Wednesday, July 31, 2013

ബ്ഏദാ ദ്‌യൗമാൻ

(രീതി - ബ്രീക് ഹന്നനാ...)

കന്യാമറിയം തൻ തിരുനാളിൽ - 
കീർത്തനമാല്യം കാഴ്ചയണയ്ക്കാം

മിന്നും താരക ദ്വാദശഗണമാ- 
മവളുടെ മകുടം ദർശന സുഭഗം

വസനം പോലവളണിയുന്നിനനെ–
പനിമതി പാദയുഗത്തിനു പീഠം

ഹാവാ വഴിയായ് മൃതി വന്നെങ്കിൽ
മറിയം ജീവൻ മർത്യനു നൽകി

വചനം – നിർമ്മല മുത്തു വസിയ്ക്കും
മുത്തുച്ചിപ്പി സമാനം മറിയം

പരമ പിതാവിൻ വചനം സദയം
ജനനം പൂണ്ടാ കന്യാമണിയിൽ

വിലതീരാത്തൊരു കന്യാത്വം പോൽ
മാതൃത്വത്തെയുമവളണിയുന്നു.

ദൈവത്വത്തൊടു മർത്യസ്വഭാവം
അവളുടെ സുതനിൽ ചേർന്നു വസിപ്പൂ

മർതാമർത്യ സ്വഭാവം ചൂടും
ഏകജനല്ലോ അവളുടെ തനയൻ

ഇരു സുതരില്ലോരു തനയൻ മാത്രം
ദൈവസുതൻ മറിയത്തിൽ ജാതൻ

ആദജയെങ്കിലുമവളിൽ തെല്ലും
പാപത്തിൽ കറ തീണ്ടിയതില്ല.

മറിയം മഹിതം പരിശുദ്ധതയാൽ
സതതം തെളിയും താരകമല്ലോ

സൂര്യൻ നിഷ്പ്രഭമവളുടെ മുന്നിൽ
താരകളോ തെളിവുറ്റവയല്ല.

ക്രോവേന്മാരും സ്രാപ്പേന്മാരും
കന്യാമണിതൻ മുന്നിൽ വണങ്ങും.

നിജ സുതനവളുടെ ദേവാലയമായ്
നിർമ്മിച്ചുന്നത മഹിമ ചൊരിഞ്ഞു.

ഭാഗ്യം നിറയും ദൈവമഹത്വം
നാഥനവൾക്കു കനിഞ്ഞു കൊടുത്തു

തന്റെ വലതുവശത്തവനൻപൊടു
സിംഹാസനമാ ജനനിക്കേകി

അവളോ ഭൗമിക പറുദീസാതാൻ
തനയൻ ജീവൻ നൽകും വൃക്ഷം

മറിയം സഭയുടെ തുണായിളയിൽ
മഹിതമുറപ്പു പകർന്നീടുന്നു

സതതമടഞ്ഞു കിടക്കും പൂർവ്വിക
വാതിൽ തന്നെ മറിയം നിയതം

നാഥാ മറിയം വഴിയായ് ഞങ്ങൾ-
ക്കേകീടണമേ ശാശ്വത ഭാഗ്യം



(ബ്‌ ഏദാ ദ്‌യൗമാൻ എന്ന സുറീയാനിപാട്ടിന്റെ മലയാള വിവർത്തനം)  - By തെള്ളിയിൽ ഇമ്മാനുവേൽ അച്ചൻ

Thursday, July 18, 2013

ദക്ഷിണേന്ത്യയിലെ സുറിയാനി നസ്രാണികൾ - 1

(കൂനമ്മാക്കൽ തോമാക്കത്തനാരുടെ ലേഖനത്തിന്റെ പരിഭാഷ)
1. ഇന്ത്യയുടെ വാണിജ്യബന്ധങ്ങൾ: ബി.സി 3000- ബിസി 1000

ഇന്ത്യയും മെസപ്പോട്ടോമിയ - പേർഷ്യൻ ഭൂവിഭാഗങ്ങളുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബിസി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളിൽ സിന്ധു നദീതട സംസ്കാരവും സുമേറിയൻ സംസ്കാരവും തഴച്ചുവളർന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ ദേശമായിരുന്ന ഊറിൽ നിന്നും കണ്ടെടുത്ത ഫലകങ്ങൾ സുമേറിയയും ഇന്ത്യയും തമ്മിലുണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ തെളിവുകളാണ്. സുമേറിയൻ ലിപിയും ഇന്ത്യൻ ബ്രഹ്മി ലിപിയും തമ്മിൽ വളരെയധികം സാമ്യവുമുണ്ട്. ആര്യാധിനിവേശ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ടത്തിന്റെ വടക്ക് ആര്യന്മാർ കൈയ്യടക്കുകയും ദ്രാവിഡർ തെക്കോട്ട് പാലായനം ചെയ്യുകയും ചെയ്തു. തെക്കേ ഇന്ത്യയും ഫിനീഷ്യയും തമ്മിലുള്ള ബന്ധങ്ങൾക്കും ബിസി രണ്ടാം സഹസ്രാബ്ദത്തോളമെങ്കിലുമുള്ള പഴക്കമുണ്ട്.

 2. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു മുൻപ് 

സോളമന്റെ ഭരണകാലത്തുതന്നെ യഹൂദർ തെക്കേ ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ചിരുന്നു, അതായത് ബി.സി പത്താം നൂറ്റാണ്ടീൽ. ടയർ-സീദോൻ പ്രദേശങ്ങളിലെ ഫിനീഷ്യക്കാരുടെ പാത പിന്തുടർന്നായിരുന്നു യഹൂദരുടെ വരവ്. സോളമന്റെ സമകാലികനായിരുന്ന ടയറിലെ ഹീരാം രാജാവ് ഇന്ത്യയുടേ തെക്കേ തീരവുമായുള്ള അന്താരാഷ്ട കച്ചവടബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. സുഗന്ധവ്യജ്ഞനങ്ങളും രത്നങ്ങളൂം ആനക്കൊമ്പുമൊക്കെ തെക്കേ ഇന്ത്യയെ ആകർഷകമാക്കിയിരുന്നു. S. S. കേദറിന്റെ അഭിപ്രായത്തിൽ തെക്കേ ഇന്ത്യയിലെ യഹൂദകുടിയേറ്റത്തിന് സോളമന്റെ കാലത്തോളം തന്നെ പഴക്കമുണ്ട്.

3. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസകാലത്ത്

അസ്സീറീയയിലേയും (734-732 BC) ബാബിലോണിയായിലേയും (6th and 5th centuries B.C) പ്രവാസകാലത്തും യഹൂദർക്ക് തെക്കേ ഇന്ത്യയുമായി വ്യാപാരമ്പന്ധങ്ങളുണ്ടായിരുന്നു. സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. ഇക്കാലത്ത് ബാബിലോൺ രാജ്യാന്തരവാണിജ്യകേന്ദ്രമാവുകയും കടൽ മാർഗ്ഗം തെക്കേ ഇന്ത്യയോടും ബന്ധം പുലർത്തിപ്പോരുകയും ചെയ്തു. ചൈനയുടെ തെക്കൻ ഭാഗങ്ങളുമായും ഇതേ പ്രകാരം അവർ ബന്ധം പുലർത്തിയിരുന്നു. ബി.സി ഏഴാം നൂറ്റാണ്ടായപ്പോഴേയ്ക്കും കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള വ്യാപാരികളുടെ സംഗമസ്ഥാനമായി ദക്ഷിണേന്ത്യ മാറിക്കഴിഞ്ഞിരുന്നു. തേക്കിന്റെയും ചന്ദനവും മറ്റും ഇവിടെ വൻതോതിൽ ക്രയവിക്രയം ചെയ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽനിന്നുള്ള തേക്കുതടി ഊറിലെ ചന്ദ്രക്ഷേത്രത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നബുകദ് നാസറിന്റെ (604- 562 ബി.സി ) കൊട്ടാരം ഇന്ത്യയിൽ നിന്നുള്ള തടികൾകൊണ്ട് അലങ്കരിച്ചിരുന്നു.

4. ദക്ഷിണേന്ത്യയുടെ യഹൂദ ബന്ധങ്ങൾ - പ്രവാസത്തിനു ശേഷം

പേർഷ്യൻ ചക്രവർത്തിയായ സൈറസിന്റെ കാലത്ത് യഹൂദരുടെ ബാബിലോണിയായിലെ പ്രവാസം അവസാനിച്ചെങ്കിലും അന്താരാഷ്ട വ്യാപാരങ്ങളിൽ തത്പരരായ ചില യഹൂദർ അവിടെ തന്നെ തുടർന്നു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാബിലോടിണിൽ പ്രവാസികളായിരുന്ന യഹൂദർ പല ദേശങ്ങളിലേയ്ക്കും ചിതറിയ്ക്കപ്പെട്ടു. അവരിൽ ചിലർ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വാസമുറപ്പിച്ചു. ഈ രണ്ടു കൂട്ടരുടെയും ഭാഷ അറമായ ആയിരുന്നു. ഇതിനും ശേഷം ബി.സി ഒന്നും രണ്ടൂം നൂറ്റാണ്ടുകളിലും ദക്ഷിണേന്ത്യയിലേയ്ക്ക് യഹൂദകുടിയേറ്റമുണ്ടായി. അങ്ങനെ പ്രവാസത്തിനു മുൻപും പ്രവാസകാലത്തും അതിനു ശേഷവുമായി യഹൂദർ ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറുകയുണ്ടായി. ബി.സി 30 ൽ റോമൻ പട്ടാളം ഈജിപ്ത് കീഴടക്കുകയും ഈജിപ്ത് വഴിയുള്ള രാജ്യാന്തരവ്യാപാരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ചെങ്കടലിൽ നിന്നും മലബാർ തീരത്തേയ്ക്ക് എല്ലാ കൊല്ലവും 120 കപ്പലുകൾ വരാറുണ്ടായിരുന്നത്രെ. മൺസൂൺ കാറ്റിന്റെ സഹായത്താൽ 40 ദിവസം കൊണ്ടെങ്കിലും മലബാർ തീരത്തെത്തുമായിരുന്നു. അതേ വർഷം തന്നെ തിരിച്ചും മൺസൂണിന്റെ സഹായത്താൽ തന്നെ ഈജിപ്തിലേയ്ക്ക് തിരിച്ചു പോവുകയും ചെയ്തിരുന്നു. ചക്രവർത്തിമാരായിരുന്ന അഗസ്റ്റസ്റ്റും തിബേരിയൂസൂം ഈജിപ്തും മലബാർ തീരവുമായുള്ള കച്ചവടത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നും അഗസ്റ്റസിന്റെ 500 ൽ പരം നാണയങ്ങൾ കണ്ടെത്തിയിട്ടൂണ്ട്. കണ്ടെടുക്കപ്പെട്ടിട്ടൂള്ള തിബേരിയൂസിന്റെ നാണയങ്ങളാകട്ടെ ആയിരത്തിനു മേലേ വരും. ഇതൊക്കെ ബി.സി ഒന്നാം നൂണ്ടാണ്ടിലും എ.ഡി ഒന്നാം നൂറ്റാണ്ടിലും ഒക്കെ ഉണ്ടായിരുന്ന ശക്തമായ വാണിജ്യബന്ധത്തിന്റെ തെളിവാണ്. പേർഷ്യക്കാർക്കും അറബികൾക്കും ഈജിപ്തുകാർക്കും സുപരിചിതമായിരുന്ന മൺസൂൺ ഗതിവിഗതികളെ ഗ്രീക്കു നാവികനായ ഹിപ്പാലസ് എ.ഡി.45-ല്‍ കണ്ടുപിടിച്ചതായാണ് പക്ഷേ പ്രചരിപ്പിപ്പിയ്ക്കപ്പെട്ടത്. ഈജിപ്തിലെ ടോളമി യൂര്‍ഗെറ്റസിന്റെ കാലത്തായിരിയ്ക്കണം ഈ രഹസ്യം പരസ്യമാവുന്നത്. പിന്നീട് ഈ അറിവ് ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെങ്കിലും റോമാക്കാർക്കു ലഭിച്ചിരിയ്ക്കണം. അഗസ്റ്റസിന്റെ ഒരു ദേവാലയം മുസിരിസ്സിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മുസ്സിരിസിന്റെ ഭാഗമായിരുന്ന ‘പട്ടണ’ത്തിലെ 2007 ലെ പുരാവസ്തു ഉത്ഘനനങ്ങൾ മലബാർ തീരത്തിന്റെ ചരിത്രം തിരുത്തിയെഴുതേണ്ടതിലേയ്ക്കാണ് വിരൽ ചൂണ്ടൂന്നത്. സ്വാഭാവികമായും നിരവധി അറമായ സംസാരിയ്ക്കുന്ന യഹൂദകുടിയേറ്റക്കാരും കച്ചവടക്കാരും മലബാർ തീരത്ത് ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തിന്റെ കച്ചവട വിപുലീകരണം ഇതിനെ ത്വരിതഗതിയിലാക്കുകയും ചെയ്തു.

  5. യഹൂദരും അറമായിക്കും

പഴയനിയമഗ്രന്ഥങ്ങൾ സൂചന നൽകുന്നതുപോലെ ഇവരുടെ പൂർവ്വികർക്ക് പ്രവാസകാലത്തിനു മുൻപേ തന്നെ അറമായ ഭാഷയുമായി ബന്ധമുണ്ടായിരുന്നു. പ്രവാസകാലത്ത് സാധാരണകാരായ യഹൂദർ പതുക്കെപ്പതുക്കെ ഹീബ്രുവിനെ മറക്കുകയും അറമായ അവരുടെ സംസാരഭാഷ ആയിത്തീരുകയും ചെയ്തു. ക്രമേണ രാജ്യാന്തര വാണിജ്യഭാഷയായി അറമായ മാറി. അലക്സാണ്ടറുടെ പടയോട്ടം സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങൾക്ക് സഹായകമായിട്ടൂണ്ട്. ഔദ്യോഗിക അറമായിക്കിന്റെ (700-300 ബി. സി) (Offical Aramaic) ഒരു ശാഖ ബൈബിളിൾ പഴയനിയഗന്ഥങ്ങളിൽ (സൃഷ്ടി 31:47, ജറമിയ 10:18, ദാനിയേൽ 2:4-7:28, എസ്ര 4:8-6:8, 7:12-26) കാണപ്പെടുന്നുണ്ട്. മധ്യകാല അറമായിക്കാണ്(Middle Aramaic) അഫ്ഗാനിസ്ഥാനിൽ നിന്നും കണ്ടെടുത്ത അശോക ശാസനങ്ങളിൽ കാണുന്നത്. പിൽക്കാല അറമായിക്കിൽ (Late Aramaic) നിന്നാണ് മെശയാനിക അറമായിക് (Christian Aramaic) അഥവാ സുറിയാനി (Syriac) രൂപപ്പെടുന്നത്. എ.ഡി 14ആം നൂറ്റാണ്ടോടുകൂടി ആധുനിക അറമായിക്ക്(Modern) രൂപം കൊണ്ടൂ.

6. മാർ തോമാ നസ്രാണികളുടെ യഹൂദ പശ്ചാത്തലം

ചിതറിപ്പോയ യഹൂദരുടെ ഇടയിൽ സുവിശേഷം പ്രസംഗിയ്ക്കുക എന്ന ദൗത്യമാണ് ഈശോ മിശിഹാ ശ്ലീഹന്മാരെ ഭരമേല്പിച്ചത്. തോമാ ശ്ലീഹാ തന്റെ ആദ്യ ദൗത്യം പേർഷ്യയിലാണ് നിർവ്വചിച്ചത്. അവിടെ ധാരളം അറമായ സംസാരിയ്ക്കുന്ന യഹൂദരെ അദ്ദേഹം കണ്ടുമുട്ടി. ദക്ഷിണേന്ത്യയിലെ അറമായ സംസാരിയ്ക്കന്ന യഹൂദ കുടിയേറ്റക്കാരുടെ ഇടയിലേയ്ക്കുള്ള ദൗത്യം (രണ്ടാമത്തെ ദൗത്യം) അദ്ദേഹം എ.ഡി 50 ൽ ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ യഹൂദർ സുവിശേഷം സ്വീകരിച്ചു. തോമാ ശ്ലീഹാ സ്ഥാപിച്ച ഏഴു പള്ളികളും യഹൂദർ ധാരളമുള്ള പ്രദേശങ്ങളായിരുന്നു. അറമായ സംസാരിയ്ക്കുന്ന യഹൂദരിൽ ഭൂരിഭാഗവും മെശയാനികർ (Christian) ആയി. യഹൂദവ്യാപരിയായിരുന്ന ഹബാൻ ആണ് തോമാ ശ്ലീഹായെ മലബാർ തീരത്തേയ്ക്ക് നയിച്ചത്. യഹൂദ flute girl തോമാശ്ലീഹായെ തിരിച്ചരിയുകയും സ്വീകരിയ്ക്കുകയും ചെയ്തതായി നാം ആക്ട് ഓഫ് തോമാ യിൽ വായിക്കുന്നു. 1601 ൽ ലളിതവത്കരിച്ച് നവീകരിച്ച റമ്പാൻ പാട്ടും ഇതിനെ പിന്താങ്ങുന്നു. 40 യഹൂദ കുടൂംബങ്ങൾ വിശ്വാസം സ്വീകരിച്ചതയി റമ്പാൻ പാട്ട് സാക്ഷ്യപ്പെടുത്തുന്നു. ഓർശ്ലേം ദേവായലം ഏ.ഡി 70ൽ റോമാക്കാർ തകർക്കുകയും യഹൂദർ ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെടുകയും ചെയ്തു. അവരിൽ ചിലർ മലബാർ തീരത്തേയ്ക്ക് കുടിയേറുകയും ചെയ്തു. ബാർ കൊച്ബാ യുദ്ധം (AD 132-135) വീണ്ടും മലബാർ തീരത്തേയ്ക്കുള്ള യഹൂദ കുടിയേറ്റത്തിനു കാരണമായി. ക്രമേണ അവരിൽ മിക്കവരും മാർ തോമാ നസ്രാണികൾ ആയിത്തീർന്നു. ഇക്കാലയളവിനിടയ്ക്ക് അറമായിക്കിൽ നിന്നും സുറിയാനി അഥവാ മെശയാനിക അറമായിക് രൂപം കൊള്ളുകയും ചെയ്തു.

  7. മാർ തോമാ നസ്രാണികളും സുറിയാനിയും

ചുരുക്കത്തിൽ മലബാർ തീരത്തിന്റെ യഹൂദ പശ്ചാത്തലത്തിനും മലബാർ തീരത്തിന്റെ അറമായ ബന്ധങ്ങൾക്കും യഹൂദമതത്തിൽ നിന്നും വിശ്വാസം സ്വീകരിച്ച് നസ്രാണീ സമൂഹങ്ങൾ രൂപം കൊള്ളുന്നതിനും ഒരു നൈരന്തര്യമുണ്ടായിരുന്നു. അക്കാരണം കൊണ്ടു തന്നെ പേർഷ്യയിലെ നസ്രണീ സമൂഹവും ദക്ഷിണേന്ത്യയിലെ നസ്രാണീ സമൂഹവും തമ്മിൽ ആരംഭം മുതൽക്കേ ബന്ധവുമുണ്ടായിരുന്നു. അങ്ങനെയാണ് മാർ തോമാ നസ്രാണികളുടെ ആരാധനാ ഭാഷ സുറീയാനി അഥവാ മെശയാനിക അറമായിക് ആയത്. ചില സ്ഥാപിത താത്പര്യക്കാർ പ്രചരിപ്പിയ്ക്കുന്നതുപോലെ ഇത് ഒരിയ്ക്കയും പിന്നീടു സംഭവിച്ച ഒരു ഇറക്കുമതിയല്ല.

  8. മാർ തോമാ നസ്രാണീ പാരമ്പര്യങ്ങളിലെ യഹൂദ സ്വാധീനം

പറങ്കികൾ എത്തുന്നതിനു മുൻപു വരെ യഹൂദരും മാർ തോമാ നസ്രാണികളും തമ്മിൽ ഹാർദ്ദമായ ബന്ധവും നിലനിന്നിരുന്നു. പെസഹാ ആചരണം, മരണശേഷമുള്ള ശുദ്ധീകരണം, പ്രസവത്തിനുശേഷമുള്ള അമ്മയുടേയും കുട്ടിയുടേയും ശുദ്ധീകരണം, യഹൂദരീതിയിലുള്ള ദിവസത്തിന്റെ ആരംഭവും അവസാനവും, സുറിയാനിയിലെ അറമായിസം തുടങ്ങിയവയെല്ലാം വിരൽ ചൂണ്ടൂന്നത് യഹൂദനസ്രണീ പാരമ്പര്യത്തിലേയ്ക്കാണ്. നസ്രാണികളുടെ പേരുകൾ പഴയനിയമ പശ്ചാത്തലത്തിലുള്ളവയായിരുന്നു. ഇത് പറങ്കി മിഷനറിമാരെ അസ്വസ്ഥരാക്കുകയും ചെയ്തു. പ്രതിമകളോ ചിത്രങ്ങളോ നസ്രാണികളുടെ പള്ളികളിൽ ഉണ്ടായിരുന്നില്ല. ഇത് യഹൂദപശ്ചാത്തലത്തിന്റെയും പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിന്റെയും ഫലമാണ്. മാർത്ത് മറിയത്തിന്റെ പ്രതിമ കണ്ട കടുത്തുരുത്തിയിലെ നസ്രാണികൾ കോപം കൊണ്ടൂം ഹൃദയവേദന കൊണ്ടൂം കണ്ണൂകൾ അടച്ചു എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. സ്ലീവാ മാത്രമേ പള്ളികളിൽ ഉണ്ടായിരുന്നുള്ളൂ.

Monday, July 1, 2013

ലത്തീനീകരണം തുടരുമ്പോൾ

വ്യക്തിസഭകൾ തങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കണമെന്നും ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നും എന്ന വാദഗതികൾ തത്വത്തിലെങ്കിലും രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം അംഗീകരിച്ചു കാണുന്നുണ്ട്. എങ്കിൽ തന്നെയും ഒരു വശത്തുകൂടി ലത്തീനീകരണം തുടരുന്നതായാണ് അനുഭവപ്പെടുന്നത്. പൗരസ്ത്യ പാരമ്പര്യങ്ങളോട് ആഭിമുഖ്യം കാണിയ്ക്കുന്ന രൂപതകളിൽ പോലും ഒരു വശത്തുകൂടി ലത്തീൻ പ്രവണതകൾ മുൻപെത്തെന്നതിനേക്കാൾ ശക്തമായി കടന്നുവരുന്നതായാണ് മനസിലാക്കുവാൻ കഴിയുന്നത്. ഇന്ന് സഭയിൽ നിലനിൽക്കുന്ന ലത്തീൻ പ്രവണതകളെ മനസിലാക്കുവാനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്.

ലത്തീൻ തിരുന്നാളുകൾ
   സീറോ മലബാർ സഭയുടെ വ്യക്തിത്വത്തിനു (ദൈവശാസ്ത്രത്തിനു) യോജിക്കാത്ത തിരുന്നാളുകൾ ആചരിയ്ക്കപ്പെടുന്നുണ്ട്. മാതൃസഭയുടെ വിശ്വാസപൈതൃകത്തെക്കുറിച്ച് ലവലേശം ബോധ്യമില്ലാത്തെ പട്ടക്കാരാവട്ടെ അവയ്ക്ക് അമിതപ്രാധാന്യം കൊടുക്കുന്നുമുണ്ട്.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ
പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാൾ ലത്തീൻ സഭ ആചരിക്കുന്ന തിരുന്നാളാണു്. ലത്തിൻ വത്കരണത്തിന്റെ ഭാഗമായി ഈ തിരുന്നാൾ സുറിയാനീ കത്തോലിക്കരും ആചരിച്ചുതുടങ്ങി. പൌരസ്ത്യ സഭാപിതാക്കന്മാർ ഒരിക്കലും ത്രീത്വത്തിലെ ആളുകൾ വേർതിരുഞ്ഞു പ്രവർത്തിക്കുന്നതായി കരുതിയിരുന്നില്ല.അതുകൊണ്ടു നമ്മുടെ കർത്താവിന്റെ എല്ലാ തിരുന്നാളുകളും പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാളുകൂടിയാണ്. അതിലുപരിയായി പരിശുദ്ധത്രീത്വത്തെ വെളിവാക്കുന്ന ദനഹാത്തിരുന്നാളിലും ദനഹാക്കാലത്തിലുമാണ് പരിശുദ്ധത്രീത്വത്തിന്റെ രഹസ്യത്തെക്കുറച്ച് ധ്യാനിക്കാറുള്ളത്. അതുകൊണ്ടൂ തന്നെ ശ്ലീഹാക്കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആചരിയ്ക്കുന്ന പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ പൊഉരസ്ത്യ സഭകളുടെ രീതിയല്ല. പൗരസ്ത്യ തിരുസംഘം പ്രസിദ്ധീകരിച്ച "The Ordo Celebrationis and the Supplementum" ലും ഈ തിരുന്നാൾ പരാമർശിക്കപ്പെടുന്നില്ല. 

മിശിഹായുടെ ശരീരരക്തങ്ങളുടെ തിരുന്നാൾ
മിശിഹായുടെ ശരീരരക്തങ്ങളുടെ തിരുന്നാൾ ലത്തീൻ സഭ പരിശുദ്ധാ ത്രീത്വത്തിന്റെ തിരുന്നാൾ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് ആചരിയ്ക്കുന്നത്. ലത്തീനീകരണത്തിന്റെ ഭാഗമായി ഈ തിരുന്നാൾ മാർ തോമാ നസ്രാണികളുടെ ഇടയിലും പ്രചരിച്ചു. നമ്മുടെ ശൈലിയനുസരിച്ച് മിശിഹായുടെ ശരീരരക്തങ്ങളെ പ്രതേകമായി അനുന്മരിയ്ക്കുന്ന ദിവസം പെസഹാ വ്യാഴമാണ്.

തിരുഹൃദയത്തിന്റെ തിരുന്നാൾ
ഏതെങ്കിലും ഒരു അവയവത്തെ ധ്യാനിയ്ക്കുന്ന പതിവ് പൗരസ്ത്യ സുറീയാനീ പാരമ്പര്യമല്ല. ഹൃദയം എന്നത് സ്നേഹത്തിന്റെ ഉറവിടം എന്ന നിലയിൽ ഈശോയൂടെ സ്നേഹത്തെ ധ്യാനിയ്ക്കുകയാണ് തിരുഹൃദയത്തിന്റെ തിരുന്നാളിൽ എന്നു വാദിയ്ക്കാം. ഇത് ശരിയുമാണ്. കർത്താവിന്റെ സ്നേഹത്തെ തന്നെയല്ല നാം എല്ലാ കുർബാനയിലും യാമപ്രാർത്ഥനകളിലും ധ്യാനിയ്ക്കുന്നത്.  തിരുഹൃദയത്തിന്റെ തിരുന്നാളും തിരുഹൃദയ പ്രതിഷ്ടയുമൊക്കെ തികച്ചും വൈദേശികമാണെന്നും നമ്മുടെ ശൈലിയ്ക്ക് യോജിച്ചതല്ലെന്നും പറയാതെ വയ്യ.

ലത്തീൻ ഭക്താഭ്യാസങ്ങൾ

കൊന്ത
   തികച്ചും പാശ്ചാത്യ ശൈലിയിൽ രൂപം കൊണ്ട, പാശ്ചാത്യ ലിറ്റർജിക്കൽ കലണ്ടറുമായി യോജിച്ചുപോവുന്ന ഒരു ഭക്താഭ്യാസമാണ് കൊന്ത. ലത്തീൻ ഭരണകാലത്ത് പ്രചരിപ്പിയ്ക്കപ്പെട്ട ഈ ഭക്താഭ്യാസം  അഭിനവ സുറിയാനി കത്തോലിയ്ക്കൻ തങ്ങളുടെ പാരമ്പര്യമായി ധരിച്ചു വച്ചിരിയ്ക്കുകയാണ്. മെത്രാന്മാരും വൈദീകരും സന്യാസിനികളും ഇന്നും സഭയുടെ ഔദ്യോഗികപ്രാർഥനകൾക്കു പോലും മുകളിലായി കൊന്തയ്ക്കു പ്രാധാന്യം കൊടുത്തു കാണുന്നത് വേദനാജനകമാണ്.

കുരിശിന്റെ വഴി
    കുരിശിന്റെ വഴിയും കൊന്തപോലെ തന്നെ 20 ആം നൂറ്റാണ്ടിലെ സീറോ മലബാറുകാർക്ക് വൈകാരിക പ്രധാനമായ ഭക്താഭ്യാസമാണ്.  ഉറവിടങ്ങളിൽ നിന്നും ലഭ്യമായ ദീർഘമായ പീഠാനുഭവാര ഔദ്യോഗിക പ്രാർത്ഥനകളെ മറന്ന് തികച്ചും വൈദേശികവും അതി വൈകാരികവുമായ ഒരു ഭാക്താഭ്യാസത്തെ പ്രോത്സാഹിപ്പിയ്ക്കുന്നത് അഭിലഷണീയമല്ല.

വി. കുർബാനയുടെ ആരാധന
    പൗരസ്ത്യ സുറിയാനിക്കാരെ സംബധിച്ചിടത്തോളം വി.കുർബാനയുടെ ആചരണത്തിന്റെ ഭാഗമാണ് വി. കുർബാന സ്വീകരണം. അതുകൊണ്ടു തന്നെ വി. കുർബാന സൂക്ഷിയ്ക്കുന്ന പതിവുപോലും ഇല്ല. പാശ്ചാത്യസഭയിൽ തന്നെ സക്രാരികൾ അതിപുരാതന പാരമ്പര്യമൊന്നുമല്ല. മധ്യകാലങ്ങളിൽ രൂപം കൊണ്ട സക്രാരികൾ അൾത്താരയിൽ സ്ഥാനം പിടിയ്ക്കാൻ തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. ഇന്നും പലയിടങ്ങളിലും വി. കുർബാനയേക്കാൾ പ്രാധാന്യം വി. കുർബാനയുടെ പരസ്യ ആരാധനയ്ക്ക് കൊടുത്തു കാണുന്നുണ്ട്.  ഇതു നമ്മുടെ ശൈലിയേ അല്ല. പാശ്ചാത്യ സഭാപിതാക്കന്മാർ പോലും ഇങ്ങനെയൊരുന്നു പരിചയപ്പെടുത്തിയിട്ടൂള്ളതായും ഞാൻ മനസിലാക്കിയിട്ടില്ല.

വണക്കമാസങ്ങൾ
          മാതാവിന്റെ വണക്കമാസം, തിരുഹൃദയത്തിന്റെ വണക്കമാസം ഇങ്ങനെ പാശ്ചാത്യർ ഇവിടെ പ്രചരിപ്പിച്ച ഭക്താ കൃത്യങ്ങൾ നിരവധിയാണ്. നമ്മുടെ ആരാധനാ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ, നമ്മുടെ ആരാധനാ പഞ്ചാംഗവുമായി ഒത്തുപോവാത്ത ഭക്തകൃത്യങ്ങൾ ഒഴിവാക്കുക തന്നെ വേണം.

രൂപങ്ങളോടൂള്ള വണക്കം
രൂപങ്ങളോടുള്ള വണക്കവും അവയ്ക്ക് അമിത പ്രാധാന്യം കൊടൂക്കലുമൊന്നും മാർ തോമാ നസ്രാണികളുടെ പാരമ്പര്യമല്ല. ഐക്കണുകളുടെ ഉപയോഗ്ഗത്തെക്കുറിച്ചുപോലും ദീർഘ്ഘമായ സംവാദങ്ങൾ  ഉണ്ടായ സഭയെന്ന നിലയിൽ ഈ സഭയ്ക്ക് കൊത്തുരൂപങ്ങളെക്കുറിച്ചോ മൺരൂപങ്ങളെക്കുറിച്ചു ചിന്തിക്കുക തന്നെ അസാധ്യമാണ്. എന്നു തന്നെയല്ല ശക്തമായ ഒരു യഹൂദ-പഴയനിയമ-ആദിമ സഭാ പാരമ്പര്യം രൂപങ്ങളുടെ ഉപയോഗത്തെ വിലക്കുകയും ചെയ്യുന്നുണ്ട്.

ലത്തീനീകരണം ആരാധനാക്രമത്തിൽ

ജനാഭിമുഖം
ലത്തീൻ സഭയിൽ പോലും ജനാഭിമുഖം എന്നത് അധികം പഴക്കമില്ലാത്ത രീതിയാണ്.  കത്തോലിയ്ക്കാ സഭാകൂട്ടായ്മയിലെ മറ്റു പൗരസ്ത്യസഭകളിലോ ഓർത്തൊഡോക്സ് പാരമ്പര്യര്യങ്ങളിളോ ഒന്നും തന്നെ ഈ പാരമ്പര്യം ഇല്ല എന്നുള്ളതും സ്മരണീയമാണ്. അതുകൊണ്ടൂ തന്നെ ജനാഭിമുഖമായി ലിറ്റർജി ആഘോഷിയ്ക്കുന്നത് സീറോ മലബാർ സഭയുടെ പാരമ്പര്യമല്ല. എങ്കിലും ചില തത്പരകക്ഷികൾ ഈ പ്രവണതയെ  പിന്താങ്ങുന്നതും പ്രോത്സാഹിപ്പിയ്ക്കുന്നതും കാണുന്നത് വേദനാജനകമാണ്.

അസ്ഥാനത്തുള്ള മുട്ടുകുത്തൽ
          പാശ്ചാത്യർക്ക് (പാശ്ചാത്യസഭയ്ക്ക് എന്നല്ല) മുട്ടുകുത്തൽ ബഹുമാന സൂചകമാണ്. എന്നാൽ പൗരസ്ത്യദേശക്കാർക്ക് അത് അപമാനത്തിന്റെയും അടിമത്തത്തിന്റെയും മരണത്തിന്റെയും ഒക്കെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ ബഹുമാനം പ്രകടിപ്പിയ്ക്കുമ്പോൾ എഴുനേറ്റു നിൽക്കുന്നതാണ് പൗരസ്ത്യദേശങ്ങളിലെ പതിവ്. ഇത് ലിറ്റർജിയിലും ബാധമകാണ്. അതുകൊണ്ടു തന്നെ കൂദാശാഭാഗത്ത് മുട്ടുകുത്തുന്നത് പാശ്ചാത്യ രീതിയാണ്. കൂദാശാഭാഗത്ത് ആദരപൂർവ്വം നിന്നുകൊണ്ടൂ പ്രാർത്ഥിയ്ക്കുവാൻ ക്രമപാലകനായ ഡീക്കൻ ആവശ്യപ്പെടുന്നുമുണ്ട്.

അസ്ഥാനത്തുള്ള ഇരിപ്പ്
വിശ്വാസത്തിന്റെ പ്രഘോഷണമാണ്. കാറോസൂസായുടെ സമയത്തും, ലേഖനം വായനയുടെ സമയത്തും, ഗാഹാന്താ പ്രാർത്ഥനകളുടെ സമയത്തും ഇരിയ്ക്കുന്നത് അവഹേളനമായി കാണുവാനേ കഴിയൂ.

ലത്തീൻ തിരുവസ്ത്രങ്ങൾ
ഓരോ സഭയുടേയും വ്യക്തിത്വത്തിന്റെ ഭാഗമാണ് ആരാധാക്രമം പരികർമ്മം ചെയ്യുന്ന അവസരത്തിലെ വസ്ത്രങ്ങൾ. അതിനു പകരം മറ്റേതെങ്കിലും സഭയുടെ തിരുവസ്ത്രങ്ങൾ ധരിയ്ക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല.

ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന രണ്ടൂ പോസ്റ്റുകൾ താഴെക്കൊടുക്കുന്നു.
http://mtnazrani.blogspot.in/2011/07/blog-post.html
http://mtnazrani.blogspot.in/2013/02/blog-post.html

ലത്തീനീകരണം ദൈവശാസ്ത്രത്തിൽ
   ദൈവശാസ്ത്ര പരിശീലനം ഇപ്പോഴും പാശ്ചാത്യ രീതിയിൽ തന്നെയാണ്. വൈദീകപരിശീലകാലത്തുപോലും പൗരസ്ത്യ ദൈവശാസ്ത്യം അഭ്യസിയ്ക്കപ്പിയ്ക്കുകയോ പരിചയപ്പെടുത്തുകപോലുമോ സംഭവിയ്ക്കുന്നുണ്ടോ എന്നു സംശയമുണ്ട്.

അജപാലന രംഗത്തെ ലത്തീനീകരണം
വൈദീകരുടെ ഫ്യൂഡൽ മനോഭാവവും അധികാരഭ്രമവും ലത്തീൻ കാരിൽ നിന്നും അഭ്യസിച്ചതാണെന്നു വേണം മനസിലാക്കുവാൻ. കാരണം നമ്മുടെ സഭയുടെ രീതി അതല്ല. വൈദീകർ ഇന്ന് മാനേജർമാരാണ്. ആരാനാക്രമത്തിന്റെ ശൂശ്രൂഷകർ എന്ന സ്ഥാനത്തിൽ നിന്നും വളരെ ദൂരെയാണ് ഒട്ടുമിക്കവരും. പള്ളിയോഗങ്ങൾക്ക് തീരുമാനങ്ങളിൽ പലപ്പോഴും പങ്കില്ല.

ലത്തീനീകരണം ദേവാലയ ഘടനയിൽ
നമ്മുടെ പൗരാണിക ശൈലിയിലെ ദേവാലയ ഘടന കൈമോശം വന്നിരിയ്ക്കുന്നു. പലപ്പോഴും ഗോത്തിക് ശൈലിയെ പകർത്തുവാൻ ശ്രമിയ്ക്കുന്നതായും അനുഭവപ്പെടുന്നു. ദേവാലയം പണക്കൊഴുക്കുകാണിയ്ക്കുവാനോ, പ്രൗഡികാണിയ്ക്കുവാനോ ഉള്ളതല്ല. പ്രൗഢഗംഭീരമായ ആരാധനാക്രമത്തിന്റെ ആഘോഷത്തിനുവേണ്ടീയുള്ളതാണ് പള്ളി. എന്നാൽ നമ്മുടെ ആരാധനാക്രമം ആവശ്യപ്പെടുന്ന സംഗതികൾ സജ്ജീകരിയ്ക്കുവാൻ പോലും സാധ്യമല്ലാത്തരീതിയിലാണ് ഇന്ന് പണീകഴിപ്പിയ്ക്കപ്പെടുന്ന പള്ളികൾ പലതും.

ലത്തീനീകരണം വാക്കുകളിൽ
ഈശോ എന്നതിനുപകരം ആരാധനാക്രമത്തിൽ പോലും യേശു കടന്നുവരുന്നു, മിശിഹാ ക്രിസ്തുവിനു വഴിമാറുന്നു. മറീയം മേരിയും യൗസേപ്പ് ജോസഫും ആവുന്നു. മാമോദീസാ പോയി ജ്നാനസ്നാനമാവുന്നു.  കൂദാശ പോയി ബ്ലെസിംഗ് ആവുന്നു. മദ്ബഹ  മാറീ അൾത്താരയാവുന്നു. കുർബാനയ്ക്കു പകരും മാസ് എന്നായി പലയിടത്തും. നമ്മുടെ ആരാധാനാക്രമ ഭാഷ ലത്തീനോ ഗ്രീക്കോ അല്ല പൗരസ്ത്യ സുറിയാനി അഥവാ അറമായ ആണ്. പരിചിതമായ സുറീയാനീവാക്കുകൾ പോലും കടുകട്ടിയായ സംസ്കൃതവാക്കുകൽ കൊണ്ട് (ഉദാ: ജ്ഞാനസ്നാനം) replace ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്നു മനസിലാവുന്നില്ല. 

ഉപസംഹാരം
വൈദീകർക്കും സന്യാസിനികൾക്കും മെത്രാന്മാർക്കും ഈ ദുസ്ഥിതിയിൽ പങ്കുണ്ട്. ജനങ്ങളെ സ്വന്തം സഭയുടെ പാരമ്പര്യങ്ങളിൽ ബോധവത്കരിയ്ക്കാൻ അവർക്കു കഴിയുന്നില്ല എന്നതിലുപരി ലത്തീനീകരണങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതായാണ് പലപ്പോഴും കഴിയുന്നത്. "ആഗോള കത്തോലിയ്കാ സഭ ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ ആഘോഷിയ്ക്കുന്ന" എന്നു പ്രസംഗിയ്ക്കുന്ന വൈദീകന് സ്വന്തം സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റി എന്തു ബോധമുണ്ടെന്നു ചിന്തിയ്ക്കണം! സ്വകാര്യ ലത്തീൻ ഭക്താഭ്യാസങ്ങളെ ഇടവകയുടെ ആരാധനാക്രമത്തിന്റെ ഭാഗമാക്കുന്ന വികാരിയച്ചന്മാരിൽ നിന്ന് നമുക്ക് എന്തു പ്രതീക്ഷിയ്ക്കുവാനാവും! കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും അവരുടെ ദൃശ്യമാധ്യമങങ്ങളും പ്രസിദ്ധീകരണങ്ങളും ലത്തീനീകരണത്തിനു വഴിമരിന്നിടുകയാണ് അറിഞ്ഞോ അറിയാതെയോ  ചെയ്യുന്നത്. ഈശോ എന്നും മിശിഹായെന്നും പറയാൻ കഴിയുന്ന ഒരു കരിസ്മാറ്റിക്കുകാരനെ ഞാൻ ഇനിയും കണ്ടെത്തിയിട്ടില്ല.