Saturday, January 17, 2015

കുഞ്ഞാടിന്റെ ബലി വിശുദ്ധ കുർബാനയിൽ



ശ്രേഷ്ഠന്‍മാരുടെ നടുവില്‍, അറക്കപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാട് നിൽക്കുന്നതു  ഞാന്‍ കണ്ടു. (വെളിപാട് 5:6)
മിശിഹാരഹസ്യങ്ങളുടെ കൗദാശികമായ പുനരവതരണമാണല്ലോ വിശുദ്ധ കുർബാന. കുർബാനയിലുടനീളം വിവിധ അവസരങ്ങളിൽ മിശിഹായുടെ പീഠാനുവഭവും മരണവും ഖബറടക്കവും പരാമർശിയ്ക്കപ്പെടുകയും ധ്യാനവിഷയമാവുകയും ചെയ്യുന്നുണ്ട്. എങ്കിലും  പ്രതീകാത്മകമായി അവയെ പ്രത്യേകമായി അവതരിപ്പിയ്ക്കുന്ന സന്ദർഭം മനസിലാക്കുന്നത് കുർബാനയിലെ കുറച്ചുകൂടി മെച്ചമായ ഭാഗഭാഗിത്വത്തിനു സഹായകരമാവും എന്നു കരുതുന്നു.
ഏകജാതൻ - പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാട്
കുർബാനയപ്പത്തെ സൂചിപ്പിയ്ക്കുവാൻ ഓസ്തി എന്ന ലത്തീൽ പശ്ചാത്തലമുള്ള പദമാണല്ലോ പൊതുവെ ഉപയോഗിയ്ക്കുന്നത്. പുതിയ നിയമത്തിലെ പെസഹാക്കുഞ്ഞാടായ മിശിഹായെ സൂചിപ്പിയ്ക്കുന്ന ഈ പദത്തിന്റെ അർത്ഥം അർത്ഥം ബലികഴിയ്ക്കുവാനുള്ള മൃഗം എന്നതാണ്. നമ്മൂടെ ആരാധനാക്രമ ഭാഷയായ സുറിയാനിയിൽ ഏകജാതൻ എന്നർത്ഥം വരുന്ന ബുക്ര  എന്ന പദമാണ് കുർബാനയപ്പത്തെ സൂചിപ്പിയ്ക്കുവാൻ ഉപയോഗിയ്ക്കുന്നത്.
ഈശോമിശിഹായുടെ ഗാഗുൽത്താ യാത്ര
ക്രമപ്രകാരം മദ്ബഹായ്ക്ക് ഇരുവശത്തുമുള്ള ബേസ്ഗസ്സാ(നിക്ഷേപാലയങ്ങൾ) കളിലാണ് അപ്പവും വീഞ്ഞും ഒരുക്കേണ്ടത്. ബലിബസ്തുക്കൾ ഒരുക്കുന്നതും ബലിപീഠത്തിലേയ്ക്ക് സംവഹിയ്ക്കുന്നതും മ്ശംശാനാപ്പട്ടാക്കാരോ അവരുടെ അഭാവത്തിൽ കാർമ്മികനോ ആയിരിയ്ക്കും. മദ്ബഹായിലേയ്ക്ക് അപ്പവും വീഞ്ഞും സംവഹിയ്ക്കുന്നത് ഈശോമിശിഹായുടെ കുരിശും ചുമന്നുകൊണ്ടുള്ള ഗാഗുൽത്തായാത്രയുടെ പ്രതീകാത്മകമായ അവതരണമാണ്.
ഈശോമിശിഹായൂടെ കുരിശുമരണം
ബലിപീഠത്തിൽ കൊണ്ടുവന്ന ബലിവസ്തുക്കൾ കാർമ്മികൻ മദ്ബഹായിൽ ഇരുകൈകളും കുരിശാകൃതിയിൽ ഉയർത്തി പ്രാർത്ഥിയ്ക്കുന്നു. ഇത് നമ്മുടെ കർത്താവിന്റെ കുരിശുമരണത്തെയാണ് സൂചിപ്പിയ്ക്കുന്നത്.
ഈശോമിശിഹായുടെ ഖബറടക്കം
കുരിശിൽ മരിച്ച ഈശോയെ കുരിശിൽ നിന്നിറക്കി കല്ലറയിൽ സംസ്കരിച്ച് കല്ലറ കല്ലുകൊണ്ട് മൂടുന്നു. ഇതിനെ സൂചിപ്പിയ്ക്കുവാൻ കുരിശാകൃതിയിൽ ഉയർത്തിയ അപ്പവും വീഞ്ഞും മദ്ബഹായിൽ വച്ച് ശോശപ്പകൊണ്ട് മൂടുന്നു. ശോശപ്പ (കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം) ഇവിടെ ഈശോമിശിഹായുടെ തിരുക്കല്ലറയുടെ മൂടിയായി മാറുകയാണ്.
ദിവ്യരഹസ്യ ഗീതം
ഈശോമിശിഹായുടെ രക്ഷാകര ചരിത്രത്തിലെ മൂന്നു പ്രധാന സംഭവങ്ങൾ - ഗാഗുല്ത്താ യാത്ര, കുരിശുമരണം, ഖബറടക്കം പ്രതീകാത്മകമായി അവതരിപ്പിയ്ക്കുന്ന അവസരത്തിൽ  ആലപിയ്ക്കുന്ന ഗീതത്തിന് ദിവ്യരഹസ്യഗീതം എന്നാണു പറയുന്നത്. സുറിയാനിയിൽ ഇതിന് ഒനീസാ (ഗീതം) ദ്റാസേ (രഹസ്യങ്ങളുടെ)  എന്നു പറയും. മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ എന്ന ഗാനമാണ് ദിവ്യരഹസ്യഗീതം. ബലിപീഠത്തിൽ സജ്ജീകരിയ്ക്കപ്പെടുന്ന പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ സമീപിച്ച്  മാലാഖാമാരോടോത്ത് ദൈവമായ കർത്താവ് പരിശുദ്ധൻ എന്നു പാടിസ്തുതിയ്ക്കാം എന്നാണ് ഗാനത്തിന്റെ അർത്ഥം.
അറക്കപ്പെട്ട കുഞ്ഞാട്
വെളിപാടിന്റെ പുസ്തകത്തിൽ അഞ്ച് അധ്യായത്തിൽ രേഖപ്പെടുത്തിയ ദർശനമുണ്ട്. സ്വർഗ്ഗത്തിലെ സിംഹാസനസ്ഥന്റെമുൻപിൽ സിംഹാസനത്തിന്റെയും നാലുജീവികളുടേയും മധ്യത്തിൽ അറക്കപ്പെട്ട കുഞ്ഞാട്. നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ടന്മാരും കുഞ്ഞാടിനെ കുമ്പിട്ടാരാധിയ്ക്കുന്നു. അവർ ആലപിയ്ക്കുന്നു “നീ വധിയ്ക്കപ്പെടുകയും നിന്റെ രക്തത്താൽ ഞങ്ങളെ ദൈവത്തിനായി വിലയ്ക്കുവാങ്ങുകയും ചെയ്തിരിയ്ക്കുന്നു. മാലാകാമാരുടെ പതിനായിരങ്ങളും കുഞ്ഞാടിനെ സ്തുതിയ്ക്കുന്നു.  ഇതേ ആശയം തന്നെയാണ് ഒനീസാ ദ് റാസേ മുൻപോട്ടുവയ്ക്കുന്നതും.
വിശുദ്ധ ബലിപീഠത്തിങ്കൽ മിശിഹായുടെ ശരീരവും അമൂല്യമായ രക്തവും. നമുക്കെല്ലാവർക്കും ഭയഭക്തികളോടെ അവനെ സമീപിയ്ക്കുകയും മാലാകാമാരോടൊന്നിച്ച് ദൈവമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു പാടിസ്തുതിയ്ക്കുകയും ചെയ്യാം. ( ഒനീസാ ദ് റാസേ, സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന )
ദിവ്യരഹസ്യഗീതത്തിന്റെ സമയത്ത് വൈദീകന്റെ കരങ്ങളിലൂടെ അവതരിപ്പിയ്ക്കപ്പെടുന്ന മിശിഹായുടെ ബലിയേയും ഗീതത്തിന്റെ അർത്ഥത്തേയും ധ്യാനിച്ച് ഭയഭക്തികളോടെ ദൈവമായ കർത്താവിനെ സ്തുതിയ്ക്കാം.

No comments: