ഏകീകൃത കുർബാനയര്‍പ്പണ രീതി - സീറോ മലബാർ സഭ
വിവിധ സിറോ മലബാര്‍ രൂപതകളെ നയിക്കുവാന്‍
ദൈവപരിപാലനയില്‍ നിയമിതരായിരിക്കുന്ന മെത്രാന്മാര്‍ തങ്ങളുടെ അജപാലനത്തിനേല്‍പ്പിക്കപ്പെട്ടിരിക്കുന്ന
ഏവര്‍ക്കുമായി എഴുതുന്ന സംയുക്ത ഇടയലേഖനം (1999 ഡിസംബര്‍ 15)
നമ്മുടെ സഭയിലെ മെത്രാന്മാരുടെ സിനഡ് സമ്മേളനം
കഴിഞ്ഞ നവംബര്‍ 15 മുതല്‍ 20 വരെ ശ്രേഷ്ഠ മേത്രാപ്പോലീത്തന്‍ കാര്യാലയം സ്ഥിതി ചെയ്യുന്ന മൌണ്ട് സെന്റ് തോമസില്‍
നടന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ .ഈ സമ്മേളനത്തില്‍ ഏകീകൃതമായ ഒരു കുർബാനയര്‍പ്പണ രീതിയെപ്പറ്റി ചില തീരുമാനങ്ങള്‍
എടുത്തതായും നിങ്ങള്‍ പത്രദ്വാര അറിഞ്ഞു കാണും .ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ വിശദമായി
നിങ്ങളെ അറിയിക്കുകയും തീരുമാങ്ങള്‍ നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയുമാണ്
ഈ ഇടയലേഖനത്തിന്റെ ലക്‌ഷ്യം .
കുർബാനയര്‍പ്പണത്തില്‍
കര്‍മ്മികന്റെ സ്ഥാനത്തെ സംഭാന്ധിച്ച്,അതായത് അൾത്താരാഭിമുഖമായി ആയിരിക്കണമോ അതോ ജനാഭിമുഖമായി ആയിരിക്കണമോ എന്ന കാര്യം
,വളരെയധികം വിവാദങ്ങള്‍ക്കും ഉത്തപ്പിനും ഇടവരുത്തിയ ഒരു സംഗതിയാണ്. ഈ വിവാദത്തിനു
വിരാമാമിടാനും ഒരു ഏകീകൃത രൂപത്തെപ്പറ്റി ഐക്യത്തിലെത്താനും സിനഡിന് കഴിഞ്ഞു .സിനഡിന്റെ
തീരുമാനം ഇതാണ് .
വി.കുര്‍ബാനയുടെ
ആരഭം മുതല്‍ അനാഫൊറ വരെയുള്ള ഭാഗം ജനാഭിമുഖമായും ,അനാഫൊറ മുതല്‍ വി കുര്‍ബാന സ്വീകരണം ഉള്‍പ്പെടെയുള്ള ഭാഗം അല്ത്താരാഭിമുഖമായും
,വി.കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ് .
ഈ തീരുമാനത്തിന്റെ വിശദീകരണമെന്നോണം മറ്റു ചില കാര്യങ്ങള്‍കൂടി സിനഡ് ഏകകണ്ഠമായി തീരുമാനിച്ചു .
അവ താഴെ:-
1. വി.കുര്‍ബാന വചനവേദിയില്‍ ആരംഭിക്കുന്നു
2. "സകലത്തിന്‍റെയും നാഥാ.." എന്ന പ്രാര്‍ത്ഥനയുടെ
ആരംഭത്തില്‍ ,മദ്ബഹാ വിരി തുറക്കുന്ന പതിവുള്ള പള്ളികളില്‍
കാര്‍മ്മികന്അല്ത്താരയിലേക്ക് തിരിഞ്ഞു ഒരു പ്രാവശ്യം
ആചാരം ചെയ്യാവുന്നതാണ് .ആചാരം ചെയ്തതിനു ശേഷം വചന വേദിയിലേക്ക് തിരിയുന്നു .
3. ഹല്ലേലൂയ ഗീതം പാടുന്ന സമയത്ത് കാര്‍മ്മികന്‍
പ്രധാന അള്‍ത്താരയില്‍ നിന്ന് സുവിശേഷം വചനവേദിയിലേക്ക് കൊണ്ടു വരുന്നു .
4. കാറോസൂസായുടെ സമയത്ത് അപ്പവും വീഞ്ഞും ഒരുക്കാവുന്നതാണ്
.ഒരുക്കിയശേഷം വചനവേദിയില്‍ വന്നു പ്രാര്‍ത്തന തുടരുന്നു.
5.'കര്‍ത്താവില്‍ ഞാന്‍ ദൃഡമായി ശരണപ്പെട്ടു
'എന്ന ഗീതം (പ്രാര്‍തന ആരഭിക്കുമ്പോള്‍ സഹാകാര്‍മ്മികരുണ്ടെങ്കില്‍ അവര്‍ ) അഥവാ
ഡീക്കന്‍ അപ്പവും വീഞ്ഞും അള്‍ത്താരയില്‍ (ബേസ്ഗാസയില്‍
നിന്ന് )കൊണ്ടുവന്നു അല്ത്താരാഭിമുഖമായി നിന്ന് അര്‍പ്പിക്കുന്നു .'പിതാവിനും പുത്രനും ...'എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന
ആരഭിക്കുമ്പോള്‍ പുരോഹിതന്‍ വചനവേദിയിലേക്ക് തിരിയുന്നു .സഹാകാര്‍മ്മികരില്ലെങ്കില്‍
കാര്‍മ്മികന്‍ അപ്പവുംവീഞ്ഞും അള്‍ത്താരയില്‍ സമര്‍പ്പിച്ച ശേഷം തിരിച്ചു വചനവേദിയിലേക്ക്
വരുന്നു .
6."സകലതിന്റെയും നാഥനായ ദൈവം.." എന്ന് ചൊല്ലി
ശുശ്രൂഷിയെ ആശീര്‍വദിച്ച ശേഷം "പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ " എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലി, മൂന്നു പ്രാവിശ്യം കുമ്പിട്ടാചാരം ചെയ്തു കാര്‍മ്മികന്‍ പ്രാധാന ബലിപീഠത്തെ സമീപിച്ച്
,അള്‍ത്താരയില്‍ മൂന്നു പ്രാവിശ്യം ചുംബിച്ച് അല്ത്താരാഭിമുഖമായി (ജനാഭിമുഖമായല്ല
)ബലി തുടരുന്നു .
7.ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞു കാസയും പീലാസയും
ഒരുക്കിവച്ച ശേഷം വചനവേദിയില്‍ വന്നു ജനാഭിമുഖമായി നിന്ന് വി.കുര്‍ബാനയുടെ ബാക്കി ഭാഗം
തുടരുന്നു.
8.വി.കുര്‍ബാനയുടെ മൂന്നു വിധം ആഘോഷങ്ങള്‍ക്കും
ഈ രീതി അവലംബിക്കേണ്ടതാണ്.
9.കുര്‍ബാന തക്സായില്‍ പറഞ്ഞിട്ടുള്ള ഐശ്ചികങ്ങള്‍
options
കാർമ്മികര്‍ക്ക് അനുവദിച്ചിട്ടുള്ളതാണ്.
മേല്‍ പറഞ്ഞവയില്‍ 8,9 എന്നീ നമ്പരുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപ്പറ്റി ആല്‍പ്പം വിശദീകരണം ആവശ്യമാണെന്ന്
തോന്നുന്നു .റാസ ,ആഘോഷമായ ക്രമം ,സാധാരണ ക്രമം എന്നിവയാണ് മൂന്നുവിധ ആഘോഷങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
.ആഘോഷ ഘടകങ്ങളുടെ കൂടുതല്‍ കുറവുകളാണ് ആ രൂപ ഭേദങ്ങള്‍ക്ക്
അടിസ്ഥാനം. കാര്‍മ്മികന്‍, വായനകള്‍, കീർത്തനങ്ങള്‍, ധൂപത്തിന്റെ ഉപയോഗം മുതലായവയാണ് ആഘോഷഘടകങ്ങള്‍ (കുര്‍ബാനയെ സംബന്ധിച്ച് തക്സായില്‍
കൊടുത്തിരിക്കുന്ന പൊതു നിര്‍ദേശങ്ങള്‍, നമ്പര്‍ 1)
ഏതു രൂപത്തിലുള്ള അര്‍പ്പണമായാലും ചില കാര്യങ്ങള്‍
അതില്‍ ഉള്‍പ്പെടുത്തുകയോ ഉൾപ്പെടുത്താതിരിക്കുകയോ
ചെയ്യാം എന്ന് കുര്‍ബാന തക്സായില്‍ കൊടുത്തിട്ടുണ്ട്. അവ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള
അവകാശം കാർമ്മികനില്‍ നിക്ഷിപ്ത്മാണ് .ഈ
ഐശ്ചികങ്ങള്‍ പരി.സിംഹാസാനം നേരിട്ട് അനുവദിചിട്ടുള്ളതാകയാല്‍ കാർമ്മികരുടെ ഈ അവകാശം പരിമിതപ്പെടുതാവുന്നതല്ല. മാത്രമല്ല, കുര്‍ബനയര്‍പ്പണത്തെ സംബന്ധിച്ചു തക്സായില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം
വായിക്കുവാനും അവ കൃത്യമായി പിന്തുടരുവാനും എല്ലാവരോടും
പ്രത്യേകിച്ച് നമ്മുടെ വൈദികരോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു
.
ഇപ്രകാരം ഈ തീരുമാനം നടപ്പാക്കുന്നതുകൊണ്ട്
കുർബാനയര്‍പ്പണത്തെ സംബന്ധിച്ച് എല്ലാം തീരുമാനിക്കപ്പെട്ടു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. കുർബാനക്രമത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്താന്‍ ലിറ്റര്‍ജി
കമ്മീഷന്റെ ഭാഗമായ സെന്‍ട്രല്‍ ലിറ്റർക്കല്‍ റിസേര്‍ച്ച് സെന്ററിനെയും
സിനഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. കുര്‍ബാന ക്രമത്തിന്റെ ഭാഷ, ദൈവശാസ്ത്രം, അജപാലനാഭിമുഖ്യങ്ങള്‍, സാംസ്കാരികാനുരൂപണം, കാലങ്ങള്‍ അനുസരിച്ച് മാറിവരേണ്ട പ്രാർത്ഥനകള്‍, ലിറ്റര്‍ജി സംബന്ധിച്ച്
പരി.സിംഹാസനത്തില്‍ നിന്നും അതത് കാലങ്ങളില്‍ വരുന്ന പ്രബോധങ്ങൾ മാര്‍ഗ്ഗ നിര്‍ദേശങ്ങൾ മുതലായ വിഷയങ്ങളും
പ്രസ്തുത പഠനത്തിനായി സിനഡ് നിര്‍ദേശിച്ചിട്ടുണ്ട് .
മൂന്ന് ദശാബ്ദത്തിലേറയായി നമ്മുടെ സഭയെ തളര്‍ത്തുകയും
തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആരാധനാക്രമ പ്രശ്നത്തില്‍ അവയ്ക്കെതിരെയുള്ള ചെറിയൊരു
കാൽവയ്പ്പാണ് പുതിയ തീരുമാനം. ഐക്യത്തിന്റെയും സ്നേഹത്തിന്റെ
കൂദാശയായ കുര്‍ബാനയെ നാം ഇത്രയും നാള്‍ അനൈയ്ക്യത്തിനും കലഹത്തിനും കാരണമാക്കിത്തീര്‍ത്തുവെന്നുള്ളത്
എത്രയോ വേദനാജനകമാണ്. അപ്പം ഒന്നേയുള്ളൂ അതിനാല്‍ പലരായിരിക്കുന്ന
നാം ഒരു ശരീരമാണ്. എന്തെന്നാല്‍ ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ് (1 കൊറി 10:17) എന്ന ദൈവവചനം നാം മറന്നു. ക്രിസ്തു ഇനിയും
വിഭജിക്കപ്പെടരുതെന്നും, അതിനാല്‍ ഈ അവസ്ഥക്ക് മാറ്റം വരണമെന്നുമുള്ള തീവ്രമായ ആഗ്രഹമാണ് വിഭിന്ന രീതിയിലുള്ള
ബലിയര്‍പ്പണം അവസാനിപ്പിച്ച് ഒരേ രീതിയില്‍ ആക്കുന്നതിനുള്ള തീരുമാനമെടുക്കാന്‍ ഞങ്ങളെ
പ്രേരിപ്പിച്ചത് .
ഇതുവഴി നമ്മുടെ സഭ ഐക്യത്തിന്റെയും സമാധാനത്തിന്റെയും
പുരോഗതിയുടെയും പാതയിലേക്ക് പ്രവേശിക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം
ആരാധനാക്രമ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്
.അവയെല്ലാം ഇന്നത്തെ തീരുമാനത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരകമായിട്ടുണ്ട്. പ്രത്യേകിച്ച്
1998 നവംബര്‍ മാസത്തില്‍ നടന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ അസംബ്ളിയുടെയും 1999 നവംബറില്‍ നടന്ന മിഷന്‍ അസംബ്ളിയുടെയും ചര്‍ച്ചകളും നിര്‍ദേശങ്ങളുമെല്ലാം കുര്‍ബാന
പ്രശ്ത്തിന് ആക്കം കൂട്ടിയിരുന്നു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശങ്ങളുടെ
വെളിച്ചത്തില്‍ നിലവിലുണ്ടായിരുന്ന മൂന്നു ബലിയര്‍പ്പണ രീതികളും തല്‍ക്കാലത്തേക്ക്
നിര്‍ത്തിക്കൊണ്ട് 1998 ല്‍ സിനഡ് എടുത്ത തീരുമാനം സാഹചര്യങ്ങളില്‍
വളരെയധികം അയവു വരുത്തിയിരുന്നു. അത് പ്രശ്ന പരിഹാരത്തിനുള്ള
ആദ്യ പടിയായിത്തീര്‍ന്നുവെന്നു പറയാം .
വളരെ വിഷമത്തോടുകൂടിയാണ് ഇപ്പോഴത്തെ തീരുമാനം
ഞങ്ങള്‍ എടുത്തത്. പലര്‍ക്കും അത് വേദനയുണ്ടാക്കിയിട്ടുണ്ട്. എങ്കിലും സഭയുടെ ഐക്യമാണല്ലോ
പ്രധാനം. അതിനുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും സഹിക്കുവാനും ഞങ്ങള്‍ തയ്യാറാകണം. സിനഡിന്റെ
തീരുമാനം ഏറ്റവും നല്ല തീരുമാനമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല.
പക്ഷേ നിലവിലുള്ള സാഹചര്യത്തില്‍, കൂടുതല്‍ മുറിവുകള്‍ ഉണ്ടാക്കാതെ സഭയുടെ ഐക്യത്തിനും വളർച്ചക്കും പ്രാധാന്യം കൊടുത്തുകൊണ്ട് എടുക്കാവുന്ന തീരുമാനം ഇത്രമാത്രമായിരുന്നു.
അത് നിങ്ങളും സമ്മതിക്കുമെന്നു തോന്നുന്നു .
ഏകീകൃത ബാലിയര്‍പ്പണ രീതിയെ സംബന്ധിച്ച് സിനഡടുത്ത
മേല്പറഞ്ഞ തീരുമാനം, മഹാജൂബിലി വല്‍സരത്തില്‍ (2000) മാര്‍തോമാ ശ്ലീഹായുടെ ഓര്‍മത്തിരുനാള്‍ ദിവസമായ ജൂലൈ 3 മുതല്‍ സിറോ മലബാര്‍ സഭയില്‍ എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതാണ്. ഇത് നടപ്പില്‍
വരുത്തുന്നതില്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പള്ളിയിലെ
സംവിധാനങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും
മാനസികമായി ഒരുങ്ങുവാനും വേണ്ടിയാണ് ഇത്രയും ദീര്‍ഘമായ ഇടവേള ശുപാര്‍ശ ചെയ്യപ്പെട്ടത് .
കുര്‍ബാനയെ സംബന്ധിച്ച ഭിന്നത നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പലപ്പോഴുമത്
എതിർസാക്ഷ്യത്തിനു കാരണമായിട്ടുമുണ്ട്. "അവരെല്ലാവരും ഒന്നായിരിക്കുവാന്‍വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ, അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും
വേണ്ടി ഞാന്‍ പ്രാർത്ഥിക്കുന്നു" (യോഹ 17:21). കര്‍ത്താവിന്റെ ഈ പ്രാര്‍ത്ഥന നമ്മുടെ സഭയില്‍ പൂര്‍ണ്ണമായി ഫലമണിയട്ടെ. സകല മനുഷ്യരെയും
അനുരജ്ഞനത്തിലേക്കും സമാധാനത്തിലേക്കും
നയിച്ചുകൊണ്ട് മനുഷ്യാവതാരം ചെയ്ത ഈശോയുടെ തിരുപ്പിറവിയുടെ രണ്ടായിരം വര്‍ഷത്തിലേയ്ക്കാണ് നമ്മള്‍ പ്രവേശിച്ചിരിക്കുന്നത്. ആ അവസരത്തില്‍ കര്‍ത്താവിന്റെ മനുഷ്യാവതാര
രഹസ്യത്തിന്റെ ഫലങ്ങള്‍ എന്നും നമുക്ക് അനുഭവവേദ്യമാക്കാന്‍ അവിടുന്ന് സ്ഥാപിച്ച വി.കുര്‍ബാന
നമ്മുടെ ഇടയില്‍ ഭിന്നിപ്പിന് കാരണമാകുന്നത് എത്രയോ നിർഭാഗ്യകരമായിരിക്കും.
"സഹോദരരെ നിങ്ങളെല്ലാവരും സ്വരചേര്‍ച്ചച്ചയോടും ഐക്യത്തോടും ഏക മനസ്സോടും എകാഭിപ്രായത്തോടും
കൂടെ വർത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍
ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു "(1 കൊറി 1:10) പൗലോസ് ശ്ലീഹായുടെ
ഈ അഭ്യര്‍ത്ഥന നമുക്ക് സ്വീകരിക്കാം. "ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവില്‍ പരിശുദ്ധമായ
ആലയമായി അത് വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു" (എഫേ
2:21)എന്ന പൗലോശ്ലീഹായുടെ തന്നെ വാക്കുകള്‍ സിറോ മലബാര്‍
സഭയില്‍ അന്വര്‍ത്ഥമാക്കുന്നതിന്
വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം .ദൈവകൃപ നിറഞ്ഞ ജൂബിലി വർഷം
നിങ്ങള്‍ക്കേവര്‍ക്കും നേരുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും
നാമത്തില്‍ നിങ്ങളെവരെയും ആശീര്‍വ്വദിക്കുകയും ചെയ്യുന്നു .
(1999 ഡിസംബര്‍ 15 ശ്രേഷ്ഠ മേത്രാപ്പോലീത്തന്‍ കാര്യാലയത്തില്‍ നിന്ന്)
No comments:
Post a Comment