Tuesday, December 18, 2012

മാർത്തോമാ സ്ലീവായുടെ തിരുന്നാൾ

ഡിസംബർ 18 മാർതോമാ സ്ലീവായുടെ പ്രത്യക്ഷീകരണത്തിരുന്നാൾ. എല്ലാ മാർതോമാ നസ്രാണികൾക്കും തിരുന്നാൾ മംഗളങ്ങൾ. സ്ലീവാ നമുക്ക് ഒരു ഉപകരണമല്ല, നമ്മുടെ കർത്താവിന്റെ തറച്ച കുരിശിന്റെ ഓർമ്മയല്ല സ്ലീവാ.  ഉദ്ധിതനാന കർത്താവിനെ കാണിച്ചുതരുന്ന അടയാളമാണ് സ്ലീവ. കർത്താവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ ദൈവശാസ്ത്രത്തിന്റെ മനോഹരമായ ആവിഷ്കാരം കൂടിയാകുന്നു ഈ സ്ലീവാ. പരിശുദ്ധ ത്രീത്വത്തെ ധ്യാനിയ്ക്കുവാനുള്ള ഐക്കൺ കൂടിയാകുന്നു സ്ലീവാ.


സീറോ മലബാർ വോയിസ് എന്ന സഭാവിരുദ്ധ പ്രസിദ്ധീകരണത്തിൽ വന്ന ലേഖനത്തിലെ ചിലപ്രയോഗങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പോസ്റ്റിലൂടെ.

ക്ലാവർ കുരിശ് എന്ന  ഇരട്ടപ്പേര്:  മാർത്തോമ്മാക്കുരിശീനെ ആക്ഷേപിയ്ക്കുന്നവർ ഉപയോഗിയ്ക്കുന്ന ഇരട്ടപ്പേരാണ്ട് ക്ലാവർ കുരിശ് എന്നത്. എന്റെ അഭിപ്രായത്തിൽ ബഡ്ഡഡ് (budded cross) ക്രോസിന്റെ ഭാഷാന്തരമായി ഈ പ്രയോഗത്തെ കണക്കാക്കാക്കുന്നതിൽ തെറ്റില്ല എന്നാണ്. അതുകൊണ്ട് തന്നെ ഈ പ്രയോഗം അപമാനകരമായി കണക്കാക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. എത്രയോ സ്ലീവാകൾ എത്രയോ ആകൃതിയിൽ വിവിധ സഭകളിൽ ഉപയോഗത്തിലുണ്ട്. താവു കുരിശും  കർദായ കുരിശൂം പേർഷ്യൻ കുരിശും തമ്മിൽ യാതൊരു സാമ്യവും ആകൃതിയിലില്ല.

കൽദായ വത്കരണം എന്ന വാദം: ഭാരതത്തിലെ സഭ കൽദായ സഭയുടെ സഹോദരസഭയാണ് എന്നു കാണാമെങ്കിലും ഇവ തമ്മിൽ  ആരാധനാക്രമത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട് എന്നതും വസ്തുതയാണ്.  കൽദായക്കുരിശും മാർത്തോമാ കുരിശും ഒന്നല്ല എന്നതു പോലെ തന്നെ. അതുകൊണ്ടൂ തന്നെ കൽദായവത്കരിയ്ക്കുന്നു എന്ന വാദം കൽദായ സഭയെക്കുറിച്ച് അറിയുന്ന ആരും അംഗീകരിയ്ക്കും എന്നു തോന്നുന്നില്ല. ഒരു സഭയുടെ ചൈതന്യത്തിനു നിരക്കാത്ത കാര്യങ്ങൾ മറ്റൊരു സഭയിൽ പ്രയോഗിക്കുന്നതിനെയും മറ്റൊരു സഭയിൽ ഇല്ല എന്ന കാരണത്താൽ തനതായ ചിലതിനെ നീക്കിക്കളയുന്നതിനെയും ഒക്കെ എതിർക്കേണ്ടതാണ്. ലത്തീൻ വത്കരണം എതിർക്കപ്പെടേണ്ടതും അതുകൊണ്ടൂ തന്നെയാണ്. എന്തുകൊണ്ടു ലത്തീൻ വത്കരണം എതിർക്കപ്പെടണമോ അതേ കാരണം കൊണ്ട് കൽദായ വത്കരണവും എതിർക്കപ്പെടുക തന്നെ വേണം. അതേ സമയം കൽദായ സഭയിൽ ഉണ്ട് എന്നതുകൊണ്ട് നമ്മുടെ സഭയിൽ അത് ഉണ്ടാവരുത് എന്ന് വാശിപിടിക്കുന്നതിലും അർത്ഥം ഇല്ലല്ലോ. സഹോദരീ സഭകൾ എന്ന നിലയിലും ഒരു ആരാധനാക്രമ കുടൂംബത്തിൽ പെടുന്നൂ എന്ന നിലയിലും ആരാധനാക്രമത്തിൽ സാരമായ സാമ്യങ്ങൾ കൽദായസഭയും സീറോ മലബാർ സഭയും തമ്മിൽ ഉണ്ടാവും എന്നതു തീർച്ചയാണ്.

നെസ്തോറിയനിസവും കത്തോലിയ്ക്കാസഭയും: നെസ്തോറിയനിസം അലക്സാണ്ടീയായും അന്ത്യോക്യയും തമ്മിലുള്ള അധികാര വടംവലിയുടെ പരിണിതഫലമായിരുന്നു.  അതിനു സുറീയാനീ സഭയുമായി ബന്ധമൊന്നും കല്പിയ്ക്കാനില്ല. ദൈവമാതാവ് എന്ന പ്രയോഗത്തേക്കാൾ നല്ലത് മിശിഹായുടെ മാതാവ് എന്ന പ്രയോഗമാണ് എന്നതാണ് നെസ്തോറിയസിന്റെ വാദം. നെസ്തോറീയസ് മിശിഹായുടെ ദൈവത്വത്തെയോ മനുഷ്യാവതാരത്തിലെ മറിയത്തിന്റെ സ്ഥാനത്തെയോ തള്ളിപ്പറയുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.  അതേ സമയം ഇതു മായി സുറിയാനിക്കാർക്കുള്ള ബന്ധം എന്നാണെന്നു കൂടി ചിന്തിയ്ക്കുന്നത് നല്ലതായിരിയ്ക്കും. മിശിഹായുടെ മാതാവ് എന്ന പ്രയോഗം ആരംഭം മുതലേ സുറിയാനിക്കാർക്കിടയിലുള്ളതാണ്.  "എന്റെ കർത്താവിന്റെ അമ്മ" എന്ന ഏലീശ്വായുടെ പ്രയോഗവും "അവന്റെ അമ്മ" എന്ന സുവിശേഷകന്മാരുടെ പ്രയോഗവും ഇതിനോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. 

നെസ്തോറിയൻ പാഷണ്ഢത ഒരു പ്രയോഗത്തിലെ ആശയക്കുഴപ്പം മാത്രമാണെന്നാണ് കത്തോലിയ്ക്കാ സഭ ഇന്നു മനസിലാക്കുന്നത്. നെസ്തോറീയൻ പാഷണ്ഢത എന്ന പ്രയോഗത്തിനു തന്നെ സാധുത നഷ്ടപ്പെട്ട സ്ഥിതിയ്ക്ക് സുറിയാനിക്കാർ  ഉദയം പേരൂരിനു മുൻപ് നെസ്തോറിയർ ആയിരുന്നു എന്നു പറയുന്നതിൽ കഴമ്പില്ല. ചർച്ച് ഓഫ് ഈസ്റ്റ് അഥവാ അസ്സീറിയൻ സഭ നെസ്തോറിയൻ സഭ എന്ന് അറിയപ്പെടാറുണ്ട്.

കത്തോലിയ്ക്കാ സഭ എന്നാൽ ലത്തീൽ സഭഎന്നും ലത്തീൻ സഭയ്ക്ക് അന്യമായതൊക്കെ പാഷണ്ഢതയെന്നു കരുതിയിരുന്ന കാലത്ത് മെനേസിസ് സുറീയാനിക്കാരെ നെസ്തോറീയർ എന്നു കരുതിയതു മനസിലാക്കാം.  പക്ഷേ കത്തോലിയ്ക്കാ സഭ നെസ്തോറിയൻ പാഷണ്ഢതയെ ഒരു പ്രയോഗം വരുത്തിവച്ച ആശയക്കുഴപ്പം മാത്രമായി കാണുന്ന കാലത്ത് സുറീയാനിക്കാർ നെസ്തോറിയർ ആയിരുന്നു എന്നു വാദിയ്ക്കുന്നവരുടെ ഉദ്ദ്യേശശുദ്ധി തീർച്ചയായും പരിശോധിയ്ക്കപ്പെടേണ്ടതാണ്.

അഭിനവ മെനേസിസുമാർ: ലത്തീൻ അല്ലാത്തതെല്ലാം പാഷണ്ഢത എന്ന ചിന്ത ഇന്നും ചില കൂപ മണ്ഡൂകങ്ങൾ തുടരുന്നില്ലെ എന്നു സംശയിക്കേണ്ടീയിരിയ്ക്കുന്നു. മേനേസിസിന്റെ ചിന്തകളുമായി ഇന്നും ജീവിയ്ക്കുന്നവർ എന്തിനു വേണ്ടീയാണ് വാദിയ്ക്കുന്നത് എന്നു വ്യക്തമാണല്ലോ. ലത്തീൻ വല്കരണത്തിന്റെ കുത്തൊഴുക്കിനു തുടക്കമായത് ഉദയം പേരൂർ ആയിരുന്നല്ലോ. മാർത്തോമാ സ്ലീവായെ തള്ളിപ്പറയാൻ വേണ്ടീ മാർത്തോമായെ തന്നെ തള്ളിപ്പറയാൻ മടിയ്ക്കാത്തവർ സ്ലീവായെ തള്ളിപ്പറയാൻ കർത്താവിനെ തന്നെ തള്ളിപ്പറഞ്ഞെന്നു വരും.

"സ്ലീവാ ഞങ്ങൾക്കെന്നും നന്മകൾ തൻ ഉറവിടമാം
രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ
കുരിശിതു ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം
ദുഷ്ടനെയും അവൻ കെണികളെയും അതുവഴിനാം തോല്പിച്ചീടട്ടെ"

ܨܠܝܼܒ݂ܵܐ ܕܲܗܘܵܐ ܠܲܢ ܥܸܠܲܬ݂ ܛܵܒ݂ܵܬܵܐ
ܘܒ݂ܹܗ ܗܘܼ ܐܸܬܝܲܪܲܪ ܓܸܢܣܲܢ ܡܵܝܘܿܬܵܐ
ܗܘܼ ܡܵܪܝ ܢܸܗܘܹܐ ܠܲܢ ܫܘܼܪܵܐ ܚܲܣܝܼܢܵܐ
ܘܒ݂ܸܗ ܢܸܙܟܝܼܐܘܿܗܝ ܠܒ݂ܝܼܫܵܐ ܐܘܿܟܠܗܹܝܢ ܨܐܸܝܢܵܬܹܗ

No comments: