Friday, October 17, 2014

പുരോഹിത ബ്രഹ്മചര്യം സഭയിൽ

സീറോ മലബാർ സഭ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ട ഭാരതത്തിലെ മാർ തോമാ നസ്രാണികളുടെ സഭയിൽ നിർബന്ധിത വൈദീകബ്രഹ്മചര്യം ആരംഭിയ്ക്കുന്നത് ഉദയമ്പേരൂർ ബലപ്രയോഗത്തോടെയാണ്. ഇന്നും ശ്ലൈഹീക പാരമ്പര്യമുള്ളതും കത്തോലിയ്ക്കാ കൂട്ടായ്മയിൽ ഇല്ലാത്തതുമായ ഓർത്തോഡോക്സ് സഭകളിൽ വിവാഹിതരായ വൈദീകരെ കാണാനാവുന്നതാണ്. കത്തോലിയ്ക്കാ കൂട്ടായ്മയിൽ തന്നെയും ചില സഭകളിൽ വിവാഹിതരെ വൈദീകശൂശ്രൂഷയ്ക്ക് നിയോഗിയ്ക്കാറൂണ്ട്. പൗരസ്ത്യസഭകളുടെ കാനോൻ നിയമം ബ്രഹ്മചര്യം  നിർബന്ധമാക്കുന്നില്ലെന്നാണ് മനസിലാവുന്നത്.

വിവാഹിതരായ പുരോഹിതർ പഴയനിയമത്തിൽ
പഴയനിയമത്തിലെ പുരോഹിതർ വിവാഹിതരായിരുന്നു എന്നതിന് ആർക്കും തർക്കമുണ്ടെന്ന് തോന്നുന്നില്ല. സ്നാപകയോഹന്നാന്റെ  അപ്പൻ സ്കറിയ ഒരു പുരോഹിതനായിരുന്നല്ലോ.

വിവാഹിതരായ പുരോഹിതർ പുതിയ നിയമത്തിൽ
കോറീന്തോസിലെ സഭയ്ക്കുള്ള ഒന്നാം ലേഖനത്തിൽ പൗലോസ് ശ്ലീഹാ നൽകുന്ന സൂചനയനുസരിച്ച് കേപ്പായും മറ്റ് ശ്ലീഹന്മാരും വിവാഹിതരായിരുന്നു. കേപ്പായുടെ അമ്മായിയമ്മയുടെ പനി കർത്താവ് സുഖപ്പെടുത്തുന്നതായി സുവിശേഷത്തിലും കാണുന്നുണ്ട്.  ആടുകളെ ഭരമേല്പിയ്ക്കുവാനായി കർത്താവ് തിരഞ്ഞെടുത്ത കേപ്പാ അവിവാഹിതനായിരിയ്ക്കണമെന്ന് കർത്താവിനു നിർബന്ധമില്ലായിരുന്നു.

വിവാഹിതരായ പുരോഹിതർ സഭാപാരമ്പര്യങ്ങളിൽ
സുറീയാനി സഭാപാരമ്പര്യങ്ങളിലും ഗ്രീക്ക് സഭാപാരമ്പര്യങ്ങളിലും ഇപ്പോഴും ആദ്യകാല ലത്തീൻ പാരമ്പര്യങ്ങളിലും വിവാഹിതർക്ക് വൈദീക ശുശ്രൂഷ ചെയ്യുന്നതിനു തടസമില്ലായിരുന്നു.

ബ്രഹ്മചര്യവും പൗരോഹിത്യവും പൗരസ്ത്യപാരമ്പര്യങ്ങളിൽ
പൗരസ്ത്യ സഭകൾ ബ്രഹ്മചര്യത്തെ പൗരോഹിത്യത്തിനുള്ള നിബന്ധനയായി കണ്ടിരുന്നില്ല. വിവാഹവും പൗര്യോഹിത്യവും പരസ്പര (സാങ്കേതിക) ബന്ധമില്ലാത്ത രണ്ടൂ കൂദാശകളായി അവർ കരുതിയിരുന്നു. സന്യാസിയ്ക്ക് പൗരോഹിത്യവും നിർബന്ധമായിരുന്നില്ല.  സന്യാസവും വിവാഹവും രണ്ടൂ വ്യത്യസ്തമായ ജീവിതാന്തസുകളായും വൈദീകവൃത്തി എന്നത് ജീവിതാന്തസുകളുമായി നേരിട്ടൂബന്ധമില്ലാത്ത ശുശ്രൂഷയുമായിട്ടാണ് അവർ കരുതിയിരുന്നത്.

നിർബന്ധിത ബ്രഹ്മചര്യം വൈദികർക്ക്: രാഷ്ട്രീയകാരണങ്ങൾ
ക്രിസ്തുമതം റോമായുടെ ഔദ്യോഗിക മതമായതോടെ മതത്തിൽ രാഷ്ട്രീയ ഇടപെടലുകളും രാഷ്ടീയത്തിലെ മതത്തിന്റെ ഇടപെടലുകളും സർവ്വ സാധാരണമായി.  രാജാക്കന്മാരും പ്രഭുക്കന്മാരും സഭാധികാരികളായി. സഭ  ഭൗതീകമായ സമ്പത്തിന്റെ ഉടമയായി. ധാരാളം വസ്തുവകകൾ സഭയുടേതായിത്തീരുന്നു. ഇതെല്ലാം നോക്കിനടത്തുവാൻ വൈദീകരെ ചുമതലപ്പെടുത്തി. വൈദീകർ സ്വന്തം കുടുംബത്തിനുവേണ്ടീ അതു ചിലവഴിയ്ക്കുന്നതു തടയാൻ അവർ വിവാഹം കഴിയ്ക്കാതിരിയ്ക്കേണ്ടതും ആവശ്യമായി വന്നു. അങ്ങനെ കാലക്രമേണ വൈദീകർക്ക് ബ്രഹ്മചര്യം അടിച്ചേല്പിയ്ക്കപ്പെട്ടു. അങ്ങനെ വികാരീ കേന്ദ്രീകൃതമായ ഒരു ഭരണവ്യവസ്ഥ പാശ്ചാത്യ സഭയിൽ രൂപപ്പെട്ടു. പള്ളിയൂടെ തീരുമാനങ്ങളിൽ സാധരണക്കാർ  അഥവാ അൽമായർ (laity) എന്നു വിളിയ്ക്കപ്പെട്ട "വിവരമില്ലാത്തവർക്ക്"  യാതൊരുവിധപങ്കും ഇല്ലാതാവുകയും വികാരിമാരും മെത്രാന്മാരും കർദ്ദിനാളന്മാരും തങ്ങളുടെ തീരുമാനങ്ങൾ "വിവരമില്ലാത്തവരിൽ" അടിച്ചേൽപ്പിയ്ക്കുകയും ചെയ്തു പോന്നു.

നിർബന്ധിത ബ്രഹ്മചര്യം മാർ തോമാ നസ്രാണികളുടെ ഇടയിൽ
തുടക്കത്തിൽ പറഞ്ഞതുപോലെ മാർ തോമാ നസ്രാണികളുടെ ഇടയിൽ ബ്രഹ്മചര്യം നിർബന്ധിയ്ക്കപ്പെടുന്നത് ഉദയംമ്പേരൂരോടെയാണ്. അതുവരെ വൈദീകർ വിവാഹിതരായിരുന്നു. സന്യാസം ബഹുമാനിയ്ക്കപ്പെട്ടിരുന്നു. ദയറായിൽ സന്യാസികളും കുടുംബത്തിൽ ഇടവകപ്പട്ടക്കാരും താമസിച്ചു പോന്നു.  മെത്രാന്മാർ ദയറാകേന്ദ്രീകൃത ജീവിതമായിരുന്നു നയിച്ചിരുന്നത്. മെത്രാന്മാർ സന്യാസികളായിരുന്നു. പള്ളിയ്ക്ക് ആവശ്യമായ പട്ടക്കാരെ, പള്ളിയോഗം തെരഞ്ഞെടുത്ത്, മല്പാന്റെയടുത്തയച്ച് പരിശീലിപ്പിച്ച് ശുശ്രൂഷയ്ക്ക് നിയോഗിച്ചിരുന്നു. പള്ളിയോഗകേന്ദ്രീകൃതമായിരുന്ന് സഭാ തിരുമാനങ്ങൾ. വൈദീകനെ സ്വീകരിയ്ക്കാതിരിയ്ക്കൻ പോലും പള്ളിയോഗത്തിനു കഴിയുമായിരുന്നു. ഇതെല്ലാം ഉദയംപേരൂരോടെ മാറ്റി മറിയ്ക്കപ്പെട്ടു. പള്ളിയോഗത്തിന്റെ സ്വാധീനം പതുക്കെ കുറഞ്ഞു വന്നു. സീറോ മലബാർ സഭ പുനരുദ്ധരിയ്ക്കപ്പെട്ടതോടെ യൂറോപ്യൻ ശൈലിയിലുള്ള ഭരണക്രമം തന്നെ ഇവിടെയും സ്ഥാപിയ്ക്കപ്പെട്ടു.

യഥാർത്ഥത്തിൽ കൂദാശകളുടെയും ആരാധനാക്രമത്തിന്റെയും പരികർമ്മം - അതാണല്ലോ വൈദീക ധർമ്മം - വിവാഹിതർക്ക് നിഷിധമാകേണ്ട കാര്യമില്ല. പഴയനിയമ പാരമ്പര്യവും, ആദിമസഭയുടെ പാരമ്പര്യവും അങ്ങനെയൊരു തടസം വച്ചു പോന്നിരുന്നില്ല. സ്വത്തും അധികാരവും സഭയിൽ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോൾ  അത് നിലനിർത്തുവാനും സംരക്ഷിയ്ക്കുവാനും ബഹ്മചര്യം നിർബന്ധമാക്കേണ്ടിവന്നു എന്നതാണ് വസ്തുത. അത് തികച്ചും ദൈവശാസ്ത്രപരമായ കാരണങ്ങളാലല്ല, രാഷ്ട്രീയകാരണങ്ങളാലാണ്. പാശ്ചാത്യസഭയിൽ ഉത്ഭവിച്ച ഈ വ്യതിയാനം കോളനിവത്കരനകാലത്ത് മറ്റു സഭകളിലേയ്ക്കും വ്യാപിയ്ക്കുകയും ചെയ്തു.

Monday, September 1, 2014

മർത്ത് മറിയത്തിന്റെ സ്വർഗ്ഗാരോപണം

(ദുക്റാന 1982 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച പൈങ്ങോട്ട് ചാൾസ് അച്ചന്റെ ലേഖനം)

മറ്റെല്ലാ മനുഷ്യരേയും പോലെ മറിയവും മരണത്തിനു വിധേയയായി എന്നാണ് സഭാ പാരമ്പര്യം. മരിച്ചു മൂന്നുദിവസം കഴിഞ്ഞാണ് അവൾ സ്വർഗ്ഗം പ്രാപിച്ചതെന്ന്  ചിലരും അല്ല നാല്പതു ദിവസം കഴിഞ്ഞാണ് എന്നു വേറേ ചിലരും അഭിപ്രായപ്പെട്ടിട്ടൂണ്ട്. എന്നാൽ ഈ അഭിപ്രായങ്ങൾ ഈശോയുടെ ഉയർപ്പും സ്വർഗ്ഗാരോഹണവും കണ്മുൻപിൽ വന്നു ചിന്തിച്ചതിന്റെ ഫലമായ സങ്കല്പങ്ങൾ മാത്രമാണ്.

മാതാവിന്റെ സ്വർഗ്ഗപ്രാപ്തിയെകുറിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട  ഐതീഹ്യത്തിന്റെ സംഗ്രഹം താഴെ ചേർക്കുന്നു. മ്ശിഹായുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം ശിഷ്യന്മാരിൽ ചിലരോടൊത്ത് മറിയവും മറ്റു ചില കന്യകകളും പാർത്തിരുന്നു. തോബി മാസം 20ആം ദിവസം എല്ലാവരും ബലിപീഠത്തിനടുത്തു സമ്മേളിച്ചിരിയ്ക്കെ കർത്താവ് അവർക്കു പ്രത്യക്ഷനായി. ശ്ലീഹന്മാർ  ഓരോരുത്തർക്കും കുറിയിട്ടു കിട്ടിയ സ്ഥലങ്ങളിലേയ്ക്കു പോവുന്നതിനു മുൻപായി, അതായത് പിറ്റേദിവസം തന്നെ ഒരു ബലി സ്വീകരിയ്ക്കുമെന്ന് ആ അവസരത്തിൽ കർത്താവ് അരുളിച്ചെയ്തു. ഇരുപത്തി ഒന്നാം തിയതി മ്ശിഹാ ദൈവദൂതന്മാരോടും സങ്കീർത്തകനായ ദാവിദിനോടൂം കൂടെ ആഗതനായി അമ്മയെ സ്വർഗ്ഗത്തിലേയ്ക്കു കൂട്ടിക്കൊണ്ടൂ പോവുകയാണെന്ന വിവരം വെളിപ്പെടുത്തി. മറിയം കിഴക്കോട്ടൂ തിരിഞ്ഞു പ്രാർത്ഥിച്ച ശേഷം അങ്ങോട്ടൂ തന്നെ തിരിഞ്ഞു കിടന്നു. അനന്തരം അവൾ മരണമടഞ്ഞു. മൂന്നര ദിവസത്തേയ്ക്ക് ശ്ലീഹന്മാർ കല്ലറയ്ക്കു കാവലിരുന്നു.  മാനസാന്തരപ്പെട്ട ചില യൂദന്മാർ അതിനുശേഷം കല്ലറ തുറന്നപ്പോൾ അതു ശൂന്യമായിട്ടാണ് കണ്ടത്. മുകളിൽ നിന്നുള്ള ആജ്ഞപ്രകാരം ഏഴുമാസം കഴിഞ്ഞ് അതായത് മെസോർ മാസം 15ന് അവർ ഒരുമിച്ചു കൂടി, 16 ന് വെളുപ്പിന് ഈശോയും അമ്മയൂം സ്വർഗ്ഗരഥത്തിൽ പ്രത്യക്ഷരായി. ശ്ലീഹന്മാരോടൊന്നിച്ച് കുറച്ചു സമയം ചിലവഴിച്ച ശേഷം സ്വർഗ്ഗത്തിലേയ്ക്കു തിരിച്ചു പോയി. തോബി മാസം 21ന് മറിയം മരിയ്ക്കുകയും മെസോർ 16ന്  സ്വർഗ്ഗത്തിലേയ്ക്ക് ഉടലോടെ എടുക്കപ്പെടുകയും ചെയ്തത് എവോദിയൂസ് എന്നയാൾ കണ്ടതായിട്ടാണ് രേഖയിൽ കാണുന്നത്.

536 മുതൽ 568 വരെ  അലക്സാണ്ടിയായിലെ യാക്കോബായ പാത്രിയർക്കിസായിരുന്നയാളെന്നു തന്നെ കരുതപ്പെടുന്ന തെയോദിസിയൂസ് നല്കുന്ന വിവരണപ്രകാരം മറിയം തോബിമാസം 21ന് മരിയ്ക്കുകയും 206 ദിവസം കഴിഞ്ഞ് മെസോർ മാസം 15 നു വൈകിട്ട് സ്വശരീരം പ്രാപിച്ചുകൊണ്ട് സ്വർഗ്ഗം പ്രാപിയ്ക്കുകയും ചെയ്തു.

ഗ്രീക്കുവിവരണം ഇതിൽ നിന്നും വ്യത്യസ്ഥമാണ്. തിരുക്കല്ലറയിങ്കൽ സുഗന്ധദ്രവ്യങ്ങൾ കത്തിയ്ക്കുവാൻ പതിവായി പോയിരുന്ന മറിയത്തെ ഒരു വെള്ളിയാഴ്ച ഗബ്രിയേൽ ദൂതൻ സന്ദർശിച്ച് ആസന്നമായ മരണത്തെക്കുറിച്ച് മുന്നറിയീപ്പു നൽകി. ഉടൻ തന്നെ  അവൾ ബേസ്‌ലഹേമിലേയ്ക്ക് പോയി. യോഹന്നാനെയും മറ്റു ശ്ലീഹന്മാരെയും തന്റെ പക്കലെത്തിയ്ക്കണമെന്നു പ്രാർത്ഥിച്ചു.താമസം വിനാ അവരെല്ലാം മേഘത്തിനു മുകളിൽ യാത്രചെയ്തു വന്നെത്തി. മറിയത്തെ അവർ കിടക്കയിൽ വഹിച്ചുകൊണ്ട് ഓർശ്ലേത്തേയ്കുപോയി. അവിടെവച്ച് അവൾ മരിച്ചു സംസ്കരിക്കപ്പെട്ടു. എന്നാൽ ശരീരം സ്വർഗ്ഗത്തിലേയ്ക്കു കരേറ്റപ്പെട്ടു.

മറിയത്തിന്റെ മരണത്തിന്റേയും സംസ്കാരത്തിന്റെയും സ്ഥലമെന്ന ബഹുമതി അപ്പേസൂസിനും ഓർശ്ലേമിനും  പണ്ഢിതന്മാർ നൽകി കാണുന്നു. ഗാഗുൽത്തായിൽ വച്ച് മറിയത്തെ അമ്മയായി സ്വീകരിച്ച യോഹന്നാൻ ജീവിതസായാഹ്നം ചിലവഴിച്ചത് അപ്പേസൂസിലായതിനാൽ മറിയവും അവിടെത്തന്നെ ആയിരിയ്ക്കണം ജീവിച്ചത് എന്നു ചിലർ കരുതുന്നു. അപ്പേസൂസ് സൂനഹദോസ് മറിയത്തിന്റെ നാമത്തിലുള്ള ദേവാലയത്തേക്കുറിച്ച് പലപ്രാവശ്യം പരാമർശിയ്ക്കുന്നുണ്ട്.പണ്ടുകാലത്ത് ഒരു ദേവലയം അതിന്റെ നാമകാരണനായ വിശുദ്ധ കബറിടത്തിന്റേയോ തിരുശേഷിപ്പിന്റേയോ ചുരുങ്ങിയ പക്ഷം അദ്ദേഹത്തിൽ നിന്നുള്ള കാര്യമായ എന്തെങ്കിലും ഓർമ്മ വസ്തുവിന്റേയോ സാന്നിദ്ധ്യത്തിന്റെയോ ശക്തമായ ഒരു സൂചനയായിരുന്നു.

ഐതീഹങ്ങൾ ഓർശ്ലേമിനെയാണ് അനുകൂലിയ്ക്കുന്നത്. ഇതിനും പുറമേ ആദ്യകാലത്തെ ചിലരുടെ സാക്ഷ്യങ്ങളും ഓർശ്ലേമിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. 451ൽ അവിടെ മെത്രാനായിരുന്ന ജൂവനാലിലോട് മറിയത്തിന്റെ ശരീരം എവിടെയാണെന്ന് മാർസിയൻ ചക്രവർത്തി ചോദിച്ചു.  കോൺസ്റ്റാന്റിനോപ്പിളിൽ പുതിയതായി പണികഴിച്ച ദേവാലയത്തിലേയ്ക്കു തിരുശരീരം കൊണ്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. മറിയത്തിന്റെ ശരീരം സ്വർഗ്ഗത്തിലാണെന്നും അവളുടെ കബറിടവും ശരീരം പൊതിഞ്ഞ തുണീയും കൊണ്ട് ചക്രവർത്തി തൃപ്തിയടയേണ്ടീ വരുമെന്നും ആയിരുന്നു ജൂവനാലിന്റെ മറുപടി. കബറിടം ഓർശ്ലേമിലാണെന്നാണല്ലോ ഇതിന്റെ സൂചന. 570ലെ ഒരു തീർത്ഥാടകനായ അന്തോനീസിന്റെ കുറീപ്പു പ്രകാരം കബറിടം ഗേത്സമേനിലായിരുന്നത്രേ. സെഹിയോൻ മാളികയിലാണെന്നു പറയുന്നവരും ഇല്ലാതില്ല.

അന്നാ കത്തരീരാ എമറീഹ് എന്ന അഗസ്തീനിയൻ സന്യാസിനിയ്ക്ക് ഈ വിഷയം സംബന്ധിച്ച്  ദർശനമുണ്ടായതായി പറയപ്പെടുന്നു. അതിൻ പ്രകാരം മ്ശിഹായ്ക്കു 48 വർഷങ്ങൾക്കു ശേഷം അപ്പേസൂസിൽ നിന്ന്  ഏതാണ്ട് എട്ടുകിലോമീറ്റർ അകലെയുള്ള ഭവനത്തിൽ വച്ച് മറിയം ദിവംഗതയായി. അവൾക്കുവേണ്ടി ശ്ലീഹന്മാർ ഒലിവു മലയിൽ കബറിടം തയ്യാറാക്കി.

വിവിധ പേരുകൾ ലഭിച്ചിട്ടൂള്ള ഒരു തിരുന്നാളാണിത്. ഉറക്കം എന്നർത്ഥമുള്ള Dormitic (ഗ്രീക്കിൽ Koimesis) എന്നും മരണം കടന്നു പോകൽ എന്നൊക്കെ അർത്ഥമുള്ള Depositio, Trantius എന്നും ഇതിനു പേരുകളുണ്ടായിരുന്നു. മറിയം സ്വശക്തിയാലല്ല സ്വർഗ്ഗത്തിലെത്തിയത്  എന്ന കാര്യം ഉൾക്കൊള്ളുന്ന സ്വർഗ്ഗാരോപണം (Assumption) എന്ന പദം പണ്ടു വിശുദ്ധരുടെ മരണത്തേയും സ്വർഗ്ഗപ്രാപ്തിയേയും കുറിച്ച് പറയുവാൻ ഉപയോഗിച്ചിരുന്ന വാക്കാണ്.

മാറിത്താമസം എന്നർത്ഥമുള്ള ശൂനായാ (ശൂനോയോ) എന്നാണ് മലങ്കരറീത്തിൽ ഇതിനുള്ള പേര്. പൗരസ്ത്യ സുറിയാനി നമസ്കാരങ്ങളിലും ഈ പേര് കാണുന്നുണ്ട്. മരണം, വേർപാട് എന്നൊക്കെ അർത്ഥമുള്ള 'ഉൻദാന' എന്ന പദവും പൗരസ്ത്യ സുറിയാനി ക്രമമനുസരിച്ച് ഈ ദിവസത്തിന് നമസ്കാരത്തിൽ ഉപയോഗിച്ചിട്ടൂണ്ട്.

 ഓർശ്ലേമിലെ മറിയത്തിന്റെ കബറിടത്തിലേയ്കുള്ള തീർത്ഥാടനത്തിൽ നിന്നാണ് ഈ തിരുന്നാൾ ആവിർഭവിച്ചത് എന്ന് കാബറോൾ എന്ന പണ്ഢിതൻ അഭിപ്രായപ്പെടുന്നു.  അതെങ്ങനെയായാലും വളരെ പുരാതന കാലം മുതൽക്കുതന്നെ ആഘോഷിച്ചിരുന്ന  ഒരു തിരുന്നാളാണ് ഇത്. കോൻസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസ് പ്രോക്ലസ് 429ൽ മറിയത്തിന്റെ ആഘോഷമായ ഒരു തിരുന്നാളിൽ പ്രസംഗിച്ചെന്നു പറയപ്പെടുന്നത് ആഗസ്റ്റ് 15ന് ആയിരിയ്ക്കാനാണു സാധ്യത്. സിറിയായിലെ ചില പള്ളികളിൽ ആഗസ്റ്റു പതിനഞ്ചിന് മറിയത്തിന്റെ ഓർമ്മ കൊണ്ടാടുന്നതായി 523ൽ മരിച്ച സാഗൂറിലെ മാർ യാക്കോബ് പ്രസ്താവിച്ചിട്ടുണ്ട്. ആഗസ്തു 15ന് ഈ തിരുന്നാൾ ആഘോഷിയ്ക്കണമെന്ന് മാവുരൂസ് ചക്രവർത്തി അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള പള്ളികളിൽ നിർദ്ദേശം നൽകി. നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന തിരുന്നാളെന്ന നിലയ്ക്കാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. മറിയത്തിന്റെ മരണദിവസം (die dornitionis) ലുത്തിനിയ ചൊല്ലണമെന്ന് ഒന്നാം സേർജ്‌യൂസ് മാർപ്പാപ്പ (687-701) നിശ്ചയിച്ചു. പൗരസ്ത്യ സഭകളിൽ ഉത്ഭവിച്ച ഈ തിരുന്നാൾ പാശ്ചാത്യ സഭയിൽ വന്നത് ഒന്നാം തിയഡോർ പാപ്പായുടെ (642-649) കാലത്താണ്.

ഈ ദിവസം മറിയത്തിന്റെ ഏറ്റവും വലിയ തിരുന്നാളായിട്ടാണ് പണ്ടു മുതൽക്കേ തന്നെ ആചരിച്ചിരുന്നത്. ആ ദിവസത്തെ പ്രാർത്ഥനകളിൽ അമ്മയ്ക്കു കിട്ടിയ മഹത്വത്തെ സഭ അനുസ്മരിയ്ക്കുകയും അതിന്റെ ദാതാവായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് പൗരസ്ത്യ സുറിയാനി സഭ  ഈ ദിവസത്തെ റംശായിൽ ഇങ്ങനെ പാടുന്നുണ്ട്. "ഞങ്ങളുടെ രക്ഷകനായ മിശിഹായേ നിന്നെ ഞങ്ങൾ സ്തുതിയ്ക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. എന്തുകൊണ്ടുന്നാൽ ജീവന്റെ അമ്മയെ മായ നിറഞ്ഞ ലോകത്തിൽ നിന്ന് സൗഭാഗ്യത്തിന്റെ സ്ഥലത്തേയ്ക്കു മാറ്റുന്നതിന് ഇന്നേ ദിവസം നീ പ്രസാദിച്ചു".

അമ്മയുടെ അവസാന നിമിഷങ്ങളേക്കുറിച്ച് ഐതീഹ്യങ്ങളിൽ പറയുന്നതരം സൂചനകൾ പ്രാർത്ഥനകളിലും കാണുന്നുണ്ട്. മരിയ്ക്കുന്നതിനു മുൻപ് ശ്ലീഹന്മാരെ കാണണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിച്ചതായും അതനുസരിച്ച് റൂഹാദ്ക്കുദിശാ അവരെ അമ്മയുടെ പക്കലെത്തിച്ചതായും ചില ഗാനങ്ങളിൽ പറയുന്നു. ശ്ലീഹന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് യാക്കോബായ നമസ്കാരപ്പുസ്തകങ്ങളിൽ പലയിടത്തും പറഞ്ഞു കാണുന്നു. പത്രോസിനെ റോമായിൽ നിന്നും യോഹന്നാനെ അപ്പേസൂസിൽ നിന്നും തോമായെ ഇന്ത്യയിൽ നിന്നും റൂഹാദ്ക്കുദിശാ ആനയിച്ചു എന്ന് ഈ ദിവസത്തെ രാത്രി നമസ്കാരത്തിൽ പറഞ്ഞു കാണുന്നു.

നമ്മെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ തിരുന്നാളാണ്. ഹാവാ വഴി നമുക്കു നഷ്ടപ്പെട്ട ഭാഗ്യം വീണ്ടും കിട്ടിയത് മറിയം വഴിയാണ്. ഈ അമ്മ സ്വർഗ്ഗത്തിൽ നമുക്കു വേണ്ടി മാധ്യസ്ഥം വഹിയ്ക്കുമെന്നുള്ള ശക്തമായ ഉറപ്പാണ് നമുക്കുള്ളത്. ബൈസന്റൈൻ റീത്തിൽ ചൊല്ലുന്ന പ്രാർത്ഥന തികച്ചും അർത്ഥവത്താണ്. "നിന്റെ മാതൃത്വത്തിൽ നീ കന്യാത്വം സംരക്ഷിച്ചു. നിന്റെ മരണത്തിൽ നീ ലോകത്തെ കൈവെടിഞ്ഞില്ല. നീ ജീവന്റെ പക്കലേയ്ക്ക് സംവഹിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ജീവന്റെ അമ്മേ  നിന്റെ പ്രാർത്ഥനകൾ വഴി നീ ഞങ്ങളുടെ ആത്മാക്കളെ മരണത്തിൽ നിന്നും തിരിച്ചു വാങ്ങിയിരിയ്ക്കുന്നു."

സ്വർഗ്ഗത്തെക്കുറിച്ചുള്ള ചിന്തകളാണ് ലത്തീൻ റീത്തിലെ പ്രാർത്ഥനകളിലും പ്രതിഫലിയ്ക്കുന്നത്. ഒരു ഉദാഹരണം: "അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നവനും അമലോത്ഭവമറിയത്തെ ആത്മാവിലും ശരീരത്തീലും മ്ശിഹായുടെ സ്വർഗ്ഗീയ മഹത്വത്തിനു പങ്കാളിയാക്കിയവനുമായ ദൈവമേ അതേ മഹത്വത്തിലേയ്ക്ക് നിന്റെ മക്കളുടെ ഹൃദയങ്ങളെ തിരിയ്ക്കണമേ" 

Monday, August 18, 2014

സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പം - ലഹ്‌മാ ദ്‌മിൻ ശ്മയ്യാ നെഹ്ത്തേസ്




ܐܸܢܵܐ ܐ݇ܢܵܐ ܠܲܚܡܵܐ ܚܲܝܵܐ ܕܡ݂ܢ ܫܡܲܝܵܐ ܢܸܚܬܹܬ݂܀
ܐܸܢܵܐ ܐ݇ܢܵܐ ܠܲܚܡܵܐ ܕܢܸܚܬܹܬ݂ ܡ݂ܢ ܪܵܘܡܵܐ܀
ܐܸܡܲܪ ܦܵܪܘܿܩܲܢ ܒܐ݇ܪܵܙܵܐ ܠܬܲܠܒܡܝܼܕܵܘܵܗܝ ܟܠ ܡ݁ܢ ܕܒ݂ܚܘܼܒܵܐ ܩܵܪܹܒ݂  ܘܢܵܣܹܒ݂ ܠܝܼ ܚܵܝܹܐ ܒܝܼ ܠܥܵܠܲܡ ܐܘܿܝܵܪܹܬ ܡܲܠܟܘܼܬ݂ܵܐ܀

എന്നാനാ ലഹ്‌മാ ഹയ്യാ ദ്മിൻ ശ്മയ്യാ നെഹ്‌ത്തേസ്.
എന്നാനാ ലഹ്‌മാ ദ്‌നെഹ്‌ത്തേസ് മിൻ റൗമാ.
എമ്മാർ പാറൊക്കൻ ബ്‌റാസാ ല്‌സൽമീദാവൂ കോൽ മിൻ ദവ്ഹൂമ്പാ  കാറെവ് ഉനെസേവ് ലീ ഹയ്യേ ബി ല് ആലം ഉയാറേസ് മൽക്കൂസാ

ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള  അപ്പമാകുന്നു. ഉന്നതത്തിൽ നിന്നിറങ്ങി വന്ന അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം എന്ന സമീപിച്ച് എന്നെ സ്വീകരിയ്ക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിയ്ക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം ദിവ്യരക്ഷകൻ തന്റെ ശിഷ്യരെ അറിയീച്ചു.

ܐܸܢܵܐ -  ഞാൻ
ܠܲܚܡܵܐ -  അപ്പം
ܚܲܝܵܐ -  ജീവിയ്ക്കുന്ന
ܕܡ݂ܢ -  നിന്ന്
ܫܡܲܝܵܐ -  സ്വർഗ്ഗം
ܕܡ݂ܢ ܫܡܲܝܵܐ -  സ്വർഗ്ഗത്തിൽ നിന്ന്
ܢܸܚܬܹܬ݂ -   ഇറങ്ങിവന്ന
ܪܵܘܡܵܐ -  ഉന്നതം
ܐܸܡܲܪ -  പറഞ്ഞു
ܦܵܪܘܿܩܲܢ -  രക്ഷകൻ
ܠܬܲܠܒܡܝܼܕܵܘܵܗܝ -  ശിഷ്യന്മാരോട്
ܒܐ݇ܪܵܙܵܐ -  രഹസ്യം
ܟܠ -  എല്ലാവരും
ܕܒ݂ܚܘܼܒܵܐ -  സ്നേഹപൂർവ്വം
ܩܵܪܹܒ݂ -  സമീപിച്ച്
ܢܵܣܹܒ݂ -  സ്വീകരിയ്ക്കുക
ܠܝܼ - വരെ
ܚܵܝܹܐ -  ജീവിയ്ക്കുക
ܒܝܼ -  
ܠܥܵܠܲܡ -  നിത്യം
ܐܘܿܝܵܪܹܬ - അവകാശപ്പെടുത്തുക

ܡܲܠܟܘܼܬ݂ܵܐ - രാജ്യം

Tuesday, July 15, 2014

ഈശോ എന്ന നാമം

ഈശോ'  എന്ന  നാമം  മാർ  തോമാ  നസ്രാണികൾക്ക് ഏറ്റവും ഹൃദ്യമായ ഒന്നാണല്ലോ മാതപാപിതാക്കൾ കുഞ്ഞുങ്ങളുടെ ചെവിയിൽ   ആദ്യം ചൊല്ലിക്കൊടുക്കുന്ന നാമവും ഇതുതന്നെ. ഈ പരിശുദ്ധ നാമത്തിനുപോലും ഇന്നു വ്യതിയാനം വന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. ഈശോയും മാതാവും  യൗസേപ്പ്  പിതാവുമൊക്കെ  സംസാരിച്ചിരുന്ന  അറമായ അഥവാ സുറിയാനി ഭാഷയിലുള്ള നാമമാണ്‌ 'ഈശോ'. ശാസ്ത്രീയവിധിപ്രകാരം വ്യക്തികളുടെയും സ്ഥലങ്ങളുടെയും മറ്റും നാമങ്ങള്‍ മൂലഭാഷയിലെ സ്വരത്തിൽ  തന്നെ മറ്റു ഭാഷകളിലും ഉച്ചരിക്കേണ്ടതാണല്ലോ. അശാസ്ത്രീയമായ ഉച്ചാരണരീതിയിലക്കേ്‌ വളെരയധികം പേർ ‍മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രസക്തി മനസിലാകുന്നില്ല. യേശു എന്നപ്രയപ്പോഗം പുതുമയും നവീകരണവുമൊക്കെയായി തെറ്റിദ്ധരിക്കുന്നതുകൊണ്ടായിരിക്കുമോ?


'ഈശോ' എന്ന സുറിയാനി നാമം ഗ്രീക്കിലെത്തിയപ്പോൾ 'യേസൂസ്‌'  ആയിപ്പോയി.  അവിടെനിന്നും  ലത്തീനിലും ഇംഗ്ലീഷിലുമൊക്കെ എത്തി. ആ വഴികളിൾ   മലയാളത്തിലെത്തിയപ്പോഴാണ്‌ 'യേശു'വായത്‌. അതുപോലെ തന്നെ ഗ്രീക്കുഭാഷയുടെ  സ്വാധീനത്തിൽ    പെട്ട  പാശ്ചാത്യ  സുറിയാനിയിലും  അഥവാ അന്ത്യോക്യൻ  സുറിയാനിയിലും  ഈശോ  യേശുവായി.  യഹൂദർക്കുവേണ്ടി യഹൂദർ തന്നെ മിശിഹാക്കാലം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പഞ്ചഗ്രന്ഥി സുറിയാനിയിലേയ്ക്ക് പരിഭാഷടെുത്തിയതാണ്‌ ഇപ്പോഴത്തെ പൗരസ്‌ത്യസുറിയാനി  പ്ശീത്താ എന്ന തർജ്ജമയിലുള്ളത്‌. അതിൽ   യ്‌ഹോഷുഅ എന്ന്‌ ഇന്ന്‌ ഹീബ്രുവിൽ   ഉച്ചരിക്കുന്ന നാമേധയം ഈശോ  എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ (സംഖ്യ 14:30).  ആദ്യകാലത്തെ  ഉച്ചാരണം  ഈശോ എന്നായിരുന്നുവെന്നാണ്‌  ഇത്‌  കാണിക്കുന്നത്‌.  ഇപ്പോൾ   ഹീബ്രു ബൈബിളിൽ   കാണുന്ന ഉച്ചാരണങ്ങൽ  പലതും മൊസ്സെറെത്തുമാർ (Massoretes)എന്ന യഹൂദ പണ്‌ഡിതന്മാർ മിശിഹാക്കാലം അഞ്ഞൂറിനും തൊള്ളായിരത്തിനും ഇടയ്‌ക്കുള്ള കാലഘട്ടത്തിൽ   ചിട്ടപ്പെടുത്തിയതാണ്. ദൈവം  എന്നതിന്‌  ഹീബ്രു  ബൈബിളില്‍    ഇന്നുപയോഗിച്ചിരിക്കുന്ന എലൊഹിം എന്ന പദത്തിന്റെ സ്ഥാനത്ത്‌ പുരാതന  ഹീബ്രുവിലുള്ള  ശ്രമായ  (samaritan)  പഞ്ച്രഗന്ഥിയിൽ  ഇലുവെം എന്ന പദമാണ്‌ കാണുന്നത്‌ എന്നു മനസിലാകുമ്പോഴാണ്‌മൊസ്സെറെത്തുമാർ നല്‍കിയിരിക്കുന്ന  പല  ഉച്ചാരണങ്ങളുടെയും പൂർവ്വ രൂപം എങ്ങനെയായിരുന്നുവെന്ന്‌ അന്വേഷിക്കേണ്ടിവരുന്നത്‌. ഈശോ എന്ന നാമത്തിന്റെ ഹീബ്രു രൂപമായിട്ടാണ്‌ യ്ഹോഷുഅഎ പദം ഹീബ്രു ബൈബിളിൽ കാണുന്നത്. എന്നാൽ പുരാതനകാലത്ത്  അത്‌ ഈശോ  എന്നെഴുതുകയും  ഉശ്ചരിക്കുകയും ചെയ്‌തിരുവെന്നാണ്‌ അനുമാനിക്കേണ്ടത്‌. മെശിയാനികരെ ഇഷ്‌ടപ്പെടാതിരുന്ന മൊസ്സെറെത്തുമാർ ഇത്‌ ബോധപൂർവ്വം യ്‌ഹോഷുഅഎന്നു മാറ്റിയത്‌ ഈശോ എന്ന തിരുനാമം മെശിയാനിക ദിവ്യരക്ഷകന്റെ നാമേധയമായി സുറിയാനി സഭകളിൽ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്എന്ന അനുമാനത്തിലെത്താൻ കഴിയും. ഇന്നു ഹീബ്രുഭാഷയിൽ  "ഊ" എന്ന സ്വരം കൊടുത്തുച്ചരിയ്ക്കുന്ന ചില നാമങ്ങളിൽ  "ഓ"  എന്ന  സ്വരമാണ്‌  പുരാതനകാലത്തുണ്ടായിരുന്നതെന്ന്ഭാഷാപണ്‌ഡിതമാർ  അഭിപ്രായപ്പെട്ടിട്ടൂണ്ട്.  ഹീബ്രുബൈബിളിൽ ഇപ്പോൾ കാണുന്ന "നൂൻ" പണ്ട് "നോൻ" ആയിരുന്നുവെന്ന്‌ സുറിയാനി  പ്ശീത്തായിൽ നിന്നും മനസിലാക്കാം (സംഖ്യ 14:30). ഈശോയുടെ അരുമശിഷ്യനിൽനിന്നു തന്നെ നാം ചൊല്ലിപ്പഠിച്ച "ഈശോ" എന്ന ഉച്ചാരണശൈലി, വഴിതെറ്റിവന്ന ആധുനികതയുടെയും മറ്റും പേരിൽ ഉപേക്ഷിയ്ക്കുന്നതു ശരിയാവുകയില്ലല്ലോ.

   (പാത്തിക്കുളങ്ങര വർഗ്ഗീസച്ചന്റെ ലേഖനത്തിൽ നിന്നും എടുത്തത്)

Tuesday, February 11, 2014

യാമപ്രാർത്ഥനകൾ ശീലമാക്കുക - ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ

2011 നവംബർ 16 നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ സെന്റ് പീറ്റേർസ് സ്ക്വയറിലെ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രബോധനത്തിന്റെ ചുവടുപിടിച്ച് http://wdtprs.com/ ഇൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തെ അവലംബമാക്കിയുള്ള പോസ്റ്റ്.


മാർ പാപ്പായുടെ വാക്കുകളിലേയ്ക്ക് പോവുന്നതിനുമുൻപ് പോവുന്നതിനു മുൻപ് യാമപ്രാർത്ഥനകളെക്കുറിച്ച് പരാമർശിയ്ക്കുന്നത് ഉചിതമാവും എന്നു കരുതുന്നു. എല്ലാ സഭാപാരമ്പര്യങ്ങളിലേയും യാമപ്രാർത്ഥനകൾ അതതു സഭകളുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. പൗരസ്ത്യ സുറിയാനീസഭയുടെ ആശ്രമപാരമ്പര്യത്തിൽ 7 നേര യാമപ്രാർത്ഥനകളാണുള്ളത്. കുറുമ്പനാടത്തെ മാർ തോമാ സഹോദരികളുടെ ആശ്രമ ഉപയോഗത്തെ മുൻനിർത്തി പാത്തിക്കുളങ്ങര വർഗ്ഗീസ് മല്പാന്റെ പരിശ്രമഫലമായി ഏന്താനാ (മദ്ധ്യാഹ്ന നമസ്കാരം), ഖാലാ ദശഹ്റ(വെളുപ്പാൻകാല നമസ്കാരം), ഖൂത്താആ (മൂന്നാം മണി നമസ്കാരം, രാവിന്റെ 9 മണിയ്ക്ക്), ദബ്ശാ ശായീൻ (ഒൻപതാം മണി നമസ്കാരം, ഉച്ചകഴിഞ്ഞ് 3 മണി) എന്നിവ പുനരുദ്ധരിച്ചിട്ടൂണ്ട്. റംശ(സായാഹ്ന നമസ്കാരം), ലെലിയ (രാത്രി നമസ്കാരം), സപ്രാ (പ്രഭാത നമസ്കാരം) ഇവ സീറോ മലബാർ സഭാ മെത്രാൻ സമതി ഔദ്യോഗികമായിത്തന്നെ പുനരുദ്ധരിച്ചിട്ടൂണ്ട്

എല്ലാ വ്യക്തിസഭാ പാരമ്പര്യങ്ങളിലും 7 നേര യാമപ്രാർത്ഥനകളാണ് അതിന്റെ പൂർണ്ണരൂപത്തിൽ ഉള്ളത്. ലത്തീൻ സഭാപാരമ്പര്യത്തിലെ യാമപ്രാർത്ഥനകൾ Lauds (പ്രഭാതനമസ്കാരം), Vespers (സന്ധ്യാനമസ്കാരം), Compline (രാത്രിനമസ്കാരം) എന്നിവയാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്  മാർപ്പാപായുടെ ആശയങ്ങളിലേയ്ക്ക്...

സങ്കീർത്തനങ്ങൾ ഉപയോഗിച്ചു പ്രാർത്ഥിയ്ക്കണമെന്നും സായാഹ്ന,രാത്രി പ്രഭാത നമസ്കാരങ്ങൾ പതിവാക്കണമെന്നും ഞാൻ എല്ലാവരോടൂം ആഹ്വാനം ചെയ്യുന്നു. സങ്കീർത്തനങ്ങളെപ്പറ്റിയുള്ള പ്രബോധനപരമ്പരയുടെ അവസനത്തെ പ്രസംഗത്തിൽ ബനഡിക്ട് പതിനാറാമൻ വിശ്വാസികളോടായി പറഞ്ഞു. വിജയശ്രീലാളിതനായി പിതാവിന്റെ വലതുഭാഗത്തിരിയ്ക്കുന്ന മിശിഹായെ പ്രകീർത്തിയ്ക്കുന്ന 110 ആം സങ്കീർത്തനത്തെ കേന്ദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇത് ആദിമസഭയുടെയും എക്കാലത്തുമുള്ള വിശ്വാസികളുടേയും പ്രീയപ്പെട്ട സങ്കീർത്തനമാണ്. പുതിയനിയമരചയിതാക്കളൂം ഈശോ തന്നെയും ഈ സങ്കീർത്തനത്തെ പരാമർശിയ്ക്കുന്നുണ്ട്.

കർത്താവ് എന്റെ കർത്താവിനോട് പറഞ്ഞു. ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലതുഭാതത്തിരിയ്ക്കുക. പിതാവിന്റെ വലതുഭാഗത്തിരിയ്ക്കുന്ന മനുഷ്യപുത്രനായ മിശിഹായാണ് ഉപവിഷ്ടനായിരിയ്ക്കുന്ന കർത്താവ്. ഉത്ഥാനത്തിലൂടെ മഹത്വത്തിലേയ്ക്ക് പ്രവേശിച്ച അവനാണ് യഥാർത്ഥ രാജാവ്. എല്ലാ ശക്തികൾക്കും മുകളിലായ സ്വർഗ്ഗത്തിൽ, മാലാകാമാരേക്കാൾ ഉപരിയായ സ്ഥാനത്ത് അവസാനത്തെ പ്രതിയോഗിയായ മരണമുൾപ്പെടെയുള്ള എല്ലാ പ്രതിയോഗികളേയും പാദത്തിൻ കീഴിലാക്കിക്കൊണ്ട് അവൻ ഇരിയ്ക്കുന്നു.
മിശിഹായുടെ പൗരോഹിത്യത്തെയും ഈ സങ്കീർത്തനം പരാമർശിയ്ക്കുന്നുണ്ട്. മെല്ക്കിസെദക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും പുരോഹിതനാണ്.
ഈ സങ്കീർത്തനം പ്രാർത്ഥനയ്ക്ക് ഉപയോഗിയ്ക്കുമ്പോൾ നമ്മുടെ ഉത്ഥിതനായ കർത്താവിന്റെയും രാജാവിന്റെയും വിജയത്തെ നാം പ്രകീർത്തിയ്ക്കുന്നു. മാമോദീസായിലൂടെ മിശിഹായുടെ ശരീത്തിലെ അംഗങ്ങളായതിലൂടെ നമുക്കു ലഭിച്ച രാജത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും അന്തസിനു ചേർന്നവിധം ജീവിയ്ക്കുവാൻ നാം അധ്വാനിയ്ക്കുകയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ നമ്മുടെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളേയും ദൈവത്തോടുള്ള മനോഭാവത്തേയും പ്രതിഫലിപ്പിയ്ക്കുന്നു. അതുകൊണ്ട് പ്രാർത്ഥനയിൽ സങ്കീർത്തനകൾ കൂടുതലായി ഉൾപ്പെടുത്തുകയും യാമപ്രാർത്ഥനകൾ പരിശീലിയ്ക്കുകയും വേണമെന്ന് തന്റെ ആഹ്വാനം ആവർത്തിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

മാർ പാപ്പാ ഈ പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു  ലേഖനം കൂടി പരിചയപ്പെടുത്തുന്നത് നന്നയിരിയ്ക്കുമെന്നു കരുതുന്നു. അത് ദാരിയാ സോക്കി എന്ന ഗ്രന്ഥകാരിയുടെ വാക്കുകളാണ്. കത്തോലിയ്ക്കരുടെ അനുദിന യാമപ്രാർത്ഥനാസഹായി (The Everyday Catholics Guide to the Liturgy of the Hours) എന്ന
പുസ്തകം രചിച്ചത് അവരാണ്. 

ദാരിയാ സോക്കിയുടെ വാക്കുകളിൽ കുർബാനകഴിഞ്ഞാൽപിന്നെ യാമപ്രാർത്ഥനകളോളം മഹനീയമായ പ്രാർത്ഥനയില്ല തന്നെ. അത് വിശിഷ്ടമായ ആരാധനാക്രമ പ്രാർത്ഥനയാണ്. അതുകൊണ്ടുതന്നെയാണ് ജോൺ പോൾ രണ്ടാമനേയും ബനഡിക്ട് പതിനാറാമനേയും പോലെയുള്ള മാർ പാപ്പാമാർ യാമപ്രാർത്ഥനകളെ ദൈവജനത്തിന്റെ പ്രാർത്ഥനയായി നിർദ്ദേശിച്ചിട്ടുള്ളത്.


ലേഖനം ഇവിടെ വായിക്കാം. 
 http://www.ncregister.com/site/article/age-old-prayer-gains-more-pray-ers/#ixzz2t2BNpaI6


ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിയ്ക്കാം. യാമപ്രാർത്ഥനകൾ ശീലമാക്കുക.

Monday, February 3, 2014

ഫാ: ഇമ്മാനുവേൽ തെള്ളിയ്ക്ക് പുരസ്കാരം

ആദിമ നൂറ്റാണ്‌ടു മുതല്‍ കേരളത്തിലെ നസ്രാണിസമൂഹം ഉപയോഗിച്ചു വന്നിരുന്നതാണു സുറിയാനി ഭാഷ എന്നാല്‍, ഇരുപതാം നൂറ്റാണ്‌ടുമുതല്‍ ഇന്ത്യയിലെ നസ്രാണികള്‍ പ്രാദേശികഭാഷയ്‌ക്ക്‌ ഊന്നല്‍കൊടുത്തു സുറിയാനി ഉപയോഗത്തെ പരിമിതമാക്കി തന്മൂലം സുറിയാനി പഠനം തീരെ അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണു സുറിയാനി പണ്‌ഡിതനായ ഫാ ഇമ്മാനുവല്‍ തെള്ളിയുടെ നാമം കൂടുതല്‍ ആദരണീയമാകുന്നത്‌