Friday, December 16, 2011

6. ലംഘിക്കപ്പെടുന്ന പ്രമാണങ്ങൾ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


ഈ ഇരുപതാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യരാജ്യത്തിൽ “സീറോ മലബാറുകാരെയും സീറോ മലങ്കരക്കാരെയും അവരുടെ പട്ടക്കാരെയും തങ്ങളുടേതായ ആരാധാനാരീതി അനുഷ്ടിയ്ക്കുവാൻ തങ്ങളുടെ അതിർത്തിയ്ക്കുള്ളിൽ അനുവദിയ്ക്കുകയില്ല എന്നും അവർ കത്തോലിക്കരായിതുടരുകയും രക്ഷിക്കപ്പെടുകയും വേണമെങ്കിൽ ലത്തീൻ റീത്തിനെ ആശ്ലേഷിച്ചുകൊള്ളണമെന്നും ” പ്രമേയക്കാർ പറയാതെ പറയുമ്പോൾ ലംഘിക്കപ്പെടുന്നത് സാമാന്യതത്വങ്ങളും ക്രിസ്തീയ പ്രമാണങ്ങളുമാണ്. മനുഷ്യാവകാശത്തിന്റെ സാമാന്യതത്വവും ഈശോ മിശിഹായുടെ നിയമവും സ്വാതന്ത്യത്തെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ പ്രമാണവും നൂറ്റാണ്ടുകളായുള്ള ക്രിസ്തീയപാരമ്പര്യവും റോമായുടെ പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളും ഇന്ത്യൻ ഭരണഘടനയും മതസാഹോദര്യത്തിന്റെ മഹത്തായ ഭാരതസംസ്കാരവും സാമൂഹികജീവിതത്തിന്റെ അടീസ്ഥാന ആശയങ്ങളും ലംഘിക്കപ്പെടുന്നു. എന്നു തന്നെയല്ല പ്രമേയം സങ്കുചിതവും ഏകാതിപത്യപരവും ക്രമസമാധാനത്തിന്റെ ലംഘനവും ആണെന്നു പറയാതെ തരമില്ല. സമാനമായ ഒരു നിലപാട് ദില്ലിയിൽ നിന്ന് ഒരു ഔറംഗസേബോ ഒരു ടിമൂറോ എടുക്കുകയാണെന്നിരിക്കിൽ പ്രമേയക്കാരുടെയേയും അതേ വിശ്വാസം പങ്കുവയ്ക്കുന്ന മറ്റു വിഭാഗങ്ങളുടെയും ഗതി എന്താകുമായിരുന്നു! അഹമ്മദാബാദിലും ഭീവാണ്ടിയിലും ജാൽഗണിലും നടന്നതു പോലെയുള്ള മതത്തിന്റെ പേരിലുള്ള രക്തരൂക്ഷിത ലഹളകളാണോ കേരളത്തിലെ ക്രിസ്തുവിന്റെ അനുയായികൾ ഉന്നംവയ്ക്കേണ്ടത്!

No comments: