Thursday, October 22, 2015

റോമനല്ലാത്ത കത്തോലിയ്ക്കർ

(crisis magazine പ്രസിദ്ധീകരിച്ച We are Non-Roman Catholics എന്ന ലേഖനത്തിന്റെ സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ പ്രസക്തമായ ആദ്യ ഘണ്ഡികകളുടെ സ്വതന്ത്ര പരിഭാഷ. )



എന്റെ മനോഹരമായ ഇടവകപള്ളിയിലേയ്ക്കു കടന്നു വരുന്ന ഒരു അതിഥികൾ ആദ്യമേ തന്നെ ഒന്നമ്പരക്കും. വാതിലിനോടു ചേർന്ന് ഹന്നാൻ വെള്ളമില്ല, പ്രതിമകളില്ല, സ്ലീവാപ്പാതയുടെ സ്ഥലങ്ങളില്ല, കുമ്പസാരക്കൂടുകളില്ല, കൊന്തചൊല്ലുന്ന സംഘങ്ങളില്ല. ഇതൊരു കത്തോലിയ്ക്കാ പള്ളി തന്നെയാണോ എന്നാവും അവർ ചോദിയ്ക്കുക. തീർച്ചയായും അതേ പക്ഷേ ബഹുഭൂരിപക്ഷം കത്തോലിയ്ക്കരും പ്രതീക്ഷിയ്ക്കുന്ന രീതിയിലുള്ള ഒന്നല്ലെന്നു മാത്രം.

ഇടവകപ്പള്ളിയിൽ എത്തിച്ചേരുവാൻ കഴിയാതിരുന്ന ഒരു യുവ ഇടവകാംഗത്തിന്റെ പ്രതികരണം സാമാന്യധാരണയിൽ അടിസ്ഥാനമാക്കിയായിരുന്നു. ഇടവകപള്ളിയിൽ വരാൻ സാധിയ്ക്കായ്കകൊണ്ട് അദ്ദേഹം ഒരു സാധാരണ കത്തോലിയ്ക്കാ പള്ളിയിലാണ് പോയതത്രെ. റോമൻ കത്തോലിയ്ക്കാ പള്ളി സാധാരണ കത്തോലിയ്ക്കാ പള്ളിയാണെങ്കിൽ റോമുമായി കൂട്ടായ്മയിലുള്ള എന്റെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിയ്ക്കാപള്ളിയും മറ്റു 22 പൗരസ്ത്യ സഹോദരീ സഭകളും അസാധാരണ കത്തോലിയ്ക്കാ പള്ളികളാണോ? എന്തായാലും മിക്കവർക്കും അത് അങ്ങിനെ തന്നെയാണ്.
മഹാഭൂരിപക്ഷം കത്തോലിയ്ക്കരും റോമുമായി കൂട്ടായ്മയിലുള്ള പൗരസ്ത്യ സഭകളെക്കുറിച്ച് അജ്ഞരാണ്. റോമൻ ലത്തീൽ പാരമ്പര്യത്തിലൂടെയല്ലാതെ കത്തോലിയ്ക്കരാകുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിയ്ക്കുവാൻ പോലും കഴിയില്ല. റോമൻ കത്തോലിയ്ക്കരുമായി സംവദിയ്ക്കുമ്പോൾ പൗരസ്ത്യർക്ക് തങ്ങൾ കത്തോലിയ്ക്കരാണെന്നും, മാർ പാപ്പായുടെ നേതൃത്വം അംഗീകരിയ്ക്കുന്നവരാണെന്നും, നിങ്ങൾക്ക് ഇവിടെ നിന്നും കുർബാന സ്വീകരിയ്ക്കാമെന്നും ഞായറാഴ്ച ആചരണത്തിനായി ഇവിടെ വന്നാൽ മതിയാവുന്നതാണെന്നുമൊക്കെ വിശദീകരിയ്ക്കേണ്ടി വരും. ഞങ്ങൾ ഞങ്ങളെ റോമൻ എന്നു വിളിയ്ക്കാത്തത് റോമുമായി കൂട്ടായ്മ ഇല്ലാത്തതുകൊണ്ടല്ല ഞങ്ങൾ റോമൻ അല്ലാത്തതുകൊണ്ടാണ്. പല പൗരസ്ത്യ സഭകളും ഗ്രീക്ക് കത്തോലിയ്ക്കരാണ്. എല്ലാ റോമൻ കത്തോലിയ്ക്കരും ഇറ്റലിക്കാരല്ലാത്തതുപോലെ എല്ലാ ഗ്രീക്ക് കത്തോലിയ്ക്കരും ഗ്രീക്കുകാരുമല്ല. ഗ്രീക്ക് പ്രാദേശികതയല്ല ഗ്രീക്ക് ദൈവാരാധനാ പാരമ്പര്യമാണ് ഗ്രീക്ക് കത്തോലിയ്ക്കരുടെ അടിസ്ഥാനം.

- റോബർട്ട് സ്പെൻസർ

Sunday, August 16, 2015

ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢത

അടുത്തകാലത്തായി ബനഡക്ടൈൻ സന്യാസിയായിരുന്ന ഡോം പ്രോസ്പർ ഗൊറേഞ്ചറിന്റെ രചനകൾക്ക് കൂടുതൽ സ്വീകാര്യത കൈവന്നിട്ടുണ്ട്. സോലസ്മെസ് ആശ്രമത്തിന്റെ ആബട്ട്, ഫ്രഞ്ച് ബനഡക്ടൈൻ സമൂഹത്തിന്റെ സ്ഥാപകൻ, "ദൈവാരാധനാ വർഷം", "ഹോളി മാസ്സ്" എന്നിവയുടെ രചയിതാവ്  തുടങ്ങിയ നിലകളിൽ മുദ്രപതിപ്പിച്ച ഗൊറേഞ്ചർ  പത്തൊൻപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ  ആരാധനാക്രമ വിദഗ്ധനായി പരിഗണിയ്ക്കപ്പെടുന്നു.

ദൈവാരാധനയുടെ സഹജമായ വികാസപരിണാമം എന്ന തന്റെ ശ്രദ്ധേയമായ കൃതിയിൽ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ വിദഗ്ധനുമായ ഡോം അൽകിൽ റീഡ് O.S.B ഗോറേഞ്ചർ ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച സ്വഭാവവിശേഷങ്ങളെ ചർച്ചചെയ്യുന്നുണ്ട്.  ആ പന്ത്രണ്ടു സ്വഭാവങ്ങൾ താഴെ ചേർക്കുന്നു.

1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം
2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.
3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
4.  ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്,  ഏറ്റവും പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ പരിചയപ്പെടുത്തുക.
5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് ക്രമങ്ങളിൽ മാറ്റം വരുത്തുക
6. ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
7. പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
8. ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
9. ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
12. സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക.

http://liturgyguy.com/2015/08/10/the-antiliturgical-heresy/  എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.