Tuesday, December 20, 2011

7. സുറിയാനീ സഭ - പോർട്ടുഗീസ് ആധിപത്യത്തിനു മുൻപ്

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


പ്രമേയക്കാരുടെ മുഖ്യ അജണ്ട എന്നു പറയുന്നത് പൗരസ്ത്യ സഭകളുടെ അധികാരപരിധി തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയുടെ വെളിയിൽ നിറുത്തുക എന്നുള്ളതാണ്. തത്ഭലമായി് അവിടെയുള്ള സുറിയായിക്കാരായ അത്മായരും വൈദീകരും സ്വാഭാവികമായും ലത്തീൻ സഭയുടെ അധികാരത്തിനു കീഴിൽ വന്നു ചേരും. അവരുടെ അതിർത്തി എന്ന പ്രയോഗത്തിന് എന്ത് ഔചിത്യമാണ് ഉള്ളതെന്നും എന്തധികാരത്താലാണ് തങ്ങളുടെ ആരാധനാരീതികളിൽ നിന്നും വ്യത്യസ്തമായവർ ലത്തീൻ രീതികൾക്ക് വിധേയപ്പെടണമെന്ന് ആവശ്യപ്പെടുന്നതെന്നും അറിഞ്ഞാൽ കൊള്ളാം. റോമാ അതിന്റെ ആരാധനാക്രമ ഭാഷയായി ലത്തീൻ ഭാഷയെ തിരഞ്ഞെടുക്കുന്നതിനും (നാലാം നൂറ്റാണ്ട്) മുൻപേതന്നെ, പശ്ചിമ യൂറോപ്പിൽ ലത്തീൻ രീതികൾ വ്യാപിക്കുന്നതിനും, ഒരു ലത്തീൻ മിഷനറി ഇന്ത്യയിൽ കാലുകുത്തുന്നതിനും സഹസ്രാബ്ധം മുൻപേതന്നെ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ആരാധനാ രീതി സുറീയായിയായിരുന്നു, അവർ സുറീയായീ അധികാരത്തിനു കീഴിലുമായിരുന്നു.

ഫാ: ഹോസ്റ്റൻ പറയുന്നത് പോർട്ടുഗീസ് ആധിപത്യത്തിനു മുൻപുള്ള ഇന്ത്യയിൽ ഒരു നേർരേഖയിലെന്നപോലെ സിന്ദ് മുതൽ കന്യാകുമാരിവരെയും മൈലാപ്പൂരിലും ക്രിസ്ത്യാനികൾ താമസിച്ചിരുന്നു എന്നാണ്. കോസ്മോസ് ഇൻഡികോപ്ലെസ്റ്റസ് (Cosmose Indicopleustes, A.D 535, Antiquities from San Thome and Mylapore by Rev. H. Hosten S.J 1936, p.402) കോറമാന്റൽ തീരത്തും ശ്രീലങ്കയിലും ക്രിസ്ത്യൻ സമൂഹങ്ങൾ ഉണ്ടായിരുന്നതായി പരാമർശിക്കുന്നുണ്ട്. ഗംഗാതടത്തിലും ഇന്ത്യയുടെ മധ്യപൂർവ പ്രദേശങ്ങളിലും പെഗു, കൊചിൻ ചൈന, സിയാം, ടോങ്ക്വിൻ എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നതായി കോസ്മോസിന്റെ ഉദ്ധരിച്ച് അസെമാനി (Assemani Vol III, ii, p.521 and Bulletin of the John Rylands Library, Vol X, 2, p.486.) പറയുന്നു. 1222 ഇൽ പാട്ന മെത്രാപ്പോലീത്തയുടെ അരമനയായി പരാമർശിയ്ക്കപെട്ടു കാണുന്നു (Wiltsch, Geography and Statistics of Church, pp 163-168). പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യ സന്ദർശിച്ച മാർക്കോ പോളോ അന്ന് മധ്യ ദേശത്ത് ഉണ്ടായിരുന്ന ആറ് രാജാക്കന്മാരിൽ മൂന്നുപേർ ക്രിസ്ത്യാനികൾ ആയിരുന്നുവെന്നും മൂന്നുപേർ Saracen ആയിരുന്നെന്നും സാക്ഷ്യപ്പെടുത്തുന്നു (Cordiers, Marco Polo Vol. II, p 427). ഡക്കാൻ പ്രദേശത്തെ വിജയനഗരത്തിലെ പ്രധാനമന്ത്രി ഒരു ക്രിസ്ത്യാനിയായിരുന്നെന്ന് 1442ഇൽ ഇന്ത്യ സന്ദർശിച്ച മുസ്ലീം യാത്രികനായ അബ്ദെർ റസാഖ് പറഞ്ഞിട്ടൂണ്ട് (Hakluyt Library, 1st Series, Vol. XXII, p. 41). 15 ആം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച നിക്കോളോ കോന്റി പറയുന്നത് ആയിരത്തോളം വരുന്ന ഒരു സുറീയാനീ ക്രിസ്ത്യാനീ സമൂഹത്തെ അദ്ദേഹം കണ്ടുവെന്നും തങ്ങളുടെ ഇടയിലെ യഹൂദരെപ്പോലെ അവർ ഇന്ത്യമുഴുവനും ചിതറിക്കിടക്കുകയാണെന്നുമാണ്. ബഹുഭാര്യാത്വത്തിന്റെ കാര്യത്തിൽ മാത്രമാണ് അവർ വ്യത്യസ്തരായിരുന്നതെന്നും അദ്ദേഹം കണ്ടുമുട്ടിയ ഒരു വടക്കേ ഇന്ത്യക്കാരൻ, അവിടുത്തെ രാജാവും ജനങ്ങളും ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞതായും നിക്കോളാസ് കോന്റി രേഖപ്പെടുത്തുന്നു (Nicolo Conti, India in Fifteenth Century, p 7). 1375 ലേതെന്നു കരുതപ്പെടുന്ന ഒരു ഭൂപടത്തിൽ (Catalan Map) ഒറീസയിൽ ഒരു ക്രിസ്ത്യൻ രാജാവ് ഉണ്ടായിരുന്നതായി കാണുന്നു. A.D 1506 ഇൽ Varthema യിലെ ളൂയീസ് സുറിയാനീ ക്രിസ്ത്യാനികളായ കച്ചവടക്കാരെ ബംഗാളിൽ വച്ച് കണ്ടുമുട്ടി. അവർ സിയാമിന്റെ (Siam) തലസ്ഥാനമായ അയോഥായിൽ (Sarnam or Ayoutha) നിന്നുള്ളവരായിരുന്നു. അവർ അദ്ദേഹത്തെ ബർമ്മയിലെ പെഗുവിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ രാജാവിന്റെ സേവകരിൽ ആയിരത്തോളം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. വ്യാപാരികൾക്കൊപ്പം ളൂയീസ് ജാവ, ബോർണിയോ, മൊളൂക്ക ദ്വീപ് (Borneo, Java, Molucca Islands) എന്നിവിടങ്ങളും സന്ദർശിച്ചു (Nau, L’ expansion sestorienne en Esie, p. 278). ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പോർട്ടുഗീസുകാരുടെ വരവിനു മുൻപ് ഏഷ്യയിലാകമാനം ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ സുറിയാനിക്കാർ മാത്രമായിരുന്നെന്നും അവരെ ഭരിച്ചിരുന്നതും സുറിയാനിക്കാരായിരുന്നെന്നും പറയാതെ തരമില്ല.

സുറിയാനീ സഭയുടെ പൗരാണികതയെക്കുറീച്ചും മഹത്വത്തെക്കുറിച്ചും പറയുമ്പോഴും സുറീയാനീ സഭയിൽ പൊതുവെ പ്രചരിച്ച പാഷണ്ഡതകളെക്കുറീച്ചും ഞങ്ങൾ അജ്ഞരല്ല. പടർന്നു പന്തലിച്ചു വിരാജിച്ച ആ മിഷനറി സഭയുടെ തകർച്ച അതിശയിപ്പിക്കുന്നില്ല. ഏതൊരു കത്തോലിയ്ക്കാ വിശ്വാസിയും ചെയ്യാൻ കടപ്പെട്ടിരിക്കുന്നതുപോലെ എല്ലാ പാഷണ്ഢതകളെയും ഞങ്ങൾ തള്ളിപ്പറയുകയും നിരാകരിക്കുകയും ചെയ്യുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ കീഴിൽ സത്യവിശ്വാസവും സന്മാർഗ്ഗവും വാഗ്ദാനം ചെയ്യുന്ന കർത്താവിന്റെ സ്നേഹത്തിലേയ്ക്ക് നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ കരങ്ങളുയർത്തുന്നു. നെസ്തോറിയൻ പാഷണ്ഡതയുടെ നിഴലിൽനിന്ന് വിമുക്തമായിരുന്നിട്ടില്ലെന്നും ഏഷ്യയിൽ ആകമാനം പടർന്നു പന്തലിച്ചിരുന്ന സുറിയാനീ സഭയിൽ കത്തോലിയ്ക്കാവിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരേയൊരു സഭ മലബാർ സഭയാണെന്നും ഞങ്ങൾ മനസിലാക്കുന്നു.

പാഷണ്ഡതകളിലും ശീശ്മകളിലും ബോധപൂർവ്വമോ അല്ലാതെയോ ഔദ്യോദികമായോ സാങ്കേതികമായോ വീണുപോയ വിശ്വാസികളുടെ കാര്യത്തിൽ അന്നത്തെ പ്രത്യേക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ആധുനിക ചരിത്രകാരന്മാരും ദൈവശാസ്ത്രജ്ഞരും പഴയ കടുത്ത നിലപാടുകളെ മയപ്പെടുത്തുകയും മുൻവിധിയോടെയുള്ള പഴയ സമീപനത്തിൽ നിന്നു മാറി വിശാലമായ കാഴ്ചപ്പാടുകളിലേയ്ക്ക് വരികയും ചെയ്തിട്ടൂണ്ട് എന്നത് ശ്രദ്ധേയമാണ്. തിയോതോകോസ് ക്രിസ്തോതോക്കോസ് വ്യത്യാസം സാധാരണ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെയോ ഭക്തിയെയോ ബാധിക്കാനാവാത്തവിധം സങ്കീർണ്ണമാണ്. സുറിയാനീ സഭയുടെ കാര്യത്തിലാകട്ടെ വിശ്വാസത്തിൽ കാര്യമായ വൈരുധ്യമില്ലാതിരുന്നിട്ടുകൂടി റോമായും പേർഷ്യയും തമ്മിലുള്ള കിടമത്സരം കാര്യങ്ങൾ വഷളാക്കുകയാണുണ്ടായത്.

Friday, December 16, 2011

6. ലംഘിക്കപ്പെടുന്ന പ്രമാണങ്ങൾ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


ഈ ഇരുപതാം നൂറ്റാണ്ടിൽ ഒരു ജനാധിപത്യരാജ്യത്തിൽ “സീറോ മലബാറുകാരെയും സീറോ മലങ്കരക്കാരെയും അവരുടെ പട്ടക്കാരെയും തങ്ങളുടേതായ ആരാധാനാരീതി അനുഷ്ടിയ്ക്കുവാൻ തങ്ങളുടെ അതിർത്തിയ്ക്കുള്ളിൽ അനുവദിയ്ക്കുകയില്ല എന്നും അവർ കത്തോലിക്കരായിതുടരുകയും രക്ഷിക്കപ്പെടുകയും വേണമെങ്കിൽ ലത്തീൻ റീത്തിനെ ആശ്ലേഷിച്ചുകൊള്ളണമെന്നും ” പ്രമേയക്കാർ പറയാതെ പറയുമ്പോൾ ലംഘിക്കപ്പെടുന്നത് സാമാന്യതത്വങ്ങളും ക്രിസ്തീയ പ്രമാണങ്ങളുമാണ്. മനുഷ്യാവകാശത്തിന്റെ സാമാന്യതത്വവും ഈശോ മിശിഹായുടെ നിയമവും സ്വാതന്ത്യത്തെക്കുറിച്ചുള്ള പൗലോസ് ശ്ലീഹായുടെ പ്രമാണവും നൂറ്റാണ്ടുകളായുള്ള ക്രിസ്തീയപാരമ്പര്യവും റോമായുടെ പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളും ഇന്ത്യൻ ഭരണഘടനയും മതസാഹോദര്യത്തിന്റെ മഹത്തായ ഭാരതസംസ്കാരവും സാമൂഹികജീവിതത്തിന്റെ അടീസ്ഥാന ആശയങ്ങളും ലംഘിക്കപ്പെടുന്നു. എന്നു തന്നെയല്ല പ്രമേയം സങ്കുചിതവും ഏകാതിപത്യപരവും ക്രമസമാധാനത്തിന്റെ ലംഘനവും ആണെന്നു പറയാതെ തരമില്ല. സമാനമായ ഒരു നിലപാട് ദില്ലിയിൽ നിന്ന് ഒരു ഔറംഗസേബോ ഒരു ടിമൂറോ എടുക്കുകയാണെന്നിരിക്കിൽ പ്രമേയക്കാരുടെയേയും അതേ വിശ്വാസം പങ്കുവയ്ക്കുന്ന മറ്റു വിഭാഗങ്ങളുടെയും ഗതി എന്താകുമായിരുന്നു! അഹമ്മദാബാദിലും ഭീവാണ്ടിയിലും ജാൽഗണിലും നടന്നതു പോലെയുള്ള മതത്തിന്റെ പേരിലുള്ള രക്തരൂക്ഷിത ലഹളകളാണോ കേരളത്തിലെ ക്രിസ്തുവിന്റെ അനുയായികൾ ഉന്നംവയ്ക്കേണ്ടത്!

Wednesday, December 14, 2011

ഗോവയിലെ മാർത്തോമാ ക്രിസ്ത്യാനികൾ

[റവ. ഡോ. ഹ്യൂബർട്ട് ഓ. മസ്കരനാസ് പിയെച്.ഡി.; ഡി.ഡി ]

ഗോവയിലെ മാർത്തോമാ ക്രിസ്ത്യാനികൾ

മാർത്തോമാശ്ലീഹായെയും വിശുദ്ധ ബർത്തലോമിയെയും സംബന്ധിച്ച് ഗവേഷണം നടത്തുന്ന ഭാഷാതത്വശാസ്ത്രജ്ഞനും പണ്ഢിതനുമായ ഫാ. ഹ്യൂബർട്ട് ഓ. മസ്കരനാസുമായി ന്യൂലീഡർ പത്രാധിപർ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ് താഴെ ചേർക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവ സഭയുടെ അപ്പ്സ്തോലിക അടിസ്ഥാനമാണ് അദ്ദേഹത്തിന്റെ പഠന വിഷയം. മൈലാപൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന്അ മാർത്തോമായെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി 1969 ഫെബ്രുവരിയിൽ ബോബെയിൽ നിന്നും മദ്രാസിലെത്തിയ അദ്ദേഹം പൂനമല്ലി മേജർ സെമിനാരിയിൽ സംസ്കൃതവും ഹിന്ദിയും ഇന്ത്യൻ തത്വശാസ്ത്രവും (അപ്പസ്തോലിക പ്രവർത്തനങ്ങളും ഹിന്ദു ഐക്യവും) പഠിപ്പിക്കുവാൻ നിയമിക്കപ്പെട്ടു.

പൗരാണിക ന്ത്യൻ സംസ്കാരത്തെക്കുറിച്ച് ബോംബെ യൂണിവേർസിറ്റിയിലെ സെറ്റ് സേവിയേഴ്സ് കോളേജിൽ എം.അ വിദ്യാർത്ഥികൾക്കായി 1947 മുതൽ 57 വരെ അദ്ദേഹം അധ്യാപനം നടത്തി. ഫാ. H. ഹെരാസ് എസ്.ജെ യുടെ കീഴിൽ 1927-28, 1945-57 കാലഘട്ടങ്ങളിൽ പരിശീലനം സിദ്ധിച്ച ഫാ. മസ്കരാനാസ് ദ്രാവിഡ സംസ്കാരത്തിലും ഇന്ത്യയുടെ ആധ്യാത്മിക ഐക്യത്തിലും അതീവ തത്പരനാണ്.

തന്റെ തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും(1928-36) അദ്ദേഹം റോമിലാണ് നടത്തിയത്. ഇന്ത്യൻ പാരമ്പര്യങ്ങളുടെ സത്യാത്മകതയിൽ ഡോക്റ്ററേറ്റു നേടിയ അദ്ദേഹം 1939ൽ ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റു നേടുകയുണ്ടായി. "ഇന്ത്യൻ പാരമ്പര്യങ്ങളിലുള്ള മനുഷ്യാവതാരത്തെ സംബന്ധിച്ച രഹസ്യാത്മക" പഠനവിഷയമാക്കുവാൻ ഇന്ത്യയിലേയ്ക്കു മടങ്ങിയ അദ്ദേഹം ഇന്നത്തെ ഗോവ, പൂനെ ബോബെ എന്നീ രൂപതകളിലായി തന്റെ പഠനം പൂർത്തിയാക്കി.

ഗോവൻ മാതപിതാക്കളിൽ നിന്നും ജനിച്ച അദ്ദേഹം 1928ൽ പദ്രവാദോ അധികാരാതിർത്തിയിൽ നിന്നും പ്രൊപ്പഗാന്താഭരണത്തിൽ കീഴിലേയ്ക്കു മാറി. 1934ൽ പൂനെ രൂപതയ്ക്കുവേണ്ടീ റോമിൽ വച്ച് വൈദീക പട്ടം സ്വീകരിച്ച ഫാ. മസ്കരാനസ് 1936 മുതൽ 70 വരെ യൂറോപ്പിലും ഇന്ത്യയിലുമായി ഇടവക ജോലികളിലും സാമൂഹ്യപ്രവർത്തനങ്ങളിലും മുഴുകിക്കഴിഞ്ഞു. ബോംബെയിലെ ഇന്ത്യൻ സാംസ്കാരിക കലാലയവുമായി അടുത്ത ബന്ധത്തിൽ കഴിയുന്ന അദ്ദേഹത്തിനു മദ്രാസിലെ ജീവിതം തികച്ചും സന്തോഷപ്രദമാണ്. "സഭാധികാരികൾക്കധീനനായി, ജീവിതത്തിന്റെ അന്ത്യനാളുകളിൽ ഭാരതത്തിലെ മതങ്ങളെയും ആദ്ധാത്മിക ഐക്യത്തെയും സംബന്ധിച്ച് പഠിയ്ക്കുവാൻ അവസരം തന്ന് ദൈവം എന്നെ അനുഗ്രഹിച്ചിരിയ്ക്കുന്നു. സ്വതന്ത്യ ഇന്ത്യയുടെയും രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന്റെയും പശ്ചാത്തലത്തിൽ ഏഷ്യയിൽ നിലനിൽക്കുന്ന ശ്ലൈഹീക ക്രിസ്തീയതയുടെ പാരമ്പര്യങ്ങളെ പരിരക്ഷിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്" എന്ന് അദ്ദേഹം തന്നെ പറയുന്നു. ഭാരത്തത്തിലെ അപ്പസ്തോലിക സഭയോടുല്ല അദ്ദേഹത്തിന്റെ താത്പര്യമാണ് നമുക്കിവിടെ ദർശിയ്ക്കുവാൻ സാാധിക്കുന്നത്.

എഡിറ്റർ: മാർതോമാ സ്ലീഹായുമായി ബന്ധപ്പെട്ട ശ്ലൈഹീകക്രൈസ്തവസഭയേയും ഹിന്ദുമതത്തേയും സംബന്ധിച്ച് പാണ്ഡിത്യം ഉള്ള ആളാണല്ലോ ഫാദർ. താങ്കൾക്ക് മാർതോമാശ്ലീഹായോട് താത്പര്യം ഉണ്ടാകുവാൻ കാരണമെന്താണെന്ന് വായനക്കാർക്കു വേണ്ടീ ഒന്നു വിശദീകരിക്കാമോ?

ഫാദർ മസ്കരനാസ്:- മാർതോമാശ്ലീഹായിലുള്ള എന്റെ ക്രമാനുഗതമായ താത്പര്യത്തിന് ആരംഭംകുറിച്ചത് ഡോക്റ്ററേറ്റിനു വേണ്ടീയുള്ള ഗവേഷണത്തിൽ “ഇന്ത്യൻ പാരമ്പര്യങ്ങളിലെ മനുഷ്യാവതാര”ത്തെ സംബന്ധിച്ച എന്റെ പഠനമാണ്. പൗരാണിക വെളിപാടുകൾ ഒന്നുമില്ലാതെ മനുഷ്യാവതാര രഹസ്യങ്ങളെക്കുറീച്ച് ഇന്ത്യയിലെ ജനങ്ങൾക്കു കിട്ടിയ അറിവിന്റെ ഉത്ഭവത്തെക്കുറിച്ചാണ് എനിയ്ക്ക് മനസിലാക്കേണ്ടിയിരുന്നത്. ക്രിസ്താബ്ദത്തിനു മുമ്പ് പുരാതനമായ ഇന്ത്യയും മറ്റുരാജ്യങ്ങളുമായി പ്രത്യേകിച്ച് ഇസ്രായേയിലെ ജനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവോ എന്നു കണ്ടൂപിടിക്കുവാനായിരുന്നു എന്റെ പ്രഥമ പരിശ്രമം. കിഴക്കുനിന്നാണ് വിജ്ഞാനികൾ വന്നതെന്ന് എല്ലാവർക്കുമറിയാം. “യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ എവിടെയാണ്?” അവർ ചോദിച്ചു. ക്രിസ്തുമതത്തിനു മുൻപുതന്നെ വിശ്വസനീയമായ ഒരു ബന്ധം അവർ തമ്മിൽ ഇല്ലായിരുന്നുവെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവർ യഹൂദന്മാരിലും അവരുടെ രാജാവിലും താത്പര്യം പ്രകടീപ്പിച്ചത്? അതുകൊണ്ട് ഇസ്രായേൽ മക്കൾ എന്നറിയപ്പെട്ടിരുന്ന ഇസ്രായേൽ വംശജരും ഇന്ത്യയിലെ ജനങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ നിലനിന്നുവന്ന വ്യാപാരസംസ്കാരിക ബന്ധത്തിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു തോമാശ്ലീഹായുടെ ആഗമനം എന്നാണ് ഞാൻ മനസിലാക്കുന്നത്.

എഡിറ്റർ: മാർ തോമാശ്ലീഹായിൽ താങ്കൾക്കുണ്ടായിരുന്ന ക്രമാനുഗതമായ താത്പര്യത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ഗവേഷണം ആരംഭിക്കുന്നതിനു മുൻപു തന്നെ ഈ താത്പര്യം അങ്ങേയ്ക്കുണ്ടായിരുന്നോ?

ഫാദർ: ഉണ്ടായിരുന്നുവെന്നു പറയുന്നതാണ് ശരി. ഗോവൗഇൽ അൽഡോണയിൽ താമസിച്ചിരുന്ന എന്റെ പിതാമഹിയാണ് യഥാർത്ഥത്തിൽ ഇതിലേയ്ക്ക് എന്നെ നയിച്ചത്. ആ ഗ്രാമത്തിന്റെ മദ്ധ്യസ്ഥനായി ജനങ്ങൾ വിശ്വസിയ്ക്കുന്ന മാർതോമാശ്ലീഹായെക്കുറീച്ച് അവസരം കിട്ടുമ്പോഴെല്ലാം അവർ എന്നോടൂ സംസാരിക്കുക പതിവായിരുന്നു. വി.ഫ്രാൻസിസ് സേവ്യർ എനിക്കെല്ലാമായിരുന്നെങ്കിലും മാർതോമാശ്ലീഹായോടായിരുന്നു അവർക്കു കൂടുതൽ പ്രതിപത്തി. നാമിന്നു ക്രിസ്ത്യാനികൾ എന്നു വിളിക്കുന്ന ജനങ്ങളും കൊങ്കിണികളായ മറ്റു ജനങ്ങളും തമ്മിൽ ആദ്യകാലങ്ങളിൽ ഒരു വ്യത്യാസവുമില്ലായിരുന്നെന്നാണ് പിതാമഹി എന്നോടൂ പറഞ്ഞത്. ഗ്രാമീണപ്രദേശങ്ങളിൽ ക്രിസ്ത്യാനികളും കൊങ്കിണികളും തമ്മിൽ യാതൊരുവിധ അകൽച്ചയോ വ്യത്യാസമോ ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ ജനം എന്നർത്ഥം വരുന്ന നാരായണയുടെ പോർട്ടുഗീസ് പരിഭാഷയായ നെറോണ എന്ന പേരിലാണ് പിതാമഹിയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. ഞങ്ങളുടെ വീടിനടുത്തുള്ള മലയിലെ ഒരു കല്ലില് കൊത്തിയെടുത്ത തുല്യ പാർശ്വങ്ങളോടുകൂടീയ രൂപങ്ങളൊന്നുമില്ലാത്ത കുരിശിനെ സംബന്ധിച്ചാണ് അവർ പറഞ്ഞു തന്ന മറ്റൊരു കഥ. നസ്രാണികൾ ആ കുരിശിനെ പരിപാവനമായി കരുതിയിരുന്നതിനാൽ മതനിന്ദകരെ അന്വേഷിച്ച് പോർട്ടുഗീസ് പട്ടാളക്കാർ വന്നപ്പോൾ അവർ അത് രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്റെ മനസിൽ ഗാഢമായി പതിഞ്ഞിരുന്ന ഈ ആശയമാണ് ഒടുവിൽ മൈലാപ്പൂരിലുള്ള തോമാശ്ലീഹായുടെ ശവകുടീരത്തിലേയ്ക്ക് എന്ന ആനയിച്ചത്. നമ്മൾ എന്തുകൊണ്ടാണ് കുരിശ് ഒളിച്ചുവച്ചത് എന്ന എന്റെ ചോദ്യത്തിനു മറുപടിയായി നസ്രാണികൾ പാവനമായി കരുതിയിരുന്ന ഈ കുരിശ് നെസ്തോറിയൻ പ്രതീകമായിട്ടാണ് പോർട്ടുഗീസുകാർ കരുതിയത് എന്നാണ് അവർ പറഞ്ഞത്. ഇന്ന് നക്ഗ്ഗോള എന്നറിയപ്പെടൂന്ന നസ്രാണവല്ലയിലെ പൽ കുടുംബപേരുകളും നസ്രത്തിലെ ഈശോയുടെ പേരുമായി ബന്ധപ്പെട്ടിട്ടൂള്ളവയാണെന്നും എന്റെ പിതാമഹി പറയുകയുണ്ടായി. ഈ പുതിയ അറിവ് എന്റെ ബാലമനസിനെ കുറേകൂടി ആഴത്തിൽ സ്പർശിച്ചു. ഓർത്തഡൊക്സ് പ്രതീകമായി നമ്മുടെ പള്ളികളിലും ചാപ്പലുകളിലും പോർട്ടുഗീസ് (ലത്തീൻ) കുരിശാണ് ഉപയോഗിച്ചിരുന്നത്. എന്നെ വളരെയധികം ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു വസ്തുതയാണിത്. തുല്യപാർശ്വങ്ങളോടുകൂടിയ കുരിശ് ഗോവയിലെ ഒരു പള്ളിയിലും ഉപയോഗിച്ചിരുന്നിൽലെന്ന് എനിയ്ക്ക് പിന്നീട് മനസിലാക്കുവാൻ സാധിച്ചു. മലമ്പ്രദേശങ്ങളിലും വഴിയോരങ്ങളിലും മാത്രമാണ് ഈ കുരിശ് സ്ഥാപിയ്ക്കപ്പെട്ടിരുന്നത്. 1910ൽ പോർട്ടുഗീസ് റിപ്പബ്ലിക് പ്രഖ്യാപിയ്ക്കപ്പെട്ടശേഷം ഈ കുരിശുകളിൽ അധികവും സ്ഥാപിയ്ക്കപ്പെട്ടത് ഹിന്ദുക്കളാലാണ് എന്നതാണ് അതിലും രസകരമായ സത്യം. 1510 മുതൽ 400 വർഷം നീണ്ടൂനിന്ന പോർട്ടുഗീസ് വത്കരണവും ലത്തീനീകരണവും മൂലം മാർത്തോമാ കുരിശുകൾ ദേവാലയങ്ങളിൽ നിന്നും പരിപൂർണമായി അപ്രത്യക്ഷപ്പെട്ടിരുന്നു.
ഗോവയിലെ ഹിന്ദുക്കൾ ജൂലൈ 3 നോടനുബന്ധിച്ച് ദുക്റാന തിരുന്നാൾ ആഘോഷിച്ചിരുന്നുവെന്ന് ചെറുപ്പകാലത്തും തുടർന്ന് ദൈവശാസ്ത്രസംബന്ധമായ ഗവേഷണത്തിനിടയിലും എനിയ്ക്കു മനസിലാക്കുവാൻ സാധിച്ചു. ജൂൺ-ജൂലൈ മാസങ്ങളിൽ ഗോവയിൽ കത്തത്ത മഴക്കാലമാണെങ്കിലും വർഷത്തിലെ ഏറ്റവും വലിയ ഉത്സവമായിട്ടാണ് ദുക്റാന ആചരിച്ചു വന്നത്. ഈ ദുക്റാന ആഘോഷം മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മത്തിരുന്നാളിന്റെ ഒരു പ്രതിത്വധി തന്നെയാണ്ന്ന് നിഷ്പക്ഷനായ ഏതൊരു വിദ്യാർത്ഥിക്കും മനസിലാക്കുവാനാവും. ഭാഗ്യവശാൽ ഇന്ന് ആഗോളസഭയിൽ ജൂലൈ 3 മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വ ഓർമ്മത്തിരുന്നാളായി അംഗീകരിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാർതോമാശ്ലീഹായുടെ പിൻഗാമികൾ എന്നർത്ഥം വരുന്ന തോംസസ് എന്ന പേരിലാണ് ദുക്റാനതിരുന്നാൾ ആഘോഷിക്കുന്ന ഗോവയിലെ ഹൈന്ദവരായ ജനങ്ങൾ അറിയപ്പെടുന്നത്.

ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾക്കൊള്ളുന്ന തോംസസ്മാരുടെ ഒരു കോളനി മംഗലാപുരത്ത് കല്യാണപുരത്തിനടുത്ത് ഇന്നും കാണപ്പെടുന്നുണ്ട്. ഇവർ പോർട്ടുഗീസുകാരുടെ ഭരണകാലത്ത് ഗോവയിൽ നിന്നും പാലായനം ചെയ്തവരാണ് എന്നു കരുതപ്പെടുന്നു. കല്യാണപുരത്ത് ക്രിസ്തീയ തോമസേമാരും ഹിന്ദു തോമസേമാരുമുണ്ട്. ഇവരിൽ ഹിന്ദുക്കളായ തോമസേമാർ തങ്ങളുടെ ആഘോഷങ്ങൾക്കായി ഗോവയിൽ ഇന്ന് കളപ്പുര എന്നറിയപ്പെടുന്ന കല്യാണപുരത്തേയ്ക്ക് എല്ലാ വർഷവും പതിവായി തീർത്ഥാടനം നടത്തി വരുന്നു. നിങ്ങൾക്കറീയാവുന്നതു പോലെ മലയാളത്തിൽ കളപ്പുര എന്ന പദത്തിന് ധാന്യപ്പുര എന്നാണർത്ഥം. സുഗന്ധദ്രവ്യങ്ങൾ സൂക്ഷിയ്ക്കുന്ന സ്ഥലം എന്നർത്ഥം വരുന്ന കളപ്പുരം എന്ന പദമാണ് കൊങ്കിണിയിൽ ഇതിനു പകരമായി ഉപയോഗിക്കുന്നത്. ‘വൈറ്റല’ ആചാരങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച രണ്ടൂ സ്ഥലങ്ങളാണ് ഗോവയിലെ പനോലയും ഡക്കാൻ സമതലത്തിലെ പന്തിപ്പൂരും. ഭവനത്തിന്റെ നാഥൻ എന്നാണ് തമിഴിലും കന്നടയിലും വൈറ്റലൂ എന്ന പദത്തിനർത്ഥം.( വിദു അലൂ തമിഴിലും കന്നടയിലും വിത്തലൂവായി മാറുന്നു.= ഭവനത്തിന്റെ നാഥൻ. Lord of the house സുറിയാനിയിലെ ബെത്-എൽ ദൈവത്തിന്റെ ഭവനം ബെത്-എൽ പോലെ). കല്യാണപുരത്തേയ്ക്കും (കളപ്പുര) പാനോലയിലേയ്ക്കും ജൂലൈ -3 നോടനുബന്ധിച്ച് പൂർണ്ണ ചന്ദ്രനുദിക്കുന്ന ദിവസം തീർത്ഥാടനം നടത്തുന്ന ഹിന്ദു തോംസസ്മരിൽ ഭൂരിഭാഗവും ഇന്ന് പന്തരിപ്പൂരിലേയ്ക്കും മഹാരാഷ്ട്രയിലേയ്ക്കുംകൂടി തീർത്ഥാടനം നടത്താറുണ്ട്. മതഭ്രാന്തന്മാരുടെ ആക്രമണങ്ങളിൽ നിന്നും പോർട്ടുഗീസുകാരുടെ മതദ്രോഹവിചാരണ (1560-1910) കളിൽ നിന്നും രക്ഷപെടുന്നതിനുള്ള ശക്തി സംഭരിയ്ക്കുകയായിരുന്നു ഗോവയ്ക്കു പുറത്തേയ്ക്കുള്ള അവരുടെ തീർത്ഥാടനത്തിന്റെ ലക്ഷ്യം.

എഡിറ്റർ: ജൂലൈ മൂന്നിടോനുബന്ധിച്ച് പൂർണ്ണചന്ദ്രനുദിക്കുന്ന ദിവസം മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണം ഗോവയിലെ അക്രൈസ്തവർ പോലും ആചരിയ്ക്കുന്നുവെന്നു പറയുന്നതിനിൽ നിന്നും താങ്കൾ എന്താണ് സൂചിപ്പിക്കുന്നത്?

ഫാദർ: ഗോവയിലെ അക്രൈസ്തവരുടെ ഇടയിലും മംഗലാപുരത്തും തോംസസ് എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം ആളൂകൾ ഇന്നും ഉണ്ടെന്നുള്ളതാണ് ഒരു കാലത്ത് അങ്ങിനെ വിളിയ്ക്കപ്പെട്ടിരുന്നു എന്നതിനേക്കാൾ പ്രസക്തം. അക്രൈസ്തവരുടെ ഗണത്തിൽ പെടുത്തിയിരിക്കുന്ന ഈ ജനവിഭാഗം മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച പൗരസ്ത്യ നസ്രാണികൾ അഥവാ മാർതോമാ ക്രിസ്ത്യാനികൾ എന്നു വിലിയ്ക്കപ്പെടുന്ന ഈശോയുടെ അപ്പസ്തോലിക പിന്തുടർച്ചയിലെ അംഗങ്ങളല്ലാതെ മറ്റാരുമല്ല എന്നാണ് ഞാൻ മനസിലാക്കുക.

എഡിറ്റർ: ഞാൻ പറയുന്നത് തെറ്റാണെങ്കിൽ തിരുത്തുക. വി.ഫ്രാൻസിസ് സേവ്യറിൽ നിന്നും വിശ്വാസംസ്വീകരിച്ച് രൂപം കൊണ്ടതാണ് ഗോവയിലെ ക്രൈസ്തവ സമൂഹം എന്നാണല്ലോ പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. താങ്കൾ പറയുന്നതു പോലെയാണെങ്കിൽ ഈ സഭ സമൂഹം മാർതോമാശ്ലീഹായിൽ നിന്നാണ് രൂപം കൊണ്ടതെന്നു ചരിത്രപരമായ തെളിവുകൾകൊണ്ട് സമർത്ഥിയ്ക്കുവാൻ സാധിയ്ക്കുമോ?

ഫാദർ: കൊള്ളാം അങ്ങ് ഈ ചോദ്യം ചോദിച്ചതിൽ എനിയ്ക്കു സന്തോഷമുണ്ട്. തെളിവുകൾ ഉണ്ടാക്കുന്ന ജോലി ഏല്പിച്ചുതന്ന സ്ഥിതിയ്ക്ക് താങ്കൾ ക്ഷമാപൂർവ്വം ശ്രവിയ്ക്കേണ്ടീയിരിക്കുന്നു. വി. ഫ്രാൻസിസ് സേവ്യറിൽ നിന്നു തന്നെയാണ് ഞാൻ ഈ തെളിവുകൾ നൽകുക. വാസ്തവത്തിൽ 1953 വരെയുള്ള ചരിത്രരേഖകൾ ജനബോധ്യമാംവണ്ണം ലഭ്യമാക്കിയ ഈശോ സഭയോട് നാം കൃതജ്ഞതയുള്ളവരായിരിയ്ക്കണം. ഫ. ഫെലിക്സ് സുബില്ലഗ എസ്.ജെ 1952ൽ വി. ഫ്രാൻസീസ് സേവ്യറിന്റെ നാലാം ചരമ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച വി. ഫ്രാൻസീസ് സേവ്യറീന്റെ കത്തുകളാണ് ഞാൻ ഇവിടെ പരാമർശിയ്ക്കുക. അതിൽ 15, 16,17 രേഖകളിൽ കാണുന്ന കത്തുകളാണ് താങ്കളുടെ ചോദ്യത്തിനു ഏറ്റവും പ്രസക്തമായ മറുപടി. ഇതിൽ ഒരെണ്ണം റോമിലെ തന്റെ സഹപ്രവർത്തകർക്കും രണ്ടെണ്ണം വി. ഇഗ്നേഷ്യസ് ലയോളയ്ക്കും അയച്ചവയാണ്.

1542 സെപ്റ്റംബർ 20നു അയച്ച ഈ കത്തുകൾ ഗോവയുള്ള മഴക്കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലായിരിക്കണം എഴുതിയത്. 1542 മെയ് 6ന് ആണ് അദ്ദേഹം ഗോവയിൽ എത്തിയത് എന്ന വസ്തുത നാമിവിടെ അനുസ്മരിക്കണം. വി. ഫ്രാൻസീസിന്റെ ദൃക്സാക്ഷി വിവരണമാണ് ഈ കത്തുകളിൽ കാണുന്നത് എന്നതിനാൽ അദ്ദേഹത്തിന്റെ സാക്ഷ്യം തികച്ചും വിശ്വസനീയമാണ്.
ഗോവയിൽ വച്ചുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ കത്തായ 14ആം നമ്പർ രേഖകൂടി ഞാൻ ഇവിടെ പരാമർശിക്കട്ടെ. ക്രിസ്തുമത സിദ്ധാന്തമായ കുമ്പസാരത്തിനുള്ള ജപത്തിൽ വി.പത്രോസിനേയും വി.പൗലോസിനേയുംവി.തോമസിനേയും തുല്യനിലയിൽ ചിത്രീകരിയ്ക്കുന്നതു സംബന്ധിച്ച ഒരു പ്രസ്താവന അദ്ദേഹത്തിന്റെ ഈ കത്തിൽ കാണുന്നുണ്ട്. കേരളത്തിലെയും കിഴക്കൻ ഭാരതത്തിലേയും മാർതോമാ ക്രിസ്ത്യാനികളും ഗോവയിലേയും മംഗലാപുരത്തേയും കൊങ്കിണി ക്രിസ്ത്യാനികളും ഇന്നും ഈ പ്രാർത്ഥന ഉപയോഗിക്കുന്നുവെന്നാണ് ഇവിടെ അനുസ്മരണാർഹമാണ്. വി. ഫ്രാൻസീസിന് ഗോവയിലെ ക്രൈസ്തവസഭയെക്കുറീച്ചുളവായ മതിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നത് സ്പാനീഷ് ഭാഷയിൽ നിന്നും നിങ്ങൾക്കുവേണ്ടീ ഞാൻ പരിഭാഷപ്പെടുത്തട്ടെ. “ഞങ്ങൾ ഇന്ത്യയിലെ ഗോവയിൽ എത്തിയിട്ട് 4 മാസത്തിലധികമായി. ഈ ഗോവയാകട്ടെ പൂർണ്ണമായും ക്രിസ്ത്യാനികൾ അധിവസിയ്ക്കുന്ന ഒരു പട്ടണമാണ്. കാണേണ്ട ഒരു കാഴ്ച തന്നെ.”
വിശദീകരണത്തിലേയ്ക്കു പ്രവേശിയ്ക്കുന്നതിനു മുമ്പ് അദ്ദേഹം വിശുദ്ധ ഇഗ്നേഷ്യസ് ലയോളയ്ക്ക് അതേ ദിവസം തന്നെ എഴുതിയ മറ്റൊരുകത്തിൽ നിന്നും ഒരു ഭാഗം കൂടി ഉദ്ധരിക്കട്ടെ. “മഹത്വപൂർണ്ണനും ഇന്ത്യയുടെ മുഴുവൻ മദ്ധ്യസ്ഥനുമായ മാർതോമാശ്ലീഹായോട് അഗാധമായ ഭക്തിയുള്ളവരാണ് ഈ നാട്ടിലെ ജനങ്ങൾ എന്ന നിലയ്ക്ക് ഇവരുടെ ഭക്തിയെ വർദ്ധിപ്പിക്കുന്നതിനു വേണ്ടി മാർതോമാശ്ലീഹായുടെ തിരുനാളിലും അതിനോടനുബന്ധിച്ച 8 ദിവസങ്ങളിലും കുമ്പസാരിയ്ക്കുകയും ദിവ്യകാരുണ്യം സ്വീകരിയ്ക്കുകയും ചെയ്യുന്നവർക്ക് പരിശുദ്ധ പിതാവ് പൂർണ്ണ ദണ്ഡവിമോചനം നൽകണമെന്നും അങ്ങനെ ചെയ്യാത്തവർക്ക് ഈ ദണ്ഡവിമോചനം ലഭിയ്ക്കുന്നതല്ലെന്നും വ്യക്തമാക്കണമെന്നതാണ് നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ വിശ്വസ്ത സേവകനെന്ന നിലയിൽ അങ്ങയോടെ എനിക്ക് അഭ്യർത്ഥിക്കുവാനുള്ള പ്രഥമ കാര്യം.”
മൺസൂൺ കാറ്റ് അവസാനിയ്ക്കുന്നതിനു മുൻപ് വി.ഫ്രാൻസീസിന് കടൽവഴിയോ കരവഴിയോ ഗോവയിൽ നിന്നു പോകുവാൻ സാധിക്കുമായിരുന്നില്ല. ഗോവ വാസ്തവത്തിൽ അദ്ദേഹത്തിനു ഇന്ത്യതന്നെയായിരുന്നു. ഫ്രാൻസീസ് സേവ്യറാണ് ഗോവയിലെ ജനങ്ങൾക്ക് ജ്നാനസ്നാനം നൽകിയതെങ്കിൽ അവിടുത്തെ ക്രിസ്ത്യാനികളെക്കുറിച്ച് ഇത്ര അസന്നിഗ്ധമായി വിവരിയ്ക്കുവാൻ അദ്ദേഹത്തിനെങ്ങനെയാണ് സാധിക്കുക? ഗോവ പൂർണ്ണമായും ക്രൈസ്തവരുടെ നഗരമായിരുന്നെന്നും അവർ മാർതോമാശ്ലീഹായോട് അഗാധ ഭക്തിയുള്ളവരായിരുന്നുവെന്നും അദ്ദേഹം പറയുന്നതു ശ്രദ്ധിയ്ക്കുക. അക്ഷരാർത്ഥത്തിൽ അവർ മാർതോമാ ക്രിസ്ത്യാനികളല്ലെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതു സംഭവിയ്ക്കുക. മാർതോമാശ്ലീഹായോട് ഭക്തി പ്രകടിപ്പിക്കുന്ന മറ്റൊരു സമൂഹവും ഇന്ത്യയിലൊഴികെ സ്പെയിനിലോ പോർട്ടുഗലിലോ ഒരിടത്തും നിലനിന്നിട്ടില്ല, നിലനിൽക്കുന്നുമില്ല.
മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ചുള്ളതാണ് അടുത്ത വാദമുഖം. കൽദായ സുറിയാനിക്കാർ ജൂലൈ 3നും ലത്തീൻകാർ ഡിസംബർ 21നുമാണ് ഈ ഓർമ്മത്തിരുന്നാൾ ആഘോഷിച്ചിരുന്നത്. മാർപ്പാപ്പായിൽ നിന്നും ദണ്ഡവിമോചനം പ്രാപിയ്ക്കുന്നതിനായി എഴുതിയ കത്തിൽ മാർതോമാശ്ലീഹായുടെ തിരുന്നാളിനു മുൻപുള്ള നൊവേന ദിവസങ്ങളിലും അതു കഴിഞ്ഞുള്ള 8 ദിവസങ്ങളിലും ക്രൈസ്തവർ പ്രകടിപ്പിക്കുന്ന അനന്യസാധാരണമായ ഭക്തിയെപ്പറ്റി ഒരു ദൃക്സാക്ഷിയെപ്പോലെയാണ് അദ്ദേഹം വിവരിയ്ക്കുന്നത്. ഗോവയിലും മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലും ഡിസംബർ 21നാണ് തിരുന്നാൾ ആഘോഷിച്ചിരുന്നതെങ്കിൽ
ആ തിരുന്നാളിൽ പങ്കെടുക്കുവാനോ ദൃക്സാക്ഷിയാകുവാനോ സെപ്റ്റംബർ 20ന് വി.ഇഗ്നേഷ്യസിനു എഴുതുന്നതിനു മുൻപ് അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. എന്നാൽ ഗോവയിലെ കൽദായക്കാരും പൗരസ്ത്യസുറിയാനിക്കാരും അവകാശപ്പെടുന്നതു പോലെ രക്തസാക്ഷിത്വത്തിന്റെ യഥാർത്ഥ ദിനമായ ജൂലൈ 3 നാണ് തിരുന്നാൾ ആഘോഷിച്ചിരുന്നതെങ്കിൽ ഫി.ഫ്രാൻസീസ് സേവ്യർ അതിൽ പങ്കെടുത്തിട്ടൂണ്ടാകണം. കാരണം മെയ് 6നാണല്ലോ അദ്ദേഹം ഗോവയിൽ എത്തിച്ചേർന്നത്. ഗോവൻ ക്രിസ്ത്യാനികളുടെ മാർതോമാ ഭക്തിയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നതാകട്ടെ സംഭവങ്ങൾ വ്യക്തിപരമായി കണ്ടറിഞ്ഞതിനു ശേഷവും.
വി.ഫ്രാൻസീസ് ഓരോ മാസവും 10000 വ്യക്തികളെയെങ്കിലും ഗോവയിൽ മാനസാന്തരപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിനു അല്പം വിശ്രമം കൊടുക്കുന്നതിനു വേണ്ടീ മാസത്തിൽ 25 ദിവസവും പ്രവർത്തനങ്ങളിൽ മുഴുകിയെന്നു നമുക്കനുമാനിക്കാം. അപ്പോൾ ദിവസം 400 വ്യക്തികൾക്ക് ജ്ഞാനസ്നാനം നൽകിയെന്നു വരും. ഈ കൂദാശാനുഷ്ഠാനത്തിന്റെ ദീർഘതയും നാമിവിടെ പരിഗണിക്കേണ്ടീയിരിക്കുന്നു. പ്രബോധനം നൽകാതെ മാമോദീസ നൽകുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്? ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആളുകൾക്ക് പ്രബോധനം നൽകുവാൻ എങ്ങിനെയാണ് സാധിയ്ക്കുക. അപ്പോൾ മാർത്തൊമ്മാ ക്രിസ്ത്യാനികളെ പുനർസ്നാനപ്പെടുത്തുക മാത്രമായിരിക്കുമോ അദ്ദേഹം ചെയ്തത്. അങ്ങിനെയാണെങ്കിൽ ഒരുക്കലിന്റെയുംന് ബോധവത്കരണത്തിന്റെയും ആവശ്യം അവിടെ വരുന്നില്ല എന്നു നമുക്കു മനസിലാക്കാം. (ഇന്ത്യയിലെ പൗരസ്ത്യ ക്രിസ്തീയ സഭകൾ - കാർദ്ദിനാൾ ടിസറന്റ് P 175) വി.ഫ്രാൻസീസ് മാസത്തിൽ 10000 വ്യക്തികളെ മാനസാന്തരപ്പെടുത്തിയെന്നു പറയുന്നതിൽ നിന്നും നാം മനസിലാക്കേണ്ടത് അതൊരു സമൂഹമാനസാന്തരമോ അത്ഭുതകരമായ രീതിയിലുള്ള ഒരു ക്രൈസ്തവവത്കരണമോ അല്ലായിരുന്നെന്നും മറിച്ച് അത് പോർട്ടുഗീസ് സാമ്രാജ്യത്തിന്റെ സംരക്ഷണയിലുള്ള ഒരു പോർട്ടുഗൽ വത്കരണം മാത്രമായിരുന്നെന്നുമുള്ള നിഗമനത്തിലാണ് മുകളിൽ സൂചിപ്പിച്ച കാരണങ്ങളിൽ നിന്നും വി. ഫ്രാൻസീസിന്റെ കത്തുകളിൽ നിന്നും എത്തിച്ചേരുവാൻ സാധിയ്ക്കുന്നത്.
പോർട്ടുഗൽവത്കരണത്തിനും സാമ്രാജ്യസ്ഥാപനത്തിനും വി. ഫ്രാൻസീസ് ഒരിരയായിരുന്നുവെന്ന് നാം പറയുകയായിരിയ്ക്കും കൂടുതൽ ശരി. ഗോവയിൽ നിന്നും അദ്ദേഹം മൈലാപ്പൂരിൽ വന്നത് മാർതോമാക്രിസ്ത്യാനികളോട് പോർട്ടുഗീസുകാർ ചെയ്ത ദ്രോഹത്തിനു പരിഹാരം ചെയ്യുന്നതിനോ തന്റെ മനസമാധാനത്തിനോ വി.തോമായിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതിനോ വേണ്ടിയായിരിക്കണം. വി.ഫ്രാൻസീസ് മൈലാപൂരിൽ നാലുമാസങ്ങളോളം താമസിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകൾ അന്ന് വികാരി ജനറലായിരുന്ന ഗാസ്പർകൊയിലോ ഭാവിതലമുറയ്ക്കു നൽകുന്നുണ്ട്. വിശുദ്ധന്റെ ആത്മീയ വേദന അത്രമാത്രം അസഹനീയമായിരുന്നിരിക്കണം.
ചുരുക്കത്തിൽ താഴെപ്പറയുന്ന നിഗമനത്തിലാണ് നാം എത്തിച്ചേരുന്നത്. ഗോവയിലെ ഇന്നത്തെ അക്രൈസ്തവ ജനസമൂഹം തങ്ങളുടെ കാൽദിയൻ റീത്തും ആ റീത്തിലുള്ള കുർബാനയും അവരുടെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യങ്ങളും അതിന്റെ പ്രതീകങ്ങളായ മാർതോമാകുരിശും കാൽദിയൻ കുർബാനയും ഉപേക്ഷിയ്ക്കുവാൻ വിസമ്മതിച്ച മാർതോമാക്രിസ്ത്യാനികളാണ്. ഇന്ന് ഈസ്റ്റ് ഇന്ത്യാക്കാരും ഗോവക്കാരും മംഗലാപുരംകാരും ലത്തിൽ ക്രിസ്ത്യാനികളാണെങ്കിൽ അത് പോർട്ടുഗീസുകാരും തുടർന്നുവന്ന സാംരാജ്യമോഹികളും നടത്തിയ പാശ്ചാത്യവത്കരണത്തിന്റെ ദുരന്തഫലവും. ഉദ്ദേശം എത്ര നല്ലതായിരുന്നെങ്കിലും അവരുടെ പ്രവർത്തി ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രേഷിതപ്രവർത്തനങ്ങൾക്ക് വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കിയതെന്നു പറയാതിരിയ്ക്കാൻ നിവൃത്തിയില്ല

Tuesday, December 13, 2011

5.4 നമ്മുടെ നിലപാട്

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


വ്യത്യസ്ത റീത്തുകളെപറ്റിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നയങ്ങളെയും നിർദ്ദേശങ്ങളെയും ഉറപ്പുകളെയും നമ്മൾ മുറുകെപ്പിടിക്കുന്നു. ഒരു റീത്തിൽ പെട്ട രൂപതയുടെ വളർച്ചയെ തടയുന്നതിനോ അതിന്റെ കാര്യങ്ങളിൽ ഇടപെടുന്നതിനോ മറ്റൊരു റീത്തിൽ പെട്ട വൈദീകർക്ക് അവകാശമില്ല എന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ വിശ്വസിക്കുന്നത് സാമാന്യമര്യാദയിലും മാന്യതയിലുമാണ്. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണല്ലോ അടിസ്ഥാനപരമായി മര്യാദ. മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും അംഗീകരിക്കുക എന്നതാണല്ലോ എക്യുമേനസത്തിന്റെ നിർവ്വചനം.ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങൾ വിവിധ ജാതികളും മതങ്ങളും വംശങ്ങളും ഭാഷകളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹാർദ്ദപൂർണ്ണമായ സഹജീവനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ഏതാനും ചില വൈദീകർ അസഹിഷ്നുതയുടെയും മുഷ്കിന്റെയും ഭാഷ സംസാരിക്കുന്നത് അംഗീകരിക്കുവാനാവില്ല.

Saturday, December 10, 2011

5.3 അധിനിവേശത്തിനുള്ള അഭിനിവേശം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


വൈദീകശുശ്രൂഷയുടെ ഗൗരവമേറിയ ചുമതലകളെ എത്രലാഘവത്തോടെയാണ് പ്രമേയക്കാർ കാണുന്നതെന്ന് അവരുടെ ആവശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഒരു രൂപതയിലെ വൈദീകശുശ്രൂഷയുടെ കാര്യക്ഷമത വൈദീക-അത്മായ അനുപാതത്തിലൂടെ നിർണ്ണയിക്കാം. കത്തോലിയ്ക്കാ സഭയിലെ വൈദീക-അത്മായ അനുപാതം 1: 1417 എന്നതാണ്. ചങ്ങനാശ്ശേരി അതിരൂപതയിൽ ഇത് 1:815 ഉം പാലാ രൂപതയിൽ 1:815ഉം തിരുവനന്തപുരം സീറോ മലങ്കരരൂപതയിൽ ഇത് 1:750 ആണ്. എന്നാൽ ഈ അനുപാതം തിരുവനന്തപുരം ലത്തീൻ രൂപതയിൽ 1:2522 എന്നതാണ്. ഇവരാണ് തങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിർത്തിയിലെ പൗരസ്ത്യരെകൂടെ തങ്ങളുടെ വരുതിയിൽ നിറുത്തുവാൻ ശ്രമിയ്ക്കുന്നത്. പൗരസ്ത്യറീത്തുകളെ തങ്ങളുടെ അതിർത്തിക്കുള്ളിൽ നിന്നും തുടച്ചു നീക്കുക എന്നതല്ലാതെ മറ്റെന്തു കാരണമാണ് പ്രമേയക്കാരുടെ ആവശ്യത്തിനു പിന്നിലുണ്ടാവുക! അതേ സമയം കേരളത്തിലെ തന്നെ, ഒരു പക്ഷേ ഇന്ത്യയിലേയും തങ്ങളുടെ ദയനീയമായ അനുപാതത്തെ അവർ മറക്കുകയും ചെയ്യുന്നു. ഈ അവസരത്തിലാണ് ഏകരീതിക്കാർ പട്ടക്കാരെ ചക്കയേയും മാങ്ങയേയും പോലെ എണ്ണിപ്പകുക്കുവാനുള്ള വിചിത്രഭാവനയുമായി മുൻപോട്ടൂവന്നത്. ഈ ആശയത്തെ നമിക്കണം!

Wednesday, December 7, 2011

5.2 ലത്തീൻവത്കരണത്തിലെ അപകടം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


തന്റെ പുസ്തകത്തിന്റെ രണ്ടാം അങ്കത്തിൽ ഫാ.മസ്ക്രിനാസ് ഗൊവയിലും മറ്റുമുള്ള തോംസെ എന്നു വിളിക്കപ്പെടുന്ന അക്രൈസ്തവരെക്കുറിച്ചു പരാമർശിക്കുന്നു. ലത്തീൻവത്കരണത്തോടു പൊരുതി ദൗർഭാഗ്യകരമായി അവിശ്വാസികളാവുകയും ഹിന്ദു മുസ്ലീം മതങ്ങളിൽ ചേർന്നുപോവുകയും ചെയ്തിരിക്കാം. അവരെക്കൂടാതെ കത്തോലിയ്ക്കാ സഭയിൽ നിന്നും അക്രമത്തിലൂടെയും ഹിംസയിലൂടെയും നടത്തിയ ലത്തീൻ വത്കരണം കാരണം പുറത്തുപോകേണ്ടീവന്ന മറ്റൊരു ദശലക്ഷം ആൾക്കാർ കേരളത്തിലുമുണ്ട്. ഇപ്പോൾ തിരുവനന്തപുരം ലത്തീൻ രൂപതയിലെ പ്രക്ഷോഭകാരികൾ അപ്പോൾ ആവശ്യപ്പെടുന്നത് കൂട്ടത്തോടെയുള്ള ഒരു ലത്തീൻ വത്കരണമാണ്.

Tuesday, November 29, 2011

5.1 ഇന്ത്യയിലെ സഭ ആദ്യ-മധ്യകാലങ്ങളിൽ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


പ്രൊഫ: H O മസ്കരനസിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. പോർച്ചുഗീസുകാർ ഗോവയിലെത്തിയ കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് സുറിയാനീ ക്രൈസ്തവരുടെ അഥവാ നസ്രാണീ സമൂഹങ്ങളുടെ ഒരു ശ്രുംഖല ഉണ്ടായിരുന്നു. ഫ്രൈദർ ജോർദ്ദാൻ 1320 ഇൽ താനെയിൽ എത്തിയപ്പോൾ അവിടെ സുറിയാനീ സമൂഹങ്ങളെ കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭാരൂക്കിൽ സെന്റ്.തോമസിന്റെ നാമത്തിൽ ഒരു പള്ളിയും ഉണ്ടായിരുന്നു. മറ്റൊരു സുറിയാനീ ക്രിസ്ത്യാനികളുടെ സമൂഹം സൊപ്പാറയിലും ഉണ്ടായിരുന്നു. സെന്റ് തോമസിന്റെ പാരമ്പര്യം ഗോവയിലെയും താനയിലെയും മംഗലാപുരത്തെയും ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും ഇടയിൽ ഇപ്പോഴുമുണ്ടെന്ന് മസ്കരഹസ് സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 3 ആഘോഷമായി ആചരിക്കുന്ന ഹിന്ദു തോംസേകളും ക്രിസ്ത്യൻ തോംസെകളും അവിടെയുണ്ട്. ഇത്തരം തോംസെകളുടെ അടിത്തറയിലായിരിക്കണം പോർച്ചുഗീസുകാർ വടക്ക് ലത്തീൻ പള്ളികൾ സ്ഥാപിച്ചത്. ഇപ്പോൾ നാം കേരളത്തിൽ ഉപയോഗിക്കുന്ന അതേ ആരാധനാക്രമമാണ് പുരാതന സുറിയായീ ക്രൈസ്തവ സമൂഹങ്ങൾ ഉപയോഗിച്ചുത്. സുറിയാനീ പേരുകളും ഈയിടങ്ങളിൽ വിരളമല്ല. എവിടെനിന്നാവും തമിഴ് നാട്ടിലെയും ആന്ധ്രാപ്രദേശിലെയും കത്തോലിക്കർക്ക് സ്ലീവാ എന്ന പദം ലഭിച്ചത്. അവിടെ സ്ലീവാദാസുമാരും സ്ലീവാപ്പാമാരുമുണ്ട്. കേരളത്തിലെ സുറീയാനീ സഭ ഇന്ത്യയിലെ സുറിയാനീ സഭയുടെ അവശേഷിക്കുന്ന കണ്ണിയായിരിക്കണം, ഗൊണ്ടഫോറസിന്റെ നാട്ടിൽ നിന്നും മദിരാശിയ്ക്കും അപ്പുറത്തേയ്ക്ക് വ്യാപിച്ചിരുന്ന ഒരു സമൂഹത്തിന്റെ അവശേഷിക്കുന്ന കണ്ണി. അതുകൊണ്ട് സുറീയാനീ സഭ കേരളത്തിലെ പുരാതന സഭയായി മാത്രമല്ല വിശേഷിപ്പിക്കപ്പെടേണ്ടത്, അത് പോർട്ടുഗീസു കാരുടെ വരവിനു മുൻപുള്ള ഇന്ത്യൻ സഭയാണ്. അപ്പോൾ എന്തുകൊണ്ടാണ് ഇതൊരു പുനസ്ഥാപനം മാത്രമാണെന്നു മനസിലാക്കാൻ കഴിയാത്തത്! റീത്തുകൾ സൃഷ്ടിക്കപ്പെടുകയല്ലല്ലോ അപ്പസ്തോലന്മാരുടെ പ്രവർത്തനത്തിൽ നിന്നും തദ്ദേശീയമായ സംസ്ക്കാരത്തിൽ നിന്നും അത് സ്വയമേ രൂപപ്പെടുകയാണല്ലോ ചെയ്യുന്നത്. അർണ്ണോൾഡ് ലൺ തന്റെ ഗ്രന്ഥമായ "Within the city" യിൽ പറയുന്നതുപോലെ മഹത്തായ ആരാധനാക്രമങ്ങളെ ഉണ്ടാക്കാനാവില്ല, അതു വളരുകയേ ചെയ്യൂ. പക്ഷേ നമ്മുടെ ഏക റീത്തുവാദികളുടെ കയ്യിൽ ഉപയോഗിക്കാൻ പാകത്തിനു ഇന്ത്യൻ ആരാധനാക്രമം ഉണ്ടാക്കി വച്ചിട്ടൂണ്ടത്രെ. അത് എന്താണെന്ന് വെളിപ്പെടൂത്തുവാൻ അവർ മടിക്കുന്നു. അതു റോമൻ ആരാധനാക്രമമല്ലാതെ മറ്റെന്താവാൻ!

Wednesday, November 23, 2011

5. ആവശ്യങ്ങളുടെ കാതൽ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

തിരുവനന്തപുരം രൂപതയിലെ ലത്തീൻ അധികാരത്തിന്റെ പരിധിയിൽ വരുന്ന പൗരസ്ത്യകത്തോലിക്കർ ലത്തീൻ സഭയുടെ കീഴിലായിരിക്കണം. ഇതേ ആവശ്യം തന്നെയാണ് മെനെസിസ് മെത്രാപ്പോലീത്തായും സംഘവും ഉദയംപേരൂരിൽ 1599ൽ ആവശ്യപ്പെട്ടത്. മലങ്കര അതിരൂപതയുടെ സ്ഥാപിച്ചതും ചങ്ങനാശ്ശേരി അതിരൂപതയുടെ അതിർത്തി കന്യാകുമാരി വരെ നീട്ടിയതും ആണ് തിരുവനന്തപുരം ലത്തീൻ രൂപതയിലെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മൂലകാരണം എന്ന് ആരോപിയ്ക്കുന്നതിലൂടെ പ്രമേയക്കാർ അവരുടെ മനസിലിലുപ്പ് വെളിവാക്കുന്നുണ്ട് - രണ്ട് പൗരസ്ത്യരൂപതകളിലെയും വിശ്വാസികളെ തിരുവനന്തപുരത്തെ ലത്തീൻ ബിഷപ്പിനു ഭരമേൽപ്പിക്കണം. എത്രതന്നെ അസൂയയോടെയും തെറ്റിദ്ധാരണയോടെയും മുൻവിധികളോടെയും സമീപിച്ചാലും ഈ കാരണങ്ങൾ നീതിയ്ക്കു നിരക്കുന്നതോ സാമാന്യയുക്തിയ്ക്കു ദഹിക്കുന്നതോ അല്ല.
1. ആരാധനാ സ്വാതന്ത്യം ഒരു മൗലീകാവകാശമാണ്.
2. അതു ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്നതുമാണ്.
3. കന്യാകുമാരിവരെയുള്ള സീറോ മലബാർ സഭയുടെ അതിർത്തിവ്യാപനം 17ആം നൂറ്റാണ്ടുവരെ സീറോ മലബാർ സഭയ്ക്കുണ്ടായിരുന്ന അധികാരപരിധിയുടെ പുനസ്ഥാപനം മാത്രമാണ്.
4. നസ്രാണീസഭയ്ക്ക് അനുഭവിയ്ക്കേണ്ടീ വന്ന അനീതിയ്ക്കുള്ള പ്രായശ്ചിത്തം മാത്രമാണ് സീറോ മലങ്കര ഹയരാർക്കിയുടെ സ്ഥാപനം.
5. പൗരസ്ത്യസഭയുടെ അവകാശങ്ങൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടൂണ്ട്.
6. ഈ രണ്ടു പൗരസ്ത്യസഭകളും തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മുപ്പത്തിയേഴു വർഷത്തിനിടയിൽ ഗംഭീരമായ വളർച്ച കൈവരിച്ചിട്ടൂണ്ട്.

ഈ മണ്ണിൽ അപ്പസ്തോലനാൽ സ്ഥാപിക്കപ്പെട്ട്, പിന്നീടിങ്ങോട് തഴച്ചു വളർന്ന, ആദിമ സമൂഹങ്ങളിൽ ആധ്യാത്മിക ജീവിതത്തിന്റെ പ്രഭവസ്ഥാനവും കൂട്ടായ്മയുടെ കേന്ദ്രവുമായി നിലകൊണ്ട, 1498ലെ പോർട്ടുഗീസ് വരവിനു മുൻപു വരെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രകാശഗോപുരമായി നിലകൊണ്ട ഈ സഭയ്ക്ക് പ്രമേയക്കാർക്ക് മുന്നിൽ ഇതിലും മെച്ചപ്പെട്ട ഒരു ആശയം വയ്ക്കാനുണ്ട്. ഇവിടുത്തെ ഹിന്ദു സമൂഹത്തിൽ നിന്നും പല ആഘോഷങ്ങളും ക്രൈസ്തവവിശ്വാസത്തിനു അനുരൂപപ്പെട്ടുത്തിയെടുത്ത് പാലിയ്ക്കുവാൻ ഇക്കാലമത്രയും സുറിയായീ സഭയ്ക്കു കഴിഞ്ഞിട്ടൂണ്ട്. ഹിന്ദു സമൂഹത്തിൽ ക്രൈസ്തവവിശ്വാസത്തിനു വേരോട്ടമുണ്ടാക്കുവാൻ അതു സഹായിക്കുകയും ചെയ്തിട്ടൂണ്ട്. വിശ്വാസവത്കരണത്തിന്റെ പാതയിലെങ്ങും കാണാനാവാത്തതുപോലെ ഭാരതസംസ്കാരവുമായി ഇഴുകിച്ചേരുവാൻ ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾക്കായിട്ടൂണ്ട്. അങ്ങനെയുള്ള ഒരു സുറിയായീ സഭയോട് നസ്രാണികളോട് മഹത്തരമായ ഒരു പാരമ്പര്യവും, തങ്ങളുടെ പൂർവ്വികർ രക്തവും വിയർപ്പും ചിന്തി നാനൂറുവർഷത്തെ ശ്രമഫലമായി പുനസ്ഥാപിച്ചുകിട്ടിയ ആരാധനാക്രമവും സ്വന്തം മെത്രാന്മാരെലഭിയ്ക്കാനുള്ള അവകാശവും ഉപേക്ഷിക്കണമെന്നും പറയുന്നത് അവഹേളനവും മുഷ്കുമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ പൗരസ്ത്യസഭകൾ ആകർഷണീയവും പൗരസ്ത്യദേശവാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ അഭികാമ്യവും അർത്ഥപൂർണ്ണവും ആണ്. പാശ്ചാത്യസഭകൾക്കായി രണ്ടാം വത്തിക്കാൻ കൗൺസിൽ നൽകിയ ആരാധനാക്രമസംബന്ധിയും ഭരണസംബന്ധിയും ആധ്യാത്മിക ജീവത സംബന്ധിയുമായ നിർദ്ദേശങ്ങൾ പലതും കാലാകാലങ്ങളായി പൗരസ്ത്യസഭകൾ അനുഷ്ടിച്ചു വന്നിട്ടൂള്ളതാണ്. പല മാറ്റങ്ങളുടെയും ദൈവശാസ്ത്രചിന്തകളുടെയും കാര്യത്തിൽ പാശ്ചാത്യസഭ പാശ്ചാത്യ-പൗരസ്ത്യഭേദമില്ലാതിരുന്ന കാലത്തിലേയ്ക്കുള്ള മടക്കയാത്രയിലാണ്. പൗരസ്ത്യരാകട്ടെ അടിച്ചേൽപിക്കപ്പെട്ട ലത്തീൻ വത്കരണത്തെ മാറ്റിനിർത്തിയാൽ പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിച്ചിട്ടില്ല. പൗരസ്ത്യ പാത്രിയർക്കീസുമാരുടേതിനു സമാനമായ ഒരു ബന്ധമാണ് ദേശീയ കത്തോലിക്കാ ഹയരാർക്കികളും പരിശുദ്ധസിംഹാസനവും തമ്മിലുണ്ടാകേണ്ടത് എന്ന് കർദ്ദിനാൾ വലേറിയൻ ഗ്രേസ്യസ് പറഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. പൗരസ്ത്യരീതികളിലേയ്ക്കുള്ള മടക്കയാത്രയേക്കുറിച്ച് ഉചിതമായ സന്ദർഭത്തിൽ പരാമർശിക്കുന്നതാണ്.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ വച്ച് ജപ്പാൻ, ഫിലിപ്പൈൻസ്, വിയ്റ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ലത്തീൻ ബിഷപ്പുമാർ ലത്തീൻ ആരാധനാക്രമം തങ്ങളുടെ രാജ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് വിമർശിച്ചത് സ്മരണീയമാണ്. ലത്തീൽ പ്രാർത്ഥനകൾ ബുദ്ധസന്യാസിമാരുടെ സംസ്കൃതത്തിലോ പാലീയിലോ ഉള്ള അവ്യക്തമായ മന്ത്രോശ്ചാരണങ്ങൾപോലെയാണെന്നാണ് ടോകിയോയിലെ ആർച്ച്ബിഷപ്പ് പറഞ്ഞത്; അവർക്കും അതു മനസിലാക്കുന്നില്ല, അതുപോലെ തന്നെ കേൾവിക്കാർക്കും. ഒറ്റക്കാലിൽ മുട്ടുത്തുന്നത് തങ്ങൾക്ക് അപരിചിതമായ ആചാരമായാണ് വിയറ്റ്നാം ആർച്ച് ബിഷപ്പ് വിശേഷിപ്പിച്ചത്; പ്രതീകാത്മകതയെക്കുറിച്ചു പറഞ്ഞാൽ കറുപ്പ് തങ്ങൾക്ക് ആഹ്ലാദത്തിന്റെ നിറമാണ്. ലത്തീൻ വത്കരണശ്രമങ്ങൾ അബദ്ധമായിപ്പോയീ എന്നും പകരം മലബാറിലും ഇന്ത്യയുടെ പലഭാഗത്തുമായി നിലനിന്നിരുന്ന പൗരസ്ത്യാ ആരാധനാ ക്രമത്തെ സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ആയിരുന്നു വേണ്ടീയിരുന്നത് എന്നുമുള്ള ചില ആധുനിക എഴുത്തുകാരുടെ അഭിപ്രായപ്രകടനങ്ങത്തിൽ ആശ്ചര്യത്തിനു വകയില്ലല്ലോ.

Thursday, November 17, 2011

4. പ്രമേയത്തിന്റെ വിശകലനം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

പ്രമേയക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം തർക്കങ്ങളായിരുന്നു.
1. 1933ൽ മാർ ഇവാനിയോസ് തിരുമേനിയുടെ കീഴിൽ സീറോ മലങ്കര രൂപത തിരുവനന്തപുരം കേന്ദ്രമാക്കി രൂപീകരിക്കപ്പെട്ടു.
2. 1955ൽ സീറോ മലബാർ സഭയുടെ അധികാരപരിധി കാർഡിനൽ ടിസറാങ്ങ് തിരുമേനിയുടെ സന്ദർശനത്തിനു ശേഷം കന്യാകുമാരി വരെ നീട്ടി.
ഇതാണ് അധികാരപരിധി തർക്കങ്ങൾക്ക് വഴിവച്ചുവത്രെ. അനാരോഗ്യകരമായ മത്സരങ്ങൾ എന്ന വലിയ വിപത്തിനു ഇത് കാരണമാകുന്നുപോലും.
a) അനാവശ്യമായി ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ ഒരു സ്ഥലത്ത് പെരുകുന്നത് മാനവവിഭവശേഷിയുടെയും ധനത്തിന്റെയും ദുർവ്യയത്തിനു കാരണമാകുന്നു
b) മാമോദീസായുടെ ആവർത്തനവും അസാധുവായ വിവാഹങ്ങളുടെ പരികർമ്മവും സമൂഹത്തിൽ അപകീർത്തിയുണ്ടാക്കും
c) കത്തോലിയ്ക്കരുടെ ഇടയിൽ അനൈക്യവും അപശ്രുതിയും വരുത്തിവയ്ക്കും.

ഇതൊക്കെക്കാരണമാണ് സങ്കലിതമായ അധികാരപരിധിയെ പ്രമേയക്കാർ എതിർക്കുന്നതിനുള്ള കാരണമായി പറയുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു ഒറ്റമൂലിയേ ഉള്ളൂ - ഒരു പ്രദേശം, ഒരു മെത്രാൻ!

സാമാന്യബുദ്ധിയുള്ള മനുഷ്യരെന്ന നിലയിൽ ഇവരുടെ ആരോപണങ്ങളെയും അതിനു പരിഹാരമായി അവർ നിർദ്ദേശിയ്ക്കുന്ന ഒറ്റമൂലിയെയും വിശകലനം ചെയ്യേണ്ടതുണ്ട്.

Monday, November 14, 2011

3. അനന്തരം

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം
(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


തിരുവനന്തപുരത്ത് സീറോമലബാർ രൂപതാ സ്ഥാപനത്തെ എതിർക്കുന്ന ലത്തീൻ വൈദീകരുടെ പ്രമേയത്തിനു വൻപിച്ച പ്രചാരം ലഭിച്ചു.മിക്ക മലയാള ദിനപ്പത്രങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നു.

പത്രസമ്മേളനത്തിൽ പങ്കെടുത്ത മനോരമയുടെ തിരുവനന്തപുരം ലേഖകൻ മെത്രാന്റെ രാജി തീരുമാനം റിപ്പോർട്ടുചെയ്തു.
സീറോ മലബാർ കത്തോലിക്കർക്കായി ഒരു കത്തോലിക്കാ മെത്രാൻ നിയമിതനായാൽ താൻ രാജിവയ്ക്കുമെന്ന് മെത്രാൻ തീരുമാനിച്ചിട്ടൂണ്ടായിരുന്നു. തന്റെ ഈ തീരുമാനം ഡൽഹിയിലെ പ്രോ-ന്യൂൺഷ്യോയെ അറിയിച്ചിട്ടൂണ്ടെന്നും സീറോ മലബാറുകാർക്കായുള്ള ബിഷപ്പിനെ നിയോഗിക്കുന്നതു തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രോ ന്യൂൺഷ്യോയോടും ബോംബെ ആർച്ച് ബിഷപ്പിനോടും ആവശ്യപ്പെട്ടിട്ടൂണ്ടെന്ന് മെത്രാൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. സീറോ മലബാർ ബിഷപ്പിന്റെ നിയമനം തടയുന്നതിനുള്ള നടപടീകൾ സ്വീകരിക്കുന്നതിനായി ലത്തീൻ ബിഷപ്പുമാരുടെ സമ്മേളനം വിളിയ്ക്കമെന്നും അറിയീച്ചു. കൂട്ട രാജിയ്ക്കും പാസാക്കിയ പ്രമേയത്തിനും മറ്റു ലത്തീൻ ബിഷപ്പുമാരുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു.

അതെത്തുടർന്നുള്ള ഞായറാഴ്ചകളിൽ പ്രമേയത്തിനുള്ള പിന്തുണയ്ക്കുന്നതിനും സുറീയാനിക്കാരുടെ മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധത്തിനും തിരുവനന്തപരത്തും കൊല്ലത്തും ചില വൈദീകർ പള്ളിയെ ഉപയോഗപ്പെടുത്തി. സുറീയാനിക്കാർക്കെതിരെയുള്ള വിദ്വേഷം പരിപോഷിപ്പിയ്ക്കപ്പെട്ടു; കാട്ടുതീപോലെ അതു പടരുകയും ചെയതു.

കൊടുങ്ങല്ലൂർ രൂപതയ്ക്കെതിരെ കൊച്ചിയിൽ സമാനമായ പ്രതിഷേധ സമ്മേളനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുറിയാനി വിരുദ്ധ നീക്കങ്ങൾക്കെല്ലാം കുഴലൂതുന്ന ഏക രീതി വാദികൾ (One Rite Movement) പ്രമേയത്തിനു പിന്തുണയുമായി വന്നു. A.V ജോർജ്ജ് ഹാളിലെ 1970 ജൂണിലെ അവരുടെ പതിവു അംഗങ്ങൾ പങ്കെടുത്ത പതിവു സമ്മേളനം പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ ഇടം പിടിച്ചു. സീറോ മലബാറുകാർക്കായുള്ള തിരുവനന്തപുരം കൊടുങ്ങല്ലൂർ രൂപതകളെ നിർത്തലാക്കണമെന്ന പ്രമേയത്തെ സമ്മേളനം പിന്തുണച്ചു.

Sunday, November 6, 2011

2. പടയൊരുക്കം.

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)

“കേരളത്തിൽ കൂടുതൽ കത്തോലിയ്ക്കാ രൂപതകൾ” എന്ന തലക്കെട്ടോടുകൂടി 1970 മെയ് 19നു മനോരമയുടെ ആറാം പേജിൽ ബാംഗളൂർ ലേഖകന്റേതായി ഒരു വാർത്ത വന്നു. ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് തിരുവനന്തപുരം രൂപതയും തൃശൂർ രൂപത വിഭജിച്ച് കൊടുങ്ങല്ലൂർ രൂപതയും രൂപംകൊള്ളുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. ലത്തീൻ കേന്ദ്രങ്ങളായ ഈയിടങ്ങളിൽ രൂപം കൊള്ളുന്ന പുതിയ രൂപതകൾ അതിർത്തി തർക്കങ്ങൾ രൂക്ഷമാക്കും എന്നും വാർത്തയിൽ പറയുന്നു.

‘തിരുവനന്തപുരത്തെ തർക്കങ്ങൾക്ക് 1933ലെ തിരുവനന്തപുരം അതിരൂപതയുടെ(സീറോ മലങ്കര സഭ) രൂപീകരണത്തോളം പഴക്കമുണ്ട്. അന്ന് വിശ്വാസികൾക്കും വൈദീകർക്കും തലവനായി മാർ ഇവാനിയോസ് തിരുമേനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിരൂപതയുടെ രൂപീകരണസമയത്ത് അദ്ദേഹത്തിനു അവിടെ ഒരു ഇഞ്ചു ഭൂമി പോലും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. 1955ൽ ടിസറാംഗ് തിരുമേനിയുടേ സന്ദർശനത്തിനു പിന്നാലെ സീറോ മലബാർ സഭയുടെ അധികാരപരിധി തെക്കോട്ടു വ്യാപിപ്പിച്ചതോടെ തർക്കങ്ങൾ രൂക്ഷമായി.
കത്തോലിക്കരുടെ ഇടയിലെ അനൈക്യത്തിനും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയത്തിനും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുകുന്നതിനും മാമോദീസായുടെ ആവർത്തനത്തിനും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾക്കും അഴിമതിയ്ക്കും നിർഭാഗ്യകരമായി അധികാരികൾ അംഗീകരിച്ച അതിർത്തികളുടെ സങ്കലനം(Overlapping jurisdiction) വഴിതെളിയ്ക്കും.’
ഭാരതത്തിലെ, പ്രത്യേകിച്ച് കേരളസഭയിലെ അതിർത്തികളുടെ സങ്കലനം (Overlapping jurisdiction) ബാംഗലൂരിൽ വച്ചു നടന്ന 1969ലെ ദേശീയ സെമിനാറിൽ തീവ്രമായ ചർച്ചകൾക്ക് വിധേയമായി. പ്രശ്നപരിഹാരത്തിനായി സിബിസിഐയുടെ ഉന്നതാധികാര സമിതിയെ രൂപീകരണം നിർദ്ദേശിയ്ക്കപ്പെട്ടു. ഒരു പ്രദേശത്തിനു ഒരു മെത്രാൻ എന്നതായിരിക്കണം ലക്ഷ്യം.
1970ൽ എറണാകുളത്തു ചേർന്ന സിബിസിഐ സമ്മേളനം അഭിവന്ദ്യ യൂജീൻ ഡിസൂസ മെത്രാപ്പോലീത്താ അധ്യക്ഷനായും മറ്റൊരു മെത്രാനും വൈദീകനും അംഗങ്ങളുമായി സമിതിയെ രൂപീകരിച്ചു. ഈ സമിതി പഠനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മേല്പറഞ്ഞ വാർത്തയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമുണ്ടായത്.
തിരുവനന്തപുരം ലത്തീൻ രൂപതയിലെ 3,15,000 ഓളം വരുന്ന വിശ്വാസികൾക്ക് ആധ്യാത്മികവും ഭൗതീകവുമായ ശുശ്രൂഷ ചെയ്തിരുന്ന വൈദീകർ വാർത്ത വായിച്ച് രോഷാകുലരാവുകയും തിരുവനന്തപുരത്തെയും കേരളസഭയിലെയും സഭാ അതിർത്തി സങ്കലനങ്ങൾക്ക് തടയിടൂന്നതിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനായി തങ്ങളുടെ മെത്രാനു മുന്നിൽ സമ്മേളിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികൾക്ക് അയയ്ക്കുന്നതിനായി അവർ ഒരു പ്രമേയം പാസാക്കി. തിരുവനന്തപുരത്തെ ലത്തീൻ കത്തോലിയ്ക്കർ തിരുവനന്തപുരം കേന്ദ്രമാക്കി സീറോ മലബാർ രൂപത രൂപീകരിക്കുന്നതിനെതിരെയുള്ള തങ്ങളുടെ എതിർപ്പ് അധികാരികളെ അറിയീച്ചിട്ടൂണ്ടായിരുന്നു.
സങ്കലിത അതിർത്തികൾ കാരണം കത്തോലിക്കരുടെ ഇടയിലെ അനൈക്യവും വ്യക്തികളുടെയും പണത്തിന്റെയും ദുർവ്യയവും പരസ്പരം മത്സരിക്കുന്നു ഒരേതരത്തിലുള്ള സ്ഥാപനങ്ങൾ പെരുക്കവും മാമോദീസായുടെ ആവർത്തനവും അസാധുവായ വിവാഹങ്ങളുടെ ആശീർവാദങ്ങൾളും അഴിമതിയും സംഭവിക്കുന്നു. അതുകൊണ്ട് 1970 മെയ് 26നു വെള്ളയമ്പലത്തെ അരമനയല്ല് ചേർന്നിരിക്കുന്ന തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദീകരായ ഞങ്ങൾ ഇപ്രകാരം തീരുമാനിച്ചിരിക്കുന്നു.
1. തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ രൂപത സ്ഥാപിക്കുന്നതിലും കേരളത്തിലെ ഏതെങ്കിലും രൂപതയുടെ പരിധിയിൽ പുതിയ രൂപത സ്ഥാപിക്കുന്നതിലും ശക്തിയായി പ്രതിഷേധിയ്ക്കുന്നു.
2. കേരളത്തിലെ അതിർത്തികളുടെ സങ്കലനം അവസാനിപ്പിക്കണമെന്നും സിബിസിഐയുടെ പ്രത്യേകസമിതിയോട് അതിർത്തികൾ നിർണ്ണയിയ്ക്കാൻ ആവശ്യപ്പെടണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.
ഞങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ പരിശുദ്ധ സിംഹാസനം തിരുവനന്തപുരം ലത്തീൻ രൂപതയുടെ പരിധിയിൽ സീറോ മലബാർ സഭയുടെ രൂപത സ്ഥാപിയ്ക്കുകയാണെങ്കിൽ ഞങ്ങളെ തൽസ്ഥാനത്തുനിന്നു മാറ്റി സങ്കലിതമല്ലാത്ത അധികാരപരിധിയുള്ള ഏതെങ്കിലും പ്രദേശത്തേയ്ക്ക് (territory having single jurisdiction) ശുശ്രൂഷചെയ്യാൻ നിയോഗിക്കണമെന്നും പരിശുദ്ധ സിംഹാസനത്തോട് അഭ്യർത്ഥിക്കുന്നു.

Sunday, October 30, 2011

1. ഡെമോക്ലിയസ്സിന്റെ വാൾ

ഒരു പ്രദേശത്തിനു ഒരു മെത്രാൻ അഥവാ സുറിയാനീസഭയ്ക്കൊരു ചരമഗീതം

(നങ്ങച്ചിവീട്ടിൽ തോമസച്ചന്റെ "One Territory-One Bishop or shall the Syrian rites die" എന്ന പുസ്തകത്തിന്റെ സ്വന്തന്ത്ര പരിഭാഷ.)


ഒരു വൈദീകൻ രാജിവച്ചാൽ കേൾക്കുന്നവർ ആശ്ചര്യപ്പെടും, പിന്നെ അതൊരു സംസാരവിഷയമാവും നാട്ടിലും നഗരത്തിലും ഒരു പക്ഷേ രൂപത മുഴുവനും. സമീപ രൂപതകളും ഞടുക്കത്തിൽ പങ്കുചേരും. അപ്പോൾ മൂന്നു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ചുമതലയുള്ള നൂറോളം പുരോഹിതർ രാജിവച്ചാലോ? ഒരു പക്ഷേ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടുന്ന ഒരു പ്രതിസന്ധിയായി മാറാം. ഒപ്പം മെത്രാൻ കൂടി രാജിവച്ചാലോ?

കത്തോലിയ്ക്കാ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിനിടയിൽ അങ്ങിനെയൊന്നുണ്ടായിട്ടില്ല, പാഷണ്ഡതകൾ പ്രചരിച്ചപ്പോൾ പോലും. എന്നിരുന്നാലും അങ്ങനെയൊന്നുണ്ടയാൻ അതിനെ ഒരു ദുരന്തമായി അവതരിപ്പിക്കാനേ കഴിയൂ.

എന്നാൽ അങ്ങനെയൊന്നിനെ വക്കോളമെത്തിയിരുന്നു എന്നതാണു യാഥാർത്ഥ്യം. രാജിക്കത്തുകൾ തയ്യാറായി; ഒപ്പിടുകമാത്രം മതിയായിരുന്നു. 1970 മെയ് 26നു തിരുവനന്തപുരം ലത്തൻ അരമനയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.

ഈ സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ വിശകലനം ചെയ്താൽ മാത്രമേ ഈ വാർത്തയേ ശരിയായി മനസിലാക്കാനാവൂ. 1970 മെയ് 19നു മനോരമയുടെ ബാംഗളൂർ ലേഖകൻ ചങ്ങനാശ്ശേരി തൃശൂർ രൂപതകളെ വിഭജിച്ച് തിരുവനന്തപുരവും കൊടുങ്ങല്ലൂരും കേന്ദ്രമാക്കി രൂപതകൾ സ്ഥാപിക്കുന്നതിനെപ്പറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് മേൽപ്പറഞ്ഞ പൊട്ടിത്തെറിയ്ക്ക് പിന്നിലുണ്ടായ അടിസ്ഥാനപരമായ കാരണം. മനോരമാ ലേഖകന്റെ ഉദ്യേശമോ, വാർത്താകേന്ദ്രങ്ങളുടെ വിശ്വസനീയതയോ, മനോരമയിൽ വരുന്ന ഒരു കത്തോലിയ്ക്കാ വർത്തയുടെ ആധികാരികതയോ നമുക്കറിയില്ല. അക്കാലത്ത് അപ്പോസ്തോലിക് ഡെലിഗേറ്റിന്റെ ഓഫീസ് ബാംഗളൂരിലായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ലേഖകൻ ഒരു പുതുമുഖമാണെന്നു കരുതരുതല്ലോ. എങ്ങനെയായാലും ഒരു കലാപത്തിനു വഴിയൊരുങ്ങുകയും രാജിക്കത്തുകൾ കേരളസഭയ്ക്കുമീതേ ഡെമോക്ലിയ ന്റെ വാളുപോലെ തൂങ്ങുകയും ചെയ്തു. ആ ലേഖകൻ ചിരിക്കുകയായിരുന്നിരിക്കണം.

Wednesday, October 26, 2011

മാര്‍ത്തോമാ സ്ലീവായും മറ്റു ചില സ്ലീവാകളും

മാർത്തോമാ സ്ലീവാ വിരോധികൾക്ക് പലർക്കും പല കാരണമാണ് സ്ലീവായെ നിന്ദിക്കുന്നതിന്. ചിലർക്ക് സ്ലീവായിലെ പ്രാവാണ് പ്രശ്നം. മറ്റു ചിലർക്ക് സ്ലീവായിലെ മുകുളങ്ങളാണു പ്രശ്നം. മറ്റു ചിലർക്ക് താമരയാണു പ്രശ്നം. അവർക്കായി ചില ചിത്രങ്ങൾ.


ആർച്ച് ബിഷപ്പ് തിയഡോറിന്റെ ശവകുടീരം.St. Apollinare in Classe, Ravenna, Italy. ആറാം നൂറ്റാണ്ടിലേത്.

Khachkar next to the Prelacy of the Araratian Patriarchal Diocese. (അർമേനിയൻ സഭ). അർമേനിയൻ കൽകുരിശുകളെയാണ് Khachkar എന്നു വിളിക്കുന്നത് .




ചൈനയിലെ ക്യ്വാൻഷുവിൽ നിന്നും കണ്ടെടുത്ത കുരിശ്. താമരയിൽ സ്ഥാപിച്ചിരിക്കുന്ന സ്ലീവാ മാലഖാമാർ വഹിയ്ക്കുന്നു.





ഇസ്താംബുൾ (കോൺസ്റ്റന്റിനോപ്പിൾ) ആർക്കിയോളജി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Saturday, September 10, 2011

ഉത്ഥാനഗീതം



സുറീയായീ സഭയുടെ പാരമ്പര്യമനുസരിച്ച് ഈശോമിശിഹാ മരിച്ച് അടക്കപ്പെട്ട് പാതാളങ്ങളിൽ ഇറങ്ങിച്ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവർ മിശിഹായുടെ വിജയം ആഘോഷിക്കുന്നതിനു വേണ്ടി പാടിയഗീതമാണ് ഉത്ഥാനഗീതം. ആദത്തിന്റെ പാപത്തോടുകൂടീ സ്വർഗ്ഗം അടയ്ക്കപ്പെട്ടു. അതിനുശേഷം മരിച്ചിട്ടുള്ള വിശുദ്ധാത്മാക്കൾ വസിച്ചിരുന്ന സ്ഥലമാണല്ലോ പാതാളം എന്ന പേരിൽ അറിയപ്പെടുന്നത്. മിശിഹാ തന്റെ മരണം വഴി മരണത്തെയും സാത്താനെയും ജയിച്ചതിലുള്ള അവരുടെ സന്തോഷമാണ് ഈ ഗീതത്തിലൂടെ അവർ പ്രകടിപ്പിക്കുന്നത്. മാത്രമല്ല സ്വർഗ്ഗം തുറക്കപ്പെടുന്നതോടുകൂടി അവർക്കും സ്വർഗ്ഗ പ്രവേശനം ലഭിക്കുമെന്നുള്ള സന്തോഷവും അവരിതിൽ പ്രകടിപ്പിക്കുന്നുണ്ട്. ഈ പാരമ്പര്യത്തിൽ ഇതിന് ആദത്തിന്റെ മക്കളുടെ ഗീതം എന്ന പേരുമുണ്ട്. വിശുദ്ധ കുർബാനയിൽ ഇതു പാടുമ്പോൾ മിശിഹായുടെ ദൈവത്വത്തെയും മരണത്തിന്മേലുള്ള വിജയത്തെയും ഏറ്റുപറയുന്നതിനൊപ്പം ഓരോരുത്തരുടെയും ഉത്ഥാനത്തിലും മരണാനന്തരജീവിതത്തിലുമുള്ള പ്രത്യാശയും ആരാധനാ സമൂഹം പ്രകടമാക്കുന്നുണ്ട്.
(പാത്തിക്കുളങ്ങരയച്ചന്റെ "നമ്മുടെ കുർബാന" എന്ന പുസ്തകത്തിൽ നിന്ന്)

Tuesday, September 6, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -3 (അവസാനഭാഗം)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
9. കുനിഞ്ഞാചാരം
കുരിശുവര എന്നതു പോലെ തന്നെ വേറെയും ചില അനുഷ്ടാനങ്ങളിൽ കാർമ്മികനൊപ്പം വിശ്വാസികൾ പങ്കുചേരുന്നതു നല്ലതാണ്. കുനിഞ്ഞാചാരം ചെയ്യുക വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ബുദ്ധിയും ഹൃദയവും ദൈവതിരുമുൻപിൽ സമർപ്പിക്കുന്ന കർമ്മമാണിത്. കുർബാനയുടെ ആരംഭത്തിൽ കാർമ്മികനോടൂകൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. കാർമ്മികൻ ആശീർവ്വദിക്കുമ്പോഴൊക്കെ തലകുനിച്ച് സ്വയം കുരിശുവരയ്ക്കുന്നു. കർതൃവചനങ്ങൾ അഥവാ സ്ഥാപനവാക്യങ്ങൾ ചൊല്ലുന്ന അവസരത്തിലും റൂഹാക്ഷണപ്രാർത്ഥനയുടെ സമയം മുഴുവനും തലകുനിച്ചു നിൽക്കുന്നു. ഇപ്പോല് അംഗീകരിച്ചുവന്നിരിക്കുന്ന കുർബ്ബാനക്രമമനുസരിച്ച് സ്ഥാപന വാക്യങ്ങളുടെ അവസരത്തിൽ പീലാസായും കാസായും ഉയർത്തലോ അതോടൂ ബന്ധപ്പെട്ട് കുനിയലോ ഇല്ല. എന്നാൽ സ്ഥാപനവാക്യങ്ങൾ മുഴുവൻ തീരുമ്പോൾ കാർമ്മികനോടൂ കൂടീ അഗാധമായി കുനിഞ്ഞാചാരം ചെയ്യുന്നു. പള്ളിയിൽ പ്രവേശിക്കുകയും അവിടെനിന്ന് പുറത്തുപോവുകയും ചെയ്യുന്ന അവസരങ്ങളിൽ അഗാധമായി കുനിഞ്ഞ് സ്വയം കുരിശുവരയ്ക്കന്നത് പൗരസ്ത്യപാരമ്പര്യത്തിൽ പെടുന്നതാണ്.

10. പ്രദക്ഷിണങ്ങൾ
പ്രദിക്ഷണങ്ങൾ സ്വർഗ്ഗോന്മുഖമായ പ്രയാണത്തിന്റെ പ്രതീകമാണ്. കുർബാനയ്ക്കകത്തതന്നെയുള്ള പ്രദക്ഷിണങ്ങൾ - സുവിശേഷ പ്രദക്ഷിണം, തിരുവസ്തുക്കൾ അൾത്താരയിലേയ്ക്ക് കൊണ്ടുവരുന്ന പ്രദക്ഷിണം, വിശുദ്ധകുർബാന വിതരണം ചെയ്യുന്നതിനായി മദ്ബഹായുടെ കവാടത്തിലേയ്ക്ക് കൊണ്ടൂവരുന്ന പ്രദക്ഷിണം – ഇവയുടെ അർത്ഥം വ്യക്തമായി മനസിലാക്കി അവ നടത്തുന്നതിനു പരിശ്രമിക്കുക.

കുർബാനയിലെ പ്രാർത്ഥനകളിലും ഗീതങ്ങളിലും നമ്മുടെ കഴിവിന്റെ പരമാവധി പങ്കു ചേരുന്നതിനു ശ്രമിക്കുക, എല്ലായ്പോഴും വിശുദ്ധ കുർബാന സ്വീകരിക്കുക ഇതെല്ലാം ബലിയർപ്പണത്തിന്റെ അവശ്യഘടകങ്ങളാണ്.

11. കുർബാന സമയത്തെ നിലപാട്
വിശുദ്ധ കുർബ്ബാനയുടെ സമയത്തെ നിലപാടിനെക്കുറിച്ചും അല്പം പറയേണ്ടീയീരിക്കുന്നു. കാർമ്മികൻ, ശുശ്രൂഷികൾ, ജനം എന്നീ മൂന്നുഗണങ്ങൾ ഒറ്റസമൂഹമായിട്ടാണ് കുർബാന അർപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ദൈവജനത്തിനും അവരുടെ നേതാവായ പുരോഹിതനും വ്യത്യസ്ത നിലപാടുകൾ പാടില്ല. നായകന്റെ നിലപാടുതന്നെയായിരിക്കണം സമൂഹത്തിന്റേതും. അസുഖം കൊണ്ടോ മറ്റോ ഏതു നിലപാടു സ്വീകരിക്കുന്നതിനും പൗരസ്ത്യസഭകളിൽ പരിപൂർണ്ണ സ്വാതന്ത്യമുണ്ട്.

കാർമ്മികനും സമൂഹവും ഒത്തൊരുമിച്ച് ദൈവോന്മുഖമായി അഥവാ സ്വർഗോന്മുഖമായി നിന്നുകൊണ്ട് വേണം ബലിയർപ്പിക്കുവാൻ. നമ്മുടെ തീർത്ഥാടകസ്വഭാവം അവിടെ വിളിച്ചറിയീക്കപ്പെടുന്നുണ്ട്. അതുപോലെ തന്നെ ദൈവമക്കളുടെ നിലയിലേയ്ക്ക് ഉയർത്തപ്പെട്ട വിശ്വാസികളുടെ മാഹാത്മ്യവും ഈ നിലപാട് ഏറ്റുപറയുന്നുണ്ട്.

മുട്ടുകുത്തൽ അടീമകളുടെ രീതിയായിട്ടാണ് പൗരസ്ത്യസഭകൾ കാണുന്നത്. അനുരഞ്ജനത്തിന്റെ പ്രഖ്യാപനമായും മുട്ടുകുത്തലിലെ കാണുന്നുണ്ട്. ആദിമസഭയിലെ ചിന്താഗതിയും ഇതുതന്നെയായിരുന്നു. ഇക്കാര്യം വ്യക്തമായി മനസിലാക്കിയ ലത്തീൻ സഭതന്നെ മുട്ടുകുത്തലിനുള്ള പ്രാധാന്യം വളരെക്കുറച്ചിട്ടൂണ്ട്. എന്നാൽ മദ്ധ്യശതകങ്ങളിലെ ലത്തീൻ മിഷനറിമാരിലൂടെ നമ്മുടെയിടയിൽ വേരുറച്ച മുട്ടുകുത്തൽ രീതി മാറ്റിക്കളയുവാൻ നമുക്കു സാധിക്കുന്നില്ല.

കുർബാനയുടെ സമയം മുഴുവനും നിന്നതുകൊണ്ട് നമുക്ക് ഒന്നും സംഭവിയ്ക്കാൻ പോകുന്നില്ല. നമ്മുടെ സഹോദരങ്ങളായ യാക്കോബായക്കാരും മറ്റും മണിക്കൂറുകൾ പള്ളിയിൽ നിൽക്കാറുണ്ടല്ലോ. അസുഖമുള്ളവരുടെ കാര്യം നാം പറഞ്ഞുകഴിഞ്ഞതാണ്.

ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസില്ലാക്കിയ ശേഷം ആരംഭകാലത്ത് ചില ക്രമീകരണങ്ങൾ നൽകുന്നതിൽ പിശകില്ല. നിന്നു പരിചയമില്ലാത്തവർക്ക് ആദ്യം നിൽക്കുമ്പോൾ കാലു കഴയ്ക്കുന്നു, ഭക്തി തോന്നുന്നില്ല എന്നൊക്കെ തോന്നാൻ സാധ്യതയുണ്ട്. ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടൂള്ളതാണ്. സാവകാശത്തിൽ ബുദ്ധിമുട്ടുകളൊക്കെ മാറിക്കൊള്ളും. നമ്മുടെ വൈദീക സന്യാസ പരിശീലന കേന്ദ്രങ്ങളിൽ “നിന്നു” പ്രാർത്ഥിക്കുന്നതിനുള്ള പരിശീലനം ആരംഭം മുതലേ കൊടുക്കേണ്ടീയിരിക്കുന്നു.

ഭാരതീകരണമെന്ന പേരിൽ ചടഞ്ഞിരുന്ന് കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്ന രീതി പലയിടത്തും പടർന്നു പിടിച്ചിരിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഭാരതീയമായ ഹൈന്ദവ പാരമ്പര്യത്തിൽ തന്നെ പത്മാസന രീതി ധ്യാന രീതിയാണ്. ഇതിലെല്ലാമുപരി ഹൈന്ദവ ബലിയർപ്പണവും നമ്മുടെ കുർബാനയും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. പ്ത്മാസനത്തിലിരുന്നു കുർബാനയർപ്പിക്കുകയും യാമപ്രാർത്ഥന നടത്തുകയും ചെയ്യുന്നവർ സ്വർഗ്ഗോന്മുഖമായ തങ്ങളുടെ തീർത്ഥാടക സ്വഭാവം മനപ്പൂർവം നിഷേധിക്കുകയാണ്. അതുകൊണ്ട് ലിറ്റർജിയുടെ കർമ്മങ്ങളായ വിശുദ്ധ കുർബാനയും യാമപ്രാർത്ഥനയും മുഴുവൻ സമയവും ഇരുന്നുകൊണ്ടു നടത്തുന്ന രീതി ഒരു കാലത്തും കത്തോലിക്കാ സഭയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ല. ധ്യാനം തുടങ്ങിയ വ്യക്തിപരമായ പ്രാർത്ഥനകൾക്ക് ഓരോരുത്തർക്കും യുക്തമെന്നു തോന്നുന്ന നിലപാടൂകൾ സ്വീകരിക്കാവുന്നതാണ്.

എന്തോക്കെയാണെങ്കിലും സാവകാശത്തിലെങ്കിലും പൗരസ്ത്യസഭകളൂടെ പൊതുവായ രീതിയായ നിന്നുകൊണ്ടൂ ദൈവാരാധന കർമ്മങ്ങൾ പ്രത്യേകിച്ചു വിശുദ്ധ കുർബാന നടത്തുന്ന രീതിയിലേയ്ക്ക് നാം എത്തേണ്ടീയിരിക്കുന്നു. എവിടെയെങ്കിലും തുടങ്ങാതെ എത്താനാവില്ലല്ലോ.

നമ്മുടെ കുർബാനയുടെ ചൈതന്യമനുസരിച്ച് മുട്ടുകുത്തണമെങ്കിൽ അതു അനുരഞ്ജന ശുശ്രൂഷയുടെ സമയത്താണ്. നമ്മുടെ കുർബാനയുടെ കേന്ദ്രമായ കൂദാശാഭാഗത്ത് മുട്ടുകുത്തുകയോ ഇരിക്കുകയോ ചെയ്യാവുന്നതല്ല. കൂദാശാഭാഗത്തിന്റെ ആരംഭത്തിൽ ഡീക്കൻ ആവശ്യപ്പെടുന്നതുപ്പോലെ “ആദരപൂർവ്വം നിന്ന്” അനുഷ്ടിക്കുന്നവയെ സൂക്ഷിച്ചു വീക്ഷിക്കേണ്ടീയിരിക്കുന്നു.

സുവിശേഷവായന ഒഴിച്ച് മറ്റു വായനകളുടെ സമയത്തും പ്രസംഗസമയത്തും വിശ്വാസികൾക്ക് ഇരിക്കാവുന്നതാണ്.

കുറച്ചു സമയം നിൽകുന്നതു മൂലം ആരംഭത്തിലുണ്ടാവുന്ന ചെറിയ ത്യാഗം കുർബാനയർപ്പണത്തോടു കൂട്ടിച്ചേർക്കുമ്പോൾ അതെത്ര മനഹീയമായിരിക്കയില്ല!

Monday, September 5, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -2 (തുടർച്ച)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
5. ആരാധനാക്രമ പഠനം
നമ്മുടെ ആരാധനാ ചൈതന്യത്തിന്റെ മനോഹരങ്ങളായ രീതികൾ മനസിലാക്കിക്കഴിഞ്ഞാൽ എങ്ങിനെ അതു പ്രയോഗത്തിലാക്കാതിരിക്കാൻ കഴിയും? നമ്മുടെ ദൈവാരാധനാ ചൈതന്യസാംശീകരണത്തിനും അനുഭവവേദ്യമായ ആരാധനാ ജീവിതത്തിനും അത്യന്താപേക്ഷിതമായിരിക്കുന്ന ഒന്നാണ് നിഷ്പക്ഷമനോഭാവം. പാർട്ടി പിടിച്ചു കഴിഞ്ഞാൽ പിന്നെ പാർട്ടിയുടെ വിജയത്തെക്കുറിച്ചായിരിക്കും ചിന്ത മുഴുവൻ. ഇതെഴുതുന്ന വ്യക്തി ഒരു പാർട്ടിയുടെ വ്യക്താവല്ലേ? പിന്നെ ഈ പറയുന്നതിൽ എന്താത്മാർത്ഥതയാണുള്ളത് എന്നൊക്കെ ചിലർ ചോദിച്ചേക്കാം. എനിക്കവരോട് ഒരു കാര്യം മാത്രമേ പറയുവാനുള്ളൂ. വിഭാഗീയ ചിന്തകൾ മാറ്റിവച്ച് സഭയുടെ വസ്തുനിഷ്ടമായ പഠനങ്ങൾ അടിസ്ഥാനമാക്കി മാത്രം ആധികാരികമായ ഒരു പഠനം നടത്തുക. അതിനു ശേഷം യുക്തിപൂർവ്വകമായ അഭിപ്രായം പറയുക, സ്വീകരിക്കുവാൻ ഞാൻ സന്നദ്ധനാണ്.

1970ലാണ് ഞാൻ തിരുപ്പട്ടം സ്വീകരിക്കുന്നത്. വത്തിക്കാൻ കൗൺസിൽ കഴിഞ്ഞ് അഞ്ചാം കൊല്ലത്തില്. എന്റെ ദൈവശാസ്ത്രപഠനം മുഴുവൻ വത്തിക്കാൻ കൗൺസിലിനു ശേഷമാണ് നടത്തിയിട്ടൂള്ളത്. എങ്കിലും ദൈവാരാധനയുടെ ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ വശങ്ങളെക്കുറിച്ച് ഒന്നും തന്നെ ദൈവശാസ്ത്രപരിശീലനകാലത്ത് കിട്ടിയിട്ടില്ല എന്നതു സത്യമാണ്. പ്രഗത്ഭരായ അധ്യാപകർ പരിശീലനം കൊടുത്തിരുന്ന ധർമാരാം കോളേജിലെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റു സെമിനാരികളിലെ കാര്യം ഊഹിക്കാമല്ലോ. വടവാതൂർ സെമിനാരിയിൽ മാത്രം അല്പം വ്യത്യസ്ഥമായ അന്തരീക്ഷമുണ്ടായിരുന്നു എന്ന് ഇവിടെ എടുത്തുപറയേണ്ടീയിരിക്കുന്നു.

അടുത്ത കാലം വരെ പട്ടമേറ്റിട്ടുള്ള വൈദീകരുടെയും അവർ പരിശീലനം കൊടുത്തിട്ടൂള്ള സന്യാസിനികളുടെയും അത്മായരുടെയും ദൈവാരാധനാപരമായ സ്ഥിതിവിശേഷം മുൻപറഞ്ഞതാണ്. അവരെല്ലാം നമ്മുടെ കുർബാനയെ പാശ്ചാത്യ ഗ്രന്ഥകാരന്മാർ ലത്തീൻ കുർബാനയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ വെളിച്ചത്തിലേ വിശദീകരിച്ചു പഠിച്ചിട്ടുള്ളൂ. ആത്മാർത്ഥതയോടെ സ്വപരിശ്രമത്താൽ നമ്മുടെ കുർബ്ബാനയെക്കുറിച്ച് ഉറവിടങ്ങളിൽ നിന്നു തന്നെ ആഴമായ പഠനം നടത്തിയിട്ടുള്ള ചുരുക്കം ചില വൈദീകരും ആത്മായരും നമ്മുടെ സഭയിലുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല.

6. ഉറവിടങ്ങൾ സുലഭം
പഴയ കാലങ്ങളിൽ ആഴമായ പഠനത്തിനുള്ള ഉപാധികളും സൗകര്യങ്ങളും ഇല്ലാതിരുന്നതുകൊണ്ടാണു ഇങ്ങനെ സംഭവിച്ചു പോയിട്ടുള്ളത്. അതുകൊണ്ട് ആരെയും ക്രമാതീതമായി കുറ്റപ്പെടുത്താനാവില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. നമ്മുടെ കുർബാനയെക്കുറിച്ച് അത്യാവസ്യമായ ആധികാരിക പഠനം നടത്തുന്നതിനാവശ്യമായ പുസ്തകങ്ങളും മറ്റും സുലഭമാണ്. അതുകൊണ്ട് ഇനിയും ഈ തലത്തിൽ കാണിക്കുന്ന അവഗണന ക്ഷന്തവ്യമാണെന്നു തോന്നുന്നില്ല.

7. ദൈവാരാധന വ്യക്തിത്വ ഘടകം
ഇതര സഭകളുമായി നമ്മുടെ അസ്ഥിത്വത്തിനു വേണ്ടി സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ ദൈവാരാധനയുടെ തനതായ വ്യക്തിത്വം പുനരുദ്ധരിച്ച് നവീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ക്രൈസ്തവാസ്ഥിത്വത്തിന്റെ പ്രകാശനമാണല്ലോ ദൈവാരാധന. ദൈവാരാധനയിൽ തനതായ വ്യക്തിത്വം ഇല്ലെങ്കിൽ സഭയുടെ അതിരുകൾ വികസിപ്പിക്കുവാനുള്ള വ്യഗ്രത ആത്മാർത്ഥതയില്ലാത്തതാണ് തീർച്ച. ഭാരതവത്കരണത്തിന്റെ മറവിൽ വരുത്തിവയ്ക്കുന്ന ലത്തീനീകരണവും ഈ ആത്മാർത്ഥതക്കുറവിന്റെ പ്രകടനമാണ്.

8. ഇന്ത്യൻ വ്യക്തിത്വം
നാം ഇന്ത്യക്കാരാണ്. പത്തൊമ്പതര നൂറ്റാണ്ടും അങ്ങിനെതന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 1962 അവസാനത്തോടെയാണ് മാർത്തോമാ ക്രിസ്ത്യാനികൾ ഇന്ത്യക്കാരല്ലെന്നു അവരിൽ ചില പ്രമുഖ വ്യക്തികൾക്കു തോന്നിത്തുടങ്ങിയത്. അതിനു ചില തത്പരകക്ഷികളുടെ ആവാസം കാരണമായി നിന്നിട്ടൂണ്ട്. മാർത്തോമാ ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ച് അവരെ നിർവീര്യമാക്കുന്നതിനുള്ള പ്രസ്തുതപരിശ്രമങ്ങൾ മിക്കവാറും വിജയിച്ചു എന്നു മാത്രമേ തത്കാലം പറയാനുള്ളൂ. ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാർ തോമാ ക്രിസ്ത്യാനികൾ വിവേചിച്ചറിഞ്ഞിരുന്നെങ്കിൽ!

നമ്മുടെ കുർബ്ബാനയോടുള്ള ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ സമീപനം ലത്തീൻ കുർബാനയോടുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. ഈ വ്യത്യാസം മാനിക്കുവാനും മനസിലാക്കുവാനും കഴിവില്ലെങ്കിൽ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ ലത്തീൻ സഭയെ ആശ്ലേഷിക്കുന്നതാണ് കരണീയമായിട്ടൂള്ളത്. സീറോ മലബാറുകാരെന്ന് അഭിമാനിയ്ക്കുകയും ലത്തീൻ രീതികൾ ആഗ്രഹിക്കുകയും ചൈയ്യുന്നത് രണ്ടൂ പൈതൃകങ്ങളോടും കൂറില്ലെന്നതിന്റെ തെളിവായി കണക്കാക്കാം.
(തുടരും)

Sunday, September 4, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -1

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)


1. കുർബാന ഒരാഘോഷം
സ്വന്തം അസ്ഥിത്വാചരണമായി വിശുദ്ധ കുർബ്ബാനയെ മനസിലാക്കുന്നതിനു പരിശ്രമിക്കുക. സ്വന്തം ജന്മദിനമോ നാമകരണദിനമോ വൈവാഹികാവസരമോ വൈദീകരെങ്കിൽ തിരുപ്പട്ടമോ സന്യാസികളെങ്കിൽ സഭാവസ്ത്രസ്വീകരണദിനമോ വ്രതാനുഷ്ഠാനദിനങ്ങളോ അവയുടെ ജൂബിലികളോ ആഘോഷിക്കുമ്പോൾ ഒന്നും അറിയാത്തവരെപ്പോലെ നിർവ്വികാരരായി നോക്കി നിൽക്കുവാൻ അവർക്കു സാധിക്കുമോ? ആഘോഷം അൽപം നീണ്ടുപോയതുകൊണ്ടോ കൂടിപ്പോയതുകൊണ്ടോ ആരും അസ്വസ്ഥരാകുമെന്നും തോന്നുന്നില്ല. അതേ സമയം നമ്മുടേതല്ലാത്തതും നമുക്കും പങ്കില്ലാത്തതുമായ ആഘോഷങ്ങളിൽ നമുക്കൊരു താത്പര്യവും കാണുകയുമില്ല. അതുകൊണ്ട് വിശുദ്ധ കുർബ്ബാനയെ നമ്മുടെ വിശ്വാസത്തിന്റേയും ക്രൈസ്തവാസ്തിത്വത്തിന്റെയും സമഗ്രമായ ആചരണമായി മനസിലാക്കുന്നതിനു പരിശ്രമിയ്ക്കുകയാണ് അനുഭവവേദ്യമായി അതാചരിക്കുന്നതിനുള്ള ആദ്യപടി.

2. വിശദാംശങ്ങളിൽ ശ്രദ്ധിക്കുക
വിശുദ്ധകുർബ്ബാനയുടെ വിശദാംശങ്ങൾ മനസിലാക്കേണ്ടതുണ്ട്. നാലു നൂറ്റാണ്ടു കാലത്തേ സുദീർഘമായ വിദേശീയ മേധാവിത്വം കൊണ്ട് നമ്മുടെ അവബോധത്തിൽ നിന്നും പലവിശദാംശങ്ങളും ചോർന്നു പോയിട്ടൂണ്ട്. ഇന്നും നാം സ്വയം പര്യാപ്തതയിൽ കഴിയുന്ന ഒരു സഭയാണ്. ആരുടേയും സമ്മർദ്ദത്തിനു വഴങ്ങേണ്ട സാഹചര്യം ഇന്നില്ല. പഠിച്ചറിഞ്ഞ വിശദാംശങ്ങൾ അനുദിന വിശുദ്ധകുർബാന ആചരണത്തിലേയ്ക്ക് പകർത്തുകയാണ് വിശുദ്ധ കുർബാന അനുഭവേദ്യമാകുന്നതിനുള്ള രണ്ടാമത്തെ പടി.

3. കുർബാന ഒരനുഷ്ടാനം
വിശുദ്ധ കുർബാന ഒരാചരണവും ആഘോഷവുമാണല്ലോ. കാർമ്മികർ, ശുശ്രൂഷികൾ, സമൂഹം ഇങ്ങനെ മൂന്നു ഗണങ്ങളായിട്ടാണ് ഈ ആചരണം പൂർത്തിയാക്കുന്നത്. നാം ഏതുഗണത്തിലായാലും ശരി അതിന്റെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കുമ്പൊഴാണ് നമ്മുടെ ആചരണം പൂർണ്ണമാകുന്നത്. പ്രാർത്ഥനകൾ ചൊല്ലുക മാത്രമല്ല ചില കർമ്മങ്ങളും എല്ലാ ഗണത്തിലും പെട്ടവർക്കും ചെയ്യേണ്ടതായിട്ടൂണ്ട്. അതു നാം വിശ്വസ്തതയോടെ നിറവേറ്റുമ്പോൾ നമ്മുടെ ആചരണം അനുഭവവേദ്യമാകും തീർച്ച.

4. കുരിശുവര
കുരിശുവരകൾ ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്. പലതരത്തിലുള്ള കുരിശുവരകൾ നമ്മുടേ കുർബാനയിലുണ്ട്. സ്ഥാപനവാക്യങ്ങൾ അഥവാ കർതൃവചനങ്ങളുടെ അവസരത്തിൽ പീലാസാമേലും കാസമേലും മൂന്നുപ്രാവശ്യം വീതം കാർമ്മികൻ കുരിശുവരയ്ക്കുന്നുണ്ട്. അതുപോലെ കൂദാശാഭാഗത്തിന്റെ ആരംഭത്തിലും മധ്യത്തിലും അവസാനത്തിലും കാർമ്മികൻ തിരുവസ്തുക്കളുടെ മേൽ കുരിശുവരയ്ക്കുന്നുണ്ട്. തിരുശരീരം ഉയർത്തിയ ശേഷം തിരുവോസ്തിയിൽ സ്പർശിയ്ക്കാതെ അധരങ്ങൾ കൊണ്ട് കുരിശടയാളത്തിൽ ചുംബിക്കുന്നുണ്ട്. ഈ കുരിശുകളെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള മിശിഹായുടെ കുരിശുമരണം ആഘോഷമായി ഏറ്റുപറയുന്ന കർമ്മങ്ങളാണ്. ആരാധനാ സമൂഹത്തിലെ ഓരോ അംഗവും പ്രസ്തുത സമയങ്ങളിൽ ഈ അവബോധത്തോടൂകൂടീ തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടിരിക്കണം.
വിശുദ്ധകുർബാനയിൽ അഞ്ചുപ്രാവശ്യം കാർമ്മികൻ സമൂഹത്തെ ആശീർവ്വദിക്കുന്നുണ്ട്. സുവിശേഷവായനയ്ക്കു മുൻപ് ഏവൻഗാലിയൻ പുസ്തകം കൊണ്ടൂം സമാധാനാശംസയുടെ രണ്ട് അവസരങ്ങളിലും, കുർബാന സ്വീകരണത്തിനു ക്ഷണിയ്ക്കുമ്പോഴും ഹൂത്താമാപ്രാർത്ഥനയുടെ അവസാനത്തിലുമാണ് ഈ ആശീർവാദങ്ങൾ നല്കുന്നത്. മൂന്നു പ്രാവശ്യം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുന്നുണ്ട്. സുവിശേഷപുസ്തകം കൊണ്ടല്ലാതെ “സമാധാനം നിങ്ങളോടുകൂടെ” എന്നാശംസിച്ചാശീർവ്വദിക്കുന്ന രണ്ടവസരങ്ങൾക്കു തൊട്ടൂ മുൻപും അനുരഞ്ജനശുശ്രൂഷയിലെ “നമ്മുടെ കർത്താവീശോമിശിഹായുടേ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും …” എന്ന ആശംസാ പ്രാർത്ഥനയുടെ അവസരത്തിലുമാണ് കാർമ്മികൻ സ്വയം കുരിശൂവരയ്ക്കുന്നത്. ഈ അവസരങ്ങളിലെല്ലാം “കാർമ്മികൻ വലതു കൈവിടർത്തി ഉള്ളം കൈ പടിഞ്ഞാട്ടേയ്ക്ക് അഥവാ ജനങ്ങളുടെ നേരെ ആക്കി വിരലുകൾ ശിരസിനു മുകളിൽ കാണത്തക്കവിധം ഉയർത്തി” കുരിശുവരയ്ക്കണമെന്നാണ് കുർബാനപുസ്തകത്തിൽ നിർദ്ദേശിക്കുന്നത്. തന്റെ പിന്നിൽ തന്നോടൊത്ത് സ്വർഗ്ഗോനുഖമായി നിൽക്കുന്ന സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തിയുള്ള കുരിശുവരയായതുകൊണ്ടാണ് ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കാർമ്മികൻ ആശീർവദിക്കുന്ന അവസരത്തിൽ ആശീർവ്വാദം സ്വീകരിച്ചുകൊൻടൂം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുമ്പോൾ അദ്ദേഹത്തോടു യോജിച്ചുകൊണ്ടൂം സമൂഹത്തിലെ ഓരോ അംഗവും സ്വയം കുരിശുവരച്ച് വിശുദ്ധീകരിക്കണം.
(കുരിശുവരക്കേണ്ടതെങ്ങനെയെന്ന് മറ്റൊരു പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്)
(തുടരും)

Sunday, July 10, 2011

ഒരുക്ക ശുശ്രൂഷയിലെ അനധികൃത പ്രവൃത്തികൾ

നമ്മുടെ കുർബ്ബാനയിൽ വചനശുശ്രൂഷയ്ക്കും കൂദാശാഭാഗത്തിനും ഇടയ്ക്കുള്ള കർമ്മങ്ങളും പ്രാർത്ഥനകളുമാണല്ലോ ഒരുക്ക ശുശ്രൂഷ എന്ന പേരിൽ അറിയപ്പെടുന്നത്. വിശുദ്ധവസ്തുക്കളുടെ ഭൗതീകമായ ഒരുക്കവും പുരോഹിതന്റെയും ശുശ്രൂഷികളുടെയും ദൈവജനത്തിന്റെയും ആധ്യാത്മികമായ ഒരുക്കവുമാണ് ഈ ഭാഗത്തു വരുന്നത്. തികച്ചും പൗരസ്ത്യമായ നമ്മുടെ കുർബാനയിലെ ഈ ഭാഗം ഏകദേശം നാലു നൂറ്റാണ്ടൂ കാലം പാശ്ചാത്യ ദൈവാരാധനാ വിശകലനമനുശരിച്ചു മാത്രമാണ് പൗരസ്ത്യ സുറിയാനിക്കാരായ നമ്മുടെ ഇടയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. അതിന്റെ തിക്തഫലം ഇന്നും നമ്മുടേ സഭയിലെ ഭൂരിപക്ഷം വിശ്വാസികളെയും സ്വാധീനിച്ചിരിക്കുന്നതുകൊണ്ട് ഈ കർമ്മസമയത്ത് വ്രതാർപ്പണം നടത്തുക, ഇതോടനുബന്ധിച്ച് കാഴ്ചവസ്തുക്കൾ അൾത്താരയിങ്കലേയ്ക്ക് വിശ്വാസികൾ കൊണ്ടൂവരിക തുടങ്ങിയ അനധികൃത പ്രവൃത്തികൾ പല സ്ഥലങ്ങളിലും പടർന്നു പിടീച്ചുകൊണ്ടീരിക്കുന്നു.

എന്നാൽ ആധുനിക പഠനങ്ങളുടെയും അവയുടെ അടിസ്ഥാനത്തിൽ പരിശുദ്ധ സിംഹാസനം വ്യക്തമായി നൽകിയിട്ടുള്ള നിർദ്ദേശങ്ങളുടേയും വെളിച്ചത്തിൽ ഇനിയും ഈ തെറ്റിധാരണ വച്ചുപുലർത്തുവാൻ നമുക്ക് അവകാശമില്ല.

കാഴ്ചവയ്പ് എന്ന പ്രയോഗം
നമ്മുടെ കുർബാനയിൽ കാഴ്ച സമർപ്പണം(Offertory rites) അഥവാ കാഴ്ചവയ്പ്പ് എന്നൊരു ഭാഗമില്ല. ലത്തീൻ കുർബ്ബാനയിൽ പോലും ആ പേരു നീക്കം ചെയ്തിരിക്കുകയാണിപ്പോൾ. എങ്കിലും ആ തലക്കെട്ടിൻ കീഴിൽ ചെയ്തിരുന്ന പ്രവൃത്തികൾ എല്ലാം കുർബ്ബാനയിൽ ഇന്നുമുണ്ട്. അവയുടെ എല്ലാം ആശയം വളരെ വ്യത്യസ്തമായ രീതിയിലാണ് പിതാക്കന്മാർ വ്യാഖ്യാനിച്ചു തരുന്നത്. അതുകൊണ്ട് ഇത്രയും നാൾ നാം ഇവയ്ക്കു കൊടൂത്തിരുന്ന പേരും അതിൽ അന്തർലീനമായിരുന്ന തെറ്റിദ്ധാരണാജനകമായ ആശയവും ഉപേക്ഷിക്കണം എന്നു മാത്രമാണ് സഭാമാതാവ് നമ്മോട് ആവശ്യപ്പെടുന്നത്. "കാഴ്ച സമർപ്പണം(Offertory rites) എന്ന തലക്കെട്ടൂ തന്നെ പിശകാണ്; അത്തരം പ്രയോഗം അവസാനിപ്പിക്കേണ്ടതുമാണ്" എന്ന് 1983 മാർച് 1 ആം തിയതി സീറോമലബാർ മെത്രാന്മാർക്ക് അയച്ച രേഖയിൽ പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിട്ടൂണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിനു മുൻപ് വിശുദ്ധ കുർബാനയെക്കുറിച്ചു പാശ്ചാത്യസഭയിലുണ്ടായ നിർഭാഗ്യകരമായ ചില കാഴ്ചപ്പാടുകളുടെ കനിയാണ് "കാഴ്ച സമർപ്പണം" എന്ന പദവും അതിനോടനുബന്ധിച്ചുള്ള ആശയങ്ങളും പ്രവൃത്തികളും. വിശുദ്ധ കുർബാനയിൽ രണ്ടുതരം സമർപ്പണങ്ങളുണ്ടെന്ന് അത്തരം ചിന്താഗതിക്കാർ ധരിച്ചു. സാധനങ്ങളുടെ സമർപ്പണവും കുർബാന സമർപ്പണവും. സാധനങ്ങളുടെ സമർപ്പണം വിശ്വാസികൾക്കും കുർബാനസമർപ്പണം പുരോഹിതർക്കുമായി വികലമായ ഒരു തരംതിരിവ് ഇതുമൂലം വന്നുചേർന്നു. വിശുദ്ധ കുർബ്ബാനയിൽ ഒരു സമർപ്പണമേയുള്ളൂ;സഭ മുഴുവനും ഒന്നിച്ച് - മെത്രാന്മാരും പുരോഹിതരും ഡീക്കന്മാരും അത്മായരും എല്ലാം അവരവരുടെ സ്ഥാനത്തിനും നിലയ്ക്കും യോജിച്ചവിധം ഒന്നിച്ച് - ആണ് ഈ സമർപ്പണം നടത്തുന്നത്.

കാഴ്ചവയ്പ്പു പ്രദിക്ഷിണം
പൗരസ്ത്യസഭകളിൽ ഒന്നിൽ പോലും ഒരുകാലത്തും ജനങ്ങളുടെ കാഴ്ചവയ്പ്പു പ്രദിക്ഷിണം എന്ന പരിപാടി കുർബ്ബാനക്കിടയിൽ ഉണ്ടായിരുന്നതായി കാണാനാവില്ല. ലത്തീൻ സഭയിൽ തന്നെ തെറ്റായ ദൈവശാസ്ത്ര ചിന്തയിൽ ഉരുത്തിരിഞ്ഞു പടർന്നു പന്തലിച്ച ഈ പരിപാടി എങ്ങിനെ നിയന്ത്രിക്കാനാവും എന്ന് അധികാരികൾ ചിന്തിച്ചുകയാണ്. എന്നിട്ടും നമ്മുടെ സഭയിൽ ഇതിന്റെ അസാംഗത്യം മനസിലാക്കിയിട്ടൂണ്ടന്നു തോന്നുന്നില്ല.

അൾത്താരയിലേയ്ക്ക് തിരുവസ്തുക്കൾ കൊണ്ടൂവരുന്ന ചുമതല പൗരസ്ത്യസഭകളിൽ ഡീക്കന്മാരുടേതാണ്. അത്യാവശ്യസന്ദർഭങ്ങളിൽ വൈദീകർ അവരെ സഹായിച്ചിരുന്നതായും കാണുന്നുണ്ട്. എന്നാൽ അത്മായർ ഒരു അവസരത്തിലും അങ്ങിനെ ചെയ്തിരുന്നതായി കാണുന്നില്ല. പൗരസ്ത്യസഭകളും പാശ്ചാത്യസഭകളും തമ്മിലുള്ള സത്താപരമായ വ്യത്യാസം തുടർന്നും പുലർത്തണമെന്നാണ് പരിശുദ്ധ സിംഹാസനം തന്നെ ആവശ്യപ്പെടുന്നത്.

പാശ്ചാത്യ സഭയിലേപോലെതന്നെ പൗരസ്ത്യസഭകൾ വിശുദ്ധ കുർബ്ബാനയ്ക്ക് ആവശ്യമായ വസ്തുക്കൾ വിശ്വാസികൾ ദേവാലയത്തിലേയ്ക്ക് കൊണ്ടൂവരുന്ന രീതി ഉണ്ടായിരുന്നു. വിശുദ്ധ കുർബ്ബാനയ്ക്കുള്ള അപ്പം, വീഞ്ഞ്, കുന്തിരിക്കം, വിളക്കിനുള്ള എണ്ണ തുടങ്ങിയ സാധനങ്ങൾ മാത്രമേ അപ്രകാരം കൊണ്ടുവന്നിരുന്നുള്ളൂ. എന്നാൽ ഒരിക്കലും അത് കുർബാന മധ്യേ ആയിരുന്നില്ല. പിന്നെയോ കുർബ്ബാനയ്ക്കു മുൻപ് സങ്കീർത്തിയിൽ കൊണ്ടൂ പോയി ഡീക്കന്മാരെ ഏൽപ്പിക്കുകയായിരുന്നു പതിവ്. ഡീക്കന്മാരാണ് കുർബാനയ്ക്കാവശ്യമായവ അതിൽ നിന്നും എടുത്ത് ബേസ്ഗസ്സാകളിൽ ഒരുക്കി വയ്ക്കുന്നത്. യഥാസമയം അവർ തന്നെ അവ അൾത്താരയിൽ ക്രമീകരിക്കയും ചെയ്യും. പട്ടം, പുത്തൻകുർബാന, വ്രതാർപ്പണം, വിവാഹം തുടങ്ങിയ ചില പ്രത്യേകാവസരങ്ങളിൽ വിശുധകുർബാനയ്ക്കാവശമായ വസ്തുക്കൾ മാത്രം വിശുദ്ധകുർബാന ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് കാർമ്മികന്റെ പക്കൽ കൊടുക്കുന്നത് നമ്മുടെ ആരാധനാ ചൈതന്യത്തിനു എതിരാകുമെന്നു തോന്നുന്നില്ല.

തിരുവസ്തുക്കളുടെ ഒരുക്കം
തിരുവസ്തുക്കൾ അഥവാ അപ്പവും വീഞ്ഞും മദ്ബഹായുടെ ഇരുവശത്തുമുള്ള നിഷേപാലയങ്ങൾ അഥവാ ബേസ്ഗസ്സാകളിലാണ് ഒരുക്കുന്നത് അഥവാ ഒരുക്കേണ്ടത്. ഒരു കാരണവശാലും കാസയും പീലാസയും അൾത്താരയിൽ തന്നെ വച്ച് ഒരുക്കേണ്ടതല്ല. ബേസ്ഗസാകൾ ഇല്ലാത്ത പള്ളികളീലും കപ്പേളകളിലും താമസംവിനാ അവ നിർമ്മിക്കണമെന്ന് പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചിട്ടൂണ്ട്. 1962ൽ നമ്മുടെ കുർബ്ബാനക്രമം പുനരുദ്ധരിച്ചപ്പോൾ തന്നെ തിരുവസ്തുക്കൾ ഒരുക്കുന്നതിനായി ബേസ്ഗസാകൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടീക്കാട്ടിയിരുന്നു. വിശുദ്ധ കുർബാന എവിടെവച്ചും എങ്ങനെ വേണമെങ്കിലും നടത്താവുന്ന ഒരു കർമ്മമായി നമ്മുടെ ചിന്തയിൽ അധ:പ്പതിച്ചു പോയിട്ടില്ല്ലേ എന്നു ചിന്തിക്കേണ്ടീയിരിക്കുന്നു.

മറ്റു റീത്തുകളുടെ പള്ളികളിൽ വച്ചു നമ്മുടെ കുർബ്ബാന അർപ്പിക്കേണ്ടതായി വരുകയാണെങ്കിൽ അൾത്താരയുടെ ഇരുവശങ്ങളിലും ഉചിതമായി ക്രമീകരിച്ചിരിക്കുന്ന രണ്ടു മേശകളിൽ കാസയും പീലാസയും ഒരുക്കാവുന്നതാണ്. ഒരു കാരണവശാലും അൾത്താരയിൽ വച്ച് ഒരുക്കാവുന്നതല്ലെന്നു വ്യക്തമായി 1983ൽ റോമിൽ നിന്നു നൽകിയ നിർദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. അൾത്താരയിൽ വച്ചു തന്നെ തിരുവസ്തുക്കൾ ഒരുക്കുന്നത് പുരാതനകാലം മുതൽ സുറിയാനീ സഭാ പിതാക്കന്മാർ ഈ പ്രത്യേക കർമ്മത്തിനു നൽകിയിരുന്ന പ്രതീകാത്മകത കളഞ്ഞു കുളിക്കലാവും.

ഉപസംഹാരം
ചുരുക്കത്തിൽ
1. കാഴ്കവയ്പ്പ് എന്ന പ്രയോഗം തന്നെ ശരിയല്ല.
2. കാഴ്ചവയ്പു പ്രദിക്ഷിണം സുറീയായി സഭയുടെ പാരമ്പര്യമല്ല.
3. തിരുവസ്തുക്കളുടെ ഒരുക്കം ബേസ്ഗസായിലാണു നടത്തേണ്ടത്.
എങ്കിലും ശരിയായ ബോധ്യങ്ങളൂടെയും പരിശീലനത്തിന്റെയും കുറവുനിമിത്തമോ ന്യായമായ അധികാരത്തോടുള്ള വിധേയത്തക്കുറവു നിമിത്തമോ പലയിടങ്ങളിലും ഇതിനു വിപരീതമായി, പരിശുദ്ധ സിംഹാസനത്തിന്റെയും പൗരസ്ത്യതിരുസംഘത്തിന്റെയും മെത്രാൻ സിനഡിന്റെയും നിർദ്ദേശങ്ങൾക്കു വിരുദ്ധമായി, സുറിയാനീ പാരമ്പര്യങ്ങൾക്കും ചൈതന്യത്തിനും നിരക്കാത്ത രീതിയിൽ കുർബ്ബാനയർപ്പിച്ചു കാണുന്നുണ്ട്.

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന പുസ്തകത്തിൽ നിന്നും ഒരുക്ക ശുശ്രൂഷ എന്ന അധ്യായത്തിലെ ഈ പോസ്റ്റിലെ വിഷയത്തിനു യോജിച്ച പ്രസക്തഭാഗങ്ങൾ കാര്യമായ ഒരു മാറ്റവും കൂടതെ തന്നെയാണു ചേർത്തിട്ടൂള്ളത്. കാര്യങ്ങളുടെ വ്യക്തതയ്ക്കു വേണ്ടി ചില ചെറിയ മാറ്റങ്ങൾ ചുരുക്കം ചില ഭാഗങ്ങളിൽ നടത്തിയിട്ടൂണ്ട്)

Tuesday, May 31, 2011

സുറിയാനീ സഭയും പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാളൂം

പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാൾ ലത്തീൻ സഭ ആചരിക്കുന്ന തിരുന്നാളാണു്. ലത്തിൻ വത്കരണത്തിന്റെ ഭാഗമായി ഈ തിരുന്നാൾ സുറിയാനീ കത്തോലിക്കരും ആചരിച്ചുതുടങ്ങി. ഉയർപ്പുതിരുന്നാൾ മുതൽ ചൊല്ലാറുള്ള "സ്വർല്ലോകരാജ്ഞി ആനന്ദിച്ചാലും" എന്ന പ്രാർത്ഥന പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാൾ വരെയാണ് ചൊല്ലാറുള്ളത്. ശ്ലീഹാക്കാലത്തിലെ രണ്ടാം ഞായറാഴ്ചയാണ് പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാൾ ആചരിക്കുന്നത്. എങ്കിലും ഇത് പൊഉരസ്ത്യ സഭകളുടെ രീതിയല്ല. പൊഉരസ്ത്യ തിരുസംഘം പ്രസിദ്ധീകരിച്ച "The Ordo Celebrationis and the Supplementum" ലും ഈ തിരുന്നാൾ പരാമർശിക്കപ്പെടുന്നില്ല. പൌരസ്ത്യസഭകളുടെ ചൈതന്യത്തിനു ചേർന്നതല്ല ഈ തിരുന്നാൾ എന്നതാണ് ഇതിനു കാരണം.

പൌരസ്ത്യ സഭാപിതാക്കന്മാർ ഒരിക്കലും ത്രീത്വത്തിലെ ആളുകൾ വേർതിരുഞ്ഞു പ്രവർത്തിക്കുന്നതായി കരുതിയിരുന്നില്ല.അതുകൊണ്ടു നമ്മുടെ കർത്താവിന്റെ എല്ലാ തിരുന്നാളുകളും പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാളുകൂടിയാണ്. അതിലുപരിയായി പരിശുദ്ധത്രീത്വത്തെ വെളിവാക്കുന്ന ദനഹാത്തിരുന്നാളിലും ദനഹാക്കാലത്തിലുമാണ് പരിശുദ്ധത്രീത്വത്തിന്റെ രഹസ്യത്തെക്കുറച്ച് ധ്യാനിക്കാറുള്ളത്.

Wednesday, April 6, 2011

കുരിശു വരക്കുമ്പോള്‍ (Sign of Cross)

കുരിശു വരക്കുമ്പോള്‍ വലതു കൈ ആദ്യം നെറ്റിയിലും പിന്നീട് നെഞ്ചിലും വയ്ക്കുകയും തുടര്‍ന്നു ഉരത്തിലേക്കും അവിടെ നിന്ന് ഇടത്തെ ഉരത്തിലേക്കും കൊണ്ട് വരണം എന്ന നിര്‍ദേസമാണ്‌ കുര്‍ബാന പുസ്തകത്തിലുള്ളത്. കാര്‍മ്മികന്‍ ആശീര്‍വദിക്കുമ്പോള്‍ നമ്മുടെ വലതുവശത്തുനിന്നും ഇടത്തുവശത്തേക്കാണു അദ്ദേഹത്തിന്റെ കൈകള്‍ ചലിക്കുന്നത്. ഏതു വ്യക്തിയെ അഥവാ വസ്തുവിനെ കുരിശിന്റെ അടയാളത്താല്‍ മുദ്രിതമാക്കുന്നുവോ ആ വ്യക്തിയുടെ/വസ്തുവിന്റെ വലതുഭാഗത്തുനിന്നും ഇടതു ഭാഗത്തേക്കുവേണം ആശീര്‍വ്വദിക്കുന്ന ആളിന്റെ കൈകള്‍ ചലിക്കേണ്ടത്. അതുകൊണ്ടു നാം സ്വയം കുരിശുവരക്കുമ്പൊള്‍ വലതുവശത്തുനിന്നും ഇടതുവശത്തേക്കാണു കൈകള്‍ ചലിക്കേണ്ടത് എന്നു വ്യക്തമാണല്ലോ.

കുരിശുവര ഒരു ത്രിത്വസ്തുതിയാണല്ലോ. ത്രിത്വത്തിലെ മൂന്നാളുകളെ അനുസ്മരിയ്ക്കുകയാണല്ലോ ബാവായ്ക്കും പുത്രനും റൂഹാദഖുദിശായ്ക്കും സ്തുതി എന്ന പ്രാർത്ഥനയിൽ ചെയ്യുന്നത്.  പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ പുത്രനെ വലതും പിതാവിനെ മധ്യത്തിലും റൂഹാദഖൂദിശായെ പിതാവിന്റെ ഇടതുമായി അനുസ്മരിയ്ക്കുന്നു.

ഏകസ്വഭാവവാദികളാണ്‌ കത്തോലിക്കരില്‍ നിന്നും തങ്ങളെ വേര്‍തിരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ഇടതുനിന്നും വലതുവശത്തേക്കുള്ള കുരിശു വര ആരംഭിച്ചത്. യാക്കോബായ സഭ മുഴുവനിലും അതു വ്യാപിക്കുകയും ചെയ്തു. 13ആം നൂറ്റാണ്ടു മുതലാണ്‌ ലത്തിന്‍ സഭയില്‍ ഈ രീതി ആരമ്ഭിക്കുന്നത്. ഇതിനുണ്ടായ കാരണം വ്യക്തമല്ല.

16ആം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ ലത്തിന്‍ മിഷനറിമാരില്‍ നിന്നും ഈ രീതി നമ്മുടെ ഇടയിലും വ്യാപിച്ചു. വിദേശത്തിനിന്നും വന്ന യാക്കോബായ മെത്രാന്മരില്‍ നിന്ന് യാക്കോബായക്കാരുടെ ഇടയിലിലും ഈ രീതി പടര്‍ന്നു പിടിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കിയ ലത്തിന്‍കാരില്‍ പലരും ഇടക്കാലത്തു പ്രചാരത്തിലായ തെറ്റായ രീതിയില്‍ നിന്നും മാറിത്തുടങ്ങിയിട്ടൂണ്ട്.

നമ്മുടെ ഇടയില്‍ ഇന്നു പ്രചാരത്തിലില്‍ ഇരിക്കുന്ന വലിയ കുരിശുവര രീതിയും - നെറ്റിയിലും അധരങ്ങളിലും നെഞ്ചിലും കുരിശുവരക്കുന്നത് - ലത്തീന്‍ മിഷനറിമാര്‍ ഇറക്കുമതി ചെയ്തതാണ്. പൌരസ്ത്യപാരമ്പര്യങ്ങളില്‍ ഒരിടത്തും ഇത്തരം രീതി കാണാനാകില്ല. യഥാക്രമം നെറ്റിയിലും നെന്ചത്തും വലത്തേ ഉരത്തിലും ഇടത്തേ ഉരത്തിലും വലത്തേ കയ്യുടെ മൂന്നു വിരലുകള്‍ ചേര്‍ത്തുവച്ചു മുട്ടിച്ചുകൊണ്ട് കുരിശുവരയ്ക്കുന്ന രീതിയാണു പൌരസ്ത്യ സഭകളില്‍ പരക്കെ കാണുന്നത്.

പരിശുദ്ധ സിംഹാസനം നിർദ്ദേശിയ്ക്കുന്നതും വലതു നിന്ന് ഇടത്തേയ്ക്ക് കുരിശു വരയ്ക്കുന്ന രീതിതന്നെയാണ്. 1985 ലെ റോമൻ രേഖ ഇപ്രകാരം പറയുന്നു:- The sign of cross, preferably from right to left, or from left to right where there is long standing custom, may be tolerated ad libitum at the beginning of the liturgy where it is already in general use. But it is n ot to be included in the approved text of the Qurbana and in areas where it is not in general use it is not to be introduced. It must be noted once again the christian sign of the cross was for over a millennium made in the same way in all the churches of the East and in the West from right to left . In 1962 there was simply a timely return to the normal usage of the non Latinized East; the measure is in full conformity with the cogent general directive in OE 2,6 and 12. For this reason the relevant rubrics of 1962 is to be upheld.

ഈ രേഖയെ നമുക്ക് ഇപ്രകാരം മനസിലാക്കാം.
1. ഇടത്തൂനിന്നും വലത്തേയ്ക്കുള്ള ലത്തീൻ രീതി തുടരാമെങ്കിലും വലതുനിന്നും ഇടത്തേയ്ക്ക് വരയ്ക്കുന്നതാണ് അഭികാമ്യം.
2. സാർവത്രിക സഭയിലെല്ലാം ആദ്യത്തെ ആയിരം വർഷക്കാലം വലതു നിന്നും ഇടത്തേയ്ക്കായിരുന്നു കുരിശുവരച്ചിരുന്നത്.

Monday, March 14, 2011

വി.കുര്‍ബാനയുടെ കൂദാശാഭാഗം.

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുര്‍ബ്ബാന എന്ന പുസ്തകത്തില്‍ നിന്ന്)

ആമുഖം
"കൂദാശ" എന്ന സുറിയാനീ പദത്തിനു "വിശുദ്ധീകരിക്കല്‍", "വസ്തുഭേദം വരുത്തല്‍" എന്നൊക്കെയണര്‍ത്ഥം. ഇപ്പോള്‍ നാമുപയോഗിക്കുന്ന കുര്‍ബ്ബാനക്രമത്തെ "ഒന്നാമത്തെ കൂദാശ" അതായതു, "പൌരസ്ത്യദേശത്തെ പ്രബോധകരും ശ്ലീഹന്മാരുമായ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടേയും കൂദാശ" എന്നാണു സാധാരണ വിളിക്കാറുള്ളത്. മാര്‍ തിയഡോറിന്റെയും മാര്‍ നെസ്തോറിയസ്സിന്റെയും പേരുകളില്‍ അറിയപ്പെടുന്ന രണ്ടാമത്തെയും മൂന്നാമത്തെയും കൂദാശകള്‍ കൂടി ഉള്ളതുകൊണ്ടാണിങ്ങനെ വിളിക്കാന്‍ തുടങ്ങിയതും.

ഗ്രീക്കുഭാഷയില്‍ "അനാഫൊറ" എന്നപദമാണ്‌ അതിനുപയോഗിക്കുന്നത്. സമര്‍പ്പിക്കുന്നത്, ഉയര്‍ത്തിക്കൊടൂക്കുന്നത് എന്നൊക്കെയാണ്‌ അതിനര്‍ത്ഥം. വി. കുര്‍ബ്ബാന ദൈവത്തിന്റെ പക്കലേക്കുള്ള നമ്മുടെ സമര്‍പ്പണമാണല്ലോ. രക്ഷിക്കപ്പെട്ട ജനം എന്ന നിലയില്‍ നന്ദിയുടെയും സ്തുതിയുടെയും വികാരങ്ങളോടെ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന്റെ പക്കലേക്കുയര്‍ത്തുന്ന കര്‍മ്മവുമാണിത്.

കുര്‍ബ്ബാന എന്ന സുറിയാനീ പദത്തിനും ഏകദേശം ഇതേ അര്‍ത്ഥം തന്നെയാണുള്ളത്. "കാഴ്ച", "ദാനം", ദൈവത്തിനു നല്കപ്പെട്ടത്, "ബലി", "കൂദാശ ചെയ്യപ്പെട്ടത്" എന്നൊക്കെയാണ്‍ ഇതിന്റെ അര്‍ത്ഥം. പൊതുവെ കുര്‍ബാന എന്ന പദം ബലിയര്‍പണത്തെ മുഴുവനായി സൂചിപ്പിക്കാനാണുപയോഗിക്കുന്നത്. അതുപോലെ കൂദാശ എന്ന പദം മറ്റു ആറു കൂദാശകള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

നമ്മുടെ കുര്‍ബ്ബാനയില്‍ "നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും " എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനമുതല്‍ റൂഹാക്ഷണ പ്രാര്‍ത്ഥനയും അതെത്തുടര്‍ന്നുള്ള പ്രാര്‍ത്ഥനയും അതെത്തുടര്‍ന്നുള്ള സ്തുതിഗീതവും അവസാനിക്കുന്നതു വരെയുള്ള കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും ഗീതങ്ങളും ഉള്‍പ്പെടുന്നതാണ്‍ "കൂദാശാഭാഗം".

വസ്തുഭേദം(Transubstantiation)
പൌരത്യ സഭകളുടെ വീക്ഷണത്തില്‍ തിരുവസ്തുക്കളുടെ വസ്തുഭേദം സംഭവിക്കുന്നത് അതായത് അള്‍ത്താരയില്‍ സജ്ജീകരിച്ചിരിക്കുന്ന അപ്പവും വീഞ്ഞും ഈശോമിശിഹായുടെ ശരീരരക്തങ്ങളായി മാറുന്നത് കൂദാശാഭാഗത്തിലാണ്.

12 ആം നൂറ്റാണ്ടിനു ശേഷമുള്ള പാശ്ചാത്യസഭാചിന്തയില്‍ , അന്ത്യത്താഴത്തില്‍ മിശിഹനാഥന്‍ ഉരുവിട്ട വചനങ്ങള്‍ മാത്രമാണ്‌ കൂദാശാവചനങ്ങളായി കണക്കാക്കുന്നത്. ഇന്ന് ഈ ചിന്തയ്ക്കു വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌.

വിശ്വാസസത്യങ്ങള്‍ പാശ്ചാത്യ പൌരസ്ത്യ സഭകളില്‍ ഒന്നു തന്നെയാണ്. അതായത് വിശുദ്ധ കുര്‍ബ്ബാനയില്‍ നാം പരികര്‍മ്മം ചെയ്യുന്ന അപ്പവും വീഞ്ഞും യഥാര്‍ത്ഥത്തില്‍ ഈശൊമിശിഹായുടെ ശരീരരക്തങ്ങളായി മാറുന്നു എന്നുള്ളത് വിശ്വാസസത്യമാണ്‌. ഇതിനെ നിഷേധിക്കുവാന്‍ പാശ്ചാത്യരായാലും പൌരസ്ത്യരായാലും നിവര്‍ത്തിയില്ല. എന്നാല്‍ ഈ വസ്തുഭേദം എപ്പോള്‍ സംഭവിക്കുന്നു എങ്ങനെ സംഭവിക്കുന്നു എന്നു മനസിലാക്കുന്ന രീതികള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാണു ദൈവശാസ്ത്രമെന്നു പറയുക. പല ദൈവശാസ്ത്രചിന്തകളെ വിശ്വാസത്തിനെതിരല്ലെങ്കില്‍ സ്വീകരിക്കുവാന്‍ കത്തോലിയ്ക്കാ സഭയ്ക്ക് യാതൊരു മടിയുമില്ല. അവ അവളുടെ സാര്‍വ്വത്രികതയെ കൂടുതല്‍ വ്യക്തമാക്കുകയാണു ചെയ്യുന്നത്.

പാശ്ചാത്യ സഭയില്‍ വി. തോമസ് അക്വീനാസിന്റെ കാലം മുതല്‍ പുരാതന ഗ്രീക്കു തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രം ദൈവശാസ്ത്രവിശകലനത്തിനു ആധാരമായി സ്വീകരിച്ചു. വിശ്വാസസത്യങ്ങളും കൂദാശകളുമെല്ലാം ഈ തത്വശാസ്ത്ര പദത്തില്‍ കൂറ്റെ ആ വിശുദ്ധന്‍ വിവരിച്ചു കൊടുത്തു. അതു കൂടുതല്‍ ആകര്‍ഷകമായി അന്ന് അനുഭവപ്പെടുകയും ചെയ്തു.

പ്രസ്തുത ചിന്തയില്‍ ഒരു വസ്തു ഉണ്ടാകുന്നത് തനതായ അസ്തിത്വം ഇല്ലാത്ത, പദാര്‍ത്ഥം(Matter) രൂപം (Form) എന്നീ ഘടകങ്ങള്‍ ഒരുമിച്ചു കൂടുമ്പോഴാണ്. തോമാമല്പാന്‍ കൂദാശകളെ ഈ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. അങ്ങനെ ഓരോ കൂദാശക്കും ഒരു കര്‍മ്മ സാധനവും(Matter) കര്‍മ്മ സ്വരൂപവും(Form) നിശ്ചയിച്ചു. കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും കര്‍മ്മ സാധനമായും(Matter) സ്ഥാപന വചനങ്ങള്‍ കര്‍മ്മ സ്വരൂപമായും(Form) നിശ്ചയിച്ചു. സ്വാഭാവികമായി കര്‍മ്മസാധനവും കര്‍മ്മസ്വരൂപവും ഒരുമിച്ചു ചേരുമ്പോള്‍ വസ്തുഭേദം സംഭവിക്കുന്നു എന്ന നിഗമനത്തിലെത്തി.

എന്നാല്‍ 11 ആം നൂറ്റാണ്ടു വരെയെങ്കിലും വസ്തുഭേദം സംഭവിക്കുന്ന സമയമേതെന്ന്‌ പാശ്ചാത്യസഭയിലെ ഒരു വിശ്വാസിയും ചോദിച്ചിരുന്നില്ല. 12 ആം നൂറ്റാണ്ടുവരെ സ്വാപനവചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞു തിരുശരീരവും തിരു രക്തവും ഉയര്‍ത്തിത്തുടങ്ങിയതു വരെ എപ്പോള്‍ വസ്തുഭേദം സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ആരും ആകുലചിത്തരായിരുന്നില്ല. അതുവരെ കൂദാശാഭാഗം മുഴുവന്‍ കൂടിയാണ്‌ ഓര്‍മ്മ ആചരണം പൂര്‍ത്തിയാക്കുന്നത് എന്ന് എല്ലാവരും കരുതിയിരുന്നു.

വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം ലത്തിന്‍ സഭ വിശ്വാസികള്‍ക്കു നല്കിയ പൊതുനിര്‍ദ്ദേശങ്ങളില്‍ 54ആം ഖണ്ഡികയില്‍ പറയുന്നതനുസരിച്ച് കൂദാശാഭാഗം മുഴുവനെയുമാണ്‌ കുര്‍ബ്ബാനയുടെ കേന്ദ്രമായിക്കാണുന്നത്. അല്ലാതെ ഇത്രയും നാള്‍ കരുതിയിരുന്നതു പോലെ സ്ഥാപന വാക്യങ്ങളെ മാത്രമല്ല്. പാശ്ചാത്യ ചിന്തതന്നെ മാറിയിരിക്കുന്നു എന്നതിനു തെളിവാണിത്.

ഈശോമിശിഹായുടെ തിരുശരീരരക്തങ്ങളുടെ ഈ ദിവ്യരഹസ്യം അരിസ്റ്റൊട്ടിലിന്റെ തത്വശാസ്ത്രത്തിനു അടിയറവയ്ക്കാവുന്ന ഒന്നല്ലെന്ന് ചിന്താശക്തിയുള്ള ആര്‍ക്കും മനസ്സിലാവും. തത്വശാസ്ത്രചിന്ത മാനുഷികമാണ്‌. അതുകൊണ്ടുതന്നെ അതു പരിമിതവുമാണ്. അപരിമിതമായ ദിവരഹസ്യത്തെ പരിമിതമായ തത്വശാസ്ത്രചിന്തയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് ഒരു തരത്തില്‍ ദൈവദോഷം തന്നെയാണ്. അതുകൊണ്ട് ഏതു തത്വചിന്തയ്ക്കും കയറിച്ചെല്ലാവുന്നതും എന്നാല്‍ തത്വശാസ്ത്രചിന്തകള്‍ക്ക് ഉപരിയായി നില്ക്കുന്നതുമായ ദിവ്യരഹസ്യത്തിനു വിധേയരാകുന്നതാണ്‌ ഏറ്റവും ഉചിതമായിട്ടുള്ളത്.

പൌരസ്ത്യസഭയും സഭാപിതാക്കന്മാരും വിശുദ്ധകുര്‍ബ്ബനയാകുന്ന ദിവ്യരഹസ്യത്തെ രഹസ്യമായിത്തന്നെ കാണുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമാണ്‌ പരിശ്രമിച്ചിട്ടൂള്ളത്. തത്വശാസ്ത്ര വിശകലനങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെ അടിത്തറയായ രഹസ്യാത്മകത നഷ്ടപ്പെടുത്താന്‍ അവര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല.

വിശുദ്ധകുര്‍ബ്ബാനയില്‍ നാം സജ്ജീകരിക്കുന്ന അപ്പവും വീഞ്ഞും ഈശോമിശിഹായുടെ ശരീര രക്തങ്ങളായി മാറുന്നുണ്ടെന്ന കാര്യത്തില്‍ പൌരസ്ത്യ സഭാപിതാക്കന്മാര്‍ക്കും സംശയമില്ല. ( സഭാപിതാക്കന്മാരുടെ കാലമെല്ലാം കഴിഞ്ഞ് 12ആം നൂറ്റാണ്ടില്‍ മാത്രമാണ്‌ വ്യത്യസ്തമായ വിശദീകരണരീതി പാശ്ചാത്യസഭയില്‍ തന്നെ ഉണ്ടായത്.) എപ്പോള്‍ എങ്ങിനെ വസ്തുഭേദം നടക്കുന്നുവെന്ന കാര്യത്തില്‍ മാത്രമേ അഭിപ്രായ വ്യത്യാസമുള്ളൂ. പൌരസ്ത്യസഭാപിതാക്കന്മാരുടെ പഠനമനുസരരിച്ച് വസ്തുഭേദം പരിമിതമയ മനുഷ്യബുദ്ധിക്കതീതമായ ഒരു രഹസ്യമാണ്. വിശുദ്ധകുര്‍ബ്ബാന ഈശൊമിശിഹായുടെ ശരീരരക്തങ്ങളുടെ ആഘോഷമാണ്. അതായത് ഈശോമിശിഹായില്‍ പൂര്‍ത്തിയയ രക്ഷാകരകര്‍മ്മങ്ങത്തിന്റെ ആഘോഷവും ഔദ്യോഗികമായ ആചരണവും ഏറ്റുപറച്ചിലും സ്വീകരണവും ആഴപ്പെടുത്തലുമാണ്. ഈ ആഘോഷങ്ങളോടു ബന്ധപ്പെടുത്തി അപ്പവും വീഞ്ഞും മിശിഹായുടെ ശരീരരക്തങ്ങളായി മാറുകയും ചെയ്യുന്നു. റൂഹാക്ഷണപ്രാര്‍ത്ഥനയോടെ, അതായത് പരിശുദ്ധാത്മാവിന്റെ നിര്‍ണ്ണായക പ്രവര്‍ത്തനത്തൊടെ വസ്തുഭേദം പൂര്‍ന്നമാകുന്നതായി എല്ലാ പൌരസ്ത്യ സഭാപിതാക്കന്മാരും ഉറപ്പിച്ചു പറയുന്നുണ്ട്.

ദൈവാരാധനയെ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയെ ഇങ്ങനെ വീക്ഷിക്കുന്നതുകൊണ്ട് പ്രധാനമായതും അപ്രധാനമയതുമായ ഭാഗങ്ങള്‍ തമ്മില്‍ പൌരസ്ത്യര്‍ വേര്‍തിരിക്കാറില്ല. കുര്‍ബ്ബാന മുഴുവന്‍ ഒറ്റ ആചണനമാണ്‌, പ്രധാനപ്പെട്ടതുമാണ്.

പാശ്ചാത്യസഭയിലെ മുന്‍പറഞ്ഞ തത്വശാസ്ത്രചിന്താരീതി അതായത് കര്‍മ്മസാധനവും കര്‍മ്മസ്വരൂപവും കൂടിച്ചേരുമ്പോള്‍ വസ്തുഭേദം വരുന്നു എന്ന ചിന്ത പൂര്‍ണ്ണമായി അവര്‍ ഉദ്ദ്യേശിക്കുന്ന വസ്തുത വ്യക്തമാക്കുന്നില്ലെന്നു തീര്‍ച്ചായാണ്. ഏതുനിമിഷം വസ്തുഭേദം നടക്കുന്നുവെന്നു അവര്‍ക്കും പറയാനാവില്ല. സ്വാപനവാചകം ഉച്ചരിച്ചു തീരുമ്പൊള്‍ എന്നു പറയാം. അതിനും സ്വല്പം സമയം വേണമല്ലോ. പൌരസ്റ്റ്യര്‍ അത് സ്വല്പം കൂടി നീട്ടൂന്നു എന്നുമാത്രം. അതായത് കൂദാശാഭാഗത്തിന്റെ അവസാനത്തൊടെ.
ചുരുക്കിപ്പറഞ്ഞാല്‍ പാശ്ചാത്യസഭയിലെ സ്വാപനവാചകങ്ങള്‍ക്കു തുല്യമാണ്‌ പൌരസ്ത്യസഭയിലെ കുര്‍ബ്ബാനയുടെ കൂദാശാഭാഗം അഥവാ അനാഫൊറ.

ഉപസംഹാരം

16ആം നൂറ്റാണ്ടുമുതല്‍ നമ്മുടെ വേദോപദേശവും സെമിനാരീ പരിശീലനവും തനി പശ്ചാത്യ പശ്ചാത്തലത്തില്‍ ആയിപ്പോയതുകൊണ്ട് നമ്മുടെ സഭയില്‍ ഉന്നത തലത്തില്‍ ഉള്ളവര്‍ക്കുപോലും വ്യത്യസ്തമായി ചിന്തിക്കുവാന്‍ ബുദ്ധിമുട്ടൂണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാതെ നമുക്കു സഭയുടെ ആരാധനാചൈതന്യമനുസരിച്ച് ജീവിക്കുവാനാവില്ല. "സ്വന്തം റീത്തിന്റെ തനതായ ഉറവിടങ്ങളിലേക്കുള്ള തിരിച്ചുപോക്കിന്റെ കാര്യത്തില്‍ തീര്‍ച്ചയായും ബുദ്ധിമുട്ടൂകള്‍ അനുവഭപ്പെടും. എന്നാല്‍ ശക്തികള്‍ മുഴുവന്‍ ഒരുമിച്ചു കൂട്ടിയും പൂര്‍ണ്ണമായി ദൈവസഹായത്തില്‍ ആശ്രയിച്ചും അത്തരം ബുദ്ധിമുട്ടൂകളെ സധൈര്യം നേരിടേണ്ടിയിരിക്കുന്നു" എന്ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1980ല്‍ സീറോ മലബാര്‍ മെത്രാന്മാരൊടൂ പറഞ്ഞത് ഇത്തരുണത്തില്‍ ശ്രദ്ദേയമാണ്.