Monday, September 5, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -2 (തുടർച്ച)

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)
5. ആരാധനാക്രമ പഠനം
നമ്മുടെ ആരാധനാ ചൈതന്യത്തിന്റെ മനോഹരങ്ങളായ രീതികൾ മനസിലാക്കിക്കഴിഞ്ഞാൽ എങ്ങിനെ അതു പ്രയോഗത്തിലാക്കാതിരിക്കാൻ കഴിയും? നമ്മുടെ ദൈവാരാധനാ ചൈതന്യസാംശീകരണത്തിനും അനുഭവവേദ്യമായ ആരാധനാ ജീവിതത്തിനും അത്യന്താപേക്ഷിതമായിരിക്കുന്ന ഒന്നാണ് നിഷ്പക്ഷമനോഭാവം. പാർട്ടി പിടിച്ചു കഴിഞ്ഞാൽ പിന്നെ പാർട്ടിയുടെ വിജയത്തെക്കുറിച്ചായിരിക്കും ചിന്ത മുഴുവൻ. ഇതെഴുതുന്ന വ്യക്തി ഒരു പാർട്ടിയുടെ വ്യക്താവല്ലേ? പിന്നെ ഈ പറയുന്നതിൽ എന്താത്മാർത്ഥതയാണുള്ളത് എന്നൊക്കെ ചിലർ ചോദിച്ചേക്കാം. എനിക്കവരോട് ഒരു കാര്യം മാത്രമേ പറയുവാനുള്ളൂ. വിഭാഗീയ ചിന്തകൾ മാറ്റിവച്ച് സഭയുടെ വസ്തുനിഷ്ടമായ പഠനങ്ങൾ അടിസ്ഥാനമാക്കി മാത്രം ആധികാരികമായ ഒരു പഠനം നടത്തുക. അതിനു ശേഷം യുക്തിപൂർവ്വകമായ അഭിപ്രായം പറയുക, സ്വീകരിക്കുവാൻ ഞാൻ സന്നദ്ധനാണ്.

1970ലാണ് ഞാൻ തിരുപ്പട്ടം സ്വീകരിക്കുന്നത്. വത്തിക്കാൻ കൗൺസിൽ കഴിഞ്ഞ് അഞ്ചാം കൊല്ലത്തില്. എന്റെ ദൈവശാസ്ത്രപഠനം മുഴുവൻ വത്തിക്കാൻ കൗൺസിലിനു ശേഷമാണ് നടത്തിയിട്ടൂള്ളത്. എങ്കിലും ദൈവാരാധനയുടെ ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ വശങ്ങളെക്കുറിച്ച് ഒന്നും തന്നെ ദൈവശാസ്ത്രപരിശീലനകാലത്ത് കിട്ടിയിട്ടില്ല എന്നതു സത്യമാണ്. പ്രഗത്ഭരായ അധ്യാപകർ പരിശീലനം കൊടുത്തിരുന്ന ധർമാരാം കോളേജിലെ സ്ഥിതി ഇതായിരുന്നെങ്കിൽ മറ്റു സെമിനാരികളിലെ കാര്യം ഊഹിക്കാമല്ലോ. വടവാതൂർ സെമിനാരിയിൽ മാത്രം അല്പം വ്യത്യസ്ഥമായ അന്തരീക്ഷമുണ്ടായിരുന്നു എന്ന് ഇവിടെ എടുത്തുപറയേണ്ടീയിരിക്കുന്നു.

അടുത്ത കാലം വരെ പട്ടമേറ്റിട്ടുള്ള വൈദീകരുടെയും അവർ പരിശീലനം കൊടുത്തിട്ടൂള്ള സന്യാസിനികളുടെയും അത്മായരുടെയും ദൈവാരാധനാപരമായ സ്ഥിതിവിശേഷം മുൻപറഞ്ഞതാണ്. അവരെല്ലാം നമ്മുടെ കുർബാനയെ പാശ്ചാത്യ ഗ്രന്ഥകാരന്മാർ ലത്തീൻ കുർബാനയെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ വെളിച്ചത്തിലേ വിശദീകരിച്ചു പഠിച്ചിട്ടുള്ളൂ. ആത്മാർത്ഥതയോടെ സ്വപരിശ്രമത്താൽ നമ്മുടെ കുർബ്ബാനയെക്കുറിച്ച് ഉറവിടങ്ങളിൽ നിന്നു തന്നെ ആഴമായ പഠനം നടത്തിയിട്ടുള്ള ചുരുക്കം ചില വൈദീകരും ആത്മായരും നമ്മുടെ സഭയിലുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല.

6. ഉറവിടങ്ങൾ സുലഭം
പഴയ കാലങ്ങളിൽ ആഴമായ പഠനത്തിനുള്ള ഉപാധികളും സൗകര്യങ്ങളും ഇല്ലാതിരുന്നതുകൊണ്ടാണു ഇങ്ങനെ സംഭവിച്ചു പോയിട്ടുള്ളത്. അതുകൊണ്ട് ആരെയും ക്രമാതീതമായി കുറ്റപ്പെടുത്താനാവില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അതല്ല. നമ്മുടെ കുർബാനയെക്കുറിച്ച് അത്യാവസ്യമായ ആധികാരിക പഠനം നടത്തുന്നതിനാവശ്യമായ പുസ്തകങ്ങളും മറ്റും സുലഭമാണ്. അതുകൊണ്ട് ഇനിയും ഈ തലത്തിൽ കാണിക്കുന്ന അവഗണന ക്ഷന്തവ്യമാണെന്നു തോന്നുന്നില്ല.

7. ദൈവാരാധന വ്യക്തിത്വ ഘടകം
ഇതര സഭകളുമായി നമ്മുടെ അസ്ഥിത്വത്തിനു വേണ്ടി സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ ദൈവാരാധനയുടെ തനതായ വ്യക്തിത്വം പുനരുദ്ധരിച്ച് നവീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ക്രൈസ്തവാസ്ഥിത്വത്തിന്റെ പ്രകാശനമാണല്ലോ ദൈവാരാധന. ദൈവാരാധനയിൽ തനതായ വ്യക്തിത്വം ഇല്ലെങ്കിൽ സഭയുടെ അതിരുകൾ വികസിപ്പിക്കുവാനുള്ള വ്യഗ്രത ആത്മാർത്ഥതയില്ലാത്തതാണ് തീർച്ച. ഭാരതവത്കരണത്തിന്റെ മറവിൽ വരുത്തിവയ്ക്കുന്ന ലത്തീനീകരണവും ഈ ആത്മാർത്ഥതക്കുറവിന്റെ പ്രകടനമാണ്.

8. ഇന്ത്യൻ വ്യക്തിത്വം
നാം ഇന്ത്യക്കാരാണ്. പത്തൊമ്പതര നൂറ്റാണ്ടും അങ്ങിനെതന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ 1962 അവസാനത്തോടെയാണ് മാർത്തോമാ ക്രിസ്ത്യാനികൾ ഇന്ത്യക്കാരല്ലെന്നു അവരിൽ ചില പ്രമുഖ വ്യക്തികൾക്കു തോന്നിത്തുടങ്ങിയത്. അതിനു ചില തത്പരകക്ഷികളുടെ ആവാസം കാരണമായി നിന്നിട്ടൂണ്ട്. മാർത്തോമാ ക്രിസ്ത്യാനികളെ ഭിന്നിപ്പിച്ച് അവരെ നിർവീര്യമാക്കുന്നതിനുള്ള പ്രസ്തുതപരിശ്രമങ്ങൾ മിക്കവാറും വിജയിച്ചു എന്നു മാത്രമേ തത്കാലം പറയാനുള്ളൂ. ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാർ തോമാ ക്രിസ്ത്യാനികൾ വിവേചിച്ചറിഞ്ഞിരുന്നെങ്കിൽ!

നമ്മുടെ കുർബ്ബാനയോടുള്ള ദൈവശാസ്ത്രപരവും അനുഷ്ടാനാത്മകവും പ്രതീകാത്മകവുമായ സമീപനം ലത്തീൻ കുർബാനയോടുള്ളതിൽ നിന്നും വളരെ വ്യത്യസ്ഥമാണ്. ഈ വ്യത്യാസം മാനിക്കുവാനും മനസിലാക്കുവാനും കഴിവില്ലെങ്കിൽ പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ ലത്തീൻ സഭയെ ആശ്ലേഷിക്കുന്നതാണ് കരണീയമായിട്ടൂള്ളത്. സീറോ മലബാറുകാരെന്ന് അഭിമാനിയ്ക്കുകയും ലത്തീൻ രീതികൾ ആഗ്രഹിക്കുകയും ചൈയ്യുന്നത് രണ്ടൂ പൈതൃകങ്ങളോടും കൂറില്ലെന്നതിന്റെ തെളിവായി കണക്കാക്കാം.
(തുടരും)

No comments: