Monday, March 14, 2011

വി.കുര്‍ബാനയുടെ കൂദാശാഭാഗം.

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുര്‍ബ്ബാന എന്ന പുസ്തകത്തില്‍ നിന്ന്)

ആമുഖം
"കൂദാശ" എന്ന സുറിയാനീ പദത്തിനു "വിശുദ്ധീകരിക്കല്‍", "വസ്തുഭേദം വരുത്തല്‍" എന്നൊക്കെയണര്‍ത്ഥം. ഇപ്പോള്‍ നാമുപയോഗിക്കുന്ന കുര്‍ബ്ബാനക്രമത്തെ "ഒന്നാമത്തെ കൂദാശ" അതായതു, "പൌരസ്ത്യദേശത്തെ പ്രബോധകരും ശ്ലീഹന്മാരുമായ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടേയും കൂദാശ" എന്നാണു സാധാരണ വിളിക്കാറുള്ളത്. മാര്‍ തിയഡോറിന്റെയും മാര്‍ നെസ്തോറിയസ്സിന്റെയും പേരുകളില്‍ അറിയപ്പെടുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കൂദാശകള്‍ കൂടി ഉള്ളതുകൊണ്ടാണിങ്ങനെ വിളിക്കാന്‍ തുടങ്ങിയതും.

ഗ്രീക്കുഭാഷയില്‍ "അനാഫൊറ" എന്നപദമാണ്‌ അതിനുപയോഗിക്കുന്നത്. സമര്‍പ്പിക്കുന്നത്, ഉയര്‍ത്തിക്കൊടൂക്കുന്നത് എന്നൊക്കെയാണ്‌ അതിനര്‍ത്ഥം. വി. കുര്‍ബ്ബാന ദൈവത്തിന്റെ പക്കലേക്കുള്ള നമ്മുടെ സമര്‍പ്പണമാണല്ലോ. രക്ഷിക്കപ്പെട്ട ജനം എന്ന നിലയില്‍ നന്ദിയുടെയും സ്തുതിയുടെയും വികാരങ്ങളോടെ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന്റെ പക്കലേക്കുയര്‍ത്തുന്ന കര്‍മ്മവുമാണിത്.

കുര്‍ബ്ബാന എന്ന സുറിയാനീ പദത്തിനും ഏകദേശം ഇതേ അര്‍ത്ഥം തന്നെയാണുള്ളത്. "കാഴ്ച", "ദാനം", ദൈവത്തിനു നല്കപ്പെട്ടത്, "ബലി", "കൂദാശ ചെയ്യപ്പെട്ടത്" എന്നൊക്കെയാണ്‍ ഇതിന്റെ അര്‍ത്ഥം. പൊതുവെ കുര്‍ബാന എന്ന പദം ബലിയര്‍പണത്തെ മുഴുവനായി സൂചിപ്പിക്കാനാണുപയോഗിക്കുന്നത്. അതുപോലെ കൂദാശ എന്ന പദം മറ്റു ആറു കൂദാശകള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ കുര്‍ബ്ബാനയില്‍ "നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും " എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനമുതല്‍ റൂഹാക്ഷണ പ്രാര്‍ത്ഥനയും അതെത്തുടര്‍ന്നുള്ള പ്രാര്‍ത്ഥനയും അതെത്തുടര്‍ന്നുള്ള സ്തുതിഗീതവും അവസാനിക്കുന്നതു വരെയുള്ള കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും ഗീതങ്ങളും ഉള്‍പ്പെടുന്നതാണ്‍ "കൂദാശാഭാഗം".

വസ്തുഭേദം(Transubstantiation)
പൌരത്യ സഭകളുടെ വീക്ഷണത്തില്‍ തിരുവസ്തുക്കളുടെ വസ്തുഭേദം സംഭവിക്കുന്നത് അതായത് അള്‍ത്താരയില്‍ സജ്ജീകരിച്ചിരിക്കുന്ന അപ്പവും വീഞ്ഞും ഈശോമിശിഹായുടെ ശരീരരക്തങ്ങളായി മാറുന്നത് കൂദാശാഭാഗത്തിലാണ്.

12 ആം നൂറ്റാണ്ടിനു ശേഷമുള്ള പാശ്ചാത്യസഭാചിന്തയില്‍ , അന്ത്യത്താഴത്തില്‍ മിശിഹനാഥന്‍ ഉരുവിട്ട വചനങ്ങള്‍ മാത്രമാണ്‌ കൂദാശാവചനങ്ങളായി കണക്കാക്കുന്നത്. ഇന്ന് ഈ ചിന്തയ്ക്കു വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

വിശ്വാസസത്യങ്ങള്‍ പാശ്ചാത്യ പൌരസ്ത്യ സഭകളില്‍ ഒന്നു തന്നെയാണ്. അതായത് വിശുദ്ധ കുര്‍ബ്ബാനയില്‍ നാം പരികര്‍മ്മം ചെയ്യുന്ന അപ്പവും വീഞ്ഞും യഥാര്‍ത്ഥത്തില്‍ ഈശൊമിശിഹായുടെ ശരീരരക്തങ്ങളായി മാറുന്നു എന്നുള്ളത് വിശ്വാസസത്യമാണ്‌. ഇതിനെ നിഷേധിക്കുവാന്‍ പാശ്ചാത്യരായാലും പൌരസ്ത്യരായാലും നിവര്‍ത്തിയില്ല. എന്നാല്‍ ഈ വസ്തുഭേദം എപ്പോള്‍ സംഭവിക്കുന്നു എങ്ങനെ സംഭവിക്കുന്നു എന്നു മനസിലാക്കുന്ന രീതികള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാണു ദൈവശാസ്ത്രമെന്നു പറയുക. പല ദൈവശാസ്ത്രചിന്തകളെ വിശ്വാസത്തിനെതിരല്ലെങ്കില്‍ സ്വീകരിക്കുവാന്‍ കത്തോലിയ്ക്കാ സഭയ്ക്ക് യാതൊരു മടിയുമില്ല. അവ അവളുടെ സാര്‍വ്വത്രികതയെ കൂടുതല്‍ വ്യക്തമാക്കുകയാണു ചെയ്യുന്നത്.

പാശ്ചാത്യ സഭയില്‍ വി. തോമസ് അക്വീനാസിന്റെ കാലം മുതല്‍ പുരാതന ഗ്രീക്കു തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രം ദൈവശാസ്ത്രവിശകലനത്തിനു ആധാരമായി സ്വീകരിച്ചു. വിശ്വാസസത്യങ്ങളും കൂദാശകളുമെല്ലാം ഈ തത്വശാസ്ത്ര പദത്തില്‍ കൂറ്റെ ആ വിശുദ്ധന്‍ വിവരിച്ചു കൊടുത്തു. അതു കൂടുതല്‍ ആകര്‍ഷകമായി അന്ന് അനുഭവപ്പെടുകയും ചെയ്തു.

പ്രസ്തുത ചിന്തയില്‍ ഒരു വസ്തു ഉണ്ടാകുന്നത് തനതായ അസ്തിത്വം ഇല്ലാത്ത, പദാര്‍ത്ഥം(Matter) രൂപം (Form) എന്നീ ഘടകങ്ങള്‍ ഒരുമിച്ചു കൂടുമ്പോഴാണ്. തോമാമല്പാന്‍ കൂദാശകളെ ഈ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. അങ്ങനെ ഓരോ കൂദാശക്കും ഒരു കര്‍മ്മ സാധനവും(Matter) കര്‍മ്മ സ്വരൂപവും(Form) നിശ്ചയിച്ചു. കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും കര്‍മ്മ സാധനമായും(Matter) സ്ഥാപന വചനങ്ങള്‍ കര്‍മ്മ സ്വരൂപമായും(Form) നിശ്ചയിച്ചു. സ്വാഭാവികമായി കര്‍മ്മസാധനവും കര്‍മ്മസ്വരൂപവും ഒരുമിച്ചു ചേരുമ്പോള്‍ വസ്തുഭേദം സംഭവിക്കുന്നു എന്ന നിഗമനത്തിലെത്തി.

എന്നാല്‍ 11 ആം നൂറ്റാണ്ടു വരെയെങ്കിലും വസ്തുഭേദം സംഭവിക്കുന്ന സമയമേതെന്ന്‌ പാശ്ചാത്യസഭയിലെ ഒരു വിശ്വാസിയും ചോദിച്ചിരുന്നില്ല. 12 ആം നൂറ്റാണ്ടുവരെ സ്വാപനവചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞു തിരുശരീരവും തിരു രക്തവും ഉയര്‍ത്തിത്തുടങ്ങിയതു വരെ എപ്പോള്‍ വസ്തുഭേദം സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആരും ആകുലചിത്തരായിരുന്നില്ല. അതുവരെ കൂദാശാഭാഗം മുഴുവന്‍ കൂടിയാണ്‌ ഓര്‍മ്മ ആചരണം പൂര്‍ത്തിയാക്കുന്നത് എന്ന് എല്ലാവരും കരുതിയിരുന്നു.

വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം ലത്തിന്‍ സഭ വിശ്വാസികള്‍ക്കു നല്കിയ പൊതുനിര്‍ദ്ദേശങ്ങളില്‍ 54ആം ഖണ്ഡികയില്‍ പറയുന്നതനുസരിച്ച് കൂദാശാഭാഗം മുഴുവനെയുമാണ്‌ കുര്‍ബ്ബാനയുടെ കേന്ദ്രമായിക്കാണുന്നത്. അല്ലാതെ ഇത്രയും നാള്‍ കരുതിയിരുന്നതു പോലെ സ്ഥാപന വാക്യങ്ങളെ മാത്രമല്ല്. പാശ്ചാത്യ ചിന്തതന്നെ മാറിയിരിക്കുന്നു എന്നതിനു തെളിവാണിത്.

ഈശോമിശിഹായുടെ തിരുശരീരരക്തങ്ങളുടെ ഈ ദിവ്യരഹസ്യം അരിസ്റ്റൊട്ടിലിന്റെ തത്വശാസ്ത്രത്തിനു അടിയറവയ്ക്കാവുന്ന ഒന്നല്ലെന്ന് ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാവും. തത്വശാസ്ത്രചിന്ത മാനുഷികമാണ്‌. അതുകൊണ്ടുതന്നെ അതു പരിമിതവുമാണ്. അപരിമിതമായ ദിവരഹസ്യത്തെ പരിമിതമായ തത്വശാസ്ത്രചിന്തയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് ഒരു തരത്തില്‍ ദൈവദോഷം തന്നെയാണ്. അതുകൊണ്ട് ഏതു തത്വചിന്തയ്ക്കും കയറിച്ചെല്ലാവുന്നതും എന്നാല്‍ തത്വശാസ്ത്രചിന്തകള്‍ക്ക് ഉപരിയായി നില്ക്കുന്നതുമായ ദിവ്യരഹസ്യത്തിനു വിധേയരാകുന്നതാണ്‌ ഏറ്റവും ഉചിതമായിട്ടുള്ളത്.

പൌരസ്ത്യസഭയും സഭാപിതാക്കന്മാരും വിശുദ്ധകുര്‍ബ്ബനയാകുന്ന ദിവ്യരഹസ്യത്തെ രഹസ്യമായിത്തന്നെ കാണുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമാണ്‌ പരിശ്രമിച്ചിട്ടൂള്ളത്. തത്വശാസ്ത്ര വിശകലനങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെ അടിത്തറയായ രഹസ്യാത്മകത നഷ്ടപ്പെടുത്താന്‍ അവര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല.

വിശുദ്ധകുര്‍ബ്ബാനയില്‍ നാം സജ്ജീകരിക്കുന്ന അപ്പവും വീഞ്ഞും ഈശോമിശിഹായുടെ ശരീര രക്തങ്ങളായി മാറുന്നുണ്ടെന്ന കാര്യത്തില്‍ പൌരസ്ത്യ സഭാപിതാക്കന്മാര്‍ക്കും സംശയമില്ല. ( സഭാപിതാക്കന്മാരുടെ കാലമെല്ലാം കഴിഞ്ഞ് 12ആം നൂറ്റാണ്ടില്‍ മാത്രമാണ്‌ വ്യത്യസ്തമായ വിശദീകരണരീതി പാശ്ചാത്യസഭയില്‍ തന്നെ ഉണ്ടായത്.) എപ്പോള്‍ എങ്ങിനെ വസ്തുഭേദം നടക്കുന്നുവെന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളൂ. പൌരസ്ത്യസഭാപിതാക്കന്മാരുടെ പഠനമനുസരരിച്ച് വസ്തുഭേദം പരിമിതമയ മനുഷ്യബുദ്ധിക്കതീതമായ ഒരു രഹസ്യമാണ്. വിശുദ്ധകുര്‍ബ്ബാന ഈശൊമിശിഹായുടെ ശരീരരക്തങ്ങളുടെ ആഘോഷമാണ്. അതായത് ഈശോമിശിഹായില്‍ പൂര്‍ത്തിയയ രക്ഷാകരകര്‍മ്മങ്ങത്തിന്റെ ആഘോഷവും ഔദ്യോഗികമായ ആചരണവും ഏറ്റുപറച്ചിലും സ്വീകരണവും ആഴപ്പെടുത്തലുമാണ്. ഈ ആഘോഷങ്ങളോടു ബന്ധപ്പെടുത്തി അപ്പവും വീഞ്ഞും മിശിഹായുടെ ശരീരരക്തങ്ങളായി മാറുകയും ചെയ്യുന്നു. റൂഹാക്ഷണപ്രാര്‍ത്ഥനയോടെ, അതായത് പരിശുദ്ധാത്മാവിന്റെ നിര്‍ണ്ണായക പ്രവര്‍ത്തനത്തൊടെ വസ്തുഭേദം പൂര്‍ന്നമാകുന്നതായി എല്ലാ പൌരസ്ത്യ സഭാപിതാക്കന്മാരും ഉറപ്പിച്ചു പറയുന്നുണ്ട്.

ദൈവാരാധനയെ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയെ ഇങ്ങനെ വീക്ഷിക്കുന്നതുകൊണ്ട് പ്രധാനമായതും അപ്രധാനമയതുമായ ഭാഗങ്ങള്‍ തമ്മില്‍ പൌരസ്ത്യര്‍ വേര്‍തിരിക്കാറില്ല. കുര്‍ബ്ബാന മുഴുവന്‍ ഒറ്റ ആചണനമാണ്‌, പ്രധാനപ്പെട്ടതുമാണ്.

പാശ്ചാത്യസഭയിലെ മുന്‍പറഞ്ഞ തത്വശാസ്ത്രചിന്താരീതി അതായത് കര്‍മ്മസാധനവും കര്‍മ്മസ്വരൂപവും കൂടിച്ചേരുമ്പോള്‍ വസ്തുഭേദം വരുന്നു എന്ന ചിന്ത പൂര്‍ണ്ണമായി അവര്‍ ഉദ്ദ്യേശിക്കുന്ന വസ്തുത വ്യക്തമാക്കുന്നില്ലെന്നു തീര്‍ച്ചായാണ്. ഏതുനിമിഷം വസ്തുഭേദം നടക്കുന്നുവെന്നു അവര്‍ക്കും പറയാനാവില്ല. സ്വാപനവാചകം ഉച്ചരിച്ചു തീരുമ്പൊള്‍ എന്നു പറയാം. അതിനും സ്വല്പം സമയം വേണമല്ലോ. പൌരസ്റ്റ്യര്‍ അത് സ്വല്പം കൂടി നീട്ടൂന്നു എന്നുമാത്രം. അതായത് കൂദാശാഭാഗത്തിന്റെ അവസാനത്തൊടെ.
ചുരുക്കിപ്പറഞ്ഞാല്‍ പാശ്ചാത്യസഭയിലെ സ്വാപനവാചകങ്ങള്‍ക്കു തുല്യമാണ്‌ പൌരസ്ത്യസഭയിലെ കുര്‍ബ്ബാനയുടെ കൂദാശാഭാഗം അഥവാ അനാഫൊറ.

ഉപസംഹാരം

16ആം നൂറ്റാണ്ടുമുതല്‍ നമ്മുടെ വേദോപദേശവും സെമിനാരീ പരിശീലനവും തനി പശ്ചാത്യ പശ്ചാത്തലത്തില്‍ ആയിപ്പോയതുകൊണ്ട് നമ്മുടെ സഭയില്‍ ഉന്നത തലത്തില്‍ ഉള്ളവര്‍ക്കുപോലും വ്യത്യസ്തമായി ചിന്തിക്കുവാന്‍ ബുദ്ധിമുട്ടൂണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാതെ നമുക്കു സഭയുടെ ആരാധനാചൈതന്യമനുസരിച്ച് ജീവിക്കുവാനാവില്ല. "സ്വന്തം റീത്തിന്റെ തനതായ ഉറവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ബുദ്ധിമുട്ടൂകള്‍ അനുവഭപ്പെടും. എന്നാല്‍ ശക്തികള്‍ മുഴുവന്‍ ഒരുമിച്ചു കൂട്ടിയും പൂര്‍ണ്ണമായി ദൈവസഹായത്തില്‍ ആശ്രയിച്ചും അത്തരം ബുദ്ധിമുട്ടൂകളെ സധൈര്യം നേരിടേണ്ടിയിരിക്കുന്നു" എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1980ല്‍ സീറോ മലബാര്‍ മെത്രാന്മാരൊടൂ പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്.

No comments: