Sunday, November 21, 2010

ആരാധാനാക്രമ അരാജകത്വം

കത്തോലിയ്ക്കാ സഭയുമായി ഐക്യപ്പെട്ട ആംഗ്ലിക്കന്‍ ബിഷപ്പായ ബേണ്‌ഹാം മെനുവില്‍ ഐക്യരൂപ്യമില്ലാത്തതിനാല്‍ പരാജയപ്പെട്ട കോഫീഷോപ്പ് സൃംഘലയോടാണ്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെ ടെലിഗ്രാഫ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഉപമിച്ചത്. ഏതാണ്ട് ഇതേ അവസ്ഥയിലാണ്‌ സീറോ മലബാര്‍ സഭയും. ഒരു സീറോ മലബാര്‍ പള്ളിയിലേയ്ക്ക് കയറിച്ചെല്ലുന്ന വിശ്വാസിയ്ക്ക് താന്‍ പങ്കെടുക്കാന്‍ പോകുന്ന ഖുര്‍ബാന ഏതുതരത്തിലുള്ളതാകും എന്നതിനെക്കുറിച്ച് ഒരു ഊഹവുമുണ്ടാവാനിടയില്ല. പരമ്പാരാഗത ഖുര്‍ബാന മുതല്‍ കാര്‍മ്മികനും ഗായകസംഘവും ചേര്‍ന്നുള്ള അഭ്യാസങ്ങള്‍ വരെയാവാം അത്. ഉറവിടങ്ങളെ മറന്നു എന്നതിന്റെയും നഷ്ടപ്പെടുത്തി എന്നതിന്റെയും സൂചകങ്ങളാകുന്നു മിക്ക കുര്‍ബാന അര്‍പ്പണങ്ങളും.

സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ ആയതുമുതലിങ്ങോട്ട് എല്ല അസംബ്ലിയിലും ആരാധനാക്രമ ഐക്യരൂപ്യത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതാണ്‌. ഇക്കഴിഞ്ഞ അസംബ്ലിയില്‍ കൂടി വിഷയം ഉന്നയിക്കപ്പെട്ടു - ഒരു പക്ഷേ ഇതിനു മുന്‍പുണ്ടായ അസംബ്ളികളില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌ എന്നറിഞ്ഞു കാണില്ല. ഉന്നയിക്കപ്പെടേണ്ടത് മറ്റൊരു ചോദ്യമായിരുന്നു - കുര്‍ബാനക്രമ ഐക്യരൂപം എന്തുകൊണ്ടു നടപ്പായില്ല?.

1970ല്‍ പ്ലാസിഡച്ചന്‍ വഴി പൌരസ്ത്യതിരുസംഘം പരിശുദ്ധസിംഹാസനത്തിനു മുന്‍പില്‍ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ലത്തിന്‍ സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ മാര്‍പ്പാപ്പാ സംസാരിക്കുമ്പോള്‍ അനുസരിക്കേണ്ട ബാധ്യത പൌരസ്ത്യര്‍ക്കില്ലെന്നും സാര്‍വ്വത്രിക സഭയുടെ തലവന്‍ എന്ന നിലയില്‍ മാര്‍പ്പപ്പായ്ക്ക് ലത്തിന്‍ സഭയോടു ചായ്‌വു കാണിക്കാന്‍ കഴിയില്ല എന്നുമായിരുന്നു അത്. പൌരസ്ത്യ പാത്രിയര്‍ക്കീസുമാര്‍ പറഞ്ഞു-
"Fr.Placid, you have put a bomb". വത്തിക്കാന്‍ കൌണ്‍സില്‍ ലത്തീന്‍ മേല്‍ക്കോയ്മയ്ക്ക് വിരമാമിട്ടെങ്കിലും അത് നടപ്പില്‍ വരുത്താനുള്ള ധൈര്യം നമ്മുടെ മെത്രാന്‍മാര്‍ക്ക് ഇല്ലാതെ പോയി. പിന്നീട് പ്ലാസിഡച്ചന്‍ വഴി തന്നെ അപ്പോഴത്തെ മെത്രാന്‍ സമിതിയ്ക്കുള്ള കത്തും അയച്ചു. പൌരസ്ത്യര്‍ക്കായി കേരളത്തിനു വെളിയില്‍ രൂപതകള്‍ സ്ഥാപിക്കാന്‍ മലബാര്‍ സഭയ്ക്ക് അവകാസവും അധികാരവും ഉണ്ടെന്നായിരുന്നു അതിന്റെ ഉള്ളടക്കം. ആരും ചോദ്യം ചെയ്തില്ല, പക്ഷെ അനന്തര നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

കൌണ്‍സിലിന്റെ രേഖകള്‍ പഠിച്ചവരെ ഒറ്റപ്പെടുത്തുകയും വിഘടനവാദികളായി മുദ്രകുത്തുകയും ചെയ്തു. കൌണ്‍സിലിന്റെ രേഖകള്‍ പഠിച്ചവര്‍, കുറഞ്ഞപക്ഷം രൂപതകളെ വിഭജിക്കുകയെങ്കിലും ചെയ്യണമെന്നു കര്‍ദ്ദിനാളിനൊടു അഭ്യര്‍ത്ഥിച്ചു. നമ്മുടെ മെത്രാന്മാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. സഭയില്‍ അധികാരപരിധി എന്നത് മെത്രാന്മാരുടെ അധികാര രാഷ്ട്രീയത്തിന് വേണ്ടിയല്ല, വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാണ്.

ഇതുവരെ നമുക്ക് ലഭിച്ചത് ലത്തീന്‍ രൂപതയില്‍ നിന്നോ ലത്തീന്‍ സന്യാസ സമൂഹങ്ങളില്‍ നിന്നോ ഉള്ള മേജര്‍ ആര്‍ച്ച് ബിഷപ്പുമാരെയാണ്. പൌരസ്ത്യ സഭകള്‍ക്കായി പൌരസ്ത്യ തിരുസംഘമുണ്ട്. പൌരസ്ത്യ സഭകളാകട്ടെ ദൈവാരാധനക്കുള്ള തിരുസംഘത്തോടു പോലും ബന്ധപ്പെട്ടതല്ല. ദൈവാരാധനയ്ക്കുള്ള തിരുസംഘത്തിന്‍റെ നിര്‍ദേശപ്രകാരം ലത്തീന്‍ സഭ അള്‍ത്താര ബാലികമാരെ അനുവദിച്ചു. പൌരത്യ സഭയിലെ ആരാധനാക്രമ നടപടികളില്‍ വ്യത്യാസം വരുത്തുവാന്‍ ലത്തീന്‍ കാനോന്‍ നിയമത്തെ കൂട്ട് പിടിക്കുന്നത് വിചിത്രമാണ്. എന്നിട്ടും മെത്രാന്‍ സൂനഹദോസില്‍ ചര്‍ച്ച ചെയ്യുകപോലും ചെയ്യാതെ അള്‍ത്താര ബാലികമാരെ പ്രോത്സാഹിപ്പിച്ചു. മാര്‍ ജേക്കബ് മനന്തോടത്ത് എറണാകുളം സഹായ മെത്രാനായി നിയമിതനായപ്പോള്‍ അദ്ദേഹം വലിയനോയമ്പു സുറിയാനീ പാരമ്പര്യമനുസരിച്ച് തിങ്കലാഴ്ചയിലേക്ക് മാറ്റി. മേജര്‍ ആര്‍ച്ച് ബിഷപ്പ് അത് തിരിച്ചു ബുധനാഴ്ച ആക്കി.

അബ്രഹാം മറ്റം പിതാവിന്റെ വാക്കുകള്‍ ഉദ്ധരിക്കാം: "സീറോ മലബാര്‍ സഭ ആരാധനാ ക്രമ സംബന്ധിയായ പ്രശ്നങ്ങളെ അച്ചടക്കമില്ലായ്മയെ അഭിമുഖീകരിക്കുന്നുണ്ട്. മാറ്റങ്ങള്‍ സംബന്ധിച്ച വ്യക്തിപരമായി തീരുമാനങ്ങള്‍ എടുക്കുന്നത് യുക്തിരഹിതവും നീതീകരിക്കാനാവാതതുമാണ്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുവാനേ കാരണമാകു."

എക്കുമെനിക്കല്‍ കൌണ്‍സിലിനു 25 വര്‍ഷങ്ങള്‍ക്കു ശേഷം 1990ല്‍ പൌരസ്ത്യ സഭകള്ക്കയുള്ള കാനോന്‍ നിയമം നിലവില്‍ വന്നു. പൌരസ്ത്യ സഭകള്‍ സ്വന്തം നിലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പ്രാപ്തമാക്കുന്നത് വരെയുള്ള ഒരു താത്കാലിക സംവിധാനത്തിനാണ് കൌണ്‍സില്‍ രൂപം കൊടുത്തത്. എല്ലാ വ്യക്തി സഭകളും തുല്യവും സ്വതന്ത്രവുമാണ് എന്ന കൌണ്‍സിലിന്റെ പ്രഖ്യാപനം ഒന്ന് മാത്രം മതി നമ്മുടെ സഭയുടെ സ്വാതന്ത്ര്യത്തിനു. 1965ല്‍ തന്നെ നമ്മുക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ഉചിതമായ നടപടികള്‍ കൈക്കൊള്ളമായിരുന്നു. 1957ല്‍ തന്നെ പുനരുധരണങ്ങള്‍ പൂര്‍ത്തിയായിരുന്നു. എങ്കിലും നമ്മുടെ ശത്രുക്കള്‍ അത് നടപ്പില്‍ വരുന്നത് തടയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 1993ല്‍ നാം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി. പക്ഷെ ഇന്നും പ്രതിബന്ധങ്ങളാണ് മുന്നില്‍.

(നവംബര്‍ 2010 ലെ 'ദി നസ്രാണി' യിലെ INDISCIPLINE IN MATTERS LITURGICAL എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Thursday, February 11, 2010

പുരാതന ക്രിസ്ത്യന്‍ കുരിശുകള്‍


സെന്റ് തോമസ് മൌണ്ടിലെ മാര്‍ത്തോമാ കുരിശ്

അനുരാധപുരം(ശ്രീലങ്ക) കുരിശ്
കോട്ടയം കുരിശ്കടമറ്റം കുരിശ്
മുട്ടുചിറയില്‍ നിന്നു ലഭിച്ച കുരിശ്


കോതനല്ലൂരില്‍ നിന്നു ലഭിച്ച കുരിശ്


ഗോവയില്‍ നിന്നു ലഭിച്ച മാര്‍ തോമാ കുരിശ്


കോട്ടക്കാവില്‍ നിന്നു ലഭിച്ച പേര്‍ഷ്യന്‍ കുരിശ്ചൈനയിലെ സിഗാന്‍ ഫൌവില്‍(Si-ngan-fou) നിന്നുള്ള കുരിശ്
ഇറ്റലിയിലെ രവന്നയില്‍ നിന്നുള്ള കുരിശ്

മറ്റു പുരാതന കുരിശുകളുടെ മാതൃകകള്‍


ലിഖിതങ്ങളുടെ വിശദീകരണം

പാഹ്‌ല്‍വി ലിപിയിലെ അവ്യക്തതകള്‍ നിമിത്തം മാര്‍ തോമാ കുരിശിലെ ലിഖിതങ്ങളുടെ കാര്യത്തില്‍ ഗവേഷകര്‍ക്ക് ഏകാഭിപ്രായമില്ല. എങ്കിലും 1561 മുതല്‍ കുരിശിലെ ലിഖിതങ്ങള്‍ വായിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നിരവധി പണ്ഢിതന്മാര്‍ ഇവയെ വ്യക്ത്യസ്തരീതിയില്‍ വായിക്കുകയും വിശദീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

പിന്‍ഗളി സുരാണയുടെ വ്യാഖ്യാനം
1561ല്‍ പോര്‍ട്ടുഗീസുകാര്‍ പിങ്കളി സുരാണ എന്ന വിജയനഗരസാമ്രാജ്യത്തിന്റെ ബ്രാഹ്മണപണ്ഡിതനെ ലിഖിതങ്ങളുടെ അര്‍ത്ഥം വ്യാഖ്യാനിയ്ക്കുവാന്‍ ക്ഷണിച്ചു. ദൈവത്തിന്റെ മനുഷ്യനായ തോമ, ദൈവപുത്രനാല്‍ അയയ്ക്കപ്പെട്ട് ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഈ നാട്ടിലെ ജനങ്ങള്‍ക്കു നല്കുവാന്‍ വന്നു എന്നും അദ്ദേഹം പള്ളിസ്ഥാപിച്ചു എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നും കുരിശിനു മുന്‍പില്‍ പ്രാര്‍ത്ഥീച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഒരു ബ്രാഹ്മണന്റെ കുന്തത്താല്‍ കുത്തപ്പെട്ടു എന്നും കുരിശു രക്തത്താല്‍ ചുവന്നു എന്നുമൊക്കെയാണ് പിങ്കളി സുരാണയുടെ വ്യാഖ്യാനങ്ങള്‍.

എ സി ബര്‍ണ്ണലിന്റെ വ്യാഖ്യാനം
1873ല്‍ യൂറോപ്പുകാരനായ ബര്‍ണ്ണല്‍ ലിഖിതം തര്‍ജ്ജിമചെയ്യന്‍ ശ്രമിച്ചു.

“In punishment by the cross (was) the suffering of this one:
He who is the true Christ, and God above and Guide ever pure.” എന്നായിരുന്നു അദ്ദേഹം നല്കിയ മൊഴിമാറ്റം.

കോട്ടയത്തെ ചെറിയ കുരിശിലെ ലിഖിതവും ബര്‍ണ്ണല്‍ തര്‍ജ്ജിമചെയ്തു അത് ഇപ്രകാരമാണ്.
"കര്‍ത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും അഭിമാനിയ്ക്കുവാന്‍ എനിയ്ക്ക് ഇടവരാതിരിയ്ക്കട്ടെ" (സുറിയാനി ലിഖിതത്തിന്റെ തര്‍ജ്ജിമ്മ)
“Who is the true Messiah, and God above, and Holy Ghost.” ( പാഹ്‌ല്‍വിയുടെ തര്‍ജ്ജിമ്മ)

ബര്‍ണ്ണലിന്റെ തര്‍ജ്ജിമ ഉചിതവും യുക്തിയ്ക്കുനിരക്കുന്നതുമാണെങ്കിലും എല്ല പണ്ഡിതരും ഇതിനെ അംഗീകരിയ്ക്കാന്‍ തയ്യാറായിട്ടില്ല.

ഡോ. മാര്‍ട്ടിന്‍ ഹങ്ങിന്റെ തര്‍ജ്ജിമ്മ
മ്യൂണിക്കിലെ മാര്‍ട്ടിന്‍ ഹങ് ഇപ്രകാരം ലിഖിതം തര്‍ജ്ജിമ ചെയ്തു.

“He that believes in the Messiah and in God in the height and
also in the Holy Ghost is in the grace of him who suffered the pain of the cross.”

ഡോ. സി. ഡബ്ളിയൂ വെസ്ടിന്റെ തര്‍ജ്ജിമ്മ
(1) “What freed the true Messiah, the forgiving, the upbraiding, from hardship ?
The crucifixion from the tree and the anguish of this.”

(2) “ He whom the suffering of the self same Messiah, the forgiving and upraising has saved, is offering the plea whose origin was the agony of this “

രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള തര്‍ജ്ജിമ
1908ല്‍ രണ്ടു രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലുള്ള രണ്ടു പ്രൊഫസര്‍മ്മാര്‍ കുരിശിലെ ലിഖിതം ഏതാണ്ട് ഒരേ തരത്തില്‍ ലിഖിതം വ്യാഖ്യാനിച്ചു.
1. കുരിശിനാല്‍ മിശിഹാ ലോകത്തിനു രക്ഷ നല്കി.
2. സഹനത്താല്‍ മിശിഹാ ലോകത്തിനു രക്ഷ നല്കി.

പ്രൊഫ: എഫ്. സി ബുര്‍ക്കിറ്റിന്റെയും സി.പി.റ്റി വിങ്ക്‌വര്‍ക്കിന്റെയും വ്യാഖ്യാനം
പ്രൊഫ: എഫ്. സി ബുര്‍ക്കിറ്റും കേംബ്രിഡ്‌ജ് യൂണിവേര്‍സിറ്റിയിലെ അസ്സിറിയോളജി വിഭാഗം റീഡര്‍ ആയിരുന്നു സി.പി.റ്റി വിങ്ക്‌വര്‍ക്കും ചേര്‍ന്ന് വളരെ വ്യത്യസ്ഥമായ ഒരു വ്യാഖ്യാനം നല്കി.

“My Lord Christ, have mercy up on Afras son of Chaharbukht the Syrian, who cut this ( or, who caused this to be cut )

വിങ്ക്‌വര്‍ക്ക് പിന്നീട് അത് ഇപ്രകാരം മാറ്റി.
“ My Lord Christ, have mercy upon Afras, son of Chaharbukht, the Syrian, who preserved this ( cross)”

ഗ്രെഡ് ഗ്രോപ്പിന്റെ വ്യാഖ്യാനം

1970ല്‍ ഗ്രെഡ് ഗ്രോപ്പ് ഇപ്രകാരം കുരിശിലെ ലിഖിതം പരിഭാഷപ്പെടുത്തി.
"Our Lord Messiah may show mercy on Gabriel, the son of Chaharbokht the grandson of Durzad who made this ( cross)"

1997ല്‍ തന്റെ തര്‍ജ്ജിമയെ അദ്ദേഹം ഇപ്രകാരം മാറ്റി.
“Our Lord Messiah may show mercy over Gabriel, son of Chaharbokht. Long life may be for him who made this ( cross) “

Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis

Monday, February 8, 2010

മാര്‍ തോമാ ശ്ലീവായുടെ പൌരാണികത

കുരിശിലെ ലിഖിതങ്ങള്‍ പാഹ്‌ല്‍വിയും സുറിയാനിയുമാണ്. സെന്റ് തോമസ് മൌണ്ടില്‍ നിന്നും ലഭിച്ച് കുരിശിലെ ലിഖിതത്തില്‍ രണ്ടു വ്യത്യസ്തവാചകങ്ങള്‍ ഒരു കുരിശിനാല്‍ വേര്‍തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടാതെ ഇതു പാഹ്‌ല്‍വിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ലിപി പേര്‍ഷ്യയിലെ സസാനിയന്‍ വംശത്തിന്റെ ഭരണകാലത്ത് ഉള്ളതാണ്. കോട്ടയത്തുനിന്നു ലഭിച്ച ചെറിയകുരിശിലും ഇതേ വാചകങ്ങള്‍ ആലേഖനം ചെയ്തിരിയ്ക്കുന്നു. കൂടാതെ എസ്ട്രാഞ്ചലോ സുറിയാനിയില്‍ എഴുതിയ ഗലത്തിയക്കാര്‍ക്കുള്ള ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണയിമുണ്ട്. ഈ കുരിശ് പത്തം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. പാഹ്‌ല്‍വിയില്‍ തന്നെ അറമായയും അവേസ്ഥാന്‍ അക്ഷരങ്ങളും ചേര്‍ത്ത് ഉപയോഗിച്ചിരിയ്ക്കുന്നു. ഇക്കാരണങ്ങളാല്‍ ഈ ലിഖിതം പൂര്‍ണ്ണമായിമനസിലാക്കുവാനോ ഇതിന്റെ അര്‍ത്ഥത്തിടെ കാര്യത്തില്‍ ഒരു തീര്‍പ്പിലെത്തുവാനോ കഴിഞ്ഞിട്ടില്ല.

കണ്ടത്തിയിട്ടുള്ള മാര്‍ തോമാ കുരിശുകളില്‍ സെന്റ് തോമസ് മൌണ്ടിലേതാണ് ഏറ്റവും പഴയത്. ലിഖിതത്തിന്റെ ശൈലിയില്‍ നിന്നും ഇത് 6ആം നൂറ്റാണ്ടിലേതാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍. കാര്‍ബണ്‍ ഡേറ്റിംഗില്‍ നിന്നും ഇത് ആറാം നൂറ്റാണ്ടിലേതോ ഏഴാം നൂറ്റാണ്ടിലേതോ ആയിരിയ്ക്കാം എന്നും ഇതിന് ശ്രീലങ്കയിലെ അനുരാധപുരത്തുന്നിന്നു ലഭിച്ചകുരിശിനേക്കാളും പഴക്കമുണ്ട് എന്നുമുള്ളകാര്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. കോട്ടയം, കടമറ്റം, മുട്ടുചിറ, കോതനലൂര്‍, ആലങ്ങാട് ഇവിടങ്ങളില്‍ നിന്നു ലഭിച്ച് കുരിശുകള്‍ ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ളതാണെന്നു പറയപ്പെടൂന്നു. ഇവ മൈലാപ്പൂരിലെ കുരിശിനെ പകര്‍പ്പ് ആവാനും സാധ്യതയുണ്ട്. ഗോവയില്‍ നിന്നും ലഭിച്ച് കുരിശ് 7ആം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്നു.

Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis

Thursday, February 4, 2010

മാര്‍ തോമാ കുരിശ്

1599 ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ മാര്‍ തോമാ കുരിശിനെ മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികളില്‍ വണങ്ങിയിരുന്നു.അന്തോണിയോ ഗൌവെ(ആറാം നൂറ്റാണ്ട്) തന്റെ 'ജോര്‍ണാദാ'യില്‍ പറയുന്നത് മാര്‍ തോമാ ക്രിസ്ത്യാനികളുടെ പള്ളികള്‍ മൈലാപൂരില്‍ നിന്നു കണ്ടെടുത്തതിനു സമായമായ കുരിശുകള്‍ കൊണ്ഠു നിറഞ്ഞിരുന്നു എന്നാണ്. കുരിശിനോടുള്ള ഭക്തി മലബാറിലെ ഒരു പഴയ പാരമ്പര്യമാണെന്നും ഈ കൃതിയില്‍ പറയുന്നുണ്ട്. ഈ കുരിശിനെ മാര്‍ തോമാ കുരിശ് ( Cruz de Sam Thome) എന്നു വിളിയ്ക്കുന്ന ലഭ്യമായതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രേഖയാണ് 'ജോര്‍ണാദാ'. ഈ രേഖയില്‍ തന്നെ കൊടുങ്ങല്ലൂരിനെ(Cranganore) പരാമര്‍ശിയ്ക്കുമ്പോള്‍ കുരിശിനെ 'ക്രിസ്ത്യാനികളുടെ കുരിശ്' എന്നാണു വിളിയ്ക്കുന്നത്. തോമാ ശ്ലീഹാ തന്നെയാണ് ഈ കുരിശു സ്‌ഥാപിച്ചത് എന്ന പാരമ്പര്യവും ഇതില്‍ പരാമര്‍ശിയ്ക്കപ്പെടുന്നു. ഒരു പക്ഷേ കൊടുങ്ങല്ലൂരിലെ ഈ 'ക്രിസ്ത്യാനികളുടെ കുരിശി'ന്റെ മാതൃക സ്വീകരിച്ചാവണം ഇന്ത്യയുടെ പലഭാഗങ്ങളിലും പുറത്തുമായി ഇതേ രൂപത്തിലുള്ള കുരിശുകള്‍ സ്‌ഥാപിതമായിരിയ്ക്കുന്നത്. പക്ഷേ മതിയായ തെളിവുകളില്ലാത്തതിനാല്‍ കൃത്യമായ നിഗമനത്തിലെ എത്താല്‍ കഴിയില്ല. മെത്രാനു മാത്രമേ കുരീശ് വെഞ്ചരിയ്ക്കാന്‍ കഴിയൂ എന്നും ഗൌവെ തന്റെ രേഖയില്‍ പറയുന്നു. കുരിശിലെ ലിഖിതങ്ങള്‍ ആശീര്‍വ്വദിച്ച മെത്രാനെക്കുറിച്ചായിരിയ്ക്കാം.

ഇതില്‍ നിന്നും ഉദയംപേരൂര്‍ സൂനഹദോസിന്റെ ശേഷമാണ് മാര്‍ തോമാ കുരിശ് ഉപേക്ഷിയ്ക്കപ്പെടുന്നത് എന്നു മനസിലാക്കാം. ഗോവയില്‍ നിന്നും‌ കണ്ടെടുത്ത മാര്‍ തോമാ കുരിശില്‍ 'സെന്റ് തോമസിന്റേത്, 1642' എന്നു പോര്‍ട്ടുഗീസില്‍ രേഖപ്പെടുത്തിയിരുന്നു. ഇതുകാണിയ്ക്കുന്നത് 1642ല്‍ പോര്‍ട്ടുഗീസുകാര്‍ ഈ കുരിശിലെ വണങ്ങിയിരുന്നു എന്നാണ്. ഒരു പക്ഷേ 1653ലെ കൂനന്‍കുരിശു സത്യത്തിനു ശേഷമുണ്ടായ മാര്‍ തോമാ ക്രിസ്ത്യാനികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയെ തുടര്‍ന്ന് ഈ കുരിശ് ഉപേക്ഷിയ്ക്കപ്പെടുകയോ നശിപ്പിയ്ക്കപ്പെടുകയോ ചെയ്തിരിയ്ക്കാം. തുടര്‍ന്നുണ്ടായ ലത്തീന്‍വത്കരണത്തിന്റെ ഭാഗമായി വൈകാരിക പ്രാധാനകുള്ള ക്രൂശിതരൂപം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനം കൈയ്യടക്കുകയും സുറിയാനീ പാരമ്പ്യര്യത്തിനു വിരുദ്ധമായി മാര്‍ തോമാ നസ്രാണികളുടെ ഇടയില്‍ വ്യാപിയ്കുകയും ചെയ്തു. രക്തം വിയര്‍ത്ത മൈലപ്പൂരിലെ കുരിശ് ഒഴികെ മറ്റു സ്‌ഥലങ്ങളില്‍ കുരിശ് നശിപ്പിയ്ക്കപ്പെട്ടു. മാര്‍ തോമാ ക്രിസ്ത്യാനികളിലെ അകത്തോലിയ്ക്കാ വിഭാഗം മാര്‍ തോമാ കുരിശിന്റെ സ്‌ഥാനത്ത് അന്ത്യോക്ക്യന്‍ കുരിശിനെ സ്വീകരിച്ചു.

തോമാശ്ലീഹായുടെ കബറിടം
മാര്‍ തോമാ കുരിശിന്റെ കണ്ടെത്തല്‍ തോമാശ്ലീഹായുടെ കബറിടവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങള്‍ (The Acts of Thomas) ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രയും ക്രിസ്തുമത പ്രചരണവും വിവരിയ്ക്കുന്നു. സുറിയാനീ സഭാപിതാവായ മാര്‍ അപ്രേമിന്റെ രചനകളില്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ സുവിശേഷപ്രസംഗങ്ങളും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ എദ്ദേസയിലേയ്ക്ക് കൊണ്ടുവരുന്നതും ഒക്കെ കാണുന്നുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യാപാരിയാണ് അപ്പസ്തോലന്റെ തിരുശേഷിപ്പുകള്‍ A.D. 371ല്‍ ഇന്ത്യയില്‍ നിന്നും എദ്ദേസയിലെത്തിയ്ക്കുന്നത്. 'അബ്കറിനുള്ള ഈശോയുടെ കത്തു'(“Letter of Jesus to Abgar.”) കഴിഞ്ഞാല്‍ ഏറ്റവും ബഹുമാനിയ്ക്കപ്പെടുന്നതായി തിരുശേഷിപ്പുകള്‍ മാറി. എദ്ദേസാ സെന്റ് തോമസിന്റെ നഗരമായി അറിയപ്പെട്ടു.

തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രത്യേകിച്ച് മൈലാപ്പൂരിലെ കബറിടത്തെക്കുറിച്ച് ടൂറിലെ വി.ഗ്രിഗറിയുടെ(AD 590) രചനകളിലും, ആല്‍ഫ്രഡ് എംബസിയുടെ(AD 883) ദേവാലയസന്ദര്‍ശനം, മാര്‍ക്കോപോളോയുടെ( AD 1293) സന്ദര്‍ശനം, Friar John of Monte Corvino ( AD 1293)യുടെ സന്ദര്‍ശനം തുടങ്ങിയവയെക്കുറിച്ചുള്ള രേഖകളിലും വാഴ്ത്തപ്പെട്ട ഓഡറിക്കിന്റെ പരാമര്‍ശങ്ങളിലും( AD 1324), ബിഷപ്പ് ജോണ്‍ ഡി മാരിന്‍ഗോളിയുടെയും ( AD 1349) നിക്കോളെ ഡി കോന്റിയുടെയും ( CA 1430) സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള രേഖകളിലും പരാമര്‍ശിച്ചിട്ടുണ്ട്.

മൈലാപ്പൂരില്‍ മാര്‍ തോമാ കുരിശു കണ്ടെത്തുന്നു

പോര്‍ട്ടുഗീസുകാര്‍ തോമാശ്ലീഹായുടെ കബറിടം കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരുശേഷിപ്പുകള്‍ എദ്ദേസ്സയിലേയ്ക്ക് അയച്ചു എന്നുള്ള സുറിയാനീ രേഖകള്‍ അവര്‍ പരിഗണിച്ചില്ല. മൈലാപൂരില്‍ ശ്ലീഹാ രക്തസാക്ഷിത്വം വരിച്ച സ്‌ഥലം പഠിയ്ക്കുന്നതിനും അന്വേഷണങ്ങള്‍ നടത്തുന്നതിനുമായി ഒരു കമ്മീഷനെയും പോര്‍ട്ടുഗീസുകാര്‍ നിയമിച്ചു.

1547ല്‍ ഒരു തൊഴിലാളി കുരിശുള്ള ഒരു ഗ്രാനൈറ്റ് ഫലകം കണ്ടെത്തി. ഇതിലെ ലിഖിതങ്ങള്‍ വായിക്കുവാന്‍ സാധിച്ചിരുന്നില്ല. കുരിശ് തോമാശ്ലീഹായുടെ കാലത്തേതാണ് എന്ന ധാരണയില്‍ അതിനെ പോര്‍ട്ടുഗീസുകാരും ക്രിസ്താനികളും ബഹുമാനിച്ചു പോന്നു.

ഒരു ബ്രാഹ്മണപണ്ഡിതലന്‍ ഈ ലിഖിതത്തിന് തോമാശ്ലീഹായുടെ മരണവുമായി ബന്ധപ്പെടുത്തി മലബാറിന്റെ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനം നല്കുവാന്‍ ശ്രമിച്ചു. ഇതാണ് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള മൈലാപ്പൂരിലെ മാര്‍ത്തോമാകുരിശിലെ ലിഖിതം വ്യാഖ്യാനിയ്ക്കുവാനുള്ള ശ്രമം.

രക്തം പോലെ തോന്നിയ്ക്കുന്ന തരത്തിലുള്ള തുള്ളികള്‍ കുരിശില്‍ പ്രത്യക്ഷപ്പെടുവാന് തുടങ്ങിയതിനുശേഷം ഈ കുരിശ് രക്തം വിയര്‍ത്ത കുരിശ് എന്നറിയപ്പെടുവാന്‍ തുടങ്ങി. 1557 ഡിസംബര്‍ 18നു മാതവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള കുര്‍ബാനമധ്യേ പരസ്യമായി രക്തം വിയര്‍ത്തു എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് 1566 വരെ സംഭവിച്ചു.

ഉദംപേരൂര്‍ സൂനഹദോസ് ഇതു കണക്കിലെടുക്കുകയും ഡിസംബര്‍ 18 രക്തംവിയര്‍ത്ത കുരിശിനെ ഓര്‍മ്മദിവസമായി തീരുമാനിയ്ക്കുകയും ചെയ്തു.

ഡിസംബര്‍ 21നു കുര്‍ബാന മധ്യേ കുരിശു നിറം മാറുകയും രക്തവും വെള്ളവും ചിന്തുകയും ചെയ്തതായി കിര്‍ച്ചര്‍ രേഖപ്പെടുത്തുന്നു.

രക്തം വിയര്‍ത്തതായി അവസാനമായി രേഖപ്പെടുത്തിയിരിയ്ക്കുന്നതു് 1704 ല്‍ ഫാ.ഗൈ റ്റാചാര്‍ഡ് ആണ്. പള്ളി വികാരി ഫാ. ഗാസ്പര്‍ കൊയെല്‍ഹോ പറയുന്നതായാണ്‍ അദ്ദേഹം ഇത് അവതരിപ്പിയ്ക്കുന്നത്.

കുരിശിനെക്കുറിച്ചുള്ള കഥകളും അത്ഭുതങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും കുരിശിന് പ്രശക്തി നേടിക്കുടുത്തു. കബറിടത്തില്‍ നിന്നെടുത്ത മണ്ണും അത്ഭുതകരമായ രോഗശാന്തി നല്കുന്നതായി കരുതപ്പെട്ടിരുന്നു. മാര്‍ക്കോ പോളൊയുടെ യാത്രാവിവരണങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളയുടെ അള്‍ത്താരയില്‍ കുരിശുപ്രതിഷ്ഠിയ്ക്കുകയും പിന്നീട് പെരിയമലയിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് ചെങ്കല്‍പേടട്ട് ലത്തിന്‍ രൂപതയുടെ പരിധിയിലാണ്.

Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis

Tuesday, February 2, 2010

കുരിശ് - മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഇടയില്‍

ക്രൈസ്തവവിശ്വാസത്തിന് ആരംഭദശയില്‍ ഭാരതത്തിലുണ്ടായിരുന്ന സ്വാധീനം പൊതുവെ കരുതുന്നതിലും കൂടുതലായുണ്ടായിരുന്നു. ഭാരതത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഇതിനു മുന്പും സംഭവിച്ചിട്ടുള്ളതാണ്. ഒരുകാലത്ത് വളരെ പ്രബലമായി ഭാരതത്തില്‍ മുഴുവന്‍ സ്വാധീനം ചെലുത്തിയിരുന്ന ബുദ്ധമതം പിന്നീട് ദുര്‍ബലമായി. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കും ഏതാണ്ട് ഇങ്ങനെതന്നെ സംഭവിച്ചു.

ചൈനയിലെ സിയാന്‍ സ്ടെലെ സ്റ്റോണ്‍, ഗണ്ടഫോറസിന്റെ നാണയങ്ങള്‍, വടക്കുകിഴക്കന്‍ പെഷാവറിലെ തക്ത്-ഇ-ബാഹി(Takht-i-Bahi)യിലെ ലിഖിതങ്ങള്‍, ബോംബെയ്ക്കടുത്ത് ഒരു ഗുഹയില്‍ നിന്നു ലഭിച്ച, പാലവിയിലുള്ള (Pahlavi) ലിഖിതങ്ങള്‍, വടക്കേ ഇന്ത്യയില്‍ നിന്നു ലഭിച്ചിട്ട അറമായഭാഷയിലുള്ള ഒന്നിലധികം ശിലാലിഖിതങ്ങള്‍, ശ്രീലങ്കയിലെ അനുരാധപുരത്തുനിന്നു ലഭിച്ചിട്ടുള്ള നസ്രാണീ കുരിശ്, തമിഴ്നാട്ടിലെ സെന്റ് തോമസ് മൌണ്ടില്‍ നിന്നു ലഭിച്ചിട്ടുള്ള കുരിശ്, ഗോവയില്‍ നിന്നു ലഭിച്ചിട്ടുള്ള പാഹ്‌ലവി കുരിശ്, മലബാര്‍ തീരത്തുനിന്നു ലഭിച്ചിട്ടുള്ള കുരിശുകള്‍, 800ആം ആണ്ടുവരെ നസ്രാണികള്‍ക്കു ലഭിച്ചിരിന്ന പ്രത്യേക ആനുകൂല്യങ്ങളും ചെപ്പേടുകളും, കേരളത്തിന്റെ പലഭാഗത്തുനിന്നായി കണ്ടെടുത്തിട്ടുള്ള മുപ്പതിലധികം നസ്രാണീ സ്തംഭങ്ങള്‍ ഇവയൊക്കെ ക്രിസ്തുമതത്തിന്റെ ഭാരതത്തിലുണ്ടായിരുന്ന സ്വാധീനം തെളിയിയ്ക്കന്‍ പര്യാപ്തമാണ്.

ക്രിസ്തുമതം ഭാരതത്തിലെത്തിച്ചേര്‍ന്ന രീതിയും ഭാരതത്തിലുണ്ടായിരുന്ന സ്വാധീനവും കണക്കിലെടുത്ത് അക്കാലങ്ങളില്‍ നസ്രാണി ക്രിസ്ത്യാനികള്‍ സാര്‍വത്രിക സഭയില്‍നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിട്ടില്ല എന്ന് അനുമാനിക്കാം.
ആറാം നൂറ്റാണ്ടിനു മുന്പുള്ള ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ല എങ്കില്‍ കൂടിയും കുരിശിനോടുള്ള വണക്കം അതിനുമുമ്പേ നസ്രാണി ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലായിരുന്നു എന്ന് അനുമാനിയ്ക്കാനവുകയുമില്ല. ആറാം നൂറ്റാണ്ടിലെയോ ഏഴാം നൂറ്റാണ്ടിലെയോ എന്ന് കരുതപ്പെടുന്ന മാര്‍ തോമാ കുരിശാണ് ഇത്തരത്തില്‍ ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള തെളിവ്.

നാലാം നൂറ്റാണ്ടിലെ തിയോഫലീസ് (Theophilos the Indian) കേരളത്തിലെ ക്രൈസ്തവരെക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്. മലബാര്‍ തീരത്തുള്ള നസ്രാണികള്‍ക്ക് വിശ്വാസം സംബന്ധിച്ച് തിരുത്തലുകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിയുസ് അയച്ച ആര്യബീഷപ്പ് ആയിരുന്നു ഇദ്ദേഹം.

ഏതുനൂറ്റാണ്ടുമുതലാണ് കുരിശ് മാര്‍ തോമാ ക്രിസ്ത്യാനികളുടെ ഇടയില്‍ വ്യാപകമായത് എന്നതു വ്യക്തമല്ല. ജെ. റൌളിന്റെ അഭിപ്രായത്തില്‍ 16ആം നൂറ്റാണ്ടുവരെ മാര്‍ തോമാ ക്രിസ്ത്യാനികള്‍ മറ്റൊരു ചിഹ്നവും ഉപയോഗിച്ചിരുന്നില്ല.

Courtesy:NSC NETWORK
analogical-review-on-st-thomas-cross-the-symbol-of-nasranis

Monday, February 1, 2010

കുരിശ് ആദിമസഭയില്‍

ക്രിസ്തുമതത്തിന്റെ ആരംഭദശയില്‍ തന്നെ ക്രൈസ്തവഭവനങ്ങളില്‍ കുരിശിനെ വണങ്ങിയിരുന്നിരിയ്ക്കണം. മതപീഠനം കാരണമായിരിയ്ക്കാം പക്ഷേ അത്തരത്തിലുള്ള പുരാവസ്തുക്കള്‍ ആദിമസഭയുടേതായി സംരക്ഷിയ്ക്കപ്പെട്ടിട്ടില്ല. മതപീഠനകാലത്ത് ക്രൈസ്തവര്‍ മത്സ്യത്തെ തങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചതിനു തെളിവുകളുണ്ട്.“Jesus Christ, Son of God, Savior” എന്നതിന്റെ ഗ്രീക്കിലുള്ള പദങ്ങളുടെ ആദ്യാക്ഷരം ചേര്‍ത്താല്‍ ലഭിയ്ക്കുന്ന 'ICHTHUS'എന്ന പദത്തിന് ഗ്രീക്കുഭാഷയില്‍ മത്സ്യം എന്നാണ് അര്‍ത്ഥം. വടക്കന്‍ ഇസ്രായേലിലെ മെഡിഗോ പട്ടണത്തില്‍ കണ്ടെത്തിയ മൂന്നാം നൂറ്റാണ്ടിലെ പള്ളിയില്‍ നിന്നുലഭിച്ച തെളിവുകള്‍ പ്രകാരം മത്സ്യചിഹ്നം കുരിശിനും മുമ്പേയുള്ളതാണെന്നു കാണിയ്ക്കുന്നു. പള്ളിയ്ക്കുള്ളില്‍ മൊസേക്കില്‍ കൊത്തിയ മത്സ്യത്തിന്റെ ചിഹ്നം കണ്ടെത്തിയിട്ടുണ്ട്. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി കോണ്‍സ്ടന്റൈന്‍ അംഗീകരിയ്ക്കുന്നതിനു ദശാബ്ദങ്ങള്‍ മുന്പേ മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ പള്ളിയെന്നാണ് അനുമാനിയ്ക്കപ്പെടുന്നത്. മതപീഠനകാലത്ത് നശിപ്പിയ്ക്കപ്പെട്ട ഈ പള്ളി 2005ലാണ് കണ്ടെത്തിയത്. ഇത് മത്സ്യം ഒരു ചിഹ്നമായി പരക്കെ ഉപയോഗിച്ചിരുന്നു എന്നതിനു തെളിവാണ്.

നാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെ റോമാസാമ്രാജ്യത്തില്‍ കുരിശുമരണത്തിനു ശിക്ഷിയ്ക്കുന്നത് തുടര്‍ന്നു പോന്നു. കോണ്‍സ്റ്റന്റൈന്റെ ഭരണത്തിന്റെ ആദ്യനാളുകളില്‍ അങ്ങിനെതന്നെയായിരുന്നു. പിന്നീട് കുപ്രസിദ്ധമായ ഈ ശിക്ഷാരീതി അദ്ദേഹം ക്രിസ്തുവിനെ പീഠാനുഭവത്തോടുള്ള ബഹുമാനസൂചകമായി നിര്‍ത്തലാക്കി.

ഈശോയെ തറച്ച കുരിശിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ക്രൈസ്തവരുട ചിഹ്നമായി കുരിശിനെ മാറ്റുന്നതിനു സഹായിച്ചിട്ടുണ്ട്.

Courtesy:NSC NETWORK, nasrani.net
analogical-review-on-st-thomas-cross-the-symbol-of-nasranis

മാര്‍ തോമാ ശ്ലീവാ


മാര്‍ തോമാ നസ്രാണികളുടെ തനതു പാരമ്പര്യത്തിന്റെ ഭാഗമാണു് മാര്‍ തോമാ ശ്ലീവാ. പുരാതന രേഖകള് പ്രകാരം മാര് തോമാ നസ്രാണികള് തങ്ങളുടെ പള്ളികളിലും കപ്പേളകളിലും മാര് തോമാ ശ്ലീവായ്ക്ക് സവിശേഷമായ സ്ഥാനവും വണക്കവും നല്കിയിരുന്നു എന്നു മനസിലാക്കാം. തമിഴ്നാട്ടിലെ പെരിയമലയിലെ ചാപ്പലില് കല്ലില് കൊത്തിയെടുത്ത ഈ കുരിശു കാണാം. ഇതിനു AD 650 ഓളം പഴക്കമുണ്ടെന്നാണു് അനുമാനിയ്ക്കപ്പെടുന്നത്.

മാര്‍ തോമാ ശ്ലീവായുടെ പുരാതന മാതൃകകള്‍ കടമറ്റം, മുട്ടുചിറ,കോട്ടയം, കോതനല്ലൂര്‍, ആലങ്ങാട്, ഗോവയിലെ അഗസായിം, ശ്രീലങ്കയിലെ അനുരാധപുരം, പാക്കിസ്ഥാനിലെ തക്ഷശില എന്നിവടങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യാ ഗവര്‍മെന്റ് മാര്‍ തോമാ കുരിശിന്റെ ചിത്രം ആലേഖനം ചെയ്ത സ്‌റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.