
3. മാർ തോമാ നസ്രാണികൾ സെലൂഷ്യൻ ഭരണത്തിനു കീഴിൽ
മാർ തോമാ നസ്രാണികളുടെ പേർഷ്യൻ ബന്ധത്തെപറ്റി പറഞ്ഞു കഴിഞ്ഞു.
മാർ തോമാ നസ്രാണികളെ സംബന്ധിച്ചിടത്തൊളം മെത്രാൻ അവരുടെ ആത്മീയ പാലകനായിരുന്നു.
ഭരണകാര്യങ്ങൾ അർക്കദിയാക്കോന്റെ അദ്ധ്യക്ഷതയിലുള്ള പള്ളീയോഗമാണ് നടത്തിയിരുന്നത്.
അഞ്ചാം നൂറ്റണ്ടിൽ (A. D 410) സെലൂഷ്യ-സ്റ്റെസിഫോണിൽ വച്ച്
പൗരസ്ത്യ സുറിയാനീ സൂനഹദോസ് നടന്നു. മാർ ഇസഹാക്കിന്റെ സൂനഹദോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
പൗരസ്ത്യ സുറിയാനീ സഭയുടെ കാതോലിക്കോസ് അഥവാ പാത്രിയർക്കീസ് ആയി മാർ ഇസഹാക്ക് അവരോധിയ്ക്കപ്പെട്ടു. സെലൂഷ്യ-സ്റ്റെസിഫോണിന്റെ മെത്രാൻ പൗരസ്ത്യ സുറിയാനീ
സഭയുടെ പാത്രിയർക്കീസ് ആവുന്നതിനു പിന്നിൽ പേർഷ്യൻ ഭരണകൂടത്തിന്റെയും താത്പര്യമുണ്ടായിരുന്നു. പേർഷ്യയുടെ തലസ്ഥാനം അവിടെയായിരുന്നല്ലോ. ഈ സൂനഹദോസിൽ
വച്ചാണ് പൗരസ്ത്യസുറിയാനി സഭയിലെ ആരധാനാക്രമ ഏകീകരണത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ
രൂപപ്പെടുന്നത്. ആദ്യകാലം മുതൽ അദ്ദായി-മാറിയുടെ കൂദാശയാണ് പൗരസ്ത്യ സുറിയാനീ സഭകൾ
ഉപയോഗിച്ചിരുന്നതെങ്കിലും കൂദാശയ്ക്കു മുൻപുള്ള
ഭാഗങ്ങളും മറ്റും ക്രമാനുഗതമായി കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ ആധുനികരൂപം 7ആം നൂറ്റാണ്ടു മുതലെങ്കിലും
മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല.
ഭാരതത്തിലെ മാർ തോമാ നസ്രാണികളുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന
പേർഷ്യയിലെ സഭ സെലൂഷ്യാ – സ്റ്റെസിഫോണിന്റെ അധികാരത്തിന് ആദ്യകാലത്ത്
അനുകൂലമായിരുന്നില്ല. പേർഷ്യയിലെയും ഭാരത്തിലേയും
സഭ മാർ തോമാ ശ്ലീഹായുടെ പ്രേഷിതപ്രവർത്തനത്തിൽ നിന്നും സെലൂഷ്യാ-സ്റ്റെസിഫോണിലെ സഭ
മാർ തോമായുടെ ശിഷ്യനായ മാർ മാറിയുടെ പ്രവർത്തനഫലമായും രൂപം കൊണ്ടതാണല്ലോ. തോമായുടെ സിംഹാസനം മാറിയുടെ സിംഹാസനത്തിനു കീഴിലാവുന്നതിനോട്
അവർ അനുകൂലമായിരുന്നില്ല.
ഏഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും പേർഷ്യയിലെ
സഭ സെലൂഷ്യ-സ്റ്റെസിഫോൺ സഭയുടെ നിയന്ത്രണത്തിലായി.
അതു വരെ ദക്ഷിണേന്ത്യയിലെ സഭ പേർഷ്യയിലെ സഭയുടെ അജപാലന ശ്രേണിയുടെ പരിധിയിലായിരുന്നു. പാത്രിയർക്കീസായിരുന്ന ഈശോയാബ് മൂന്നാമൻ പാത്രിയർക്കീസിന്റെ നേരിട്ടൂള്ള ഭരണത്തിനു കീഴിലുള്ള
ഒരു മെത്രാൻ പ്രവിശ്യയാക്കി ഇന്ത്യയെ ഉയർത്തി.
അതുവരെ പേർഷ്യൻ മെത്രാന്മാരായിരുന്നു ഇവിടുത്തെ ആത്മീയ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്.
ഒൻപതാം നൂറ്റാണ്ടായപ്പോഴേയ്ക്കും പേർഷ്യയും സെലൂഷ്യാ-സ്റ്റെസിഫോണും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിയ്ക്കപ്പെടുകയും സെലൂഷ്യാ-സ്റ്റെസിഫോണിന്റെ
ഏറ്റെടുക്കൾ പൂർണ്ണമാവുകയും ചെയ്തു.
4. അഗ്നിക്കിരയാക്കപ്പെട്ട
ചരിത്രം
ഉദയംപേരൂർ കത്തിച്ചുകളഞ്ഞ രേഖങ്ങൾ വിരൽചൂണ്ടുന്നത് ദൈവശാസ്ത്രപരമായും
ആരാധനാക്രമപരമായും ആധ്യാത്മികമായും കാനോനികമായും ദക്ഷിണേന്ത്യയിലെ സഭ ഒരു പൗരസ്ത്യസുറിയാനീ
സഭയാണ് എന്നതിലേയ്ക്കാണ്. അങ്കമാലിയിലെ ഗ്രന്ഥശേഖരം
വളരെ ആസൂത്രിതമായി ചുട്ടെരിയ്ക്കപ്പെട്ടു. മെനേസിസ് 59 പള്ളികളെങ്കിലും സന്ദർശിച്ച്
സുറിയാനീ ഗ്രന്ഥശേഖരങ്ങൾ നശിപ്പിച്ചുട്ടൂണ്ട്.
അങ്കമാലികഴിഞ്ഞാൽ ഇത്തരത്തിൽ പ്രധാനപ്പെട്ടത് ചേപ്പാടിലേയും ചെങ്ങന്നൂരിയേലുമാണ്.
എല്ലാ ഇടവകകളിലേയും ശേഖരങ്ങൾ ഇത്തരത്തിൽ നശീകരണത്തിനു
വിധേയമായി. മുസ്ലീം അധിനിവേശകർ അലക്സാണ്ട്രിയൻ ലൈബ്രറി നശിപ്പിച്ചതുമായി താരത്മ്യപ്പെടുത്താവുന്ന
ദുരന്തമാണ് ഇതിലൂടെ മാർ തോമാ നസ്രാണികളുടെ ആധ്യാത്മിക സമ്പത്തിനുണ്ടായത്. മാർ തോമാ
നസ്രാണികളുടെ ദൈവശാസ്ത്ര കേന്ദ്രമായിരുന്ന അങ്കമാലിയിലെ ഗ്രന്ഥ ശേഖരം നൂറ്റാണ്ടുകളിലൂടെ
രൂപപ്പെട്ടതായിരുന്നു. ചരിത്രപരമായ ഇക്കാരണത്താൽ പറങ്കികൾക്കു മുൻപുള്ള മാർ തോമാ നസ്രാണികളുടെ ചരിത്രത്തെക്കുറിച്ചുള്ള
രേഖകകളൊന്നും തന്നെ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഈ ശ്ലൈഹീകസഭയുടെ പൂർവ്വ ചരിത്രത്തെയ്ക്കുറിച്ചു
പരാമർശിയ്ക്കാൻ വൈദേശീയ രേഖകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.