ഇത്ര നിർബന്ധമായും നിരന്തരമായും ക്ഷണിച്ച സ്ഥിതിയ്ക്ക് മോൺസിഞ്ഞോറിനു മന:ക്ലേശം വരുത്തരുതല്ലോ എന്നു വിചാരിച്ച് മോൺസിഞ്ഞോർ (മോൺസിഞ്ഞോർ ബോർജ്യാ) പറഞ്ഞതുപോലെ പെരുന്നാൾ ദിവസം കാലത്ത് (പൂജരാജാക്കന്മാരുടെ പെരുന്നാൾ) ഞങ്ങൾ കുർബാന ചൊല്ലുന്നതിനു മുൻപ് പ്രൊപ്പഗാന്തായിൽ (റോമാ) ചെന്നു. അപ്പോൾ നമ്മുടെ സെമിനാരിക്കാർ രണ്ടു പേരെയും സെമിനാരിക്കാരുടെ വേഷം അണിയിയ്ക്കുന്ന ചടങ്ങിനു ശേഷം വേണം മല്പാൻ (കരിയാറ്റി യൗസേപ്പ് കത്തനാർ) കുർബാന ചൊല്ലുവാനെന്നു മോൺസിഞ്ഞോർ പറഞ്ഞയച്ചു. അതിനാൽ മൽപ്പാൻ കുർബാന ചൊല്ലുവാൻ താമസിച്ചു കാത്തുനിന്നു. അതിനിടയ്ക്ക് ഞാൻ (പാറേമ്മാക്കൽ തോമാ കത്തനാർ) കുർബാന ചൊല്ലുകയും ചെയ്തു. അപ്പോൾ അവിടെ പഠിച്ചു നിൽക്കുന്ന കൽദായപാത്രിയർക്കായുടെ മരുമകൻ ആഗസ്തീനോസ് വന്ന് ഞാൻ ചൊല്ലിയ കുർബാന കണ്ടു. കുർബാന കണ്ടതിനു ശേഷം അവരുടെ നാട്ടിൽ ചൊല്ലുന്ന കുർബാന ഇങ്ങനെ തന്നെയാണോ എന്നും ഈ കുപ്പായങ്ങൾ ഇട്ടു തന്നെയാണോ അവിടെയും കുർബ്ബാന ചൊല്ലുന്നതെന്നും ഞാൻ ചോദിച്ചു. കുർബാനയുടെ ക്രമങ്ങൾ എല്ലാം ഇപ്രകാരം തന്നെയാകുന്നുവെന്നും സാധാരണ കുർബാനയിൽ ഈ നമസ്കാരങ്ങൾ ചിലത് വിട്ടുകളയാറാണു പതിവെന്നും എന്നോടു പറയുകയും ചെയ്തു. താഴെ വിവരിയ്ക്കാനിരിയ്ക്കുന്നതു പോലെ പ്രോപ്പഗാന്തയിൽ ഞങ്ങൾ താമസിയ്ക്കുന്നതിനിടയിൽ അയാളുടെ പക്കലുള്ള നമസ്കാരപ്പുസ്തകം കാണുവാനിടയായി. ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് നമസ്കരിയ്ക്കുകയും ചെയ്തു. അങ്ങനെ കൽദായ സുറിയാനിക്കാരുടെ ആരാധനാക്രമം ഒട്ടും ഭേദം കൂടാതെ മലങ്കരയിൽ നടന്നു വരുന്ന ക്രമം തന്നെയാകുന്നു എന്നും ഒട്ടും തന്നെ വ്യത്യാസം ഇല്ല എന്നും നല്ലവണ്ണം എനിയ്ക്ക് ബോധ്യപ്പെടുകയും ചെയ്തു.
(വർത്തമാനപ്പുസ്തകം, നാല്പത്തിയാറാം പാദം, പാറേമാക്കൽ തോമ്മാ കത്തനാർ 1778-1786)