Monday, July 1, 2013

ലത്തീനീകരണം തുടരുമ്പോൾ

വ്യക്തിസഭകൾ തങ്ങളുടെ വ്യക്തിത്വം വീണ്ടെടുക്കണമെന്നും ഉറവിടങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നും എന്ന വാദഗതികൾ തത്വത്തിലെങ്കിലും രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം അംഗീകരിച്ചു കാണുന്നുണ്ട്. എങ്കിൽ തന്നെയും ഒരു വശത്തുകൂടി ലത്തീനീകരണം തുടരുന്നതായാണ് അനുഭവപ്പെടുന്നത്. പൗരസ്ത്യ പാരമ്പര്യങ്ങളോട് ആഭിമുഖ്യം കാണിയ്ക്കുന്ന രൂപതകളിൽ പോലും ഒരു വശത്തുകൂടി ലത്തീൻ പ്രവണതകൾ മുൻപെത്തെന്നതിനേക്കാൾ ശക്തമായി കടന്നുവരുന്നതായാണ് മനസിലാക്കുവാൻ കഴിയുന്നത്. ഇന്ന് സഭയിൽ നിലനിൽക്കുന്ന ലത്തീൻ പ്രവണതകളെ മനസിലാക്കുവാനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്.

ലത്തീൻ തിരുന്നാളുകൾ
   സീറോ മലബാർ സഭയുടെ വ്യക്തിത്വത്തിനു (ദൈവശാസ്ത്രത്തിനു) യോജിക്കാത്ത തിരുന്നാളുകൾ ആചരിയ്ക്കപ്പെടുന്നുണ്ട്. മാതൃസഭയുടെ വിശ്വാസപൈതൃകത്തെക്കുറിച്ച് ലവലേശം ബോധ്യമില്ലാത്തെ പട്ടക്കാരാവട്ടെ അവയ്ക്ക് അമിതപ്രാധാന്യം കൊടുക്കുന്നുമുണ്ട്.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ
പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാൾ ലത്തീൻ സഭ ആചരിക്കുന്ന തിരുന്നാളാണു്. ലത്തിൻ വത്കരണത്തിന്റെ ഭാഗമായി ഈ തിരുന്നാൾ സുറിയാനീ കത്തോലിക്കരും ആചരിച്ചുതുടങ്ങി. പൌരസ്ത്യ സഭാപിതാക്കന്മാർ ഒരിക്കലും ത്രീത്വത്തിലെ ആളുകൾ വേർതിരുഞ്ഞു പ്രവർത്തിക്കുന്നതായി കരുതിയിരുന്നില്ല.അതുകൊണ്ടു നമ്മുടെ കർത്താവിന്റെ എല്ലാ തിരുന്നാളുകളും പരിശുദ്ധത്രീത്വത്തിന്റെ തിരുന്നാളുകൂടിയാണ്. അതിലുപരിയായി പരിശുദ്ധത്രീത്വത്തെ വെളിവാക്കുന്ന ദനഹാത്തിരുന്നാളിലും ദനഹാക്കാലത്തിലുമാണ് പരിശുദ്ധത്രീത്വത്തിന്റെ രഹസ്യത്തെക്കുറച്ച് ധ്യാനിക്കാറുള്ളത്. അതുകൊണ്ടൂ തന്നെ ശ്ലീഹാക്കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആചരിയ്ക്കുന്ന പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ പൊഉരസ്ത്യ സഭകളുടെ രീതിയല്ല. പൗരസ്ത്യ തിരുസംഘം പ്രസിദ്ധീകരിച്ച "The Ordo Celebrationis and the Supplementum" ലും ഈ തിരുന്നാൾ പരാമർശിക്കപ്പെടുന്നില്ല. 

മിശിഹായുടെ ശരീരരക്തങ്ങളുടെ തിരുന്നാൾ
മിശിഹായുടെ ശരീരരക്തങ്ങളുടെ തിരുന്നാൾ ലത്തീൻ സഭ പരിശുദ്ധാ ത്രീത്വത്തിന്റെ തിരുന്നാൾ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് ആചരിയ്ക്കുന്നത്. ലത്തീനീകരണത്തിന്റെ ഭാഗമായി ഈ തിരുന്നാൾ മാർ തോമാ നസ്രാണികളുടെ ഇടയിലും പ്രചരിച്ചു. നമ്മുടെ ശൈലിയനുസരിച്ച് മിശിഹായുടെ ശരീരരക്തങ്ങളെ പ്രതേകമായി അനുന്മരിയ്ക്കുന്ന ദിവസം പെസഹാ വ്യാഴമാണ്.

തിരുഹൃദയത്തിന്റെ തിരുന്നാൾ
ഏതെങ്കിലും ഒരു അവയവത്തെ ധ്യാനിയ്ക്കുന്ന പതിവ് പൗരസ്ത്യ സുറീയാനീ പാരമ്പര്യമല്ല. ഹൃദയം എന്നത് സ്നേഹത്തിന്റെ ഉറവിടം എന്ന നിലയിൽ ഈശോയൂടെ സ്നേഹത്തെ ധ്യാനിയ്ക്കുകയാണ് തിരുഹൃദയത്തിന്റെ തിരുന്നാളിൽ എന്നു വാദിയ്ക്കാം. ഇത് ശരിയുമാണ്. കർത്താവിന്റെ സ്നേഹത്തെ തന്നെയല്ല നാം എല്ലാ കുർബാനയിലും യാമപ്രാർത്ഥനകളിലും ധ്യാനിയ്ക്കുന്നത്.  തിരുഹൃദയത്തിന്റെ തിരുന്നാളും തിരുഹൃദയ പ്രതിഷ്ടയുമൊക്കെ തികച്ചും വൈദേശികമാണെന്നും നമ്മുടെ ശൈലിയ്ക്ക് യോജിച്ചതല്ലെന്നും പറയാതെ വയ്യ.

ലത്തീൻ ഭക്താഭ്യാസങ്ങൾ

കൊന്ത
   തികച്ചും പാശ്ചാത്യ ശൈലിയിൽ രൂപം കൊണ്ട, പാശ്ചാത്യ ലിറ്റർജിക്കൽ കലണ്ടറുമായി യോജിച്ചുപോവുന്ന ഒരു ഭക്താഭ്യാസമാണ് കൊന്ത. ലത്തീൻ ഭരണകാലത്ത് പ്രചരിപ്പിയ്ക്കപ്പെട്ട ഈ ഭക്താഭ്യാസം  അഭിനവ സുറിയാനി കത്തോലിയ്ക്കൻ തങ്ങളുടെ പാരമ്പര്യമായി ധരിച്ചു വച്ചിരിയ്ക്കുകയാണ്. മെത്രാന്മാരും വൈദീകരും സന്യാസിനികളും ഇന്നും സഭയുടെ ഔദ്യോഗികപ്രാർഥനകൾക്കു പോലും മുകളിലായി കൊന്തയ്ക്കു പ്രാധാന്യം കൊടുത്തു കാണുന്നത് വേദനാജനകമാണ്.

കുരിശിന്റെ വഴി
    കുരിശിന്റെ വഴിയും കൊന്തപോലെ തന്നെ 20 ആം നൂറ്റാണ്ടിലെ സീറോ മലബാറുകാർക്ക് വൈകാരിക പ്രധാനമായ ഭക്താഭ്യാസമാണ്.  ഉറവിടങ്ങളിൽ നിന്നും ലഭ്യമായ ദീർഘമായ പീഠാനുഭവാര ഔദ്യോഗിക പ്രാർത്ഥനകളെ മറന്ന് തികച്ചും വൈദേശികവും അതി വൈകാരികവുമായ ഒരു ഭാക്താഭ്യാസത്തെ പ്രോത്സാഹിപ്പിയ്ക്കുന്നത് അഭിലഷണീയമല്ല.

വി. കുർബാനയുടെ ആരാധന
    പൗരസ്ത്യ സുറിയാനിക്കാരെ സംബധിച്ചിടത്തോളം വി.കുർബാനയുടെ ആചരണത്തിന്റെ ഭാഗമാണ് വി. കുർബാന സ്വീകരണം. അതുകൊണ്ടു തന്നെ വി. കുർബാന സൂക്ഷിയ്ക്കുന്ന പതിവുപോലും ഇല്ല. പാശ്ചാത്യസഭയിൽ തന്നെ സക്രാരികൾ അതിപുരാതന പാരമ്പര്യമൊന്നുമല്ല. മധ്യകാലങ്ങളിൽ രൂപം കൊണ്ട സക്രാരികൾ അൾത്താരയിൽ സ്ഥാനം പിടിയ്ക്കാൻ തുടങ്ങിയിട്ട് ഏതാനും നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. ഇന്നും പലയിടങ്ങളിലും വി. കുർബാനയേക്കാൾ പ്രാധാന്യം വി. കുർബാനയുടെ പരസ്യ ആരാധനയ്ക്ക് കൊടുത്തു കാണുന്നുണ്ട്.  ഇതു നമ്മുടെ ശൈലിയേ അല്ല. പാശ്ചാത്യ സഭാപിതാക്കന്മാർ പോലും ഇങ്ങനെയൊരുന്നു പരിചയപ്പെടുത്തിയിട്ടൂള്ളതായും ഞാൻ മനസിലാക്കിയിട്ടില്ല.

വണക്കമാസങ്ങൾ
          മാതാവിന്റെ വണക്കമാസം, തിരുഹൃദയത്തിന്റെ വണക്കമാസം ഇങ്ങനെ പാശ്ചാത്യർ ഇവിടെ പ്രചരിപ്പിച്ച ഭക്താ കൃത്യങ്ങൾ നിരവധിയാണ്. നമ്മുടെ ആരാധനാ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ, നമ്മുടെ ആരാധനാ പഞ്ചാംഗവുമായി ഒത്തുപോവാത്ത ഭക്തകൃത്യങ്ങൾ ഒഴിവാക്കുക തന്നെ വേണം.

രൂപങ്ങളോടൂള്ള വണക്കം
രൂപങ്ങളോടുള്ള വണക്കവും അവയ്ക്ക് അമിത പ്രാധാന്യം കൊടൂക്കലുമൊന്നും മാർ തോമാ നസ്രാണികളുടെ പാരമ്പര്യമല്ല. ഐക്കണുകളുടെ ഉപയോഗ്ഗത്തെക്കുറിച്ചുപോലും ദീർഘ്ഘമായ സംവാദങ്ങൾ  ഉണ്ടായ സഭയെന്ന നിലയിൽ ഈ സഭയ്ക്ക് കൊത്തുരൂപങ്ങളെക്കുറിച്ചോ മൺരൂപങ്ങളെക്കുറിച്ചു ചിന്തിക്കുക തന്നെ അസാധ്യമാണ്. എന്നു തന്നെയല്ല ശക്തമായ ഒരു യഹൂദ-പഴയനിയമ-ആദിമ സഭാ പാരമ്പര്യം രൂപങ്ങളുടെ ഉപയോഗത്തെ വിലക്കുകയും ചെയ്യുന്നുണ്ട്.

ലത്തീനീകരണം ആരാധനാക്രമത്തിൽ

ജനാഭിമുഖം
ലത്തീൻ സഭയിൽ പോലും ജനാഭിമുഖം എന്നത് അധികം പഴക്കമില്ലാത്ത രീതിയാണ്.  കത്തോലിയ്ക്കാ സഭാകൂട്ടായ്മയിലെ മറ്റു പൗരസ്ത്യസഭകളിലോ ഓർത്തൊഡോക്സ് പാരമ്പര്യര്യങ്ങളിളോ ഒന്നും തന്നെ ഈ പാരമ്പര്യം ഇല്ല എന്നുള്ളതും സ്മരണീയമാണ്. അതുകൊണ്ടൂ തന്നെ ജനാഭിമുഖമായി ലിറ്റർജി ആഘോഷിയ്ക്കുന്നത് സീറോ മലബാർ സഭയുടെ പാരമ്പര്യമല്ല. എങ്കിലും ചില തത്പരകക്ഷികൾ ഈ പ്രവണതയെ  പിന്താങ്ങുന്നതും പ്രോത്സാഹിപ്പിയ്ക്കുന്നതും കാണുന്നത് വേദനാജനകമാണ്.

അസ്ഥാനത്തുള്ള മുട്ടുകുത്തൽ
          പാശ്ചാത്യർക്ക് (പാശ്ചാത്യസഭയ്ക്ക് എന്നല്ല) മുട്ടുകുത്തൽ ബഹുമാന സൂചകമാണ്. എന്നാൽ പൗരസ്ത്യദേശക്കാർക്ക് അത് അപമാനത്തിന്റെയും അടിമത്തത്തിന്റെയും മരണത്തിന്റെയും ഒക്കെ പ്രതീകങ്ങളാണ്. അതുകൊണ്ടുതന്നെ ബഹുമാനം പ്രകടിപ്പിയ്ക്കുമ്പോൾ എഴുനേറ്റു നിൽക്കുന്നതാണ് പൗരസ്ത്യദേശങ്ങളിലെ പതിവ്. ഇത് ലിറ്റർജിയിലും ബാധമകാണ്. അതുകൊണ്ടു തന്നെ കൂദാശാഭാഗത്ത് മുട്ടുകുത്തുന്നത് പാശ്ചാത്യ രീതിയാണ്. കൂദാശാഭാഗത്ത് ആദരപൂർവ്വം നിന്നുകൊണ്ടൂ പ്രാർത്ഥിയ്ക്കുവാൻ ക്രമപാലകനായ ഡീക്കൻ ആവശ്യപ്പെടുന്നുമുണ്ട്.

അസ്ഥാനത്തുള്ള ഇരിപ്പ്
വിശ്വാസത്തിന്റെ പ്രഘോഷണമാണ്. കാറോസൂസായുടെ സമയത്തും, ലേഖനം വായനയുടെ സമയത്തും, ഗാഹാന്താ പ്രാർത്ഥനകളുടെ സമയത്തും ഇരിയ്ക്കുന്നത് അവഹേളനമായി കാണുവാനേ കഴിയൂ.

ലത്തീൻ തിരുവസ്ത്രങ്ങൾ
ഓരോ സഭയുടേയും വ്യക്തിത്വത്തിന്റെ ഭാഗമാണ് ആരാധാക്രമം പരികർമ്മം ചെയ്യുന്ന അവസരത്തിലെ വസ്ത്രങ്ങൾ. അതിനു പകരം മറ്റേതെങ്കിലും സഭയുടെ തിരുവസ്ത്രങ്ങൾ ധരിയ്ക്കുന്നതിന്റെ യുക്തി മനസിലാവുന്നില്ല.

ഇതുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന രണ്ടൂ പോസ്റ്റുകൾ താഴെക്കൊടുക്കുന്നു.
http://mtnazrani.blogspot.in/2011/07/blog-post.html
http://mtnazrani.blogspot.in/2013/02/blog-post.html

ലത്തീനീകരണം ദൈവശാസ്ത്രത്തിൽ
   ദൈവശാസ്ത്ര പരിശീലനം ഇപ്പോഴും പാശ്ചാത്യ രീതിയിൽ തന്നെയാണ്. വൈദീകപരിശീലകാലത്തുപോലും പൗരസ്ത്യ ദൈവശാസ്ത്യം അഭ്യസിയ്ക്കപ്പിയ്ക്കുകയോ പരിചയപ്പെടുത്തുകപോലുമോ സംഭവിയ്ക്കുന്നുണ്ടോ എന്നു സംശയമുണ്ട്.

അജപാലന രംഗത്തെ ലത്തീനീകരണം
വൈദീകരുടെ ഫ്യൂഡൽ മനോഭാവവും അധികാരഭ്രമവും ലത്തീൻ കാരിൽ നിന്നും അഭ്യസിച്ചതാണെന്നു വേണം മനസിലാക്കുവാൻ. കാരണം നമ്മുടെ സഭയുടെ രീതി അതല്ല. വൈദീകർ ഇന്ന് മാനേജർമാരാണ്. ആരാനാക്രമത്തിന്റെ ശൂശ്രൂഷകർ എന്ന സ്ഥാനത്തിൽ നിന്നും വളരെ ദൂരെയാണ് ഒട്ടുമിക്കവരും. പള്ളിയോഗങ്ങൾക്ക് തീരുമാനങ്ങളിൽ പലപ്പോഴും പങ്കില്ല.

ലത്തീനീകരണം ദേവാലയ ഘടനയിൽ
നമ്മുടെ പൗരാണിക ശൈലിയിലെ ദേവാലയ ഘടന കൈമോശം വന്നിരിയ്ക്കുന്നു. പലപ്പോഴും ഗോത്തിക് ശൈലിയെ പകർത്തുവാൻ ശ്രമിയ്ക്കുന്നതായും അനുഭവപ്പെടുന്നു. ദേവാലയം പണക്കൊഴുക്കുകാണിയ്ക്കുവാനോ, പ്രൗഡികാണിയ്ക്കുവാനോ ഉള്ളതല്ല. പ്രൗഢഗംഭീരമായ ആരാധനാക്രമത്തിന്റെ ആഘോഷത്തിനുവേണ്ടീയുള്ളതാണ് പള്ളി. എന്നാൽ നമ്മുടെ ആരാധനാക്രമം ആവശ്യപ്പെടുന്ന സംഗതികൾ സജ്ജീകരിയ്ക്കുവാൻ പോലും സാധ്യമല്ലാത്തരീതിയിലാണ് ഇന്ന് പണീകഴിപ്പിയ്ക്കപ്പെടുന്ന പള്ളികൾ പലതും.

ലത്തീനീകരണം വാക്കുകളിൽ
ഈശോ എന്നതിനുപകരം ആരാധനാക്രമത്തിൽ പോലും യേശു കടന്നുവരുന്നു, മിശിഹാ ക്രിസ്തുവിനു വഴിമാറുന്നു. മറീയം മേരിയും യൗസേപ്പ് ജോസഫും ആവുന്നു. മാമോദീസാ പോയി ജ്നാനസ്നാനമാവുന്നു.  കൂദാശ പോയി ബ്ലെസിംഗ് ആവുന്നു. മദ്ബഹ  മാറീ അൾത്താരയാവുന്നു. കുർബാനയ്ക്കു പകരും മാസ് എന്നായി പലയിടത്തും. നമ്മുടെ ആരാധാനാക്രമ ഭാഷ ലത്തീനോ ഗ്രീക്കോ അല്ല പൗരസ്ത്യ സുറിയാനി അഥവാ അറമായ ആണ്. പരിചിതമായ സുറീയാനീവാക്കുകൾ പോലും കടുകട്ടിയായ സംസ്കൃതവാക്കുകൽ കൊണ്ട് (ഉദാ: ജ്ഞാനസ്നാനം) replace ചെയ്യുന്നത് എന്തിനുവേണ്ടിയാണെന്നു മനസിലാവുന്നില്ല. 

ഉപസംഹാരം
വൈദീകർക്കും സന്യാസിനികൾക്കും മെത്രാന്മാർക്കും ഈ ദുസ്ഥിതിയിൽ പങ്കുണ്ട്. ജനങ്ങളെ സ്വന്തം സഭയുടെ പാരമ്പര്യങ്ങളിൽ ബോധവത്കരിയ്ക്കാൻ അവർക്കു കഴിയുന്നില്ല എന്നതിലുപരി ലത്തീനീകരണങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതായാണ് പലപ്പോഴും കഴിയുന്നത്. "ആഗോള കത്തോലിയ്കാ സഭ ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ ആഘോഷിയ്ക്കുന്ന" എന്നു പ്രസംഗിയ്ക്കുന്ന വൈദീകന് സ്വന്തം സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റി എന്തു ബോധമുണ്ടെന്നു ചിന്തിയ്ക്കണം! സ്വകാര്യ ലത്തീൻ ഭക്താഭ്യാസങ്ങളെ ഇടവകയുടെ ആരാധനാക്രമത്തിന്റെ ഭാഗമാക്കുന്ന വികാരിയച്ചന്മാരിൽ നിന്ന് നമുക്ക് എന്തു പ്രതീക്ഷിയ്ക്കുവാനാവും! കരിസ്മാറ്റിക് പ്രസ്ഥാനങ്ങളും അവരുടെ ദൃശ്യമാധ്യമങങ്ങളും പ്രസിദ്ധീകരണങ്ങളും ലത്തീനീകരണത്തിനു വഴിമരിന്നിടുകയാണ് അറിഞ്ഞോ അറിയാതെയോ  ചെയ്യുന്നത്. ഈശോ എന്നും മിശിഹായെന്നും പറയാൻ കഴിയുന്ന ഒരു കരിസ്മാറ്റിക്കുകാരനെ ഞാൻ ഇനിയും കണ്ടെത്തിയിട്ടില്ല.


No comments: