Thursday, October 22, 2015

റോമനല്ലാത്ത കത്തോലിയ്ക്കർ

(crisis magazine പ്രസിദ്ധീകരിച്ച We are Non-Roman Catholics എന്ന ലേഖനത്തിന്റെ സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ പ്രസക്തമായ ആദ്യ ഘണ്ഡികകളുടെ സ്വതന്ത്ര പരിഭാഷ. )



എന്റെ മനോഹരമായ ഇടവകപള്ളിയിലേയ്ക്കു കടന്നു വരുന്ന ഒരു അതിഥികൾ ആദ്യമേ തന്നെ ഒന്നമ്പരക്കും. വാതിലിനോടു ചേർന്ന് ഹന്നാൻ വെള്ളമില്ല, പ്രതിമകളില്ല, സ്ലീവാപ്പാതയുടെ സ്ഥലങ്ങളില്ല, കുമ്പസാരക്കൂടുകളില്ല, കൊന്തചൊല്ലുന്ന സംഘങ്ങളില്ല. ഇതൊരു കത്തോലിയ്ക്കാ പള്ളി തന്നെയാണോ എന്നാവും അവർ ചോദിയ്ക്കുക. തീർച്ചയായും അതേ പക്ഷേ ബഹുഭൂരിപക്ഷം കത്തോലിയ്ക്കരും പ്രതീക്ഷിയ്ക്കുന്ന രീതിയിലുള്ള ഒന്നല്ലെന്നു മാത്രം.

ഇടവകപ്പള്ളിയിൽ എത്തിച്ചേരുവാൻ കഴിയാതിരുന്ന ഒരു യുവ ഇടവകാംഗത്തിന്റെ പ്രതികരണം സാമാന്യധാരണയിൽ അടിസ്ഥാനമാക്കിയായിരുന്നു. ഇടവകപള്ളിയിൽ വരാൻ സാധിയ്ക്കായ്കകൊണ്ട് അദ്ദേഹം ഒരു സാധാരണ കത്തോലിയ്ക്കാ പള്ളിയിലാണ് പോയതത്രെ. റോമൻ കത്തോലിയ്ക്കാ പള്ളി സാധാരണ കത്തോലിയ്ക്കാ പള്ളിയാണെങ്കിൽ റോമുമായി കൂട്ടായ്മയിലുള്ള എന്റെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിയ്ക്കാപള്ളിയും മറ്റു 22 പൗരസ്ത്യ സഹോദരീ സഭകളും അസാധാരണ കത്തോലിയ്ക്കാ പള്ളികളാണോ? എന്തായാലും മിക്കവർക്കും അത് അങ്ങിനെ തന്നെയാണ്.
മഹാഭൂരിപക്ഷം കത്തോലിയ്ക്കരും റോമുമായി കൂട്ടായ്മയിലുള്ള പൗരസ്ത്യ സഭകളെക്കുറിച്ച് അജ്ഞരാണ്. റോമൻ ലത്തീൽ പാരമ്പര്യത്തിലൂടെയല്ലാതെ കത്തോലിയ്ക്കരാകുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിയ്ക്കുവാൻ പോലും കഴിയില്ല. റോമൻ കത്തോലിയ്ക്കരുമായി സംവദിയ്ക്കുമ്പോൾ പൗരസ്ത്യർക്ക് തങ്ങൾ കത്തോലിയ്ക്കരാണെന്നും, മാർ പാപ്പായുടെ നേതൃത്വം അംഗീകരിയ്ക്കുന്നവരാണെന്നും, നിങ്ങൾക്ക് ഇവിടെ നിന്നും കുർബാന സ്വീകരിയ്ക്കാമെന്നും ഞായറാഴ്ച ആചരണത്തിനായി ഇവിടെ വന്നാൽ മതിയാവുന്നതാണെന്നുമൊക്കെ വിശദീകരിയ്ക്കേണ്ടി വരും. ഞങ്ങൾ ഞങ്ങളെ റോമൻ എന്നു വിളിയ്ക്കാത്തത് റോമുമായി കൂട്ടായ്മ ഇല്ലാത്തതുകൊണ്ടല്ല ഞങ്ങൾ റോമൻ അല്ലാത്തതുകൊണ്ടാണ്. പല പൗരസ്ത്യ സഭകളും ഗ്രീക്ക് കത്തോലിയ്ക്കരാണ്. എല്ലാ റോമൻ കത്തോലിയ്ക്കരും ഇറ്റലിക്കാരല്ലാത്തതുപോലെ എല്ലാ ഗ്രീക്ക് കത്തോലിയ്ക്കരും ഗ്രീക്കുകാരുമല്ല. ഗ്രീക്ക് പ്രാദേശികതയല്ല ഗ്രീക്ക് ദൈവാരാധനാ പാരമ്പര്യമാണ് ഗ്രീക്ക് കത്തോലിയ്ക്കരുടെ അടിസ്ഥാനം.

- റോബർട്ട് സ്പെൻസർ

No comments: