Sunday, November 21, 2010

ആരാധാനാക്രമ അരാജകത്വം

കത്തോലിയ്ക്കാ സഭയുമായി ഐക്യപ്പെട്ട ആംഗ്ലിക്കന്‍ ബിഷപ്പായ ബേണ്‌ഹാം മെനുവില്‍ ഐക്യരൂപ്യമില്ലാത്തതിനാല്‍ പരാജയപ്പെട്ട കോഫീഷോപ്പ് സൃംഘലയോടാണ്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ ടെലിഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഉപമിച്ചത്. ഏതാണ്ട് ഇതേ അവസ്ഥയിലാണ്‌ സീറോ മലബാര്‍ സഭയും. ഒരു സീറോ മലബാര്‍ പള്ളിയിലേയ്ക്ക് കയറിച്ചെല്ലുന്ന വിശ്വാസിയ്ക്ക് താന്‍ പങ്കെടുക്കാന്‍ പോകുന്ന ഖുര്‍ബാന ഏതുതരത്തിലുള്ളതാകും എന്നതിനെക്കുറിച്ച് ഒരു ഊഹവുമുണ്ടാവാനിടയില്ല. പരമ്പാരാഗത ഖുര്‍ബാന മുതല്‍ കാര്‍മ്മികനും ഗായകസംഘവും ചേര്‍ന്നുള്ള അഭ്യാസങ്ങള്‍ വരെയാവാം അത്. ഉറവിടങ്ങളെ മറന്നു എന്നതിന്റെയും നഷ്ടപ്പെടുത്തി എന്നതിന്റെയും സൂചകങ്ങളാകുന്നു മിക്ക കുര്‍ബാന അര്‍പ്പണങ്ങളും.

സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ ആയതുമുതലിങ്ങോട്ട് എല്ല അസംബ്ലിയിലും ആരാധനാക്രമ ഐക്യരൂപ്യത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതാണ്‌. ഇക്കഴിഞ്ഞ അസംബ്ലിയില്‍ കൂടി വിഷയം ഉന്നയിക്കപ്പെട്ടു - ഒരു പക്ഷേ ഇതിനു മുന്‍പുണ്ടായ അസംബ്ളികളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌ എന്നറിഞ്ഞു കാണില്ല. ഉന്നയിക്കപ്പെടേണ്ടത് മറ്റൊരു ചോദ്യമായിരുന്നു - കുര്‍ബാനക്രമ ഐക്യരൂപം എന്തുകൊണ്ടു നടപ്പായില്ല?.

1970ല്‍ പ്ലാസിഡച്ചന്‍ വഴി പൌരസ്ത്യതിരുസംഘം പരിശുദ്ധസിംഹാസനത്തിനു മുന്‍പില്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ലത്തിന്‍ സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ മാര്‍പ്പാപ്പാ സംസാരിക്കുമ്പോള്‍ അനുസരിക്കേണ്ട ബാധ്യത പൌരസ്ത്യര്‍ക്കില്ലെന്നും സാര്‍വ്വത്രിക സഭയുടെ തലവന്‍ എന്ന നിലയില്‍ മാര്‍പ്പപ്പായ്ക്ക് ലത്തിന്‍ സഭയോടു ചായ്‌വു കാണിക്കാന്‍ കഴിയില്ല എന്നുമായിരുന്നു അത്. പൌരസ്ത്യ പാത്രിയര്‍ക്കീസുമാര്‍ പറഞ്ഞു-
"Fr.Placid, you have put a bomb". വത്തിക്കാന്‍ കൌണ്‍സില്‍ ലത്തീന്‍ മേല്‍ക്കോയ്മയ്ക്ക് വിരമാമിട്ടെങ്കിലും അത് നടപ്പില്‍ വരുത്താനുള്ള ധൈര്യം നമ്മുടെ മെത്രാന്‍മാര്‍ക്ക് ഇല്ലാതെ പോയി. പിന്നീട് പ്ലാസിഡച്ചന്‍ വഴി തന്നെ അപ്പോഴത്തെ മെത്രാന്‍ സമിതിയ്ക്കുള്ള കത്തും അയച്ചു. പൌരസ്ത്യര്‍ക്കായി കേരളത്തിനു വെളിയില്‍ രൂപതകള്‍ സ്ഥാപിക്കാന്‍ മലബാര്‍ സഭയ്ക്ക് അവകാസവും അധികാരവും ഉണ്ടെന്നായിരുന്നു അതിന്റെ ഉള്ളടക്കം. ആരും ചോദ്യം ചെയ്തില്ല, പക്ഷെ അനന്തര നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

കൌണ്‍സിലിന്റെ രേഖകള്‍ പഠിച്ചവരെ ഒറ്റപ്പെടുത്തുകയും വിഘടനവാദികളായി മുദ്രകുത്തുകയും ചെയ്തു. കൌണ്‍സിലിന്റെ രേഖകള്‍ പഠിച്ചവര്‍, കുറഞ്ഞപക്ഷം രൂപതകളെ വിഭജിക്കുകയെങ്കിലും ചെയ്യണമെന്നു കര്‍ദ്ദിനാളിനൊടു അഭ്യര്‍ത്ഥിച്ചു. നമ്മുടെ മെത്രാന്മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. സഭയില്‍ അധികാരപരിധി എന്നത് മെത്രാന്മാരുടെ അധികാര രാഷ്ട്രീയത്തിന് വേണ്ടിയല്ല, വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാണ്.

ഇതുവരെ നമുക്ക് ലഭിച്ചത് ലത്തീന്‍ രൂപതയില്‍ നിന്നോ ലത്തീന്‍ സന്യാസ സമൂഹങ്ങളില്‍ നിന്നോ ഉള്ള മേജര്‍ ആര്‍ച്ച് ബിഷപ്പുമാരെയാണ്. പൌരസ്ത്യ സഭകള്‍ക്കായി പൌരസ്ത്യ തിരുസംഘമുണ്ട്. പൌരസ്ത്യ സഭകളാകട്ടെ ദൈവാരാധനക്കുള്ള തിരുസംഘത്തോടു പോലും ബന്ധപ്പെട്ടതല്ല. ദൈവാരാധനയ്ക്കുള്ള തിരുസംഘത്തിന്‍റെ നിര്‍ദേശപ്രകാരം ലത്തീന്‍ സഭ അള്‍ത്താര ബാലികമാരെ അനുവദിച്ചു. പൌരത്യ സഭയിലെ ആരാധനാക്രമ നടപടികളില്‍ വ്യത്യാസം വരുത്തുവാന്‍ ലത്തീന്‍ കാനോന്‍ നിയമത്തെ കൂട്ട് പിടിക്കുന്നത് വിചിത്രമാണ്. എന്നിട്ടും മെത്രാന്‍ സൂനഹദോസില്‍ ചര്‍ച്ച ചെയ്യുകപോലും ചെയ്യാതെ അള്‍ത്താര ബാലികമാരെ പ്രോത്സാഹിപ്പിച്ചു. മാര്‍ ജേക്കബ് മനന്തോടത്ത് എറണാകുളം സഹായ മെത്രാനായി നിയമിതനായപ്പോള്‍ അദ്ദേഹം വലിയനോയമ്പു സുറിയാനീ പാരമ്പര്യമനുസരിച്ച് തിങ്കലാഴ്ചയിലേക്ക് മാറ്റി. മേജര്‍ ആര്‍ച്ച് ബിഷപ്പ് അത് തിരിച്ചു ബുധനാഴ്ച ആക്കി.

അബ്രഹാം മറ്റം പിതാവിന്റെ വാക്കുകള്‍ ഉദ്ധരിക്കാം: "സീറോ മലബാര്‍ സഭ ആരാധനാ ക്രമ സംബന്ധിയായ പ്രശ്നങ്ങളെ അച്ചടക്കമില്ലായ്മയെ അഭിമുഖീകരിക്കുന്നുണ്ട്. മാറ്റങ്ങള്‍ സംബന്ധിച്ച വ്യക്തിപരമായി തീരുമാനങ്ങള്‍ എടുക്കുന്നത് യുക്തിരഹിതവും നീതീകരിക്കാനാവാതതുമാണ്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുവാനേ കാരണമാകു."

എക്കുമെനിക്കല്‍ കൌണ്‍സിലിനു 25 വര്‍ഷങ്ങള്‍ക്കു ശേഷം 1990ല്‍ പൌരസ്ത്യ സഭകള്ക്കയുള്ള കാനോന്‍ നിയമം നിലവില്‍ വന്നു. പൌരസ്ത്യ സഭകള്‍ സ്വന്തം നിലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പ്രാപ്തമാക്കുന്നത് വരെയുള്ള ഒരു താത്കാലിക സംവിധാനത്തിനാണ് കൌണ്‍സില്‍ രൂപം കൊടുത്തത്. എല്ലാ വ്യക്തി സഭകളും തുല്യവും സ്വതന്ത്രവുമാണ് എന്ന കൌണ്‍സിലിന്റെ പ്രഖ്യാപനം ഒന്ന് മാത്രം മതി നമ്മുടെ സഭയുടെ സ്വാതന്ത്ര്യത്തിനു. 1965ല്‍ തന്നെ നമ്മുക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ഉചിതമായ നടപടികള്‍ കൈക്കൊള്ളമായിരുന്നു. 1957ല്‍ തന്നെ പുനരുധരണങ്ങള്‍ പൂര്‍ത്തിയായിരുന്നു. എങ്കിലും നമ്മുടെ ശത്രുക്കള്‍ അത് നടപ്പില്‍ വരുന്നത് തടയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1993ല്‍ നാം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി. പക്ഷെ ഇന്നും പ്രതിബന്ധങ്ങളാണ് മുന്നില്‍.

(നവംബര്‍ 2010 ലെ 'ദി നസ്രാണി' യിലെ INDISCIPLINE IN MATTERS LITURGICAL എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)