Saturday, October 5, 2013

ശ്‌മറായക്കാരി സ്ത്രീയുടെ സമയം

മറ്റുപല പോസ്റ്റിലുമെന്നപോലെ മനോവ പള്ളിപ്പാട്ടിലെ അബദ്ധങ്ങളും സാത്താന്റെ കൗശലവും എന്ന പോസ്റ്റും  വിഷയത്തിൽ പ്രസക്തവും അതേ സമയം അവതരണത്തിൽ ചിലയിടത്തെങ്കിലും യോജിക്കാനാവത്തതുമായിരിയ്ക്കുന്നു.

പള്ളിപ്പാട്ടുകൾ

 ഭാരതത്തിലെ മാർ തോമാ നസ്രാണികളുടെ കുർബാനയ്ക്ക്  തനതായ ഒരു തുടക്കമുണ്ട്. വ്യക്തമായ ഒരു ക്രമമുണ്ട്. അംഗീകരിയ്ക്കപ്പെട്ടു പ്രസിദ്ധീകരിയ്ക്കപ്പെട്ട ഒരു തക്സ (ക്രമം) അതിനുണ്ട്. അതുകൊണ്ടൂ തന്നെ അതിന് പുറത്തുനിന്നുള്ള ഒന്നും കുർബാനയിലേയ്ക്ക് കൊണ്ടുവരുന്നതു  ശരിയല്ല. കുർബാന തുടങ്ങുന്നതിനു മുൻപുള്ള ഗാനം, കുർബാന സ്വീകരണ സമയത്തെ ഗാനാലാപനം,  കുർബാന കഴിഞ്ഞുള്ള ഗാനം എന്നീങ്ങനെയുള്ള  ക്രമത്തിനു പുറമേയുള്ള അക്രമങ്ങൾ നടത്താതിരിയ്ക്കുന്നതാണ് കുർബായുടെ ചൈതന്യത്തിനു ചേരുന്ന നടപടീ.

തക്സായിൽ ഉള്ള ഗാനങ്ങളാകട്ടെ പൗരസ്ത്യ സുറീയാനി സഭയുടെ വിശുദ്ധരായ, ദൈവശാസ്ത്രജ്ഞരായ ഗംഭീരന്മാരാൽ രചിയ്ക്കപ്പെട്ടതിന്റെ മലയാള പരിഭാഷയാണ്. പരിഭാഷയുടെ വൈകല്യങ്ങൾ ഉണ്ടായിരിയ്ക്കാം എന്നു സമ്മതിയ്ക്കുമ്പോൾ തന്നെ അവയ്ക്ക് അതിന്റേതായ സ്ഥാനവും പ്രാധാന്യവും ഉണ്ട്.   ഒരു  കാസറ്റു പാട്ടിനും  എത്തിപ്പിടീയ്ക്കാനാവാത്ത ഔന്നിത്യവും ദൈവശാസ്ത്രപരമായ സമ്പന്നതയും അതിനുണ്ട്. അതുകൊണ്ടു തന്നെ തക്സായിലെ പാട്ടുകൾ ഒഴിവാക്കി കെസ്റ്ററിന്റെയും പീറ്റർ ചേരനല്ലൂരിന്റെയും തച്ചങ്കേരിയുടേയുമൊക്കെ കാസറ്റു സംഗീതം ചേർക്കുന്നത് അഹങ്കാരവും ആരാധനാക്രമത്തിന്റെ വൈശിഷ്ട്യത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്.


കുർബാന അതിനാൽ തന്നെ പൂർണ്ണമാണ്. അതുകൊണ്ടു തന്നെ കുർബാന കഴിഞ്ഞിട്ട് ഒരു മാതാവിന്റെ പാട്ട് പാടണം എന്നും എത്രയും ദയയുള്ള മാതാവേ ചൊല്ലണമെന്നുമുള്ള കീഴ്വഴക്കങ്ങൾ അഭംഗിയാണ്. കുർബാനയിൽ, അതും കേന്ദ്രഭാഗത്തു തന്നെ നാലോ അഞ്ചോ തവണ മറിയത്തെ ധ്യാനിയ്ക്കേണ്ടതായുണ്ട്. ചെയ്യേണ്ടിടത്തു ചെയ്യേണ്ടതു ചെയ്യാതെ ചെയ്യാൻ പാടില്ലാത്തിടത്ത് ചെയ്യുന്നറ്റിനെ എന്തു വിളീയ്ക്കണം!


ആംസ്ടോങ്ങിന്റെ പോസ്റ്റിൽ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേയ്ക്ക് വരാം.



1. ഇസ്രായേലിലെ സ്ത്രീകൾ വെള്ളം കോരുന്ന സമയം

"ഇസ്രായേല്‍ സ്ത്രീകള്‍ നട്ടുച്ചയ്ക്ക് കിണറ്റിന്‍കരയിലോ?! " എന്നാണ്ട് ഒരു തലക്കെട്ടുതന്നെ. അതിനു ശേഷം  "ഇസ്രായേലിലെ സ്ത്രീകള്‍ സാധാരണഗതിയില്‍ വെള്ളമെടുക്കാന്‍ കിണറിന്‍കരയില്‍ വരുന്നത് രാവിലെയും വൈകിട്ടുമാണ്." എന്നു സാമാന്യവൽകരിച്ചിരിയ്ക്കുന്നു. പൈപ്പുകണക്ഷൻ ഇല്ലാത്തകാലത്ത് രാവിലേയും ഉച്ചയ്ക്കും വൈകിട്ടും ശേഖരിച്ചു വച്ച വെള്ളം തീരുമ്പോഴൊക്കെ കിണറ്റിൽ കരയിൽ വരണം എന്നുള്ളതാണ് സാമാന്യ യുക്തി. അതിനെ ഖണ്ഢിയ്ക്കുവാൻ പോരുന്ന ഒരു യുക്തിയും ആംസ്ട്രോങ്ങ് മുൻപോട്ടൂ വച്ചിട്ടില്ല.

2. യോഹന്നാന്റെ സുവിശേഷത്തിൽ സമയ ക്രമം

യോഹന്നാൻ യഹൂദസമയക്രമമല്ല റോമൻ സമയക്രമമാണ് ഉപയോഗിയ്ക്കുന്നത് എന്നാണ് ആംസ്ട്രോങ്ങിനെ വാദം.
സംശയമുണ്ട്. യോഹന്നാൻ എന്ന യഹൂദൻ, യഹൂദമതം കൂട്ടത്തിൽ കൂട്ടാതായ ആദിമ സഭയെ ഉദ്ദ്യേശിച്ച് എഴുതിയ സുവിശേഷത്തിൽ യഹൂദരുടേതല്ലാത്ത ഒരു സമയ ക്രമം ഉപയോഗിച്ചു എന്നു പറയുന്നതിലും പൊരുത്തക്കേടുണ്ട്. അങ്ങനെയാണെങ്കിൽ ഗ്രീക്കുകാരെ ഉദ്ദ്യേശിച്ച സുവിശേഷമെഴുതിയ ഗ്രീക്കുകാരനായ ലൂക്കായുടെ സുവിശേഷത്തിലായിരിയ്ക്കണം യഹൂദരുടേതിൽ നിന്നും വ്യത്യസ്ഥമായ സമയ ക്രമം ഉപയോഗിക്കേണ്ടത്. എന്നു തന്നെയല്ല യോഹന്നാന്റെ സുവിശേഷത്തിന്റെ അറമായ പശ്ചാത്തലം ഗവേഷകർ അംഗീകരിയ്ക്കുന്നുമുണ്ട്.

3. യോഹന്നാന്റെ ആറുമണി

യോഹന്നാന്റെ ആറുമണി എന്നാൽ പ്രഭാതമാണ് എന്നാണ് ആംസ്ടോങ്ങിന്റെ മറ്റൊരു വാദം. "യേശുവിനെ മരണത്തിനു വിധിക്കുന്ന ആറാം മണിക്കൂര്‍ എന്നത് രാവിലെ ആറുമണിയാണ്." - ആംസ്ട്രോങ്ങ്. "റോമന്‍ ശൈലിയില്‍ ദിവസത്തിന്‍റെ ആറാം മണിക്കൂര്‍ എന്നു പറയുന്നത് രാവിലെ ആറുമണി തന്നെയാണ്"- ആംസ്ടോങ്ങ്.  ചുരുക്കത്തിൽ ആംസ്ടോങ്ങ് പറഞ്ഞു വയ്ക്കുന്നത് രാത്രിയിൽ യാത്രചെയ്ത ഈശോ ശമ്രായിൽ എത്തിയത് രാവിലെ റോമൻ സമയം ആറുമണിയ്ക്കാണ്. അഥവാ പ്രഭാതത്തിലാണ് എന്നാണ്.

നമുക്ക് സുവിശേഷത്തിലെ സൂചനകളിലേയ്ക്ക് വരാം.
മത്തായിയുടെ സുവിശേഷത്തിൽ നാം ഇപ്രകാരം കാണുന്നു. "പ്രഭാതത്തിൽ എല്ലാ പ്രധാനാചാര്യന്മാരും ജനപ്രമാണികളും ഈശോയെ വധിയ്ക്കുവാൻ അവനെതിരെ ഗൂഢാലോചന നടത്തി. അവർ അവനെ ബന്ധിച്ചുകൊണ്ടുപോയി നാടുവാഴിയായ പീലാത്തോസിന് ഏല്പിച്ചുകൊടൂത്തു." - മത്തായി 27:1 - 2.
അതായത് ഈശോയെ പീലാത്തോലിന്റെ പക്കലേയ്ക്ക് കൊണ്ടുപോകുവാള്ള ആലോചന നടക്കുന്നത് പ്രഭാതത്തിലാണ് അതായത് റോമൻ സമയം ആറുമണിയ്ക്കാണ്.

യോഹന്നാന്റെ സുവിഷേഷത്തിലും ഇതേ സംഭവം കാണാം.  "പിന്നീട് അവർ ഈശോയെ കയ്യാപ്പായുടെ അടുക്കൽ നിന്നു പ്രീത്റ്റോരീനിലേയ്ക്ക് കൊണ്ടൂവന്നു. അപ്പോൾ പ്രഭാതമായിരുന്നു." - യോഹന്നാൻ 18: 28.

അതായത് റോമൻ സമയം ആറൂമണിയ്ക്ക് പീലാത്തോസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല.
പിന്നീട് കയ്യാപ്പായുടെ അടുക്കൽ നിന്ന്, പീലാത്തോസിന്റെ പക്കൽ നിന്നു വന്ന്, വിചാരണ ആരംഭിച്ച്, ചമ്മട്ടികൊണ്ട് അടിപ്പിച്ച്, മുൾക്കിരീടം ധരിപ്പിച്ച്,ബറാബാസിനെ മോചിപ്പിച്ച് ഈശോയെ മരണത്തിന് ഏൽപ്പിയ്ക്കുമ്പോഴെയ്ക്കും എതായാലും രാവിലെ നമ്മുടെ സമയം ഒൻപതെങ്കിലും കഴിയണം. അപ്പോൾ ഏതായാലും യോഹന്നന്റെ ആറുമണി എന്നത് ആംസ്ടോങ്ങ് വാദിയ്ക്കുന്നതുപോലെ പ്രഭാതത്തിലുള്ള റോമൻ സമയം ആറുമണിയാണെന്ന് എനിയ്ക്ക് തോന്നുന്നില്ല.

അങ്ങനെയാണെങ്കിൽ ഈശോ ശ്‌മറായക്കാരി സ്ത്രീയെക്കണ്ടത് ഉച്ചയ്ക്ക് യഹൂദസമയം ആറുമണിയ്ക്കായിരിയ്ക്കണം.

4. സുവിശേഷകന്മാരുടെ സമയം
സുവിശേഷത്തിലൊന്നും ആറുമണികഴിഞ്ഞ് അഞ്ചു മിനിറ്റെന്നോ, 15 മിനിറ്റെന്നോ, ഇത്ര നാഴികയെന്നോ ഇത്ര വിനാഴികയെന്നോ ഒന്നും കണ്ടതായി ഓർക്കുന്നില്ല. അതുകൊണ്ടു തന്നെ കൃത്യമായ സമയം പറയുകയല്ല ഏകദേശ സമയം പറയുക മാത്രമായിരുന്നിരിയ്ക്കണം സുവിശേഷകന്മാരുടെ ലക്ഷ്യം. എന്നു തന്നെയല്ല 2000 വർഷങ്ങൾക്കു മുൻപ് കാറും ബസ്സും ഒന്നും ഇല്ലാതിരുന്ന സമയത്ത്, മൊബൈൽ ഫോണും ഇന്റർനെറ്റും കയ്യിൽ വാച്ചും ഇല്ലതിരുന്ന കാലത്ത് സമയത്തിന്റെ സൂഷ്മതയ്ക്ക് അത്ര വിലകൊടൂത്തും കാണുകയില്ല. നമസ്കാരങ്ങൾ ചൊല്ലാനുള്ള സമയം, ആഹാരം കഴിയ്ക്കാനുള്ള സമയം, കന്നുകാലികൾക്ക് തീറ്റികൊടുക്കാനുള്ള സമയം, ഉറങ്ങാനുള്ള സമയം, ജോലിയ്ക്ക് പോകുവാനും ജോലി കഴിഞ്ഞു പോകുവാനുമുള്ള സമയം എന്നതിൽ കവിഞ്ഞ് അതിന്റെ ക്ലിപ്തതയ്ക്ക് അത്ര വലിയ അർത്ഥവും ഉണ്ടായിരിയ്ക്കുകയില്ല.

5. യഹൂദരുടെ സമയക്രമം
യഹൂദരുടെ ദിവസം ആരംഭിയ്ക്കുന്നത് സന്ധ്യയോടെയാണ്. നമ്മുടെ രാവിലത്തെ 9 മണി അവർക്ക് മൂന്നാം മണിക്കൂറും ഉച്ചയ്ക്ക് പന്ത്രണ്ടുമതി യഹൂദരുടെ ആറാം മണിക്കൂറും ഉച്ചകഴിഞ്ഞ് മൂന്നുമണി യഹൂദരുടെ ഒൻപതാം മണിക്കൂറും ആകുന്നു.

6. ആദിമ സമയുടെ ആരാധാനാ സമയക്രമം.
ആദിമ സഭ യഹൂദമതത്തിലെ ഒരു വിഭാഗമായിട്ടാണ് ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. യോഹന്നാൻ സുവിശേഷമെഴുതിയെന്നു കരുതപ്പെടുന്ന കാലത്ത് മെശയാനികരെ സിനഗോഗുകളിൽ നിന്നു ബഹിഷ്കരുക്കുന്ന പ്രവണത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടു തന്നെ യഹൂദരുടെ സമയക്രമം തന്നെയായിരുന്നു ആദിമ സഭയുടെ സമയക്രമവും.  മെശയാനിക മതം സ്വീകരിച്ച വിജാതീയരും യഹൂദരീതികളാണ് പിന്നീട് പിന്തുടർന്നത്. അതുകൊണ്ടാണ് പരിശ്ചേദനത്തെക്കുറീച്ചുള്ള തർക്കം ആദിമസഭയിലുണ്ടായത്. ആദിമസഭയുടെ ആരാധനാഭാഷയും അന്ന് യഹൂദരുടെ ഭാഷയായിരുന്ന അറമായ തന്നെയായിരുന്നു. പിന്നീട് ഗ്രീക്ക് സഭ സ്വതന്ത്രമാവുകയും സ്വതന്ത്രമായ ആരാധനാരീതികൾ അവർക്കുണ്ടാവുകയും ചെയ്യുന്നതുവരെയെങ്കിലും അവർ യഹൂദപാരമ്പര്യം കാത്തുസൂക്ഷിച്ചിട്ടൂണ്ടായിരിയ്ക്കണം. അല്ലെങ്കിൽ മർക്കോസ് തന്റെ സുവിശേഷത്തിൽ അരമായ പ്രയോഗങ്ങൾ നടത്തില്ലായിരുന്നു.  ചുരുക്കത്തിൽ ആദിമസഭയുടെ കാലത്ത് അഥവാ ആദിമനൂറ്റാണ്ടിൽ ഏറ്റവും കുറഞ്ഞത് രണ്ടാം നൂറ്റാണ്ടൂവരെങ്കിലും യഹൂദപാരമ്പര്യവും യഹൂദരീതികളും യഹൂദ സമയക്രമവും തന്നെയാണ് ആദിമസഭയിൽ ആരാധനയ്ക്കായെങ്കിലും ഉപയോഗിച്ചിരുന്നത്. ആ നിലയ്ക്ക് യോഹന്നാനെ സംബന്ധിച്ചിടത്തോളം യഹൂദരുടേതല്ലാത്ത്  ഒരു സമയ ക്രമം സ്വീകരിക്കേണ്ട ആവശ്യകത നിലനിൽക്കുന്നില്ല.


7. ഈശോ മരിച്ച സമയം.

ആംസ്ടോങ്ങ് ഈശോ മരിച്ച സമയത്തെ പരാമർശിയ്ക്കുന്നതുകൊണ്ട് സുവിശേഷകന്മാർ നൽകുന്ന സൂചനകൂടി ഉൾപ്പെടൂത്താമെന്നു കരുതുന്നു.

മത്തായി സുവിശേഷകൻ നൽകുന്ന സൂചനകൾ: പ്രഭാതത്തിൽ കയ്യാപ്പായുടെ ഭവനത്തിൽ വച്ച് ഈശോയെ വധിയ്ക്കുവാനുള്ള ആലോചന നടക്കുന്നു. അതിനു ശേഷം പീലാത്തോസിന്റെ അടുക്കൽ കൊണ്ടുവരുന്നു.  ഒൻപതു മണിയ്ക്ക് (വൈകുന്നേരം മൂന്നുമണി) ഈശോ  "ഏൽ ഏൽ ൽമനാ ശ്‌വക്ക്‌ത്താൻ" എന്നു നിലവിളിയ്ക്കുന്നു.  അതിനു ശേഷം പ്രാണൻ വെടിയുന്നു.വൈകുന്നേരം റംസാക്കരൻ യൗസേപ്പ് പീലാത്തോസിനെ ചെന്നുകണ്ട് ഈശോയുടെ ശരീരം ആവശ്യപ്പെടുന്നു. ഈശോയുടെ ശരീരം സംസ്കരിയ്ക്കുന്നു.

മർക്കോസ് നൽകുന്ന സൂചനകൾ:  അതിരാവിലെ ആലോചന നടക്കുന്നു. അതിനുശേഷം പീലാത്തോസിന്റെ പക്കൽ കൊണ്ടൂവരുന്നു.കുരിശിൽ തറച്ചപ്പോൾ മൂന്നുമണി (രാവിലെ ഒൻപതുമണി) ആയിരുന്നു. ആറുമണി (ഉച്ചയ്ക്ക് പന്ത്രണ്ടൂമണീ) മുതൽ ഒൻപതു മണി (വൈകുന്നേരം മൂന്നുമണി) വരെ ഭൂമിയിൽ അന്ധകാരമായിരുന്നു. ഒൻപതു മണീയ്ക്ക് "ഏൽ ഏൽ ൽമനാ ശ്‌വക്ക്‌ത്താൻ" എന്നു നിലവിളിയ്ക്കുന്നു. അതിനു ശേഷം പ്രാണൻ വെടിയുന്നു. ശാബതത്തിനു മുൻപുള്ള വെള്ളീയാഴ്ച വൈകുന്നേരം റംസാക്കാരൻ യൗസേപ്പ് ഈശോയുടെ ശരീരം പീലാത്തോസിനോട് ആവശ്യപ്പെടുന്നു. യൗസേപ്പ് ഈശോയെ സംസ്കരിയ്ക്കുന്നു.

ലൂക്ക നൽകുന്ന സൂചനകൾ:
പ്രഭാതത്തിൽ പ്രധാനാചാര്യന്മാരും നിയമജ്ഞരും ഈശോയെ സംഘത്തിൽ കൊണ്ടൂപോകുന്നു. അവരുടെ ചോദ്യത്തിന് ഈശോ താൻ ദൈവപുത്രനാകുന്നു എന്നു പറയുന്നു. അവർ ഈശോയെ പീലാത്തോസിന്റെ പക്കൽ കൊണ്ടൂപോകുന്നു. പീലാത്തോസ് ഈശോയെ ഹേറോദേസിന്റെ പക്കലേയ്ക്ക് അയയ്ക്കുന്നു. ഹേറോദേസ് ഈശോയെ തിരിച്ചയയ്ക്കുന്നു. ഈശോയെ കുരിശിൽ തറയ്ക്കുന്നു.  നല്ലകള്ളനോട് ഈ എന്നോടൂകൂടെ പറുദീസായിലായിരിയ്ക്കും എന്നു പറയുന്നു. അപ്പോൾ ആറുമണിയായിരുന്നു. ഒൻപതുമണിവരെ ഭൂമിയിലെങ്ങും അന്ധകാരമുണ്ടായി. ൈഈശോ ജീവൻ വെടിഞ്ഞു. റംസാക്കാരൻ യൗസേപ്പ് ഈശോയുടെ ശരീരം പീലാത്തോസിന്റെ അനുവാദത്തോടെ വാങ്ങി സംസ്കരിയ്ക്കുന്നു. ആ ദിവസം വെള്ളിയാഴ്ച ആയിരുന്നു. ശാബതം ആരംഭിച്ചിരുന്നു.

യോഹന്നാൻ നൽകുന്ന സൂചനകൾ:
പ്രഭാതത്തിൽ ഈശോയെ കയ്യാപ്പായുടെ അടുത്തു നിന്നും പീലാത്തോസിന്റെ പക്കൽ കൊണ്ടൂവരുന്നു. പീലാത്തോസ് കൽത്തളത്തിൽ ഇരുന്നു. അന്ന് പെസഹാ വെള്ളിയാഴ്ച ആയിരുന്നു. ഏതാണ്ട് ആറുമണി നേരവും. ഈശോയെ പീലാത്തോസ് മരണത്തിന് ഏല്പിയ്ക്കുന്നു. ഈശോയെ കുരിശിൽ തറയ്ക്കുന്നു. ഈശോ മരിയ്ക്കുന്നു. ശാബതം തുടങ്ങുന്നതിനു മുൻപ് കുരിശിൽ തറയ്ക്കപ്പെട്ടവരുടെ ശരീരമിറക്കണമെന്ന് യൂദന്മാർ പീലാത്തോസിനോട് ആവശ്യപ്പെടുന്നു. പീലാത്തോസ് അനുവദിച്ചതനുസരിച്ച് റംസാക്കാരൻ യൗസേപ്പ് ഈശോയുടേ ശരീരം എടുക്കുന്നു. ശാബതം ആരംഭിച്ചിരുന്നതിനാൽ സമീപത്തുണ്ടായിരുന്ന കല്ലറയിൽ ഈശോയെ സംസ്കരിയ്ക്കുന്നു.

സുവിശേഷകന്മാർ നൽകുന്ന സൂചനയനുസരിച്ച് ഈശോയെ സംസ്കരിയ്ക്കുന്നത് വൈകുന്നേരം ശാബതം (വൈകുന്നേരം ആറുമണി, യഹൂദരുടെ ഒന്നാം മണിയ്ക്കൂർ) ആരംഭിച്ചതിനു ശേഷമാണ്. ശാബതത്തിനു മുൻപേ തന്നെ  യഹൂദരുടെ ഒൻപതാം മണിയ്ക്കൂറിനും ഒന്നാം മണിയ്ക്കൂറിനും ഇടയിൽ ഈശോയെ കുരിശിൽ നിന്നിറക്കി. അതായത് നമ്മുടെ ഉച്ചകഴിഞ്ഞ് മൂന്നുമണീയ്ക്കും വൈകുന്നേരം ആറുമണിയ്ക്കും ഇടയിൽ. യഹൂദരുടെ ഒൻപതാം മണിയ്കൂറിൽ (നമ്മുടെ ഉച്ചകഴിഞ്ഞുള്ള മൂന്നുമണി) ഈശോ ജീവൻ വെടിയുന്നു. ആറാം മണിയ്ക്കൂറിലോ അതിനു മുൻപോ ഈശോയെ കുരിശിൽ തറച്ചിരുന്നു. പ്രഭാതത്തിൽ ഈശോ കയ്യാപ്പാടുടെ അടുക്കലാണ്. ഇത്രയും കാര്യത്തിൽ തർക്കമില്ല.

കയ്യാപ്പായുടെ പക്കൽ നിന്നും സംഘത്തിൽ കൊണ്ടൂപോയി വിചാരണ നടത്തി അതിനുശേഷം പീലാത്തോസിന്റെ പക്കൽ കൊണ്ടൂപോയി. പീലാത്തോസ് ഈശോയെ ഹേറോദേസിന്റെ പക്കലേക്കയച്ച്, ഈശൊയെ ഹേറോദേസ് തിരിച്ചയച്ച്, ബറാബാസിനെ മോചിപ്പിച്ച് ഈശോയെ മരണത്തിനു വിധിയ്ക്കാൻ എത്ര സമയമെടുത്തുകാണും? പീലാത്തോസിന്റെ അരമനയിൽ നിന്നും ഗാഗുൽത്താവരെ അത്ര നേരം? എത്രമണിയ്ക്ക് ഈശോയെ കുരിശിൽ തറച്ചു? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം സുവിശേഷങ്ങൾ നൽകുന്നതായി കാണുന്നില്ല.

പിന്മൊഴി: മാർതോമാ നസ്രാണികളൂടെ ആരാധനാ വത്സരത്തിലെ ഓരോ ദിവസവും ആരംഭിയ്ക്കുന്നത് റംശ നമസ്കാരത്തോടെ വൈകുന്നേരമാണ്. ഇത് യഹൂദ സമയക്രമത്തിന്റെ പിന്തുടർച്ചയാണെന്നു കാണാം.

Disclaimer: ഞാനൊരു ബൈബിൾ പണ്ഢിതനല്ല. മനോവയിലെ ലേഖനത്തിലെ എനിയ്ക്ക് തെറ്റ് എന്നു തോന്നിയ പിഴവുകൾ സുവിശേഷകന്മാരുടെ വാക്കുകളും പാരമ്പര്യവും സാമാന്യയുക്തിയുമനുസരിച്ച് വിശകലനം ചെയ്യുകമത്രമായിരുന്നു.   ഈ പോസ്റ്റിലെ സാങ്കേതികമായ പിഴവുകൾ യുക്തിസഹജമായ വിധം ബോധ്യപ്പെടുത്തിയാൽ വായനക്കാരുടെ നന്മയെക്കരുതി തിരുത്തുന്നതോ ഈ പോസ്റ്റു തന്നെ പിൻവലിയ്ക്കുന്നതോ ആണ്.

No comments: