Tuesday, April 14, 2015

അറമായയും സുറിയാനിയും

നമ്മുടെ കർത്താവീശോ മ്ശിഹായുടെ ഭാഷ സുറീയാനിയാണെന്നു പറയുമ്പോൾ ചിലർ തർക്കിച്ചു കാണാറുണ്ട്. ചിലർക്ക് ഈശോ ഹീബ്രുവാണെന്നു വരുത്തണം. മറ്റു ചിലർ ഈശോ അറമായയാണു സംസാരിച്ചതെന്നു സമ്മതിയ്ക്കുമെങ്കിലും അറമായയല്ല സുറിയാനി എന്നു വാദിയ്ക്കും. ലക്ഷ്യം ഏതായാലും ഒന്നു തന്നെ. പൗരസ്തസുറിയാനി പാരമ്പര്യത്തിലെ ഈശോമ്ശിഹായുടെ കൈയ്യൊപ്പിനെ നിരാകരിയ്ക്കുക. അങ്ങനെയുള്ളവർക്കായാണ് ഈശോ മിശിഹായും സുറിയാനിയും  എന്ന പോസ്റ്റിട്ടത്. അവിടെയും സുറീയാനിയും അറമായയും തമ്മിലുള്ള ബന്ധം വ്യക്തമാകാഞ്ഞതുകൊണ്ട് മറ്റൊരു പോസ്റ്റ് ആവട്ടെ എന്നു തീരുമാനിയ്ക്കുകയായിരുന്നു.

നോഹയുടെ പുത്രൻ ഷേമിന്റെ മകൻ ആരാമിന്റെയും സന്തതി പരമ്പരയുടേയും ഭാഷയാണ് അറമായ.  അവർ അധിവസിച്ച പ്രദേശം പിന്നീട് ആരാം എന്ന് അറിയപ്പെട്ടു. ഈ പ്രദേശത്ത് ഗ്രീക്കുകാർ സിറിയ എന്നു വിളിയ്ക്കുകയും അവരുടെ ഭാഷയെ സിറിയക്ക് (ശൂറായാ) എന്നും വിളിച്ചു.  ഇതിനെയാണ് ഇന്ത്യയിൽ സുറിയാനി എന്നു വിളിയ്ക്കുന്നു.

നമുക്ക് ഇതിന് ഉപോദ്ബലകമായ തെളിവുകൾ കണ്ടുപിടിയ്ക്കാം.

ഗ്രീക്ക് ഭൗമശാസ്ത്രകാരനും തത്വചിന്തകനുമായിരുന്ന സ്ത്രാബോ ( 63 BC – AD 24) പറയുന്നു: Posidonius [of Apamea in Syria] tells us that those people who are called by the Greeks Syrians, call themselves Arameans.....”.



പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റഗന്റിൽ ആരാമിനെ സിറിയ എന്നാണ് വിളിയ്ക്കുന്നത്.സെപ്റ്റഗന്റിന്റെ ഓൺലൈൻ വേർഷനിൽ ഇങ്ങനെ വായിയ്ക്കാം. "So Isaac sent away Jacob, and he went into Mesopotamia to Laban the son of Bethuel the Syrian, the brother of Rebecca the mother of Jacob and Esau" - Genesis 28: 5

യുണൈറ്റഡ് നേഷൻസ് കാത്തൊലിക്ക് ബിഷപ്പ് കോൺഫറൻസിന്റെ പരിഭാഷ താഴെക്കൊടുക്കുന്നു: Then Isaac sent Jacob on his way; he went to Paddan-aram, to Laban, son of Bethuel the Aramean, and brother of Rebekah, the mother of Jacob and Esau - - Genesis 28: 5



പിഓസിയുടെ പരിഭാഷയിലും അറമായനായ ബത്തുവേലിന്റെ മകൻ എന്നാണ് പറഞ്ഞിരിയ്ക്കുന്നത്.


യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസഫ്സ് ഗ്രീക്കുകാർ അറമായക്കാരെ സിറിയക്കാർ എന്നു വിളിച്ചിരുന്നതായി പറയപെടുന്നു.

അറമായ പണ്ഢിതനായ  മാർ തോമാ ഔദു  തന്റെ സുറിയാനീ
 നിഘണ്ടുവിൽ അറമായേ = സുർയായേ എന്നും ലിശാന അറമായാ = ലിശാനാ സുർയായേ എന്നും കൊടുത്തിട്ടുണ്ട്. അതായത് അറമായ തന്നെയാണ് സുറിയാനി.  ഈ നിഘണ്ടു 1897ൽ മൊസൂളിൽ നിന്നു പ്രസിദ്ധീകരിച്ചു.


എദ്ദേസായിലെ മാർ യാക്കോവ് (7 ആം നൂറ്റാണ്ട്) തങ്ങൾ അറമായക്കാരാണെന്നും സുറീയാനികളെന്നു വിളിയ്ക്കപ്പെടുന്നതായും പറയുന്നുണ്ട്.

ചുരുക്കത്തിൽ അറമായയും സുറീയാനിയും ഒന്നാണെന്നും അറമായരും സുറിയനിക്കാരും ഒന്നാണെന്നും  കർത്താവിനു മുൻപു തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

No comments: