(ദുക്റാന 1982 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പൈങ്ങോട്ട് ചാൾസ് അച്ചന്റെ ലേഖനം)
മറ്റെല്ലാ
മനുഷ്യരേയും പോലെ മറിയവും മരണത്തിനു വിധേയയായി എന്നാണ് സഭാ പാരമ്പര്യം. മരിച്ചു
മൂന്നുദിവസം കഴിഞ്ഞാണ് അവൾ സ്വർഗ്ഗം പ്രാപിച്ചതെന്ന് ചിലരും അല്ല നാല്പതു ദിവസം കഴിഞ്ഞാണ് എന്നു വേറേ ചിലരും അഭിപ്രായപ്പെട്ടിട്ടൂണ്ട്.
എന്നാൽ ഈ അഭിപ്രായങ്ങൾ ഈശോയുടെ ഉയർപ്പും സ്വർഗ്ഗാരോഹണവും കണ്മുൻപിൽ വന്നു ചിന്തിച്ചതിന്റെ
ഫലമായ സങ്കല്പങ്ങൾ മാത്രമാണ്.
മാതാവിന്റെ
സ്വർഗ്ഗപ്രാപ്തിയെകുറിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ഐതീഹ്യത്തിന്റെ സംഗ്രഹം താഴെ ചേർക്കുന്നു. മ്ശിഹായുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം
ശിഷ്യന്മാരിൽ ചിലരോടൊത്ത് മറിയവും മറ്റു ചില കന്യകകളും പാർത്തിരുന്നു. തോബി മാസം 20ആം
ദിവസം എല്ലാവരും ബലിപീഠത്തിനടുത്തു സമ്മേളിച്ചിരിയ്ക്കെ കർത്താവ് അവർക്കു പ്രത്യക്ഷനായി.
ശ്ലീഹന്മാർ ഓരോരുത്തർക്കും കുറിയിട്ടു കിട്ടിയ സ്ഥലങ്ങളിലേയ്ക്കു
പോവുന്നതിനു മുൻപായി, അതായത് പിറ്റേദിവസം തന്നെ ഒരു ബലി
സ്വീകരിയ്ക്കുമെന്ന് ആ അവസരത്തിൽ കർത്താവ് അരുളിച്ചെയ്തു. ഇരുപത്തി ഒന്നാം തിയതി
മ്ശിഹാ ദൈവദൂതന്മാരോടും സങ്കീർത്തകനായ ദാവിദിനോടൂം കൂടെ ആഗതനായി അമ്മയെ
സ്വർഗ്ഗത്തിലേയ്ക്കു കൂട്ടിക്കൊണ്ടൂ പോവുകയാണെന്ന വിവരം വെളിപ്പെടുത്തി. മറിയം
കിഴക്കോട്ടൂ തിരിഞ്ഞു പ്രാർത്ഥിച്ച ശേഷം അങ്ങോട്ടൂ തന്നെ തിരിഞ്ഞു കിടന്നു.
അനന്തരം അവൾ മരണമടഞ്ഞു. മൂന്നര ദിവസത്തേയ്ക്ക് ശ്ലീഹന്മാർ കല്ലറയ്ക്കു
കാവലിരുന്നു. മാനസാന്തരപ്പെട്ട ചില
യൂദന്മാർ അതിനുശേഷം കല്ലറ തുറന്നപ്പോൾ അതു ശൂന്യമായിട്ടാണ് കണ്ടത്. മുകളിൽ
നിന്നുള്ള ആജ്ഞപ്രകാരം ഏഴുമാസം കഴിഞ്ഞ് അതായത് മെസോർ മാസം 15ന്
അവർ ഒരുമിച്ചു കൂടി, 16 ന് വെളുപ്പിന് ഈശോയും അമ്മയൂം
സ്വർഗ്ഗരഥത്തിൽ പ്രത്യക്ഷരായി. ശ്ലീഹന്മാരോടൊന്നിച്ച് കുറച്ചു സമയം ചിലവഴിച്ച ശേഷം
സ്വർഗ്ഗത്തിലേയ്ക്കു തിരിച്ചു പോയി. തോബി മാസം 21ന് മറിയം
മരിയ്ക്കുകയും മെസോർ 16ന് സ്വർഗ്ഗത്തിലേയ്ക്ക്
ഉടലോടെ എടുക്കപ്പെടുകയും ചെയ്തത് എവോദിയൂസ് എന്നയാൾ കണ്ടതായിട്ടാണ് രേഖയിൽ കാണുന്നത്.
536 മുതൽ 568 വരെ അലക്സാണ്ടിയായിലെ യാക്കോബായ പാത്രിയർക്കിസായിരുന്നയാളെന്നു
തന്നെ കരുതപ്പെടുന്ന തെയോദിസിയൂസ് നല്കുന്ന വിവരണപ്രകാരം മറിയം തോബിമാസം 21ന്
മരിയ്ക്കുകയും 206 ദിവസം കഴിഞ്ഞ് മെസോർ മാസം 15 നു
വൈകിട്ട് സ്വശരീരം പ്രാപിച്ചുകൊണ്ട് സ്വർഗ്ഗം പ്രാപിയ്ക്കുകയും ചെയ്തു.
ഗ്രീക്കുവിവരണം
ഇതിൽ നിന്നും വ്യത്യസ്ഥമാണ്. തിരുക്കല്ലറയിങ്കൽ സുഗന്ധദ്രവ്യങ്ങൾ കത്തിയ്ക്കുവാൻ
പതിവായി പോയിരുന്ന മറിയത്തെ ഒരു വെള്ളിയാഴ്ച ഗബ്രിയേൽ ദൂതൻ സന്ദർശിച്ച് ആസന്നമായ
മരണത്തെക്കുറിച്ച് മുന്നറിയീപ്പു നൽകി. ഉടൻ തന്നെ അവൾ ബേസ്ലഹേമിലേയ്ക്ക് പോയി. യോഹന്നാനെയും മറ്റു ശ്ലീഹന്മാരെയും തന്റെ
പക്കലെത്തിയ്ക്കണമെന്നു പ്രാർത്ഥിച്ചു.താമസം വിനാ അവരെല്ലാം മേഘത്തിനു മുകളിൽ
യാത്രചെയ്തു വന്നെത്തി. മറിയത്തെ അവർ കിടക്കയിൽ വഹിച്ചുകൊണ്ട് ഓർശ്ലേത്തേയ്കുപോയി.
അവിടെവച്ച് അവൾ മരിച്ചു സംസ്കരിക്കപ്പെട്ടു. എന്നാൽ ശരീരം സ്വർഗ്ഗത്തിലേയ്ക്കു
കരേറ്റപ്പെട്ടു.
മറിയത്തിന്റെ
മരണത്തിന്റേയും സംസ്കാരത്തിന്റെയും സ്ഥലമെന്ന ബഹുമതി അപ്പേസൂസിനും ഓർശ്ലേമിനും പണ്ഢിതന്മാർ നൽകി കാണുന്നു. ഗാഗുൽത്തായിൽ വച്ച് മറിയത്തെ അമ്മയായി സ്വീകരിച്ച യോഹന്നാൻ
ജീവിതസായാഹ്നം ചിലവഴിച്ചത് അപ്പേസൂസിലായതിനാൽ മറിയവും അവിടെത്തന്നെ ആയിരിയ്ക്കണം ജീവിച്ചത്
എന്നു ചിലർ കരുതുന്നു. അപ്പേസൂസ് സൂനഹദോസ് മറിയത്തിന്റെ നാമത്തിലുള്ള
ദേവാലയത്തേക്കുറിച്ച് പലപ്രാവശ്യം പരാമർശിയ്ക്കുന്നുണ്ട്.പണ്ടുകാലത്ത് ഒരു ദേവലയം
അതിന്റെ നാമകാരണനായ വിശുദ്ധ കബറിടത്തിന്റേയോ തിരുശേഷിപ്പിന്റേയോ ചുരുങ്ങിയ പക്ഷം
അദ്ദേഹത്തിൽ നിന്നുള്ള കാര്യമായ എന്തെങ്കിലും ഓർമ്മ വസ്തുവിന്റേയോ
സാന്നിദ്ധ്യത്തിന്റെയോ ശക്തമായ ഒരു സൂചനയായിരുന്നു.
ഐതീഹങ്ങൾ
ഓർശ്ലേമിനെയാണ് അനുകൂലിയ്ക്കുന്നത്. ഇതിനും പുറമേ ആദ്യകാലത്തെ ചിലരുടെ
സാക്ഷ്യങ്ങളും ഓർശ്ലേമിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. 451ൽ
അവിടെ മെത്രാനായിരുന്ന ജൂവനാലിലോട് മറിയത്തിന്റെ ശരീരം എവിടെയാണെന്ന് മാർസിയൻ
ചക്രവർത്തി ചോദിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ പുതിയതായി
പണികഴിച്ച ദേവാലയത്തിലേയ്ക്കു തിരുശരീരം കൊണ്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം.
മറിയത്തിന്റെ ശരീരം സ്വർഗ്ഗത്തിലാണെന്നും അവളുടെ കബറിടവും ശരീരം പൊതിഞ്ഞ തുണീയും
കൊണ്ട് ചക്രവർത്തി തൃപ്തിയടയേണ്ടീ വരുമെന്നും ആയിരുന്നു ജൂവനാലിന്റെ മറുപടി.
കബറിടം ഓർശ്ലേമിലാണെന്നാണല്ലോ ഇതിന്റെ സൂചന. 570ലെ ഒരു തീർത്ഥാടകനായ
അന്തോനീസിന്റെ കുറീപ്പു പ്രകാരം കബറിടം ഗേത്സമേനിലായിരുന്നത്രേ. സെഹിയോൻ
മാളികയിലാണെന്നു പറയുന്നവരും ഇല്ലാതില്ല.
അന്നാ
കത്തരീരാ എമറീഹ് എന്ന അഗസ്തീനിയൻ സന്യാസിനിയ്ക്ക് ഈ വിഷയം സംബന്ധിച്ച് ദർശനമുണ്ടായതായി പറയപ്പെടുന്നു. അതിൻ പ്രകാരം മ്ശിഹായ്ക്കു 48 വർഷങ്ങൾക്കു
ശേഷം അപ്പേസൂസിൽ നിന്ന് ഏതാണ്ട് എട്ടുകിലോമീറ്റർ അകലെയുള്ള
ഭവനത്തിൽ വച്ച് മറിയം ദിവംഗതയായി. അവൾക്കുവേണ്ടി ശ്ലീഹന്മാർ ഒലിവു മലയിൽ കബറിടം
തയ്യാറാക്കി.
വിവിധ പേരുകൾ
ലഭിച്ചിട്ടൂള്ള ഒരു തിരുന്നാളാണിത്. ഉറക്കം എന്നർത്ഥമുള്ള Dormitic (ഗ്രീക്കിൽ Koimesis) എന്നും മരണം കടന്നു പോകൽ എന്നൊക്കെ
അർത്ഥമുള്ള Depositio,
Trantius എന്നും ഇതിനു പേരുകളുണ്ടായിരുന്നു. മറിയം സ്വശക്തിയാലല്ല
സ്വർഗ്ഗത്തിലെത്തിയത് എന്ന കാര്യം ഉൾക്കൊള്ളുന്ന സ്വർഗ്ഗാരോപണം
(Assumption)
എന്ന പദം പണ്ടു വിശുദ്ധരുടെ മരണത്തേയും
സ്വർഗ്ഗപ്രാപ്തിയേയും കുറിച്ച് പറയുവാൻ ഉപയോഗിച്ചിരുന്ന വാക്കാണ്.
മാറിത്താമസം
എന്നർത്ഥമുള്ള ശൂനായാ (ശൂനോയോ) എന്നാണ് മലങ്കരറീത്തിൽ ഇതിനുള്ള പേര്. പൗരസ്ത്യ
സുറിയാനി നമസ്കാരങ്ങളിലും ഈ പേര് കാണുന്നുണ്ട്. മരണം, വേർപാട്
എന്നൊക്കെ അർത്ഥമുള്ള 'ഉൻദാന' എന്ന പദവും പൗരസ്ത്യ
സുറിയാനി ക്രമമനുസരിച്ച് ഈ ദിവസത്തിന് നമസ്കാരത്തിൽ ഉപയോഗിച്ചിട്ടൂണ്ട്.
ഓർശ്ലേമിലെ മറിയത്തിന്റെ
കബറിടത്തിലേയ്കുള്ള തീർത്ഥാടനത്തിൽ നിന്നാണ് ഈ തിരുന്നാൾ ആവിർഭവിച്ചത് എന്ന്
കാബറോൾ എന്ന പണ്ഢിതൻ അഭിപ്രായപ്പെടുന്നു. അതെങ്ങനെയായാലും
വളരെ പുരാതന കാലം മുതൽക്കുതന്നെ ആഘോഷിച്ചിരുന്ന ഒരു തിരുന്നാളാണ് ഇത്. കോൻസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് പ്രോക്ലസ് 429ൽ
മറിയത്തിന്റെ ആഘോഷമായ ഒരു തിരുന്നാളിൽ പ്രസംഗിച്ചെന്നു പറയപ്പെടുന്നത് ആഗസ്റ്റ് 15ന്
ആയിരിയ്ക്കാനാണു സാധ്യത്. സിറിയായിലെ ചില പള്ളികളിൽ ആഗസ്റ്റു പതിനഞ്ചിന്
മറിയത്തിന്റെ ഓർമ്മ കൊണ്ടാടുന്നതായി 523ൽ മരിച്ച സാഗൂറിലെ മാർ
യാക്കോബ് പ്രസ്താവിച്ചിട്ടുണ്ട്. ആഗസ്തു 15ന് ഈ തിരുന്നാൾ
ആഘോഷിയ്ക്കണമെന്ന് മാവുരൂസ് ചക്രവർത്തി അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള
പള്ളികളിൽ നിർദ്ദേശം നൽകി. നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന തിരുന്നാളെന്ന
നിലയ്ക്കാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. മറിയത്തിന്റെ മരണദിവസം (die dornitionis) ലുത്തിനിയ ചൊല്ലണമെന്ന് ഒന്നാം സേർജ്യൂസ് മാർപ്പാപ്പ (687-701) നിശ്ചയിച്ചു. പൗരസ്ത്യ സഭകളിൽ ഉത്ഭവിച്ച ഈ തിരുന്നാൾ പാശ്ചാത്യ സഭയിൽ വന്നത്
ഒന്നാം തിയഡോർ പാപ്പായുടെ (642-649) കാലത്താണ്.
ഈ ദിവസം മറിയത്തിന്റെ
ഏറ്റവും വലിയ തിരുന്നാളായിട്ടാണ് പണ്ടു മുതൽക്കേ തന്നെ ആചരിച്ചിരുന്നത്. ആ
ദിവസത്തെ പ്രാർത്ഥനകളിൽ അമ്മയ്ക്കു കിട്ടിയ മഹത്വത്തെ സഭ അനുസ്മരിയ്ക്കുകയും
അതിന്റെ ദാതാവായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് പൗരസ്ത്യ
സുറിയാനി സഭ ഈ ദിവസത്തെ റംശായിൽ ഇങ്ങനെ പാടുന്നുണ്ട്.
"ഞങ്ങളുടെ രക്ഷകനായ മിശിഹായേ നിന്നെ ഞങ്ങൾ സ്തുതിയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു.
എന്തുകൊണ്ടുന്നാൽ ജീവന്റെ അമ്മയെ മായ നിറഞ്ഞ ലോകത്തിൽ നിന്ന് സൗഭാഗ്യത്തിന്റെ
സ്ഥലത്തേയ്ക്കു മാറ്റുന്നതിന് ഇന്നേ ദിവസം നീ പ്രസാദിച്ചു".
അമ്മയുടെ അവസാന
നിമിഷങ്ങളേക്കുറിച്ച് ഐതീഹ്യങ്ങളിൽ പറയുന്നതരം സൂചനകൾ പ്രാർത്ഥനകളിലും
കാണുന്നുണ്ട്. മരിയ്ക്കുന്നതിനു മുൻപ് ശ്ലീഹന്മാരെ കാണണമെന്ന ആഗ്രഹം അമ്മ
പ്രകടിപ്പിച്ചതായും അതനുസരിച്ച് റൂഹാദ്ക്കുദിശാ അവരെ അമ്മയുടെ പക്കലെത്തിച്ചതായും
ചില ഗാനങ്ങളിൽ പറയുന്നു. ശ്ലീഹന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് യാക്കോബായ
നമസ്കാരപ്പുസ്തകങ്ങളിൽ പലയിടത്തും പറഞ്ഞു കാണുന്നു. പത്രോസിനെ റോമായിൽ നിന്നും
യോഹന്നാനെ അപ്പേസൂസിൽ നിന്നും തോമായെ ഇന്ത്യയിൽ നിന്നും റൂഹാദ്ക്കുദിശാ ആനയിച്ചു
എന്ന് ഈ ദിവസത്തെ രാത്രി നമസ്കാരത്തിൽ പറഞ്ഞു കാണുന്നു.
നമ്മെ
സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ തിരുന്നാളാണ്. ഹാവാ വഴി നമുക്കു നഷ്ടപ്പെട്ട
ഭാഗ്യം വീണ്ടും കിട്ടിയത് മറിയം വഴിയാണ്. ഈ അമ്മ സ്വർഗ്ഗത്തിൽ നമുക്കു വേണ്ടി
മാധ്യസ്ഥം വഹിയ്ക്കുമെന്നുള്ള ശക്തമായ ഉറപ്പാണ് നമുക്കുള്ളത്. ബൈസന്റൈൻ റീത്തിൽ
ചൊല്ലുന്ന പ്രാർത്ഥന തികച്ചും അർത്ഥവത്താണ്. "നിന്റെ മാതൃത്വത്തിൽ നീ
കന്യാത്വം സംരക്ഷിച്ചു. നിന്റെ മരണത്തിൽ നീ ലോകത്തെ കൈവെടിഞ്ഞില്ല. നീ ജീവന്റെ
പക്കലേയ്ക്ക് സംവഹിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ജീവന്റെ അമ്മേ നിന്റെ പ്രാർത്ഥനകൾ വഴി നീ ഞങ്ങളുടെ ആത്മാക്കളെ മരണത്തിൽ നിന്നും തിരിച്ചു വാങ്ങിയിരിയ്ക്കുന്നു."
സ്വർഗ്ഗത്തെക്കുറിച്ചുള്ള
ചിന്തകളാണ് ലത്തീൻ റീത്തിലെ പ്രാർത്ഥനകളിലും പ്രതിഫലിയ്ക്കുന്നത്. ഒരു ഉദാഹരണം:
"അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നവനും അമലോത്ഭവമറിയത്തെ ആത്മാവിലും
ശരീരത്തീലും മ്ശിഹായുടെ സ്വർഗ്ഗീയ മഹത്വത്തിനു പങ്കാളിയാക്കിയവനുമായ ദൈവമേ അതേ
മഹത്വത്തിലേയ്ക്ക് നിന്റെ മക്കളുടെ ഹൃദയങ്ങളെ തിരിയ്ക്കണമേ"