Wednesday, November 11, 2015

സകല മരിച്ചവരുടേയും സകല വിശുദ്ധരുടേയും തിരുന്നാൾ സിറോ മലബാർ സഭയിൽ

നവംബർ ഒന്നിന് സകല പുണ്യവാന്മാരുടേയും തിരുന്നാളും നവംബർ രണ്ടിന് മരിച്ചവരുടെ ഓർമ്മയും ആചരിയ്ക്കുന്ന  സിറോ മലബാറുകാരോട് ഒരു വാക്ക്. റോമൻ പേഗൻ ആചാരങ്ങളുടെ അനുരൂപണമായിട്ടാണ് ലത്തീൻ സഭയിൽ ഈ തിരുന്നാളുകൾ ആരംഭിയ്ക്കുന്നത്.  പേഗൻ ആചാരങ്ങളെ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യത്തിനും യോജിച്ച രീതിയിൽ അനുരൂപപ്പെടുത്തി ഉപയോഗിയ്ക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ പൗരസ്ത്യ സുറീയാനീ പാരമ്പര്യത്തിലുള്ള നമ്മുടെ  സിറോ മലബാർ സഭയ്ക്ക് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് യഥാർത്ഥത്തിൽ ഉള്ളത്.

പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും  ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്. നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) മരിച്ച വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.

 കത്തോലിയ്ക്കാ സഭ ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മയാണ്.. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്.  സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല, മറിച്ച് ഈ വ്യത്യസ്തത സാർവ്വത്രിക സഭയെ കൂടുതൽ മനോഹാരിയ്ക്കുകയാണ് ചെയ്യുന്നത്.
 
റോമൻ കത്തോലിയ്ക്കാ സഭ നവംബർ 1 ന് സകല പുണ്യവാന്മാരുടേയും തിരുന്നാളും  നവംബർ 2ന് മരിച്ചവരുടെ ഓർമ്മയും ആചരിയ്ക്കുന്നതായി നാം കണ്ടു.  സിറോ മലബാർ ദനഹാക്കാലം അവസാന വെള്ളിയാഴ്ച മരിച്ചവരുടെ ഓർമ്മയും, ഉയർപ്പുകാലത്തിലെ ആദ്യ വെള്ളിയാഴ്ച സകല പുണ്യവാന്മാരുടെ തിരുന്നാളും ആഘോഷിയ്ക്കുന്നു. മരിച്ച നമ്മുടെ ബന്ധുക്കളെ ഓർത്തുകൊണ്ട് നാം നോയമ്പിലേയ്ക്ക് പ്രവേശിയ്ക്കുന്നതും കർത്താവിന്റെ ഉയർപ്പുമായി ബന്ധപ്പെടുത്തി വിശുദ്ധരെ നാം അനുസ്മരിയ്ക്കുന്നതുമാണ് നമ്മുടെ രീതി. ഇതിൽ നിന്നു വ്യത്യസ്തമാണ് മലങ്കര കത്തോലിയ്ക്കാ സഭയുടേയും മലങ്കര ഓർത്തൊഡോക്സ് സഭയുടേയും രീതികൾ. നവംബർ ഒന്നിന് റോമൻ കത്തോലിയ്ക്കാ സഭയോടൊപ്പം അവർ സകല പുണ്യവാന്മാരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു. പക്ഷേ സകല മരിച്ചവരെയും അനുസ്മരിയ്ക്കുന്നത് നോയമ്പിനു മുമ്പുള്ള ഞായറാഴ്ചയാണ്(അന്നീദേ ഞായർ). ഇതിൽ നിന്നും വ്യത്യസ്തമാണ് ഗ്രീക്ക് സഭകളുടെ ശൈലി.കത്തോലിയ്ക്കാ കൂട്ടായ്മയിൽ പത്തിലധികം ഗ്രീക്ക് സഭകളുണ്ട്. മരിച്ചവരെ ഓർമ്മിയ്ക്കുവാൻ അവർക്ക് 5 ഓളം ദിവസങ്ങളുണ്ട്. നോയമ്പിനു മുൻപും നോയമ്പിലും അതിനുശേഷവുമുള്ള ശനിയാഴ്ചകളിലാണ് അവർ മരിച്ച വിശ്വാസികളെ അനുസ്മരിയ്ക്കുന്നത്. പന്തക്കുസ്താ കഴിഞ്ഞുള്ള ഞായറാഴ്ച വിശുദ്ധരുടെ തിരുന്നാളും. കർത്താവിന്റെ കുരിശുമരണവുമായി ബന്ധപ്പെടുത്തി വെള്ളിയാഴ്ചകളിൽ നാം കടന്നു പോയവരെ അനുസ്മരിയ്ക്കുമ്പോൾ ഈശോയുടെ കബറടക്കവുമായി ബന്ധപ്പെടുത്തിയാണ് ഗ്രീക്കുസഭകൾ ശനിയാഴ്ച  ഈ ഓർമ്മ ആചരിയ്ക്കുന്ന്അത്.  ലത്തീൻ സഭ ഒഴിച്ചുള്ള സഭകൾ എല്ലാം തന്നെ നോയമ്പുമായി ബന്ധപ്പെടുത്തിയാണ് മരിച്ചവരെ അനുസ്മരിയ്ക്കുന്നതെന്ന കാര്യവും പ്രത്യേകം ശ്രദ്ധയർഹിയ്ക്കുന്നു.

സ്വന്തം സഭയുടെ വ്യക്തിത്വവും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ വേറേ 23 സഭകൾ കൂടെയുണ്ട് എന്നു മനസിലാക്കാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നൊക്കെ പറഞ്ഞു കളയും. അല്ലെങ്കിൽ നവംബർ രണ്ട് സകല മരിച്ചവരുടേയും തിരുന്നാൾ ആഗോളകത്തോലിയ്ക്കാ സഭ ആഘോഷിയ്ക്കുന്നെന്നു പറയും. ആഗോള കത്തോലിയ്ക്കാ സഭ 24 സഭകളുടെ കൂട്ടായ്മയാണെന്നും വിവിധ സഭാപാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ഈ തിരുന്നാളുകൾ ആഘോഷിയ്ക്കപ്പെടുന്നതെന്നും  നമുക്ക് ഓർമ്മയുണ്ടായിരിയ്ക്കണം. നമ്മുടെ സഭയുടെ പാരമ്പര്യങ്ങളെ സംരക്ഷിയ്ക്കുവാൻ കടപ്പെട്ടവരായ നമുക്ക് നമ്മുടെ സഭയുടെ ചൈതന്യത്തിനും പാരമ്പര്യത്തിനും യോജിച്ച രീതിയിൽ ഈ തിരുന്നാൾ ആഘോഷിയ്കുവാൻ ശ്രമിയ്ക്കാം. കത്തോലിയ്ക്കാവത്കരണമെന്നാൽ ലത്തീൻ വത്കരണമല്ല എന്ന പത്താം പീയൂസ് മാർപ്പാപ്പയുടെ വാക്കുകൾ നമുക്ക് മറക്കാതിരിയ്ക്കാം.

Thursday, October 22, 2015

റോമനല്ലാത്ത കത്തോലിയ്ക്കർ

(crisis magazine പ്രസിദ്ധീകരിച്ച We are Non-Roman Catholics എന്ന ലേഖനത്തിന്റെ സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ പ്രസക്തമായ ആദ്യ ഘണ്ഡികകളുടെ സ്വതന്ത്ര പരിഭാഷ. )



എന്റെ മനോഹരമായ ഇടവകപള്ളിയിലേയ്ക്കു കടന്നു വരുന്ന ഒരു അതിഥികൾ ആദ്യമേ തന്നെ ഒന്നമ്പരക്കും. വാതിലിനോടു ചേർന്ന് ഹന്നാൻ വെള്ളമില്ല, പ്രതിമകളില്ല, സ്ലീവാപ്പാതയുടെ സ്ഥലങ്ങളില്ല, കുമ്പസാരക്കൂടുകളില്ല, കൊന്തചൊല്ലുന്ന സംഘങ്ങളില്ല. ഇതൊരു കത്തോലിയ്ക്കാ പള്ളി തന്നെയാണോ എന്നാവും അവർ ചോദിയ്ക്കുക. തീർച്ചയായും അതേ പക്ഷേ ബഹുഭൂരിപക്ഷം കത്തോലിയ്ക്കരും പ്രതീക്ഷിയ്ക്കുന്ന രീതിയിലുള്ള ഒന്നല്ലെന്നു മാത്രം.

ഇടവകപ്പള്ളിയിൽ എത്തിച്ചേരുവാൻ കഴിയാതിരുന്ന ഒരു യുവ ഇടവകാംഗത്തിന്റെ പ്രതികരണം സാമാന്യധാരണയിൽ അടിസ്ഥാനമാക്കിയായിരുന്നു. ഇടവകപള്ളിയിൽ വരാൻ സാധിയ്ക്കായ്കകൊണ്ട് അദ്ദേഹം ഒരു സാധാരണ കത്തോലിയ്ക്കാ പള്ളിയിലാണ് പോയതത്രെ. റോമൻ കത്തോലിയ്ക്കാ പള്ളി സാധാരണ കത്തോലിയ്ക്കാ പള്ളിയാണെങ്കിൽ റോമുമായി കൂട്ടായ്മയിലുള്ള എന്റെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിയ്ക്കാപള്ളിയും മറ്റു 22 പൗരസ്ത്യ സഹോദരീ സഭകളും അസാധാരണ കത്തോലിയ്ക്കാ പള്ളികളാണോ? എന്തായാലും മിക്കവർക്കും അത് അങ്ങിനെ തന്നെയാണ്.
മഹാഭൂരിപക്ഷം കത്തോലിയ്ക്കരും റോമുമായി കൂട്ടായ്മയിലുള്ള പൗരസ്ത്യ സഭകളെക്കുറിച്ച് അജ്ഞരാണ്. റോമൻ ലത്തീൽ പാരമ്പര്യത്തിലൂടെയല്ലാതെ കത്തോലിയ്ക്കരാകുന്നതിനെക്കുറിച്ച് അവർക്ക് ചിന്തിയ്ക്കുവാൻ പോലും കഴിയില്ല. റോമൻ കത്തോലിയ്ക്കരുമായി സംവദിയ്ക്കുമ്പോൾ പൗരസ്ത്യർക്ക് തങ്ങൾ കത്തോലിയ്ക്കരാണെന്നും, മാർ പാപ്പായുടെ നേതൃത്വം അംഗീകരിയ്ക്കുന്നവരാണെന്നും, നിങ്ങൾക്ക് ഇവിടെ നിന്നും കുർബാന സ്വീകരിയ്ക്കാമെന്നും ഞായറാഴ്ച ആചരണത്തിനായി ഇവിടെ വന്നാൽ മതിയാവുന്നതാണെന്നുമൊക്കെ വിശദീകരിയ്ക്കേണ്ടി വരും. ഞങ്ങൾ ഞങ്ങളെ റോമൻ എന്നു വിളിയ്ക്കാത്തത് റോമുമായി കൂട്ടായ്മ ഇല്ലാത്തതുകൊണ്ടല്ല ഞങ്ങൾ റോമൻ അല്ലാത്തതുകൊണ്ടാണ്. പല പൗരസ്ത്യ സഭകളും ഗ്രീക്ക് കത്തോലിയ്ക്കരാണ്. എല്ലാ റോമൻ കത്തോലിയ്ക്കരും ഇറ്റലിക്കാരല്ലാത്തതുപോലെ എല്ലാ ഗ്രീക്ക് കത്തോലിയ്ക്കരും ഗ്രീക്കുകാരുമല്ല. ഗ്രീക്ക് പ്രാദേശികതയല്ല ഗ്രീക്ക് ദൈവാരാധനാ പാരമ്പര്യമാണ് ഗ്രീക്ക് കത്തോലിയ്ക്കരുടെ അടിസ്ഥാനം.

- റോബർട്ട് സ്പെൻസർ

Sunday, August 16, 2015

ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢത

അടുത്തകാലത്തായി ബനഡക്ടൈൻ സന്യാസിയായിരുന്ന ഡോം പ്രോസ്പർ ഗൊറേഞ്ചറിന്റെ രചനകൾക്ക് കൂടുതൽ സ്വീകാര്യത കൈവന്നിട്ടുണ്ട്. സോലസ്മെസ് ആശ്രമത്തിന്റെ ആബട്ട്, ഫ്രഞ്ച് ബനഡക്ടൈൻ സമൂഹത്തിന്റെ സ്ഥാപകൻ, "ദൈവാരാധനാ വർഷം", "ഹോളി മാസ്സ്" എന്നിവയുടെ രചയിതാവ്  തുടങ്ങിയ നിലകളിൽ മുദ്രപതിപ്പിച്ച ഗൊറേഞ്ചർ  പത്തൊൻപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ  ആരാധനാക്രമ വിദഗ്ധനായി പരിഗണിയ്ക്കപ്പെടുന്നു.

ദൈവാരാധനയുടെ സഹജമായ വികാസപരിണാമം എന്ന തന്റെ ശ്രദ്ധേയമായ കൃതിയിൽ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ വിദഗ്ധനുമായ ഡോം അൽകിൽ റീഡ് O.S.B ഗോറേഞ്ചർ ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച സ്വഭാവവിശേഷങ്ങളെ ചർച്ചചെയ്യുന്നുണ്ട്.  ആ പന്ത്രണ്ടു സ്വഭാവങ്ങൾ താഴെ ചേർക്കുന്നു.

1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം
2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.
3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
4.  ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്,  ഏറ്റവും പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ പരിചയപ്പെടുത്തുക.
5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് ക്രമങ്ങളിൽ മാറ്റം വരുത്തുക
6. ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
7. പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
8. ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
9. ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
12. സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക.

http://liturgyguy.com/2015/08/10/the-antiliturgical-heresy/  എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Tuesday, April 14, 2015

അറമായയും സുറിയാനിയും

നമ്മുടെ കർത്താവീശോ മ്ശിഹായുടെ ഭാഷ സുറീയാനിയാണെന്നു പറയുമ്പോൾ ചിലർ തർക്കിച്ചു കാണാറുണ്ട്. ചിലർക്ക് ഈശോ ഹീബ്രുവാണെന്നു വരുത്തണം. മറ്റു ചിലർ ഈശോ അറമായയാണു സംസാരിച്ചതെന്നു സമ്മതിയ്ക്കുമെങ്കിലും അറമായയല്ല സുറിയാനി എന്നു വാദിയ്ക്കും. ലക്ഷ്യം ഏതായാലും ഒന്നു തന്നെ. പൗരസ്തസുറിയാനി പാരമ്പര്യത്തിലെ ഈശോമ്ശിഹായുടെ കൈയ്യൊപ്പിനെ നിരാകരിയ്ക്കുക. അങ്ങനെയുള്ളവർക്കായാണ് ഈശോ മിശിഹായും സുറിയാനിയും  എന്ന പോസ്റ്റിട്ടത്. അവിടെയും സുറീയാനിയും അറമായയും തമ്മിലുള്ള ബന്ധം വ്യക്തമാകാഞ്ഞതുകൊണ്ട് മറ്റൊരു പോസ്റ്റ് ആവട്ടെ എന്നു തീരുമാനിയ്ക്കുകയായിരുന്നു.

നോഹയുടെ പുത്രൻ ഷേമിന്റെ മകൻ ആരാമിന്റെയും സന്തതി പരമ്പരയുടേയും ഭാഷയാണ് അറമായ.  അവർ അധിവസിച്ച പ്രദേശം പിന്നീട് ആരാം എന്ന് അറിയപ്പെട്ടു. ഈ പ്രദേശത്ത് ഗ്രീക്കുകാർ സിറിയ എന്നു വിളിയ്ക്കുകയും അവരുടെ ഭാഷയെ സിറിയക്ക് (ശൂറായാ) എന്നും വിളിച്ചു.  ഇതിനെയാണ് ഇന്ത്യയിൽ സുറിയാനി എന്നു വിളിയ്ക്കുന്നു.

നമുക്ക് ഇതിന് ഉപോദ്ബലകമായ തെളിവുകൾ കണ്ടുപിടിയ്ക്കാം.

ഗ്രീക്ക് ഭൗമശാസ്ത്രകാരനും തത്വചിന്തകനുമായിരുന്ന സ്ത്രാബോ ( 63 BC – AD 24) പറയുന്നു: Posidonius [of Apamea in Syria] tells us that those people who are called by the Greeks Syrians, call themselves Arameans.....”.



പഴയനിയമത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റഗന്റിൽ ആരാമിനെ സിറിയ എന്നാണ് വിളിയ്ക്കുന്നത്.സെപ്റ്റഗന്റിന്റെ ഓൺലൈൻ വേർഷനിൽ ഇങ്ങനെ വായിയ്ക്കാം. "So Isaac sent away Jacob, and he went into Mesopotamia to Laban the son of Bethuel the Syrian, the brother of Rebecca the mother of Jacob and Esau" - Genesis 28: 5

യുണൈറ്റഡ് നേഷൻസ് കാത്തൊലിക്ക് ബിഷപ്പ് കോൺഫറൻസിന്റെ പരിഭാഷ താഴെക്കൊടുക്കുന്നു: Then Isaac sent Jacob on his way; he went to Paddan-aram, to Laban, son of Bethuel the Aramean, and brother of Rebekah, the mother of Jacob and Esau - - Genesis 28: 5



പിഓസിയുടെ പരിഭാഷയിലും അറമായനായ ബത്തുവേലിന്റെ മകൻ എന്നാണ് പറഞ്ഞിരിയ്ക്കുന്നത്.


യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസഫ്സ് ഗ്രീക്കുകാർ അറമായക്കാരെ സിറിയക്കാർ എന്നു വിളിച്ചിരുന്നതായി പറയപെടുന്നു.

അറമായ പണ്ഢിതനായ  മാർ തോമാ ഔദു  തന്റെ സുറിയാനീ
 നിഘണ്ടുവിൽ അറമായേ = സുർയായേ എന്നും ലിശാന അറമായാ = ലിശാനാ സുർയായേ എന്നും കൊടുത്തിട്ടുണ്ട്. അതായത് അറമായ തന്നെയാണ് സുറിയാനി.  ഈ നിഘണ്ടു 1897ൽ മൊസൂളിൽ നിന്നു പ്രസിദ്ധീകരിച്ചു.


എദ്ദേസായിലെ മാർ യാക്കോവ് (7 ആം നൂറ്റാണ്ട്) തങ്ങൾ അറമായക്കാരാണെന്നും സുറീയാനികളെന്നു വിളിയ്ക്കപ്പെടുന്നതായും പറയുന്നുണ്ട്.

ചുരുക്കത്തിൽ അറമായയും സുറീയാനിയും ഒന്നാണെന്നും അറമായരും സുറിയനിക്കാരും ഒന്നാണെന്നും  കർത്താവിനു മുൻപു തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Saturday, January 17, 2015

കുഞ്ഞാടിന്റെ ബലി വിശുദ്ധ കുർബാനയിൽ



ശ്രേഷ്ഠന്‍മാരുടെ നടുവില്‍, അറക്കപ്പെട്ടതായിതോന്നുന്ന ഒരു കുഞ്ഞാട് നിൽക്കുന്നതു  ഞാന്‍ കണ്ടു. (വെളിപാട് 5:6)
മിശിഹാരഹസ്യങ്ങളുടെ കൗദാശികമായ പുനരവതരണമാണല്ലോ വിശുദ്ധ കുർബാന. കുർബാനയിലുടനീളം വിവിധ അവസരങ്ങളിൽ മിശിഹായുടെ പീഠാനുവഭവും മരണവും ഖബറടക്കവും പരാമർശിയ്ക്കപ്പെടുകയും ധ്യാനവിഷയമാവുകയും ചെയ്യുന്നുണ്ട്. എങ്കിലും  പ്രതീകാത്മകമായി അവയെ പ്രത്യേകമായി അവതരിപ്പിയ്ക്കുന്ന സന്ദർഭം മനസിലാക്കുന്നത് കുർബാനയിലെ കുറച്ചുകൂടി മെച്ചമായ ഭാഗഭാഗിത്വത്തിനു സഹായകരമാവും എന്നു കരുതുന്നു.
ഏകജാതൻ - പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാട്
കുർബാനയപ്പത്തെ സൂചിപ്പിയ്ക്കുവാൻ ഓസ്തി എന്ന ലത്തീൽ പശ്ചാത്തലമുള്ള പദമാണല്ലോ പൊതുവെ ഉപയോഗിയ്ക്കുന്നത്. പുതിയ നിയമത്തിലെ പെസഹാക്കുഞ്ഞാടായ മിശിഹായെ സൂചിപ്പിയ്ക്കുന്ന ഈ പദത്തിന്റെ അർത്ഥം അർത്ഥം ബലികഴിയ്ക്കുവാനുള്ള മൃഗം എന്നതാണ്. നമ്മൂടെ ആരാധനാക്രമ ഭാഷയായ സുറിയാനിയിൽ ഏകജാതൻ എന്നർത്ഥം വരുന്ന ബുക്ര  എന്ന പദമാണ് കുർബാനയപ്പത്തെ സൂചിപ്പിയ്ക്കുവാൻ ഉപയോഗിയ്ക്കുന്നത്.
ഈശോമിശിഹായുടെ ഗാഗുൽത്താ യാത്ര
ക്രമപ്രകാരം മദ്ബഹായ്ക്ക് ഇരുവശത്തുമുള്ള ബേസ്ഗസ്സാ(നിക്ഷേപാലയങ്ങൾ) കളിലാണ് അപ്പവും വീഞ്ഞും ഒരുക്കേണ്ടത്. ബലിബസ്തുക്കൾ ഒരുക്കുന്നതും ബലിപീഠത്തിലേയ്ക്ക് സംവഹിയ്ക്കുന്നതും മ്ശംശാനാപ്പട്ടാക്കാരോ അവരുടെ അഭാവത്തിൽ കാർമ്മികനോ ആയിരിയ്ക്കും. മദ്ബഹായിലേയ്ക്ക് അപ്പവും വീഞ്ഞും സംവഹിയ്ക്കുന്നത് ഈശോമിശിഹായുടെ കുരിശും ചുമന്നുകൊണ്ടുള്ള ഗാഗുൽത്തായാത്രയുടെ പ്രതീകാത്മകമായ അവതരണമാണ്.
ഈശോമിശിഹായൂടെ കുരിശുമരണം
ബലിപീഠത്തിൽ കൊണ്ടുവന്ന ബലിവസ്തുക്കൾ കാർമ്മികൻ മദ്ബഹായിൽ ഇരുകൈകളും കുരിശാകൃതിയിൽ ഉയർത്തി പ്രാർത്ഥിയ്ക്കുന്നു. ഇത് നമ്മുടെ കർത്താവിന്റെ കുരിശുമരണത്തെയാണ് സൂചിപ്പിയ്ക്കുന്നത്.
ഈശോമിശിഹായുടെ ഖബറടക്കം
കുരിശിൽ മരിച്ച ഈശോയെ കുരിശിൽ നിന്നിറക്കി കല്ലറയിൽ സംസ്കരിച്ച് കല്ലറ കല്ലുകൊണ്ട് മൂടുന്നു. ഇതിനെ സൂചിപ്പിയ്ക്കുവാൻ കുരിശാകൃതിയിൽ ഉയർത്തിയ അപ്പവും വീഞ്ഞും മദ്ബഹായിൽ വച്ച് ശോശപ്പകൊണ്ട് മൂടുന്നു. ശോശപ്പ (കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം) ഇവിടെ ഈശോമിശിഹായുടെ തിരുക്കല്ലറയുടെ മൂടിയായി മാറുകയാണ്.
ദിവ്യരഹസ്യ ഗീതം
ഈശോമിശിഹായുടെ രക്ഷാകര ചരിത്രത്തിലെ മൂന്നു പ്രധാന സംഭവങ്ങൾ - ഗാഗുല്ത്താ യാത്ര, കുരിശുമരണം, ഖബറടക്കം പ്രതീകാത്മകമായി അവതരിപ്പിയ്ക്കുന്ന അവസരത്തിൽ  ആലപിയ്ക്കുന്ന ഗീതത്തിന് ദിവ്യരഹസ്യഗീതം എന്നാണു പറയുന്നത്. സുറിയാനിയിൽ ഇതിന് ഒനീസാ (ഗീതം) ദ്റാസേ (രഹസ്യങ്ങളുടെ)  എന്നു പറയും. മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ എന്ന ഗാനമാണ് ദിവ്യരഹസ്യഗീതം. ബലിപീഠത്തിൽ സജ്ജീകരിയ്ക്കപ്പെടുന്ന പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാടിനെ സമീപിച്ച്  മാലാഖാമാരോടോത്ത് ദൈവമായ കർത്താവ് പരിശുദ്ധൻ എന്നു പാടിസ്തുതിയ്ക്കാം എന്നാണ് ഗാനത്തിന്റെ അർത്ഥം.
അറക്കപ്പെട്ട കുഞ്ഞാട്
വെളിപാടിന്റെ പുസ്തകത്തിൽ അഞ്ച് അധ്യായത്തിൽ രേഖപ്പെടുത്തിയ ദർശനമുണ്ട്. സ്വർഗ്ഗത്തിലെ സിംഹാസനസ്ഥന്റെമുൻപിൽ സിംഹാസനത്തിന്റെയും നാലുജീവികളുടേയും മധ്യത്തിൽ അറക്കപ്പെട്ട കുഞ്ഞാട്. നാലുജീവികളും ഇരുപത്തിനാലുശ്രേഷ്ടന്മാരും കുഞ്ഞാടിനെ കുമ്പിട്ടാരാധിയ്ക്കുന്നു. അവർ ആലപിയ്ക്കുന്നു “നീ വധിയ്ക്കപ്പെടുകയും നിന്റെ രക്തത്താൽ ഞങ്ങളെ ദൈവത്തിനായി വിലയ്ക്കുവാങ്ങുകയും ചെയ്തിരിയ്ക്കുന്നു. മാലാകാമാരുടെ പതിനായിരങ്ങളും കുഞ്ഞാടിനെ സ്തുതിയ്ക്കുന്നു.  ഇതേ ആശയം തന്നെയാണ് ഒനീസാ ദ് റാസേ മുൻപോട്ടുവയ്ക്കുന്നതും.
വിശുദ്ധ ബലിപീഠത്തിങ്കൽ മിശിഹായുടെ ശരീരവും അമൂല്യമായ രക്തവും. നമുക്കെല്ലാവർക്കും ഭയഭക്തികളോടെ അവനെ സമീപിയ്ക്കുകയും മാലാകാമാരോടൊന്നിച്ച് ദൈവമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു പാടിസ്തുതിയ്ക്കുകയും ചെയ്യാം. ( ഒനീസാ ദ് റാസേ, സീറോ മലബാർ സഭയുടെ പരിശുദ്ധ കുർബാന )
ദിവ്യരഹസ്യഗീതത്തിന്റെ സമയത്ത് വൈദീകന്റെ കരങ്ങളിലൂടെ അവതരിപ്പിയ്ക്കപ്പെടുന്ന മിശിഹായുടെ ബലിയേയും ഗീതത്തിന്റെ അർത്ഥത്തേയും ധ്യാനിച്ച് ഭയഭക്തികളോടെ ദൈവമായ കർത്താവിനെ സ്തുതിയ്ക്കാം.