Sunday, November 10, 2013

‘കായേന്റെ ബലി’കൾ


ബലിയുടെ പൂർണ്ണതയും (Perfection) അതിനെ സാധുതയും(validity) കായേന്റെയും ആബേലിന്റെയും ബലികളിലൂടെ സൃഷ്ടിയുടെ പുസ്തകം അവതരിപ്പിയ്ക്കുന്നുണ്ട്. ബലികളുടെ സാധുത കർത്താവിനു വിട്ടേയ്ക്കാം. ദൈവത്തിന് അർപ്പിയ്ക്കുന്ന ബലി അവനു സ്വീകാര്യമായോ എന്ന് മനുഷ്യൻ തീരുമാനിയ്ക്കേണ്ടതില്ലല്ലോ. അതേ സമയം മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്.

നമ്മുടെ കുർബാനയിൽ പ്രതീകങ്ങളിലൂടെ മിശിഹാരഹസ്യങ്ങൾ അവതരിപ്പിയ്ക്കുന്നുണ്ടല്ലോ. ഇതിൽ ഈശോമിശീഹായുടെ പീഠാസഹനവും കുരിശുമരണവും ഖബറടക്കവും അവതരിപ്പിയ്ക്കപ്പെടുന്നത് ഒനീസാ ദ് റാസേ (Onisa D'Rase) യുടെ (ദിവ്യരഹസ്യഗീതം/song of holy misteries) സമയത്താണ്. മിശിഹാ കർത്താവിൻ തിരുമെയ്നിണവുമിതാ എന്ന ഒനീസാ ആലപിയ്ക്കപെടുമ്പോൾ ക്രമപ്രകാരം മ്ശംശാനാമാർ, മ്ശംശാനാമാർ ഇല്ലാത്തപ്പോൾ കാർമ്മികൻ, ബേസ്ഗസാകളിൽ നിന്നും അപ്പവും വീഞ്ഞും മദ്ബഹായിലേയ്ക്ക് സംവഹിയ്ക്കുന്നു. ഇത് ഗാഗുൽത്തായിലേയ്ക്കുള്ള ഈശോമിശിഹായുടെ യാത്രയാണ്. അതിനുശേഷം മ്ശംശാനാമാർ/കാർമ്മികൻ അപ്പവും വീഞ്ഞും കുരിശാകൃതിയിൽ ഉയർത്തുന്നു. ഇത് ഈശോമിശിഹായുടെ കുരിശുമരണണത്തിന്റെ അവതരണമാണ്. അതിനു ശേഷം അപ്പവും വീഞ്ഞും താഴ്ത്തി മദ്ബഹായിൽ വച്ച് ശോശപ്പകൊണ്ട് മൂടൂന്നത് കുരിശിൽ നിന്ന് ഇറക്കി ഈശോമിശീഹായുയെ ഖബറടക്കുന്നതിനെ സൂചിപ്പിയ്ക്കുന്നു.
ബേസ്ഗസാകൾ
ഈശോമിശിഹായുടെ ഗാഗുൽത്തായിലേയ്ക്കുള്ള യാത്ര അവതരിപ്പിയ്ക്കുവാൻ ബേസ്ഗസ്സാകൾ കൂടിയേതീരൂ. ക്രമപ്രകാരമുള്ള ബേസ്ഗസ്സാകൾ ഇല്ലാത്തപക്ഷം രണ്ടു പീഠങ്ങളിൽ ചുരിങ്ങിയപക്ഷം ഒരു പീഠത്തിലെങ്കിലും വിശുദ്ധവസ്തുക്കൾ ഒരുക്കി മദ്ബഹായിലേയ്ക്ക് സംവഹിയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം മിശീഹായുടെ ഗാഗുൽത്തായാത്ര അവതരിപ്പിയ്ക്കപ്പെടാതെ പോവുന്നു. കുർബാന അപൂർണ്ണമാവുന്നു.

കുരിശാകൃതിയിൽ
അപ്പവും വീഞ്ഞും കുരിശാകൃതിയിൽ ഉയർത്തുന്നില്ലെങ്കിൽ മിശിഹായുടെ കുരിശുമരണവും അവതരിപ്പിയ്ക്കപ്പെടാതെ പോവുന്നു. അറിവുള്ളവരും ശരിയായ പരിശീലനം ലഭിച്ചവരുമായ വൈദീകർ കുരിശാകൃതിയിലല്ലാതെ അപ്പവും വീഞ്ഞും ഉയർത്തുന്നതായി കാണുന്നത് വേദനാജനകമാണ്. പൗരസ്ത്യസുറിയാനീ ക്രമത്തിലെ ഇത്തരത്തിലുള്ള പ്രതീകാത്മക അവതരണം ലത്തീൻ ക്രമത്തിൽ ഇല്ല. ലത്തീൻ ക്രമത്തിൽ സജ്ജീകരിച്ച അപ്പവും വീഞ്ഞും ദൈവസന്നിധിയൽ സമർപ്പിയ്ക്കുക മാത്രമേ ഈ അവസരത്തിൽ ചെയ്യുന്നുള്ളൂ. എന്നു തന്നെയല്ല അപ്പവും വീഞ്ഞും ഒറ്റയ്ക്കൊറ്റയ്ക്ക് ഉയർത്തി സമർപ്പിയ്ക്കുന്നതാണ് ലത്തീൻ രീതി. നമ്മുടെ സഭയിലെ ചില വൈദീകരെങ്കിലും ഇരു കൈകളും നീട്ടി അപ്പവും വീഞ്ഞും സമർപ്പിയ്ക്കുന്ന ശൈലി അനുവർത്തിച്ചു പോരുന്നുണ്ട്. ലത്തീൻ രീതിയിലെ സജ്ജീകരിച്ച വിശുദ്ധവസ്തുക്കളുടെ സമർപ്പണത്തെ അന്ധമായി അനുകരിയ്ക്കുന്ന അവർ പൗരസ്ത്യസുറീയാനി ശൈലിയിലെ പ്രതീകാത്മകതയെ നിഷേധിയ്ക്കുകയാണ് ചെയ്യുന്നത്.



ശോശപ്പ
ശോശപ്പയുടെ പ്രതീകാത്മകതമറ്റൊരു പോസ്റ്റിൽ വിശദീകരിച്ചിട്ടൂള്ളതാണ്. ഈശോമിശിഹായുടെ ഖബറടക്കം അവതരിപ്പിയ്ക്കുവാൻ ശോശപ്പ ഇല്ലാതെ പറ്റില്ല. അതുകൊണ്ടൂതന്നെ ശോശപ്പ ഇല്ലാത്തപക്ഷം മിശിഹായുടെ ഖബറടക്കവും അവതരിപ്പിയ്ക്കാപ്പെടാതെ പോവുന്നു. അതുകൊണ്ടു തന്നെ കുർബാന അപൂർണ്ണമാവുന്നു.



ചുരുക്കത്തിൽ ലത്തീൻ കുർബാനയിലെ വിശുദ്ധവസ്തുക്കളുടെ സജ്ജീകരണത്തിൽ നിന്നും തികച്ചും വിഭിന്നമാണ് പൗരസ്ത്യസുറിയാനി കുർബാനയിലെ വിശുദ്ധവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം. ലത്തീൻ ക്രമത്തിൽ സമർപ്പണം എന്ന കാഴ്ചപ്പാടിൽ ഒതുങ്ങി നിൽക്കുമ്പോൾ പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഈ അവസരത്തിൽ മിശിഹായുടെ പീഠാസഹനവും കുരിശുമരണവും ഖബറടക്കവും സവിശേഷമായ രീതിയിൽ അവതരിപ്പിയ്ക്കപ്പെടുന്നു. ലത്തീൻ രീതികളെ അന്ധമായി പൗരസ്ത്യസുറിയാനി രീതിയിൽ ഉപയോഗിയ്ക്കുന്നവർ സമ്പന്നമായ പ്രതീകാത്മകതയെ മനസിലാക്കാതെയും മിശിഹാരഹസ്യങ്ങളുടെ പ്രതീകാത്മകാ അവതരണം നടത്താതെയും പോകുന്നു. അങ്ങനെയുള്ള കുർബാന പൂർണ്ണമാണോ? അറിഞ്ഞുകൊണ്ട് കർത്താവിന് അപൂർണ്ണമായ ഒരു കുർബാന അർപ്പിയ്ക്കണമോ?

No comments: