by ഫാ. സെബാസ്ററ്യൻ ചാമക്കാല
നവംബർ മാസത്തിൽ ആചരിക്കപ്പെടുന്ന, 'സകലവിശുദ്ധരുടെ തിരുനാളും' 'മരിച്ചവരുടെ ഓർമ്മ'യും ലത്തീൻ ആരാധനാക്രമം അനുസരിച്ചുള്ളതാണ്. ലത്തീൻകാരെ അനുകരിച്ച് കേരളത്തിൽ ചില പ്രദേശങ്ങളിൽ ആ ദിവസങ്ങൾ ആചരിക്കുന്നു. ആ വികാരം വ്രണപ്പെടാതിരിക്കാൻ സഭയുടെ ആരാധനക്രമപഞ്ചാംഗത്തിൽ ഈ ദിവസങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സഭയുടെ തനിമയ്ക്ക് മുറിവേറ്റാലും നമ്മുടെ താൽപര്യങ്ങൾക്കും ബന്ധങ്ങൾക്കും മുറിവുകൾ ഉണ്ടാവാതിരിക്കട്ടെയെന്ന വിശാലചിന്ത ഈ വിധമുള്ള പല ക്രമീകരണങ്ങൾക്കും കാരണമായിട്ടുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ നാം നിലവിൽ ഉപയോഗിക്കുന്ന ആരാധനാക്രമ കലണ്ടർ ഒരു സീറോ മലബാർ - ലത്തീൻ സങ്കരരൂപമാണെന്നു പറയാം. ഇതു ഞാൻ സൂചിപ്പിച്ചത് സഭയുടെ കലണ്ടറിൽ ഉള്ളതിനാൽ ആ ദിവസങ്ങൾ ആചരിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവരുണ്ട് എന്നുള്ളതിനാലാണ്. സഭയുടെ തനിമയും വ്യക്തിത്വവും സംബന്ധിച്ചുള്ള തിരിച്ചറിവുകൾ എല്ലാതലങ്ങളിലും എത്തുമ്പോൾ ഇത്തരം ക്രമീകരണങ്ങൾ അപ്രസക്തമാവുകയും ചെയ്യും.
*സീറോ മലബാർ സഭയുടെ ആരാധനാക്രമചൈതന്യത്തിൽ, വലിയനോമ്പാരംഭത്തിനു തൊട്ടുമുൻപ്, ദനഹാക്കാലം അവസാനവെള്ളിയാഴ്ച്ചയാണ് 'സകല മരിച്ചവരുടെയും' ഓർമ്മദിനം* (ഇതുകൂടാതെ, പ്രത്യേകമായി ഇടവക തിരുനാളുകളോട് ചേർന്ന് ഉചിതമായ ഒരു ദിവസം അതാത് ഇടവകയിൽനിന്നും മിശിഹായിൽ വേർപിരിഞ്ഞുപോയവരെ അനുസ്മരിക്കുന്ന ശൈലിയുമുണ്ട്). *സഭയിലെ സകലവിശുദ്ധരെയും അനുസ്മരിക്കാൻ സീറോ മലബാർ ആരാധനാക്രമവത്സരത്തിൽ ഉയിർപ്പു ഞായർ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച്ചയാണ് മാറ്റിവച്ചിരിക്കുന്നത്.* ഈശോമിശിഹായുടെ ഉത്ഥാനമാണ്, അവിടുത്തെ പെസഹാരഹസ്യങ്ങളുടെ യോഗ്യത ഉൾക്കൊണ്ടു ജീവിക്കുകയും അവിടുന്നിൽ മരിക്കുകയും ചെയ്ത സകലവിശുദ്ധരുടെയും ഉയിർപ്പിന് ആധാരമെന്നു സഭ പ്രഖ്യാപിക്കുന്നു.
ഓരോ സഭയ്ക്കും വ്യത്യസ്തമായ ആരാധനാക്രമവും അതിന്റെ ചൈതന്യത്തിനു യോജിച്ച ആരാധനാക്രമീകരണങ്ങളുമുണ്ട്. ഈശോമിശിഹായുടെ പെസഹാരഹസ്യങ്ങളുമായി ബന്ധപ്പെട്ട് തിരുനാളുകൾക്കും ഓർമ്മയാചരണങ്ങൾക്കുമുള്ള പ്രാധാന്യത്തെ ആധാരമാക്കിയാണ് സീറോ മലബാർ സഭയിൽ അതു ക്രമീകരിച്ചിരിക്കുന്നത് (Temporal Cycle). വിവിധമാസങ്ങളും ആഴ്ചയിലെ ഓരോ ദിവസങ്ങളും ഓരോ ആത്മീയാഭ്യാസനങ്ങൾക്കും തിരുനാളുകൾക്കും ഓർമ്മയാചരണത്തിനുമായി വേർതിരിച്ചിരിക്കുന്നു എന്നതാണ് ലത്തീൻ ശൈലി (Sanctoral Cycle). അതിൻ പ്രകാരമാണ് വിവിധ മാസങ്ങളിലെ ക്രമീകരണങ്ങൾ നാം ലത്തീൻ റീത്തിൽ കാണുന്നത്. വണക്കമാസാചാരണങ്ങളും ആഴ്ചയിലെ വിവിധ ദിവസങ്ങൾ ഓരോ വിശുദ്ധർക്കായി വേർതിരിച്ചു നൽകിയുള്ള ശൈലിയുമെല്ലാം അതിന്റെ ഭാഗമാണ്.
കത്തോലിക്കാ സഭയിലെ 24 വ്യക്തിസഭകളിൽ ഒന്നായ ലത്തീൻസഭ, ലത്തീൻ ആരാധനാക്രമം പിൻതുടരുന്നവർക്കായി ക്രമീകരിച്ചിരിക്കുന്ന കാര്യങ്ങൾ മറ്റു 23 വ്യക്തിസഭകൾ വിവേചനരഹിതമായി അനുകരിക്കേണ്ടതില്ല. ഓരോ സഭയും അതിന്റെ ആരാധനാക്രമ വ്യത്യസ്തയനുസരിച്ച് ഈ തിരുനാളുകളും ഓർമ്മയാചാരണങ്ങളും ആരാധനാക്രമവത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ അനുകരണം അപ്രസക്തവും അനവസരത്തിലുള്ളതുമായി തീരുന്നു. 'ഒരു ലിറ്റർജിയുടെ ഘടകം മറ്റൊരു ലിറ്റർജി മതിയായ കാരണം നിമിത്തം സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ സ്വീകരിക്കപ്പെടുന്ന ഘടകം, സ്വീകരിക്കുന്ന ആരാധനാക്രമത്തിന്റെ ഘടനയ്ക്കും ദൈവശാസ്ത്രത്തിനും പാരമ്പര്യത്തിനും യോജിച്ചതായിരിക്കണം. ലത്തീൻ ലിറ്റർജിയിൽ ഉണ്ടെന്ന കാരണത്താൽ മാത്രം അന്ധമായി, ഒരു ഘടകത്തെ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാൻ പാടില്ല. അവിടെയാണ് സഭയുടെ ആരാധനാക്രമ ചൈതന്യവും വ്യക്തിത്വവും തനിമയും പരിഗണനാവിഷയമാകേണ്ടത്."
ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്നതിനാലും ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്യുന്നു എന്ന കാരണത്താലും ലത്തീൻ ആചാരങ്ങളെ ഇതരസഭകൾ അനുകരിക്കുന്നത് സ്വന്തം സഭയുടെ തനിമ തിരസ്കരിക്കുന്നതിനു തുല്യമാണ്.
ശ്ലീഹന്മാർ തങ്ങളുടെ മിശിഹാനുഭവ സ്വാംശീകരണത്തിൽ പുലർത്തിയിരുന്ന വ്യത്യസ്തയെയും അവർ അതു പങ്കുവച്ച ദേശത്തിന്റെ പശ്ചാത്തലത്തിൽ അതിനുണ്ടായ തനിമയെയും മാനിക്കുന്നതുകൊണ്ടാണ് കത്തോലിക്കാസഭയിൽ വിവിധ ആരാധനാക്രമങ്ങളും ദൈവശാസ്ത്രശാഖകളുമെല്ലാം ഉള്ളത്. ഓരോ ശ്ലീഹായും സ്ഥാപിച്ച വിശ്വാസസമൂഹം അദ്ദേഹത്തോടു ബന്ധപ്പെട്ട ശ്ലൈഹികപാരമ്പര്യം ഉൾകൊള്ളുന്നു. ആ പാരമ്പര്യം അദ്ദേഹം സ്വീകരിക്കുകയും ജീവിക്കുകയും പഠിപ്പിക്കുകയും ചെയ്ത ദൈവികവെളിപാടിന്റെ ഭാഗമാണ്. ഇപ്രകാരം രൂപം പ്രാപിച്ച അപ്പസ്തോലിക ആരാധനാക്രമങ്ങളാണ് കത്തോലിക്കാസഭയിലെ 24 സഭകൾക്കുമുള്ളത്.
'ജറുസലേം,എദേസാ, അന്ത്യോക്യാ, അലക്സാൻഡ്രിയ, റോം, കോൺസ്റ്റാന്റിനോപ്പിൾ എന്നീ സഭാകേന്ദ്രങ്ങൾ, അപ്പസ്തോലിക പാരമ്പര്യത്തോട് അതീവവിശ്വസ്തത പുലർത്തിയ സഭാപിതാക്കന്മാരുടെ സേവനം സ്വീകരിച്ച്, നിയതമായ ആരാധനാക്രമങ്ങൾക്കു രൂപം നൽകി. ഈ സഭാകേന്ദ്രങ്ങളോടു ബന്ധം പുലർത്തിയിരുന്ന ഇതരസഭകൾ, തങ്ങൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമം അവിടെ നിയതമായ രൂപം പ്രാപിച്ചപ്പോൾ അതു സ്വീകരിക്കാൻ തയ്യാറായി. അപ്പോഴും അവർ തങ്ങൾ പിൻതുടർന്നിരുന്ന അപ്പസ്തോലിക ശാഖയിൽ തന്നെ അവർ തുടർന്നു. ചില സഭകൾ മാതൃലിറ്റർജിയുടെ അടിസ്ഥാനസ്വാഭാവം നിലനിർത്തിക്കൊണ്ട് അതിൽ പല മാറ്റങ്ങളും വരുത്തി. അങ്ങനെ ആരാധനാക്രമം വികസിച്ചു. വിവിധ ഉപആരാധനാക്രമങ്ങൾ രൂപം കൊണ്ടു. ഇങ്ങനെ ഒരു മാതൃലിറ്റർജിയും ഉപലിറ്റർജികളുമെല്ലാം ഉൾപ്പെടുന്ന ഒരു കൂട്ടായ്മയെ ഒരു 'ആരാധനാക്രമ കുടുംബം' എന്നു വിളിക്കാം. ഈ ആരാധനാക്രമ കുടുംബങ്ങളെ പൊതുവിൽ 'പാശ്ചാത്യ ആരാധനാക്രമങ്ങൾ' എന്നും 'പൗരസ്ത്യ ആരാധനാക്രമങ്ങൾ' എന്നും തിരിക്കാം. ലത്തീൻസഭ പാശ്ചാത്യ ആരാധനക്രമവും സീറോ മലബാർ സഭ പൗരസ്ത്യ ആരാധനാക്രമവും പിൻതുടരുന്നു.'
പത്രോസിന്റെ പിൻഗാമിയായ മാർപാപ്പ, പാശ്ചാത്യ ആരാധനാക്രമം പിൻതുടരുന്ന റോമിന്റെ മെത്രാൻ ആയതിനാലും ആഗോളതലത്തിൽ ലത്തീൻ ആരാധനാക്രമം പിൻതുടരുന്നവരുടെ എണ്ണം കൂടുതൽ ആയതിനാലും ലത്തീൻ ആരാധനക്രമത്തിന് മറ്റൊരു ആരാധനാക്രമത്തെയുംകാൾ പ്രത്യേക മഹിമയോ മറ്റുള്ളവയുടെമേൽ എന്തെങ്കിലും ആധിപത്യസ്വഭാവമോ ഇല്ല. മാർപാപ്പ, ലത്തീൻസഭയുടെ പാത്രിയർക്കീസ് (തലവനും പിതാവും) എന്ന നിലയിൽ ആ സഭയ്ക്കു പ്രത്യേകമായി നൽകുന്ന നിർദേശങ്ങളെയും പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ കത്തോലിക്കാസഭയ്ക്ക് പൊതുവായി നൽകുന്ന നിർദ്ദേശങ്ങളെയും വിവേചിച്ചു സ്വീകരിക്കുകയാണ് വേണ്ടത്.
'സഭ, സഭകളുടെ കൂട്ടായ്മ' എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ കാഴ്ച്ചപ്പാടിനു ഘടകവിരുദ്ധമാണ് വ്യക്തിസഭകളുടെ തനിമയെ അപകടത്തിലാക്കുന്ന അനുകരണങ്ങൾ. സ്വന്തം സഭയുടെ ആരാധനാക്രമസമ്പത്ത് പരിചയിക്കാനും പിൻതുടരാനുമുള്ള അവസരങ്ങൾ നൽകുവാനുള്ള വൈദികപരിശീലനകേന്ദ്രങ്ങളുടെ പരിമിതിയും വ്യക്തിപരമായി അതു സ്വന്തമാക്കുവാനുള്ള അവധാനതയില്ലായ്മയും ഈ മേഖലയിൽ അജപാലകരെയും നിസ്സഹായരാക്കുന്നു. അതുകൊണ്ടുതന്നെ ഇടവകയിൽ 'ആരാധനാക്രമജീവിതം' അസാധ്യമാകുന്നു. ആ വിധം വിരസമാകുന്ന ഇടവകപള്ളിയിൽനിന്നും മുക്തിതേടി, ജനപ്രിയ ആത്മീയാനുഭവങ്ങളുടെ മേച്ചിൽപുറങ്ങളിലേയ്ക്ക് അജഗണങ്ങൾ ആലവിട്ടിറങ്ങുമ്പോൾ അവരെ തിരികെ വിളിക്കാൻ അതേ ജനപ്രീതിയുടെ വഴി തേടാൻ അജപാലകർ തുനിയുന്നു. അങ്ങനെ, ഉറങ്ങുന്ന മാർ യൗസേപ്പും, മയങ്ങുന്ന മാതാവും, ഗർഭിണിയായ മറിയവും, കുരുക്കഴിക്കുന്ന മേരിയും എല്ലാം സീറോ മലബാർ ദൈവാലയങ്ങളിൽ സ്ഥാപിക്കപ്പെടുന്നു. മാതാവിനെ വിവിധപേരുകളിൽ വിളിക്കുന്ന ശൈലിതന്നെ താരതമ്യേന നൂതനമാണ്. ദൈവമാതാവ്, ഈശോമിശിഹായുടെ അമ്മ എന്നാണ് നമ്മുടെ സഭ മർത്ത് മറിയത്തെ വിശേഷിപ്പിച്ചിരുന്നത്. മാർ യൗസേപ്പിനെക്കുറിച്ച് സുവിശേഷങ്ങൾ പുലർത്തിയ വിശിഷ്ടവും നിയന്ത്രിതവുമായ നിശബ്ദത അതേ ശൈലിയിൽ തുടർന്ന സഭയാണ് നമ്മുടേത്.
ഇടവക ദൈവാലയങ്ങളും കുടുംബകൂട്ടായ്മകളും സഭാപ്രബോധനം നൽകുന്ന ദൗത്യത്തിൽ പിന്നാക്കം പോവുകയും ജനങ്ങൾ കുർബാനയിലെ വചനശുശ്രൂഷയെക്കാൾ രോഗശാന്തിയുടെയും ബന്ധനമോചന സൗഖ്യവരദാനങ്ങളുടെയും പരസ്യപ്രചാരണങ്ങളിൽ ആകൃഷ്ടരായി അത്തരം കേന്ദ്രങ്ങളിലേക്ക് കുതിക്കുകയും ചെയ്തതോടെ എല്ലാം പൂർത്തിയായി. അത്തരം കേന്ദ്രങ്ങൾക്കൊന്നിനും ഏതെങ്കിലും വ്യക്തിസഭയുടെ ആരാധനാശൈലി അതിന്റെ തനിമയിൽ പിൻതുടരാൻ സാധ്യമല്ല. കാരണം അവിടെയെത്തുന്നവരിൽ പലരുണ്ട്; അകത്തോലിക്കർ മാത്രമല്ല, അക്രൈസ്തവരും. തന്നെയുമല്ല, ഇത്തരം കേന്ദ്രങ്ങളുടെ പ്രചാരകരായി പുറത്തെത്തുന്നവർ ഒരുതരം 'ഏകറീത്തു വാദം' ഉന്നയിക്കുന്നവരായി തോന്നിയിട്ടുണ്ട്. സ്വന്തം സഭയുടെ ആരാധനാക്രമചൈതന്യത്തെക്കുറിച്ചു പറയുന്നവർ ഏതോ വിധത്തിലുള്ള 'വർഗ്ഗീയത' വിളമ്പുന്നു എന്ന ഭാവമാണ് പലർക്കും. സഭാത്മകത, വ്യക്തിത്വം, ആരാധനാക്രമചൈതന്യം, സഭാപാരമ്പര്യം ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നതേ അവർക്ക് അലർജിയാണ്. പാരമ്പര്യത്തെ എതിർക്കാനുള്ള ശ്രമത്തിൽ ഏതറ്റംവരെയും അവർ പോകും. ദൈവിക വെളിപാടിന് രണ്ടു ഉറവിടങ്ങൾ ഉണ്ടെന്നും അതിൽ ഒന്ന് വിശുദ്ധ ഗ്രന്ഥവും മറ്റൊന്ന് വിശുദ്ധ പാരമ്പര്യങ്ങളുമാണെന്ന സഭാപ്രബോധനം അവർ മറക്കും. വ്യക്തിസഭകളെ തള്ളിപറയുമ്പോൾ ലത്തീൻ സഭ, കത്തോലിക്കാ സഭയിലെ 24 വ്യക്തിസഭകളിൽ ഒന്നു മാത്രമാണെന്ന് അവർ മറക്കും. ഏകറീത്തിനു വേണ്ടി വാദിക്കുമ്പോൾ, ഈശോമിശിഹായാകുന്ന 'ഏകസുവിശേഷത്തിന്റെ' പകർപ്പുകളായി 'നാലു സുവിശേഷങ്ങൾ' ഉണ്ടായതിന്റെ അതേ കാരണമാണ് ഈശോമിശിഹായുടെ 'ഏകശരീരമായ സഭയുടെ' 24 സദൃശ്യ പകർപ്പുകളായ വ്യക്തിസഭകളുടെ ഉത്ഭവത്തിനു നിദാനമെന്ന് അവർ മറക്കും. അവരിൽ പലരും പിന്നീട് ഇടവക ദൈവാലയവുമായി ബന്ധപ്പെടുന്നത് നാമമാത്ര 'കൗദാശിക' ഇടപാടുകൾക്കുമാത്രമായി ചുരുങ്ങുന്നു.
ആത്മീയ കേന്ദ്രങ്ങൾ നടത്തുന്നവരും ഇതര അജപാലകരുമെല്ലാം ഇടവകയെ അടിസ്ഥാനമാക്കിയുള്ള അജപാലനശൈലിയുടെ പ്രാധാന്യം തിരിച്ചറിയണം. ആ ശൈലി സഭയുടെ ആരാധനാക്രമശൈലിയിൽ നൽകണം. വ്യക്തമായ പദ്ധതിയുടെ വെളിച്ചത്തിൽ ജനങ്ങൾക്കു പഠിക്കാൻ അവസരം ഒരുക്കിയാൽ സീറോ മലബാർ സഭ നിലനിൽക്കും അതല്ലെങ്കിൽ വ്യക്തിത്വം നഷ്ടപ്പെട്ട്, അന്യവത്കരിക്കപ്പെട്ട് ശിഥിലമാകും. ഇതിന് ഏകപരിഹാരം സീറോ മലബാർ സഭയുടെ വ്യക്തിത്വവും തനിമയും നിലനിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയെന്നതാണ്. അതു സാധിക്കണമെങ്കിൽ ചരിത്രത്തോടും പാരമ്പര്യത്തോടും നീതി പുലർത്തണം. "Any community or society, that is cut-off from its root will wither away and disappear from history because it has no justification for existence" (Arnold J Toynbee) (വേരുമായി/ഉറവിടവുമായി ഉള്ള ബന്ധം നഷ്ടമാകുന്ന ഏതു കൂട്ടായ്മയും സമൂഹവും ശിഥിലമാവുകയും ചരിത്രത്തിൽനിന്നും അപ്രത്യക്ഷമാവുകയും ചെയ്യും; എന്തെന്നാൽ അതിന്റെ നിലനില്പിന് നീതീകരണം ഇല്ലാതായിരിക്കുന്നു). സംസ്കാരങ്ങൾ കൊലപാതകത്തിലൂടെയല്ല, മറിച്ച് ആത്മഹത്യയിലൂടെയാണ് മരിക്കുന്നത് (ഇല്ലാതാകുന്നത്) എന്നു പറഞ്ഞയാളും ഇദ്ദേഹമാണ്. സീറോ മലബാർ ലിറ്റർജിയും സംസ്കാരവും ചരിത്രവഴിയിൽ, മറ്റെന്തിനൊക്കെയോ വേണ്ടി വഴി മാറി ഇല്ലാതായാലും അതും ഒരു ആത്മഹത്യയാവാനെ വഴിയുള്ളൂ.