ലത്തീൻ സഭയിലെ ആഗമനം(Advent),
പിറവി(Christmastide) കാലങ്ങളുടെയും സീറോ മലബാർ സഭയുടെ മംഗലവാർത്താ (സൂബാറാ,
Annunciation) കാലത്തിന്റെയും ദൈവശാസ്ത്ര ആധ്യാത്മിക സമീപനം തികച്ചും വ്യത്യസ്തമാണ്.
ലത്തീൻ സഭ പിറവിത്തിരുന്നാളിൽ ഈശോയുടെ ജനനം ആഘോഷിയ്ക്കുന്നു. ആഗമനകാലം അതിനുള്ള ഒരുക്കവും
പിറവിക്കാലം അതിന്റെ ആഘോഷതുടർച്ചയുമാണ്.
സീറോ മലബാർ സഭയിലാകട്ടെ മംഗലവാർത്തക്കാലം
മുഴുവൻ, അതായത് ആരാധനാവത്സരാരംഭം മുതൽ ദനഹാക്കാലം ആരംഭിയ്ക്കുന്നതുവരെയുള്ള കാലഘട്ടം
ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ആഘോഷമാണ്. സത്യത്തിൽ പിറവിത്തിരുന്നാൾ ആഘോഷമാണ്
അഥവാ ദീർഘമായ ഒരു ക്രിസ്തുമസ് ആഘോഷമാണ് മംഗലവാർത്തക്കാലം മുഴുവൻ. ഡിസംബർ 25 ആം തിയതി
ആഘോഷിയ്ക്കുന്ന പിറവിത്തിരുന്നാൾ ആഘോഷങ്ങളുടെ കേന്ദ്രമായി നിൽക്കുന്നു എന്നു മാത്രം.
സൂബാറ എന്ന സുറിയാനീ പദത്തിന്റെ അർത്ഥം അറിയീപ്പ് എന്നാണല്ലോ. അതായത് മംഗലവാർത്ത എന്നത്
ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ അറിയീപ്പ് അഥവാ സദ്വാർത്തയാണ്. ഒരുക്കവും ആഘോഷവും
എന്ന വേർതിരിവ് സീറോ മലബാർ സഭയുടെ ആധ്യാത്മികതയ്ക്കും ദൈവശാസ്ത്രവീക്ഷണത്തിനും അന്യമാണ്,
ഘടകവിരുദ്ധമാണ്.
ദൈവപുത്രൻ ഇനിയൊരിയ്ക്കലും അവതരിയ്ക്കുകയില്ലെന്നു
വ്യക്തം. വിശ്വാസികളായ നാം ചെയ്യുന്നതും ചെയ്യേണ്ടതും മനുഷ്യാവതാരരഹസ്യം സഭാത്മകവും
ഫലപ്രദവുമായ അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും സഭയിൽ ആഘോഷിച്ച് പ്രസ്തുത രഹസ്യത്തിന്റെ
ഫലത്തിൽ നിറയുകയാണ്. മറിച്ചുള്ള ചിന്താരീതികളും ചെയ്തികളൂം പാശ്ചാത്യ അധിനിവേശത്തിന്റെ
കാണാപ്പുറങ്ങൾ മാത്രമാണ്. സീറോ മലബാർ സഭയുടെ
ആധ്യാത്മികതയിൽ മംഗലവാർത്തക്കാലം മുഴുവൻ ഒരു വലിയ ക്രിസ്തുമസ് ആണ്. അതുകൊണ്ട്
എല്ലവർക്കും താത്പര്യമെങ്കിൽ ആരാധനാവത്സരം തുടങ്ങുന്നതുമുതൽ ദനഹാക്കാലം ആരംഭിയ്ക്കുന്നതുവരെയുള്ള
കാലഘട്ടത്തെ “പിറവിക്കാലം” എന്നു വിളിയ്ക്കുകയും ചെയ്യാം.
ഏതാനും വർഷങ്ങളായി സീറോ മലബാർ
സഭയുടെ ആരാധനാവത്സര പഞ്ചാംഗത്തിലും ഇപ്പോൾ പ്രോപ്രിയായിലും തനി ലത്തീൻ ശൈലിയിൽ പിറവിത്തിരുന്നാൾ
കഴിഞ്ഞ് ദനഹാ വരെയുള്ള കാലയളവ് പിറവിക്കാലം എന്ന തലക്കെട്ടിൽ കൊടുത്തുകാണുന്നതിൽ ഖേദമുണ്ട്.
സഭയുടെ ആധികാരിക ഉറവിടങ്ങളിൽ ഒരിടത്തും അത്തരം സൂചനകൾ കാണാണില്ല. പിറവിത്തിരുന്നാൾ
കഴിഞ്ഞു വരുന്ന ഞായറാഴ്ചകൾ പിറവികഴിഞ്ഞുള്ള ഒന്നാം ഞായർ, രണ്ടാം ഞായർ എന്നു രേഖപ്പെടുത്തി കണ്ടിട്ടുണ്ട്. നേരത്തേ പറഞ്ഞതുപോലെ
മംഗലവാർത്തക്കാലം വെട്ടിമുറിയ്ക്കുന്ന രീതി സീറോ മലബാർ സഭയുടെ ആരാധനാധ്യാത്മികതയോടും
ദൈവശാസ്ത്രചിന്തയോടും ഒരുതരത്തിലും നീതി പുലർത്തുന്നില്ല.
(വർഗീസ് പാത്തിക്കുളങ്ങരയച്ചന്റെ കുർബാനയിലെ പ്രോപ്രിയാകൾ എന്ന ലേഖനത്തിൽ നിന്നും)