ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)
പ്രമേയക്കാരുടെ മുഖ്യ അജണ്ട എന്നു പറയുന്നത് പൗരസ്ത്യ സഭകളുടെ അധികാരപരിധി തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയുടെ വെളിയിൽ നിറുത്തുക എന്നുള്ളതാണ്. തത്ഭലമായി് അവിടെയുള്ള സുറിയായിക്കാരായ അത്മായരും വൈദീകരും സ്വാഭാവികമായും ലത്തീൻ സഭയുടെ അധികാരത്തിനു കീഴിൽ വന്നു ചേരും. അവരുടെ അതിർത്തി എന്ന പ്രയോഗത്തിന് എന്ത് ഔചിത്യമാണ് ഉള്ളതെന്നും എന്തധികാരത്താലാണ് തങ്ങളുടെ ആരാധനാരീതികളിൽ നിന്നും വ്യത്യസ്തമായവർ ലത്തീൻ രീതികൾക്ക് വിധേയപ്പെടണമെന്ന് ആവശ്യപ്പെടുന്നതെന്നും അറിഞ്ഞാൽ കൊള്ളാം. റോമാ അതിന്റെ ആരാധനാക്രമ ഭാഷയായി ലത്തീൻ ഭാഷയെ തിരഞ്ഞെടുക്കുന്നതിനും (നാലാം നൂറ്റാണ്ട്) മുൻപേതന്നെ, പശ്ചിമ യൂറോപ്പിൽ ലത്തീൻ രീതികൾ വ്യാപിക്കുന്നതിനും, ഒരു ലത്തീൻ മിഷനറി ഇന്ത്യയിൽ കാലുകുത്തുന്നതിനും സഹസ്രാബ്ധം മുൻപേതന്നെ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ആരാധനാ രീതി സുറീയായിയായിരുന്നു, അവർ സുറീയായീ അധികാരത്തിനു കീഴിലുമായിരുന്നു.
ഫാ: ഹോസ്റ്റൻ പറയുന്നത് പോർട്ടുഗീസ് ആധിപത്യത്തിനു മുൻപുള്ള ഇന്ത്യയിൽ ഒരു നേർരേഖയിലെന്നപോലെ സിന്ദ് മുതൽ കന്യാകുമാരിവരെയും മൈലാപ്പൂരിലും ക്രിസ്ത്യാനികൾ താമസിച്ചിരുന്നു എന്നാണ്. കോസ്മോസ് ഇൻഡികോപ്ലെസ്റ്റസ് (Cosmose Indicopleustes, A.D 535, Antiquities from San Thome and Mylapore by Rev. H. Hosten S.J 1936, p.402) കോറമാന്റൽ തീരത്തും ശ്രീലങ്കയിലും ക്രിസ്ത്യൻ സമൂഹങ്ങൾ ഉണ്ടായിരുന്നതായി പരാമർശിക്കുന്നുണ്ട്. ഗംഗാതടത്തിലും ഇന്ത്യയുടെ മധ്യപൂർവ പ്രദേശങ്ങളിലും പെഗു, കൊചിൻ ചൈന, സിയാം, ടോങ്ക്വിൻ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി കോസ്മോസിന്റെ ഉദ്ധരിച്ച് അസെമാനി (Assemani Vol III, ii, p.521 and Bulletin of the John Rylands Library, Vol X, 2, p.486.) പറയുന്നു. 1222 ഇൽ പാട്ന മെത്രാപ്പോലീത്തയുടെ അരമനയായി പരാമർശിയ്ക്കപെട്ടു കാണുന്നു (Wiltsch, Geography and Statistics of Church, pp 163-168). പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ സന്ദർശിച്ച മാർക്കോ പോളോ അന്ന് മധ്യ ദേശത്ത് ഉണ്ടായിരുന്ന ആറ് രാജാക്കന്മാരിൽ മൂന്നുപേർ ക്രിസ്ത്യാനികൾ ആയിരുന്നുവെന്നും മൂന്നുപേർ Saracen ആയിരുന്നെന്നും സാക്ഷ്യപ്പെടുത്തുന്നു (Cordiers, Marco Polo Vol. II, p 427). ഡക്കാൻ പ്രദേശത്തെ വിജയനഗരത്തിലെ പ്രധാനമന്ത്രി ഒരു ക്രിസ്ത്യാനിയായിരുന്നെന്ന് 1442ഇൽ ഇന്ത്യ സന്ദർശിച്ച മുസ്ലീം യാത്രികനായ അബ്ദെർ റസാഖ് പറഞ്ഞിട്ടൂണ്ട് (Hakluyt Library, 1st Series, Vol. XXII, p. 41). 15 ആം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച നിക്കോളോ കോന്റി പറയുന്നത് ആയിരത്തോളം വരുന്ന ഒരു സുറീയാനീ ക്രിസ്ത്യാനീ സമൂഹത്തെ അദ്ദേഹം കണ്ടുവെന്നും തങ്ങളുടെ ഇടയിലെ യഹൂദരെപ്പോലെ അവർ ഇന്ത്യമുഴുവനും ചിതറിക്കിടക്കുകയാണെന്നുമാണ്. ബഹുഭാര്യാത്വത്തിന്റെ കാര്യത്തിൽ മാത്രമാണ് അവർ വ്യത്യസ്തരായിരുന്നതെന്നും അദ്ദേഹം കണ്ടുമുട്ടിയ ഒരു വടക്കേ ഇന്ത്യക്കാരൻ, അവിടുത്തെ രാജാവും ജനങ്ങളും ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞതായും നിക്കോളാസ് കോന്റി രേഖപ്പെടുത്തുന്നു (Nicolo Conti, India in Fifteenth Century, p 7). 1375 ലേതെന്നു കരുതപ്പെടുന്ന ഒരു ഭൂപടത്തിൽ (Catalan Map) ഒറീസയിൽ ഒരു ക്രിസ്ത്യൻ രാജാവ് ഉണ്ടായിരുന്നതായി കാണുന്നു. A.D 1506 ഇൽ Varthema യിലെ ളൂയീസ് സുറിയാനീ ക്രിസ്ത്യാനികളായ കച്ചവടക്കാരെ ബംഗാളിൽ വച്ച് കണ്ടുമുട്ടി. അവർ സിയാമിന്റെ (Siam) തലസ്ഥാനമായ അയോഥായിൽ (Sarnam or Ayoutha) നിന്നുള്ളവരായിരുന്നു. അവർ അദ്ദേഹത്തെ ബർമ്മയിലെ പെഗുവിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ രാജാവിന്റെ സേവകരിൽ ആയിരത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. വ്യാപാരികൾക്കൊപ്പം ളൂയീസ് ജാവ, ബോർണിയോ, മൊളൂക്ക ദ്വീപ് (Borneo, Java, Molucca Islands) എന്നിവിടങ്ങളും സന്ദർശിച്ചു (Nau, L’ expansion sestorienne en Esie, p. 278). ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പോർട്ടുഗീസുകാരുടെ വരവിനു മുൻപ് ഏഷ്യയിലാകമാനം ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ സുറിയാനിക്കാർ മാത്രമായിരുന്നെന്നും അവരെ ഭരിച്ചിരുന്നതും സുറിയാനിക്കാരായിരുന്നെന്നും പറയാതെ തരമില്ല.
സുറിയാനീ സഭയുടെ പൗരാണികതയെക്കുറീച്ചും മഹത്വത്തെക്കുറിച്ചും പറയുമ്പോഴും സുറീയാനീ സഭയിൽ പൊതുവെ പ്രചരിച്ച പാഷണ്ഡതകളെക്കുറീച്ചും ഞങ്ങൾ അജ്ഞരല്ല. പടർന്നു പന്തലിച്ചു വിരാജിച്ച ആ മിഷനറി സഭയുടെ തകർച്ച അതിശയിപ്പിക്കുന്നില്ല. ഏതൊരു കത്തോലിയ്ക്കാ വിശ്വാസിയും ചെയ്യാൻ കടപ്പെട്ടിരിക്കുന്നതുപോലെ എല്ലാ പാഷണ്ഢതകളെയും ഞങ്ങൾ തള്ളിപ്പറയുകയും നിരാകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ സത്യവിശ്വാസവും സന്മാർഗ്ഗവും വാഗ്ദാനം ചെയ്യുന്ന കർത്താവിന്റെ സ്നേഹത്തിലേയ്ക്ക് നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ കരങ്ങളുയർത്തുന്നു. നെസ്തോറിയൻ പാഷണ്ഡതയുടെ നിഴലിൽനിന്ന് വിമുക്തമായിരുന്നിട്ടില്ലെന്നും ഏഷ്യയിൽ ആകമാനം പടർന്നു പന്തലിച്ചിരുന്ന സുറിയാനീ സഭയിൽ കത്തോലിയ്ക്കാവിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരേയൊരു സഭ മലബാർ സഭയാണെന്നും ഞങ്ങൾ മനസിലാക്കുന്നു.
പാഷണ്ഡതകളിലും ശീശ്മകളിലും ബോധപൂർവ്വമോ അല്ലാതെയോ ഔദ്യോദികമായോ സാങ്കേതികമായോ വീണുപോയ വിശ്വാസികളുടെ കാര്യത്തിൽ അന്നത്തെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ആധുനിക ചരിത്രകാരന്മാരും ദൈവശാസ്ത്രജ്ഞരും പഴയ കടുത്ത നിലപാടുകളെ മയപ്പെടുത്തുകയും മുൻവിധിയോടെയുള്ള പഴയ സമീപനത്തിൽ നിന്നു മാറി വിശാലമായ കാഴ്ചപ്പാടുകളിലേയ്ക്ക് വരികയും ചെയ്തിട്ടൂണ്ട് എന്നത് ശ്രദ്ധേയമാണ്. തിയോതോകോസ് ക്രിസ്തോതോക്കോസ് വ്യത്യാസം സാധാരണ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെയോ ഭക്തിയെയോ ബാധിക്കാനാവാത്തവിധം സങ്കീർണ്ണമാണ്. സുറിയാനീ സഭയുടെ കാര്യത്തിലാകട്ടെ വിശ്വാസത്തിൽ കാര്യമായ വൈരുധ്യമില്ലാതിരുന്നിട്ടുകൂടി റോമായും പേർഷ്യയും തമ്മിലുള്ള കിടമത്സരം കാര്യങ്ങൾ വഷളാക്കുകയാണുണ്ടായത്.
No comments:
Post a Comment