Saturday, September 10, 2011

ഉത്ഥാനഗീതം



സുറീയായീ സഭയുടെ പാരമ്പര്യമനുസരിച്ച് ഈശോമിശിഹാ മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളിൽ ഇറങ്ങിച്ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവർ മിശിഹായുടെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി പാടിയഗീതമാണ് ഉത്ഥാനഗീതം. ആദത്തിന്റെ പാപത്തോടുകൂടീ സ്വർഗ്ഗം അടയ്ക്കപ്പെട്ടു. അതിനുശേഷം മരിച്ചിട്ടുള്ള വിശുദ്ധാത്മാക്കൾ വസിച്ചിരുന്ന സ്ഥലമാണല്ലോ പാതാളം എന്ന പേരിൽ അറിയപ്പെടുന്നത്. മിശിഹാ തന്റെ മരണം വഴി മരണത്തെയും സാത്താനെയും ജയിച്ചതിലുള്ള അവരുടെ സന്തോഷമാണ് ഈ ഗീതത്തിലൂടെ അവർ പ്രകടിപ്പിക്കുന്നത്. മാത്രമല്ല സ്വർഗ്ഗം തുറക്കപ്പെടുന്നതോടുകൂടി അവർക്കും സ്വർഗ്ഗ പ്രവേശനം ലഭിക്കുമെന്നുള്ള സന്തോഷവും അവരിതിൽ പ്രകടിപ്പിക്കുന്നുണ്ട്. ഈ പാരമ്പര്യത്തിൽ ഇതിന് ആദത്തിന്റെ മക്കളുടെ ഗീതം എന്ന പേരുമുണ്ട്. വിശുദ്ധ കുർബാനയിൽ ഇതു പാടുമ്പോൾ മിശിഹായുടെ ദൈവത്വത്തെയും മരണത്തിന്മേലുള്ള വിജയത്തെയും ഏറ്റുപറയുന്നതിനൊപ്പം ഓരോരുത്തരുടെയും ഉത്ഥാനത്തിലും മരണാനന്തരജീവിതത്തിലുമുള്ള പ്രത്യാശയും ആരാധനാ സമൂഹം പ്രകടമാക്കുന്നുണ്ട്.
(പാത്തിക്കുളങ്ങരയച്ചന്റെ "നമ്മുടെ കുർബാന" എന്ന പുസ്തകത്തിൽ നിന്ന്)

Tuesday, September 6, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -3 (അവസാനഭാഗം)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
9. കുനിഞ്ഞാചാരം
കുരിശുവര എന്നതു പോലെ തന്നെ വേറെയും ചില അനുഷ്ടാനങ്ങളിൽ കാർമ്മികനൊപ്പം വിശ്വാസികൾ പങ്കുചേരുന്നതു നല്ലതാണ്. കുനിഞ്ഞാചാരം ചെയ്യുക വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ബുദ്ധിയും ഹൃദയവും ദൈവതിരുമുൻപിൽ സമർപ്പിക്കുന്ന കർമ്മമാണിത്. കുർബാനയുടെ ആരംഭത്തിൽ കാർമ്മികനോടൂകൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. കാർമ്മികൻ ആശീർവ്വദിക്കുമ്പോഴൊക്കെ തലകുനിച്ച് സ്വയം കുരിശുവരയ്ക്കുന്നു. കർതൃവചനങ്ങൾ അഥവാ സ്ഥാപനവാക്യങ്ങൾ ചൊല്ലുന്ന അവസരത്തിലും റൂഹാക്ഷണപ്രാർത്ഥനയുടെ സമയം മുഴുവനും തലകുനിച്ചു നിൽക്കുന്നു. ഇപ്പോല് അംഗീകരിച്ചുവന്നിരിക്കുന്ന കുർബ്ബാനക്രമമനുസരിച്ച് സ്ഥാപന വാക്യങ്ങളുടെ അവസരത്തിൽ പീലാസായും കാസായും ഉയർത്തലോ അതോടൂ ബന്ധപ്പെട്ട് കുനിയലോ ഇല്ല. എന്നാൽ സ്ഥാപനവാക്യങ്ങൾ മുഴുവൻ തീരുമ്പോൾ കാർമ്മികനോടൂ കൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. പള്ളിയിൽ പ്രവേശിക്കുകയും അവിടെനിന്ന് പുറത്തുപോവുകയും ചെയ്യുന്ന അവസരങ്ങളിൽ അഗാധമായി കുനിഞ്ഞ് സ്വയം കുരിശുവരയ്ക്കന്നത് പൗരസ്ത്യപാരമ്പര്യത്തിൽ പെടുന്നതാണ്.

10. പ്രദക്ഷിണങ്ങൾ
പ്രദിക്ഷണങ്ങൾ സ്വർഗ്ഗോന്മുഖമായ പ്രയാണത്തിന്റെ പ്രതീകമാണ്. കുർബാനയ്ക്കകത്തതന്നെയുള്ള പ്രദക്ഷിണങ്ങൾ - സുവിശേഷ പ്രദക്ഷിണം, തിരുവസ്തുക്കൾ അൾത്താരയിലേയ്ക്ക് കൊണ്ടുവരുന്ന പ്രദക്ഷിണം, വിശുദ്ധകുർബാന വിതരണം ചെയ്യുന്നതിനായി മദ്ബഹായുടെ കവാടത്തിലേയ്ക്ക് കൊണ്ടൂവരുന്ന പ്രദക്ഷിണം – ഇവയുടെ അർത്ഥം വ്യക്തമായി മനസിലാക്കി അവ നടത്തുന്നതിനു പരിശ്രമിക്കുക.

കുർബാനയിലെ പ്രാർത്ഥനകളിലും ഗീതങ്ങളിലും നമ്മുടെ കഴിവിന്റെ പരമാവധി പങ്കു ചേരുന്നതിനു ശ്രമിക്കുക, എല്ലായ്പോഴും വിശുദ്ധ കുർബാന സ്വീകരിക്കുക ഇതെല്ലാം ബലിയർപ്പണത്തിന്റെ അവശ്യഘടകങ്ങളാണ്.

11. കുർബാന സമയത്തെ നിലപാട്
വിശുദ്ധ കുർബ്ബാനയുടെ സമയത്തെ നിലപാടിനെക്കുറിച്ചും അല്പം പറയേണ്ടീയീരിക്കുന്നു. കാർമ്മികൻ, ശുശ്രൂഷികൾ, ജനം എന്നീ മൂന്നുഗണങ്ങൾ ഒറ്റസമൂഹമായിട്ടാണ് കുർബാന അർപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ദൈവജനത്തിനും അവരുടെ നേതാവായ പുരോഹിതനും വ്യത്യസ്ത നിലപാടുകൾ പാടില്ല. നായകന്റെ നിലപാടുതന്നെയായിരിക്കണം സമൂഹത്തിന്റേതും. അസുഖം കൊണ്ടോ മറ്റോ ഏതു നിലപാടു സ്വീകരിക്കുന്നതിനും പൗരസ്ത്യസഭകളിൽ പരിപൂർണ്ണ സ്വാതന്ത്യമുണ്ട്.

കാർമ്മികനും സമൂഹവും ഒത്തൊരുമിച്ച് ദൈവോന്മുഖമായി അഥവാ സ്വർഗോന്മുഖമായി നിന്നുകൊണ്ട് വേണം ബലിയർപ്പിക്കുവാൻ. നമ്മുടെ തീർത്ഥാടകസ്വഭാവം അവിടെ വിളിച്ചറിയീക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ദൈവമക്കളുടെ നിലയിലേയ്ക്ക് ഉയർത്തപ്പെട്ട വിശ്വാസികളുടെ മാഹാത്മ്യവും ഈ നിലപാട് ഏറ്റുപറയുന്നുണ്ട്.

മുട്ടുകുത്തൽ അടീമകളുടെ രീതിയായിട്ടാണ് പൗരസ്ത്യസഭകൾ കാണുന്നത്. അനുരഞ്ജനത്തിന്റെ പ്രഖ്യാപനമായും മുട്ടുകുത്തലിലെ കാണുന്നുണ്ട്. ആദിമസഭയിലെ ചിന്താഗതിയും ഇതുതന്നെയായിരുന്നു. ഇക്കാര്യം വ്യക്തമായി മനസിലാക്കിയ ലത്തീൻ സഭതന്നെ മുട്ടുകുത്തലിനുള്ള പ്രാധാന്യം വളരെക്കുറച്ചിട്ടൂണ്ട്. എന്നാൽ മദ്ധ്യശതകങ്ങളിലെ ലത്തീൻ മിഷനറിമാരിലൂടെ നമ്മുടെയിടയിൽ വേരുറച്ച മുട്ടുകുത്തൽ രീതി മാറ്റിക്കളയുവാൻ നമുക്കു സാധിക്കുന്നില്ല.

കുർബാനയുടെ സമയം മുഴുവനും നിന്നതുകൊണ്ട് നമുക്ക് ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ല. നമ്മുടെ സഹോദരങ്ങളായ യാക്കോബായക്കാരും മറ്റും മണിക്കൂറുകൾ പള്ളിയിൽ നിൽക്കാറുണ്ടല്ലോ. അസുഖമുള്ളവരുടെ കാര്യം നാം പറഞ്ഞുകഴിഞ്ഞതാണ്.

ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസില്ലാക്കിയ ശേഷം ആരംഭകാലത്ത് ചില ക്രമീകരണങ്ങൾ നൽകുന്നതിൽ പിശകില്ല. നിന്നു പരിചയമില്ലാത്തവർക്ക് ആദ്യം നിൽക്കുമ്പോൾ കാലു കഴയ്ക്കുന്നു, ഭക്തി തോന്നുന്നില്ല എന്നൊക്കെ തോന്നാൻ സാധ്യതയുണ്ട്. ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടൂള്ളതാണ്. സാവകാശത്തിൽ ബുദ്ധിമുട്ടുകളൊക്കെ മാറിക്കൊള്ളും. നമ്മുടെ വൈദീക സന്യാസ പരിശീലന കേന്ദ്രങ്ങളിൽ “നിന്നു” പ്രാർത്ഥിക്കുന്നതിനുള്ള പരിശീലനം ആരംഭം മുതലേ കൊടുക്കേണ്ടീയിരിക്കുന്നു.

ഭാരതീകരണമെന്ന പേരിൽ ചടഞ്ഞിരുന്ന് കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്ന രീതി പലയിടത്തും പടർന്നു പിടിച്ചിരിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാരതീയമായ ഹൈന്ദവ പാരമ്പര്യത്തിൽ തന്നെ പത്മാസന രീതി ധ്യാന രീതിയാണ്. ഇതിലെല്ലാമുപരി ഹൈന്ദവ ബലിയർപ്പണവും നമ്മുടെ കുർബാനയും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. പ്ത്മാസനത്തിലിരുന്നു കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്നവർ സ്വർഗ്ഗോന്മുഖമായ തങ്ങളുടെ തീർത്ഥാടക സ്വഭാവം മനപ്പൂർവം നിഷേധിക്കുകയാണ്. അതുകൊണ്ട് ലിറ്റർജിയുടെ കർമ്മങ്ങളായ വിശുദ്ധ കുർബാനയും യാമപ്രാർത്ഥനയും മുഴുവൻ സമയവും ഇരുന്നുകൊണ്ടു നടത്തുന്ന രീതി ഒരു കാലത്തും കത്തോലിക്കാ സഭയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല. ധ്യാനം തുടങ്ങിയ വ്യക്തിപരമായ പ്രാർത്ഥനകൾക്ക് ഓരോരുത്തർക്കും യുക്തമെന്നു തോന്നുന്ന നിലപാടൂകൾ സ്വീകരിക്കാവുന്നതാണ്.

എന്തോക്കെയാണെങ്കിലും സാവകാശത്തിലെങ്കിലും പൗരസ്ത്യസഭകളൂടെ പൊതുവായ രീതിയായ നിന്നുകൊണ്ടൂ ദൈവാരാധന കർമ്മങ്ങൾ പ്രത്യേകിച്ചു വിശുദ്ധ കുർബാന നടത്തുന്ന രീതിയിലേയ്ക്ക് നാം എത്തേണ്ടീയിരിക്കുന്നു. എവിടെയെങ്കിലും തുടങ്ങാതെ എത്താനാവില്ലല്ലോ.

നമ്മുടെ കുർബാനയുടെ ചൈതന്യമനുസരിച്ച് മുട്ടുകുത്തണമെങ്കിൽ അതു അനുരഞ്ജന ശുശ്രൂഷയുടെ സമയത്താണ്. നമ്മുടെ കുർബാനയുടെ കേന്ദ്രമായ കൂദാശാഭാഗത്ത് മുട്ടുകുത്തുകയോ ഇരിക്കുകയോ ചെയ്യാവുന്നതല്ല. കൂദാശാഭാഗത്തിന്റെ ആരംഭത്തിൽ ഡീക്കൻ ആവശ്യപ്പെടുന്നതുപ്പോലെ “ആദരപൂർവ്വം നിന്ന്” അനുഷ്ടിക്കുന്നവയെ സൂക്ഷിച്ചു വീക്ഷിക്കേണ്ടീയിരിക്കുന്നു.

സുവിശേഷവായന ഒഴിച്ച് മറ്റു വായനകളുടെ സമയത്തും പ്രസംഗസമയത്തും വിശ്വാസികൾക്ക് ഇരിക്കാവുന്നതാണ്.

കുറച്ചു സമയം നിൽകുന്നതു മൂലം ആരംഭത്തിലുണ്ടാവുന്ന ചെറിയ ത്യാഗം കുർബാനയർപ്പണത്തോടു കൂട്ടിച്ചേർക്കുമ്പോൾ അതെത്ര മനഹീയമായിരിക്കയില്ല!

Monday, September 5, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -2 (തുടർച്ച)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
5. ആരാധനാക്രമ പഠനം
നമ്മുടെ ആരാധനാ ചൈതന്യത്തിന്റെ മനോഹരങ്ങളായ രീതികൾ മനസിലാക്കിക്കഴിഞ്ഞാൽ എങ്ങിനെ അതു പ്രയോഗത്തിലാക്കാതിരിക്കാൻ കഴിയും? നമ്മുടെ ദൈവാരാധനാ ചൈതന്യസാംശീകരണത്തിനും അനുഭവവേദ്യമായ ആരാധനാ ജീവിതത്തിനും അത്യന്താപേക്ഷിതമായിരിക്കുന്ന ഒന്നാണ് നിഷ്പക്ഷമനോഭാവം. പാർട്ടി പിടിച്ചു കഴിഞ്ഞാൽ പിന്നെ പാർട്ടിയുടെ വിജയത്തെക്കുറിച്ചായിരിക്കും ചിന്ത മുഴുവൻ. ഇതെഴുതുന്ന വ്യക്തി ഒരു പാർട്ടിയുടെ വ്യക്താവല്ലേ? പിന്നെ ഈ പറയുന്നതിൽ എന്താത്മാർത്ഥതയാണുള്ളത് എന്നൊക്കെ ചിലർ ചോദിച്ചേക്കാം. എനിക്കവരോട് ഒരു കാര്യം മാത്രമേ പറയുവാനുള്ളൂ. വിഭാഗീയ ചിന്തകൾ മാറ്റിവച്ച് സഭയുടെ വസ്തുനിഷ്ടമായ പഠനങ്ങൾ അടിസ്ഥാനമാക്കി മാത്രം ആധികാരികമായ ഒരു പഠനം നടത്തുക. അതിനു ശേഷം യുക്തിപൂർവ്വകമായ അഭിപ്രായം പറയുക, സ്വീകരിക്കുവാൻ ഞാൻ സന്നദ്ധനാണ്.

1970ലാണ് ഞാൻ തിരുപ്പട്ടം സ്വീകരിക്കുന്നത്. വത്തിക്കാൻ കൗൺസിൽ കഴിഞ്ഞ് അഞ്ചാം കൊല്ലത്തില്. എന്റെ ദൈവശാസ്ത്രപഠനം മുഴുവൻ വത്തിക്കാൻ കൗൺസിലിനു ശേഷമാണ് നടത്തിയിട്ടൂള്ളത്. എങ്കിലും ദൈവാരാധനയുടെ ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ വശങ്ങളെക്കുറിച്ച് ഒന്നും തന്നെ ദൈവശാസ്ത്രപരിശീലനകാലത്ത് കിട്ടിയിട്ടില്ല എന്നതു സത്യമാണ്. പ്രഗത്ഭരായ അധ്യാപകർ പരിശീലനം കൊടുത്തിരുന്ന ധർമാരാം കോളേജിലെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റു സെമിനാരികളിലെ കാര്യം ഊഹിക്കാമല്ലോ. വടവാതൂർ സെമിനാരിയിൽ മാത്രം അല്പം വ്യത്യസ്ഥമായ അന്തരീക്ഷമുണ്ടായിരുന്നു എന്ന് ഇവിടെ എടുത്തുപറയേണ്ടീയിരിക്കുന്നു.

അടുത്ത കാലം വരെ പട്ടമേറ്റിട്ടുള്ള വൈദീകരുടെയും അവർ പരിശീലനം കൊടുത്തിട്ടൂള്ള സന്യാസിനികളുടെയും അത്മായരുടെയും ദൈവാരാധനാപരമായ സ്ഥിതിവിശേഷം മുൻപറഞ്ഞതാണ്. അവരെല്ലാം നമ്മുടെ കുർബാനയെ പാശ്ചാത്യ ഗ്രന്ഥകാരന്മാർ ലത്തീൻ കുർബാനയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ വെളിച്ചത്തിലേ വിശദീകരിച്ചു പഠിച്ചിട്ടുള്ളൂ. ആത്മാർത്ഥതയോടെ സ്വപരിശ്രമത്താൽ നമ്മുടെ കുർബ്ബാനയെക്കുറിച്ച് ഉറവിടങ്ങളിൽ നിന്നു തന്നെ ആഴമായ പഠനം നടത്തിയിട്ടുള്ള ചുരുക്കം ചില വൈദീകരും ആത്മായരും നമ്മുടെ സഭയിലുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല.

6. ഉറവിടങ്ങൾ സുലഭം
പഴയ കാലങ്ങളിൽ ആഴമായ പഠനത്തിനുള്ള ഉപാധികളും സൗകര്യങ്ങളും ഇല്ലാതിരുന്നതുകൊണ്ടാണു ഇങ്ങനെ സംഭവിച്ചു പോയിട്ടുള്ളത്. അതുകൊണ്ട് ആരെയും ക്രമാതീതമായി കുറ്റപ്പെടുത്താനാവില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. നമ്മുടെ കുർബാനയെക്കുറിച്ച് അത്യാവസ്യമായ ആധികാരിക പഠനം നടത്തുന്നതിനാവശ്യമായ പുസ്തകങ്ങളും മറ്റും സുലഭമാണ്. അതുകൊണ്ട് ഇനിയും ഈ തലത്തിൽ കാണിക്കുന്ന അവഗണന ക്ഷന്തവ്യമാണെന്നു തോന്നുന്നില്ല.

7. ദൈവാരാധന വ്യക്തിത്വ ഘടകം
ഇതര സഭകളുമായി നമ്മുടെ അസ്ഥിത്വത്തിനു വേണ്ടി സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ ദൈവാരാധനയുടെ തനതായ വ്യക്തിത്വം പുനരുദ്ധരിച്ച് നവീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ക്രൈസ്തവാസ്ഥിത്വത്തിന്റെ പ്രകാശനമാണല്ലോ ദൈവാരാധന. ദൈവാരാധനയിൽ തനതായ വ്യക്തിത്വം ഇല്ലെങ്കിൽ സഭയുടെ അതിരുകൾ വികസിപ്പിക്കുവാനുള്ള വ്യഗ്രത ആത്മാർത്ഥതയില്ലാത്തതാണ് തീർച്ച. ഭാരതവത്കരണത്തിന്റെ മറവിൽ വരുത്തിവയ്ക്കുന്ന ലത്തീനീകരണവും ഈ ആത്മാർത്ഥതക്കുറവിന്റെ പ്രകടനമാണ്.

8. ഇന്ത്യൻ വ്യക്തിത്വം
നാം ഇന്ത്യക്കാരാണ്. പത്തൊമ്പതര നൂറ്റാണ്ടും അങ്ങിനെതന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 1962 അവസാനത്തോടെയാണ് മാർത്തോമാ ക്രിസ്ത്യാനികൾ ഇന്ത്യക്കാരല്ലെന്നു അവരിൽ ചില പ്രമുഖ വ്യക്തികൾക്കു തോന്നിത്തുടങ്ങിയത്. അതിനു ചില തത്പരകക്ഷികളുടെ ആവാസം കാരണമായി നിന്നിട്ടൂണ്ട്. മാർത്തോമാ ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ച് അവരെ നിർവീര്യമാക്കുന്നതിനുള്ള പ്രസ്തുതപരിശ്രമങ്ങൾ മിക്കവാറും വിജയിച്ചു എന്നു മാത്രമേ തത്കാലം പറയാനുള്ളൂ. ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാർ തോമാ ക്രിസ്ത്യാനികൾ വിവേചിച്ചറിഞ്ഞിരുന്നെങ്കിൽ!

നമ്മുടെ കുർബ്ബാനയോടുള്ള ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ സമീപനം ലത്തീൻ കുർബാനയോടുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. ഈ വ്യത്യാസം മാനിക്കുവാനും മനസിലാക്കുവാനും കഴിവില്ലെങ്കിൽ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ ലത്തീൻ സഭയെ ആശ്ലേഷിക്കുന്നതാണ് കരണീയമായിട്ടൂള്ളത്. സീറോ മലബാറുകാരെന്ന് അഭിമാനിയ്ക്കുകയും ലത്തീൻ രീതികൾ ആഗ്രഹിക്കുകയും ചൈയ്യുന്നത് രണ്ടൂ പൈതൃകങ്ങളോടും കൂറില്ലെന്നതിന്റെ തെളിവായി കണക്കാക്കാം.
(തുടരും)

Sunday, September 4, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -1

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)


