Saturday, December 1, 2012

ഈശോ മിശിഹായുടെ ശരീരവും രക്തവും

പാശ്ചാത്യസഭയിൽ 11ആം നൂറ്റാണ്ടീനു ശേഷം അരിസ്റ്റോട്ടിലിന്റെ തത്വചിന്തപ്രകാരം ദിവ്യരഹസ്യങ്ങളെ വിശദീകരിയ്ക്കുവാനുള്ള ശ്രമം തുടങ്ങി. വസ്തുഭേദം (Transubstantiation) എന്ന പദപ്രയോഗത്തിന്റെ ഉത്ഭവം അവിടെ നിന്നാണ്. പിന്നീട് വസ്തുഭേദം എപ്പോൾ നടക്കുന്നു എന്നു വിശദീകരിയ്ക്കുവാനുള്ള ശ്രമം തുടങ്ങി. അതോടെ സ്ഥാപനവിവരണത്തിന് അമിത പ്രാധാന്യം കൈവരുകയും ചെയ്തു. ഇതേ തത്വം പൗരത്യ ആരാധനാക്രമങ്ങളിൽ ആരോപിയ്ക്കുക വഴി റൂഹാക്ഷണപ്രാർത്ഥനയാണ് വസ്തുഭേദത്തിന്റെ അവസരം എന്നു ചിലരെങ്കിലും വാദിയ്ക്കുവാൻ ഇടയാക്കുകയും ചെയ്തു.

വസ്തുഭേദം എന്ന വാക്കോ അതിന് അടിസ്ഥാനമായ തത്വചിന്തയോ പൗരസ്ത്യസുറിയാനിക്കാർക്ക് പരിചിതമല്ല. ഗ്രീക്ക്-ലത്തീൻ സഭകളുടെ നിലപാടും 11ആം നൂറ്റാണ്ടിനു മുൻപു വ്യത്യസ്തമായിരുന്നില്ല എന്നതും സ്മരണാർഹമാണ്.പൗരസ്ത്യസഭകളും സഭാപിതാക്കന്മാരും വി.കുർബാനയെ രഹസ്യമായിത്തന്നെ കാണുവാനാണ് ശ്രമിച്ചിട്ടുള്ളത്. രഹസ്യാത്മകതയെ തത്വശാസ്ത്രം കൊണ്ട് വിശദീകരിയ്ക്കേണ്ട കാര്യമായി അവർക്കു തോന്നിയിരിയ്ക്കില്ല. 

നമ്മുടെ കുർബാനയിൽ ഒനീസാദ്റാസയിലും അതിനും മുൻപ് സാഷ്ടാംഗപ്രണാമത്തിലും അതിനും മുൻപ് ഒരുക്ക ശുശ്രൂഷയിലും  അപ്പത്തിനെയും വീഞ്ഞിനേയും മിശിഹായുടെ ശരീരവും രക്തവുമായി അഭിസംബോധന ചെയ്യുന്നുണ്ട്. മറ്റു റീത്തുകളിലും ഈ രീതിയുണ്ട്. സ്ഥാപനവിവരണത്തിനും റൂഹാക്ഷണപ്രാർത്ഥനയ്ക്കും ശേഷം അപ്പവും വീഞ്ഞും എന്ന് അഭിസംബോധന ചെയ്യുന്നുമുണ്ട്.

ഒരുക്കശുശ്രൂഷയിൽ

കാസായിൽ കുരിശാകൃതിയിൽ - കിഴക്കുനിന്നു പടിഞ്ഞാറേയ്ക്കും വടക്കുനിന്നു തെക്കോട്ടേയ്ക്കും- വീഞ്ഞ് ഒഴിയ്ക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിയ്ക്കുന്നു- "നമ്മുടെ കർത്താവിന്റെ കാസായിൽ അമൂല്യമായ രക്തം ഒഴിയ്ക്കപ്പെടുന്നു." അപ്പം പീലാസായി കുരിശാകൃതിയിൽ അടയാളപ്പെടുത്തി വയ്ക്കുമ്പോൾ ഇപ്രകാരം ചൊല്ലുന്നു- "നമ്മുടെ കർത്താവീശോമിശിഹായുടെ ശരീരം കൊണ്ട് പീലാസാ മുദ്രിതമാക്കപ്പെടുന്നു."

സാഷ്ടാംഗപ്രണാമത്തിൽ

"സ്വർഗ്ഗത്തേയ്ക്കു കരങ്ങളുയർത്തിയവൻ റൂഹായേ 
ആദരവോടെ ക്ഷണിപ്പൂ; സ്വർഗ്ഗത്തിൽ നിന്നുമിതാ
റൂഹാ വന്നു വസിച്ചൂ തിരുഗ്രാത്രം
പാവനമാക്കുകയാണീ യാഗത്തിൽ - തൻ ശോണീതവും"

ഒനീസാ ദ് റാസായിൽ
"വിശുദ്ധ ബലിപീഠത്തിങ്കൽ മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും".മറ്റു റീത്തുകളിൽ
 മനസിലാക്കേണ്ട മറ്റൊരു വസ്തുത ഇത് സീറോ മലബാർ സഭയിൽ മാത്രം സംഭവിച്ച ഒന്നല്ല എന്നാണ്. ലത്തീൻ സഭയിൽ സ്ഥാപന വചനങ്ങൾക്കു മുൻപ് അപ്പം കാഴ്ച വച്ചുകൊണ്ടൂ ചൊല്ലുന്നു: "പരിശുദ്ധനായ പിതാവേ, സർവ്വശക്തനും നിത്യനുമായ ദൈവമേ ഈ കറയറ്റ ഓസ്തി (Immaculate host) സ്വീകരിയ്ക്കേണമേ ". ലത്തീൻ ദൈവശാസ്ത്രമനുസരിച്ചാണെങ്കിൽ  കൂദാശാ വചനങ്ങൾക്കു ശേഷം മാത്രമേ അപ്പം ഓസ്തിയാവുന്നുള്ളൂ, നിർമ്മലമാകുന്നുള്ളൂ. Secreta എന്ന പ്രാർത്ഥനയിൽ അപ്പത്തെ ഓസ്തിയായി അഭിസംബോധന ചെയ്തിരുന്നതായി  9ആം നൂറ്റാണ്ടിൽ അമലാരിയൂസ് സാക്ഷ്യപ്പെടുത്തുന്നു.  ഗ്രിഗോറിയൻ കൂദാശാ പുസ്തകത്തിലും ദനഹാത്തിരുന്നാളിന്റെ secreta യിലും അപ്പത്തെ തിരുശരീരമെന്നു വിളിയ്ക്കുന്നു. ഗൊത്തിക്, ഗലാസീയൻ 'ഫ്രാങ്ക്' മിസാലുകളിലും ബലിവസ്തുക്കളെ മിശിഹായെന്നാണ് വിശേഷിപ്പിച്ചിട്ടൂള്ളത്. ഗാള്ളിക്കൻ, മൊസാറബിക് കുർബാനകളിൽ അപ്പത്തെ ദൈവമായിത്തീരുന്ന ഓസ്തി എന്നു വിളിയ്ക്കുന്നു.

ക്രിസൊസ്തോമിന്റെ കുർബാനയുടെ 9 ആം നൂറ്റാണ്ടിലെ കൈയ്യെഴുത്തു പ്രതിയിൽ ഒരുക്ക ശൂശ്രൂഷയുടെ സമയത്ത്  ബലിവസ്തുക്കളെ 'ലോകരക്ഷയ്ക്കുവേണ്ടി അർപ്പിയ്ക്കപ്പെട്ട കുഞ്ഞാട്', 'ശരീരരക്തങ്ങൾ' എന്നാണ് വിളിയ്ക്കുന്നത്.

അർമ്മേനിയൻ റീത്തിൽ ബലിവസ്തുക്കളെ പൊതിഞ്ഞുകൊണ്ടൂ ചൊല്ലുന്നു: "കർത്താവു രാജാവാകുന്നു. മഹത്വപൂർണ്ണമായ വസ്ത്രങ്ങൾ അണിഞ്ഞിരിയ്ക്കുന്നു."

കോപ്റ്റിക് റീത്തിൽ അപ്പത്തെ കുഞ്ഞാട് (Lamb) എന്നു വിളിയ്ക്കുകയും അപ്പം തൂവാലയിൽ പൊതിഞ്ഞ് ബലിപീഠത്തിനു ചുറ്റും പ്രദിക്ഷിണം വയ്ക്കുകയും ചെയ്യുന്നു.

അബിസീനിയൻ യാക്കോബായ ലിറ്റർജിയിൽ കാസായിൽ വീഞ്ഞൊഴിയ്ക്കുന്നതിന് ഡീക്കൻ കാസായിൽ രക്തം ഒഴിയ്ക്കും എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അപ്പം കയ്യിലെടുത്ത് റൂശ്മ ചെയ്തുകൊണ്ട് അതിനെ 'സജീവനായ ദൈവത്തിന്റെ പുത്രനായ കർത്താവീശോ മിശിഹാ' എന്നു വിളിയ്ക്കുന്നു. അപ്പം പീലാസായിൽ വച്ചതിനു ശേഷം ചൊല്ലുന്നു: "നിന്റെ വിശുദ്ധ ബലിപീഠത്തിന്മേൽ ഞങ്ങൾ സമർപ്പിച്ച തിരുശരീരം കൊണ്ട്, ജീവനുള്ള കൽക്കരികൊണ്ട് നിറഞ്ഞിരിയ്ക്കുന്ന ഈ പീലാസാ...". തുടർന്ന് ബലിവസ്തുക്കളുടെ മേൽ ഇപ്രകാരം പ്രാർത്ഥിയ്ക്കുന്നു: "സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പം നീയാകുന്നു. ലോകത്തിന്റെ ജീവനുവേണ്ടീ നീ കറയറ്റ കുഞ്ഞാടായി നീ തീർന്നിരിയ്ക്കുന്നു".

കൂദാശയ്ക്കു ശേഷം
കൂദാശയ്ക്കു മുൻപ് അപ്പത്തിനെയും വീഞ്ഞിനേയും ശരീരവും രക്തവും ആയി കണക്കാക്കുന്നതുപോലെ തന്നെ ശ്രദ്ദേയമാണ്. റോമൻ റീത്തിൽ രണ്ടാമത്തെയും നാലാമത്തേയും അനാഫോറാകളിൽ സ്ഥാപനവിവരണത്തിനു ശേഷം ശരീരരക്തങ്ങളെ അപ്പവും വീഞ്ഞും എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്.  ബൈസന്റയിൽ റീത്തിൽ റൂഹക്ഷണപ്രാർത്ഥനയ്ക്കു ശേഷം വൈദീകൻ അപ്പം ആശീർവദിയ്ക്കുന്നതായി പറയുന്നുണ്ട്. അർമ്മേനിയൻ റീത്തിൽ ദിവ്യകാരുണ്യസ്വീകരണത്തിനു മുൻപ് കാർമ്മികൻ ചൊല്ലുന്നു: "ഈ അപ്പത്തിനും കപ്പിനും എത്ര സ്തുതിയും കൃതജ്ഞതയും അർപ്പിയ്ക്കുവാൻ സാധിയ്ക്കും". പൗരസ്ത്യ സുറിയാനിയിൽ കൂദാശാ ക്രമത്തിനു മുൻപും പിൻപും ബലിവസ്തുവിനെ ഏകജാതൻ അഥവാ ബുക്ര എന്നു വിളിയ്ക്കുന്നുണ്ട്. നമ്മുടെ കുർബാനയിൽ തന്നെ സ്ഥാപനവിവരണത്തിനു ശേഷം നാലാം ഗ്‌ഹാന്തായ്ക്കു മുൻപ് ഡീക്കൻ 'സജ്ജമാക്കപ്പെട്ടിരിയ്ക്കുന്ന ശരീരത്തെയും കലർത്തപ്പെട്ടിരിയ്കുന്ന കാസായേയും' പരാമർശിയ്ക്കുന്നുണ്ട്.

ഔദ്യോഗിക നിർദ്ദേശങ്ങൾ
കൂദാശയ്ക്കു മുൻപ് അപ്പത്തിനെയും വീഞ്ഞിനെയും ശരീരരക്തങ്ങൾ എന്നു വിളിയ്ക്കുന്നത് ഉദയം പേരൂർ ശപിയ്ക്കപ്പെട്ട തെറ്റായി കണക്കാക്കുകയും തിരുത്തുകയും ചെയ്തു. പക്ഷേ ഉദയം പേരൂർ തക്സാ ഉപയോഗിയ്ക്കപ്പെട്ടതായി തെളിവില്ല. 

1689 ജൂൺ 27 ആം തിയതി റോമിൽ നിന്നു വന്ന രേഖയിൽ കൂദാശയ്ക്കു മുൻപുള്ള ശരീരവും രക്തവും എന്ന പ്രയോഗത്തെ അംഗീകരിയ്ക്കുന്നുണ്ട്. 
1774 ഇൽ റോമിൽ നീന്നു അച്ചടിച്ച സീറോ മലബാർ തക്സായിലും ഉദയം പേരൂർ തിരുത്തലുകൾ ഉപേക്ഷിയ്ക്കുവാനും ബലിവസ്തുക്കളെ തിരുശരീരരക്തങ്ങളെന്നു വിളിയ്ക്കുന്ന രീതി തുടരുവാനും  പ്രൊപ്പഗാന്താ സംഘം തീരുമാനിയ്ക്കുകയുണ്ടായി. പരിശുദ്ധ സിംഹാസനം നിയോഗിച്ച കമ്മീഷൻ തയ്യാറാക്കിയതും 1957ൽ പൗരസ്ത്യ തിരുസംഘത്തിന്റെ സമ്പൂർണ്ണ സമ്മേളനവും പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയും  അംഗീകരിച്ചതുമായ പുനരുദ്ധരിയ്ക്കപ്പെട്ട കുർബാനയിലും ഒരുക്ക ശുശ്രൂഷയിലെ ശരീരം രക്തം എന്ന പ്രയോഗങ്ങൾ നിലനിർത്തിയിരിയ്ക്കുകയാണ്. വളരെ ഗാഢമായി പഠിച്ചതിനു ശേഷം 1985 ഡിസംബർ 19ആം തിയതി പരിശുദ്ധ സിംഹാസനം അംഗീകരിച്ചു നടപ്പിലാക്കിയ കുർബാനയിലും പരമ്പരാഗത രീതി അംഗീകരിച്ചിരിയ്ക്കുന്നു.  എങ്കിലും  ഇന്നും ഉദയമ്പേരൂർ മനോഭാവമുള്ളവർ സഭയിലുണ്ടെന്നുള്ളത് വേദനാജനകമാണ്.

1981ൽ റോമിലേയ്ക്ക് അംഗീകാരത്തിനയച്ച തക്സായിൽ ഉദയംപേരൂർ തിരുത്തലുകൾ പ്രയോഗത്തിൽ വരുത്താൻ ശ്രമം നടന്നു. അതിനെ 83ലെ രേഖ നിരാകരിച്ചു.  "മൂല ടെക്സ്റ്റിൽ നിന്നു വ്യതിചലിയ്കുക മാത്രമല്ല പ്രതീകാത്മകവും മുൻസൂചിതവും അതേസമയം വ്യാച്യാർത്ഥപരമല്ലാത്തതുമായ ക്രൈസ്തവ ദൈവാരാധന ശൈലിയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയും ഈ വിവർത്തനങ്ങൾ പ്രകടിപ്പിയ്ക്കുന്നു. കൂദാശയ്ക്കു മുൻപ് ബലിവസ്തുക്കളെ പരാമർശിച്ച് 'ശരീരം', 'രക്തം'  എന്നൊക്കെ പറയുന്ന ലിറ്റർജി ടെക്സ്റ്റുകൾ ഒരു ദൈവശാസ്ത്രപ്രമേയം അവതരിപ്പിയ്ക്കുകയല്ല. ഇത്തരം ഭാഷാപ്രയോഗങ്ങൾ  പൗരസ്ത്യസഭകളുടെ അനാഫൊറായ്ക്കു മുൻപുള്ള ഭാഗത്ത് സാധാരണമാണ്. 1955ൽ പരിശുദ്ധ സിംഹാസനം അംഗീകരിച്ച പുനരുദ്ധരിയ്ക്കപ്പെട്ട ക്രമത്തിൽ ഇത്തരം പ്രയോഗങ്ങൾ നിലനിർത്തിയിരിയ്ക്കുന്നതു തന്നെ അവയുടെ പര്യാപ്തതയുടെ മതിയായ തെളിവാണ്.

ദൈവശാസ്ത്ര ചിന്തകൾ
ലിറ്റർജി അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും സമുച്ചയവും അതിലെ ഭാഷ പ്രതീകാത്മകവുമാണ്. അതിനെ പ്രകൃതിശാസ്ത്രങ്ങളുടെ ഭാഷയിൽ വിശദീകരിയ്ക്കുവാൻ ശ്രമിയ്ക്കേണ്ട തില്ല.

നാലാം നൂറ്റാണ്ടിലെ വിശുദ്ധ അപ്രേം പഠിപ്പിയ്ക്കുന്നത് ആരാധനാക്രമ യാഥാർത്ഥ്യങ്ങളെ ആരാധനാക്രമപരമായ സമയത്തിൽ (liturgical time) വിലയിരുത്തേണമെന്നാണ്. ഭൗമീകമായ ഭൂതം-ഭാവി-വർത്തമാന വേർതിരിവുകൾ ലിറ്റേർജിക്കൽ സമയത്തിൽ ഇല്ലതന്നെ.  ലിറ്റേർജിയിൽ ഭൂതവും ഭാവിയും വർത്തമാനത്തിലേയ്ക്ക് ചുരുങ്ങുന്നു. അതുകൊണ്ട്  മുൻ-പിൻ ചിന്തകൾ അസ്ഥാനത്താണ്. ബലിവസ്തുക്കളുടെ പവിത്രീകരണം സമയാതീതനായ ദൈവത്തിന്റെ പ്രവർത്തിയാണ്. അതിനെ ചരിത്രപരമായ നമ്മുടെ കാലനിർണ്ണയങ്ങൾക്കു വിധേയമാക്കുന്നതു ശരിയല്ല.

ഉപസംഹാരം
വസ്തുഭേദം എന്ന സംജ്ഞ തന്നെ പാശ്ചാത്യമാണ്. ഏതെങ്കിലും പ്രാർത്ഥനകൊണ്ടോ പ്രയോഗം കൊണ്ടോ സംഭവിയ്ക്കുന്ന രാസപ്രവർത്തനമായോ മന്ത്രികവിദ്യയായോ അതിനെ കണക്കാക്കാനാവില്ല.  പരിമിതമായ ബുദ്ധിയ്ക്ക് അതീതമായ രഹസ്യമായി അതിനെ കണക്കാക്കുന്നതാണ് അഭികാമ്യം.  രക്ഷാകര രഹസ്യങ്ങളുടെ ആചരണം പല തവണ കുർബാനയിൽ സംഭവിയ്ക്കുന്നു. കുർബാനയിൽ പ്രധാനവും അപ്രധാനവുമായ ഭാഗങ്ങളുള്ളതായി കണക്കാക്കാതെ ഒറ്റ ആചരണമായി കണക്കാക്കണം. തത്വശാസ്ത്ര ചിന്തകൾക്ക് അതീതമായ ദിവ്യരഹസ്യത്തിനു വിധേയരാകുന്നതാണ് പൗരസ്ത്യമായിട്ടുള്ള രീതി.

(മണ്ണൂരാംപറമ്പിലച്ചന്റെയും പാത്തിക്കുളങ്ങര അച്ചന്റെയും പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയത്)

3 comments:

Bennet said...

//യാക്കോബായ ലിറ്റർജിയിൽ കാസായിൽ വീഞ്ഞൊഴിയ്ക്കുന്നതിന് ഡീക്കൻ കാസായിൽ രക്തം ഒഴിയ്ക്കും എന്നാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അപ്പം കയ്യിലെടുത്ത് റൂശ്മ ചെയ്തുകൊണ്ട് അതിനെ 'സജീവനായ ദൈവത്തിന്റെ പുത്രനായ കർത്താവീശോ മിശിഹാ' എന്നു വിളിയ്ക്കുന്നു. അപ്പം പീലാസായിൽ വച്ചതിനു ശേഷം ചൊല്ലുന്നു: "നിന്റെ വിശുദ്ധ ബലിപീഠത്തിന്മേൽ ഞങ്ങൾ സമർപ്പിച്ച തിരുശരീരം കൊണ്ട്, ജീവനുള്ള കൽക്കരികൊണ്ട് നിറഞ്ഞിരിയ്ക്കുന്ന ഈ പീലാസാ...". തുടർന്ന് ബലിവസ്തുക്കളുടെ മേൽ ഇപ്രകാരം പ്രാർത്ഥിയ്ക്കുന്നു: "സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവനുള്ള അപ്പം നീയാകുന്നു. ലോകത്തിന്റെ ജീവനുവേണ്ടീ നീ കറയറ്റ കുഞ്ഞാടായി നീ തീർന്നിരിയ്ക്കുന്നു".//

Which Jacobite liturgy? I didnt find such a portion in our liturgy. I am a Jacobite.

നസ്രാണി said...

Dear Bennet,

അബിസീനിയൻ യാക്കോബായ ലിറ്റർജിയിൽ കാസായിൽ എന്നു പറഞ്ഞിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക. It is basically around Ethiopia.

Nasiyansan said...

വളരെ നന്ദി ..പലപ്പോഴും സംശയം തോന്നിയിട്ടുള്ള ഒരു വിഷയമായിരുന്നു ഇത് ...പ്രത്യേകിച്ചും സിറോ മലബാര്‍ ക്രമത്തില്‍ തന്നെ പല പള്ളികളിലും പല രീതിയിലാണ്‌ ഖുര്‍ബാന അര്‍പ്പിക്കുന്നത് കാണുബോള്‍...ഏറ്റവും ശ്രദ്ധിച്ചത് ബംഗ്ലൂര്‍ RRC യില്‍ ഖുര്ബാന കൂടിയപ്പോഴാണ് ...ഇവിടെ അന്തിമ ഭോജനാനുസ്മരണ സമയത്തുണ്ടാകുന്ന വസ്തുമാറ്റത്തിലാണ് പ്രാധാന്യം ..ഒരു മാജിക്‌ നടക്കാന്‍ പോകുന്ന പ്രതീതി ജനിപ്പിക്കും ..ആ സമയത്ത് എന്ത് ആഗ്രഹവും ചോദിച്ചു പ്രാര്‍ഥിക്കാനാണ് അച്ചന്‍ തന്നെ പറയുന്നത് ...ഈ ഭാഗം കഴിയുന്നതെ ഖുര്ബാന കൊടുക്കുന്നു ..അനാഫൊറയിലെ ഒരു പ്രാര്‍ത്ഥനയും ചെല്ലാറില്ല ...അനുതാപശുശ്രൂഷ എന്നൊന്നില്ല ...! "മിശിഹ കര്‍ത്താവിന്‍ തിരുമെയ്‌ നിണവുമിതാ ..." എന്നാ ഗാനതിനു പകരം മറ്റു ഗാനങ്ങളാണ് ആലപിക്കുന്നത് ..എല്ലാം കരുതിക്കൂട്ടിയുള്ള മാറ്റങ്ങളാണ് ....അച്ഛന്മാര്‍ തന്നെ സ്വയം ഖുര്‍ബാന ഉണ്ടാക്കി ചെല്ലുന്നു ..!