1. കുർബാന ഒരാഘോഷം
സ്വന്തം അസ്ഥിത്വാചരണമായി വിശുദ്ധ കുർബ്ബാനയെ മനസിലാക്കുന്നതിനു പരിശ്രമിക്കുക. സ്വന്തം ജന്മദിനമോ നാമകരണദിനമോ വൈവാഹികാവസരമോ വൈദീകരെങ്കിൽ തിരുപ്പട്ടമോ സന്യാസികളെങ്കിൽ സഭാവസ്ത്രസ്വീകരണദിനമോ വ്രതാനുഷ്ഠാനദിനങ്ങളോ അവയുടെ ജൂബിലികളോ ആഘോഷിക്കുമ്പോൾ ഒന്നും അറിയാത്തവരെപ്പോലെ നിർവ്വികാരരായി നോക്കി നിൽക്കുവാൻ അവർക്കു സാധിക്കുമോ? ആഘോഷം അൽപം നീണ്ടുപോയതുകൊണ്ടോ കൂടിപ്പോയതുകൊണ്ടോ ആരും അസ്വസ്ഥരാകുമെന്നും തോന്നുന്നില്ല. അതേ സമയം നമ്മുടേതല്ലാത്തതും നമുക്കും പങ്കില്ലാത്തതുമായ ആഘോഷങ്ങളിൽ നമുക്കൊരു താത്പര്യവും കാണുകയുമില്ല. അതുകൊണ്ട് വിശുദ്ധ കുർബ്ബാനയെ നമ്മുടെ വിശ്വാസത്തിന്റേയും ക്രൈസ്തവാസ്തിത്വത്തിന്റെയും സമഗ്രമായ ആചരണമായി മനസിലാക്കുന്നതിനു പരിശ്രമിയ്ക്കുകയാണ് അനുഭവവേദ്യമായി അതാചരിക്കുന്നതിനുള്ള ആദ്യപടി.

2. വിശദാംശങ്ങളിൽ ശ്രദ്ധിക്കുക
വിശുദ്ധകുർബ്ബാനയുടെ വിശദാംശങ്ങൾ മനസിലാക്കേണ്ടതുണ്ട്. നാലു നൂറ്റാണ്ടു കാലത്തേ സുദീർഘമായ വിദേശീയ മേധാവിത്വം കൊണ്ട് നമ്മുടെ അവബോധത്തിൽ നിന്നും പലവിശദാംശങ്ങളും ചോർന്നു പോയിട്ടൂണ്ട്. ഇന്നും നാം സ്വയം പര്യാപ്തതയിൽ കഴിയുന്ന ഒരു സഭയാണ്. ആരുടേയും സമ്മർദ്ദത്തിനു വഴങ്ങേണ്ട സാഹചര്യം ഇന്നില്ല. പഠിച്ചറിഞ്ഞ വിശദാംശങ്ങൾ അനുദിന വിശുദ്ധകുർബാന ആചരണത്തിലേയ്ക്ക് പകർത്തുകയാണ് വിശുദ്ധ കുർബാന അനുഭവേദ്യമാകുന്നതിനുള്ള രണ്ടാമത്തെ പടി.

3. കുർബാന ഒരനുഷ്ടാനം
വിശുദ്ധ കുർബാന ഒരാചരണവും ആഘോഷവുമാണല്ലോ. കാർമ്മികർ, ശുശ്രൂഷികൾ, സമൂഹം ഇങ്ങനെ മൂന്നു ഗണങ്ങളായിട്ടാണ് ഈ ആചരണം പൂർത്തിയാക്കുന്നത്. നാം ഏതുഗണത്തിലായാലും ശരി അതിന്റെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കുമ്പൊഴാണ് നമ്മുടെ ആചരണം പൂർണ്ണമാകുന്നത്. പ്രാർത്ഥനകൾ ചൊല്ലുക മാത്രമല്ല ചില കർമ്മങ്ങളും എല്ലാ ഗണത്തിലും പെട്ടവർക്കും ചെയ്യേണ്ടതായിട്ടൂണ്ട്. അതു നാം വിശ്വസ്തതയോടെ നിറവേറ്റുമ്പോൾ നമ്മുടെ ആചരണം അനുഭവവേദ്യമാകും തീർച്ച.

4. കുരിശുവര
കുരിശുവരകൾ ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്. പലതരത്തിലുള്ള കുരിശുവരകൾ നമ്മുടേ കുർബാനയിലുണ്ട്. സ്ഥാപനവാക്യങ്ങൾ അഥവാ കർതൃവചനങ്ങളുടെ അവസരത്തിൽ പീലാസാമേലും കാസമേലും മൂന്നുപ്രാവശ്യം വീതം കാർമ്മികൻ കുരിശുവരയ്ക്കുന്നുണ്ട്. അതുപോലെ കൂദാശാഭാഗത്തിന്റെ ആരംഭത്തിലും മധ്യത്തിലും അവസാനത്തിലും കാർമ്മികൻ തിരുവസ്തുക്കളുടെ മേൽ കുരിശുവരയ്ക്കുന്നുണ്ട്. തിരുശരീരം ഉയർത്തിയ ശേഷം തിരുവോസ്തിയിൽ സ്പർശിയ്ക്കാതെ അധരങ്ങൾ കൊണ്ട് കുരിശടയാളത്തിൽ ചുംബിക്കുന്നുണ്ട്. ഈ കുരിശുകളെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള മിശിഹായുടെ കുരിശുമരണം ആഘോഷമായി ഏറ്റുപറയുന്ന കർമ്മങ്ങളാണ്. ആരാധനാ സമൂഹത്തിലെ ഓരോ അംഗവും പ്രസ്തുത സമയങ്ങളിൽ ഈ അവബോധത്തോടൂകൂടീ തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടിരിക്കണം.
വിശുദ്ധകുർബാനയിൽ അഞ്ചുപ്രാവശ്യം കാർമ്മികൻ സമൂഹത്തെ ആശീർവ്വദിക്കുന്നുണ്ട്. സുവിശേഷവായനയ്ക്കു മുൻപ് ഏവൻഗാലിയൻ പുസ്തകം കൊണ്ടൂം സമാധാനാശംസയുടെ രണ്ട് അവസരങ്ങളിലും, കുർബാന സ്വീകരണത്തിനു ക്ഷണിയ്ക്കുമ്പോഴും ഹൂത്താമാപ്രാർത്ഥനയുടെ അവസാനത്തിലുമാണ് ഈ ആശീർവാദങ്ങൾ നല്കുന്നത്. മൂന്നു പ്രാവശ്യം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുന്നുണ്ട്. സുവിശേഷപുസ്തകം കൊണ്ടല്ലാതെ “സമാധാനം നിങ്ങളോടുകൂടെ” എന്നാശംസിച്ചാശീർവ്വദിക്കുന്ന രണ്ടവസരങ്ങൾക്കു തൊട്ടൂ മുൻപും അനുരഞ്ജനശുശ്രൂഷയിലെ “നമ്മുടെ കർത്താവീശോമിശിഹായുടേ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും …” എന്ന ആശംസാ പ്രാർത്ഥനയുടെ അവസരത്തിലുമാണ് കാർമ്മികൻ സ്വയം കുരിശൂവരയ്ക്കുന്നത്. ഈ അവസരങ്ങളിലെല്ലാം “കാർമ്മികൻ വലതു കൈവിടർത്തി ഉള്ളം കൈ പടിഞ്ഞാട്ടേയ്ക്ക് അഥവാ ജനങ്ങളുടെ നേരെ ആക്കി വിരലുകൾ ശിരസിനു മുകളിൽ കാണത്തക്കവിധം ഉയർത്തി” കുരിശുവരയ്ക്കണമെന്നാണ് കുർബാനപുസ്തകത്തിൽ നിർദ്ദേശിക്കുന്നത്. തന്റെ പിന്നിൽ തന്നോടൊത്ത് സ്വർഗ്ഗോനുഖമായി നിൽക്കുന്ന സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തിയുള്ള കുരിശുവരയായതുകൊണ്ടാണ് ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കാർമ്മികൻ ആശീർവദിക്കുന്ന അവസരത്തിൽ ആശീർവ്വാദം സ്വീകരിച്ചുകൊൻടൂം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുമ്പോൾ അദ്ദേഹത്തോടു യോജിച്ചുകൊണ്ടൂം സമൂഹത്തിലെ ഓരോ അംഗവും സ്വയം കുരിശുവരച്ച് വിശുദ്ധീകരിക്കണം.
(കുരിശുവരക്കേണ്ടതെങ്ങനെയെന്ന് മറ്റൊരു പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്)
(തുടരും)