Sunday, September 4, 2011

കുർബാന: പ്രായോഗിക നിർദ്ദേശങ്ങൾ -1

(പാത്തിക്കുളങ്ങരയച്ചന്റെ നമ്മുടെ കുർബാന എന്ന പുസ്തകത്തിൽ നിന്നും എടുത്തത്)


1. കുർബാന ഒരാഘോഷം
സ്വന്തം അസ്ഥിത്വാചരണമായി വിശുദ്ധ കുർബ്ബാനയെ മനസിലാക്കുന്നതിനു പരിശ്രമിക്കുക. സ്വന്തം ജന്മദിനമോ നാമകരണദിനമോ വൈവാഹികാവസരമോ വൈദീകരെങ്കിൽ തിരുപ്പട്ടമോ സന്യാസികളെങ്കിൽ സഭാവസ്ത്രസ്വീകരണദിനമോ വ്രതാനുഷ്ഠാനദിനങ്ങളോ അവയുടെ ജൂബിലികളോ ആഘോഷിക്കുമ്പോൾ ഒന്നും അറിയാത്തവരെപ്പോലെ നിർവ്വികാരരായി നോക്കി നിൽക്കുവാൻ അവർക്കു സാധിക്കുമോ? ആഘോഷം അൽപം നീണ്ടുപോയതുകൊണ്ടോ കൂടിപ്പോയതുകൊണ്ടോ ആരും അസ്വസ്ഥരാകുമെന്നും തോന്നുന്നില്ല. അതേ സമയം നമ്മുടേതല്ലാത്തതും നമുക്കും പങ്കില്ലാത്തതുമായ ആഘോഷങ്ങളിൽ നമുക്കൊരു താത്പര്യവും കാണുകയുമില്ല. അതുകൊണ്ട് വിശുദ്ധ കുർബ്ബാനയെ നമ്മുടെ വിശ്വാസത്തിന്റേയും ക്രൈസ്തവാസ്തിത്വത്തിന്റെയും സമഗ്രമായ ആചരണമായി മനസിലാക്കുന്നതിനു പരിശ്രമിയ്ക്കുകയാണ് അനുഭവവേദ്യമായി അതാചരിക്കുന്നതിനുള്ള ആദ്യപടി.

2. വിശദാംശങ്ങളിൽ ശ്രദ്ധിക്കുക
വിശുദ്ധകുർബ്ബാനയുടെ വിശദാംശങ്ങൾ മനസിലാക്കേണ്ടതുണ്ട്. നാലു നൂറ്റാണ്ടു കാലത്തേ സുദീർഘമായ വിദേശീയ മേധാവിത്വം കൊണ്ട് നമ്മുടെ അവബോധത്തിൽ നിന്നും പലവിശദാംശങ്ങളും ചോർന്നു പോയിട്ടൂണ്ട്. ഇന്നും നാം സ്വയം പര്യാപ്തതയിൽ കഴിയുന്ന ഒരു സഭയാണ്. ആരുടേയും സമ്മർദ്ദത്തിനു വഴങ്ങേണ്ട സാഹചര്യം ഇന്നില്ല. പഠിച്ചറിഞ്ഞ വിശദാംശങ്ങൾ അനുദിന വിശുദ്ധകുർബാന ആചരണത്തിലേയ്ക്ക് പകർത്തുകയാണ് വിശുദ്ധ കുർബാന അനുഭവേദ്യമാകുന്നതിനുള്ള രണ്ടാമത്തെ പടി.

3. കുർബാന ഒരനുഷ്ടാനം
വിശുദ്ധ കുർബാന ഒരാചരണവും ആഘോഷവുമാണല്ലോ. കാർമ്മികർ, ശുശ്രൂഷികൾ, സമൂഹം ഇങ്ങനെ മൂന്നു ഗണങ്ങളായിട്ടാണ് ഈ ആചരണം പൂർത്തിയാക്കുന്നത്. നാം ഏതുഗണത്തിലായാലും ശരി അതിന്റെ കടമകൾ പൂർണ്ണമായി നിർവ്വഹിക്കുമ്പൊഴാണ് നമ്മുടെ ആചരണം പൂർണ്ണമാകുന്നത്. പ്രാർത്ഥനകൾ ചൊല്ലുക മാത്രമല്ല ചില കർമ്മങ്ങളും എല്ലാ ഗണത്തിലും പെട്ടവർക്കും ചെയ്യേണ്ടതായിട്ടൂണ്ട്. അതു നാം വിശ്വസ്തതയോടെ നിറവേറ്റുമ്പോൾ നമ്മുടെ ആചരണം അനുഭവവേദ്യമാകും തീർച്ച.

4. കുരിശുവര
കുരിശുവരകൾ ഇത്തരുണത്തിൽ പ്രത്യേകം സ്മരണീയമാണ്. പലതരത്തിലുള്ള കുരിശുവരകൾ നമ്മുടേ കുർബാനയിലുണ്ട്. സ്ഥാപനവാക്യങ്ങൾ അഥവാ കർതൃവചനങ്ങളുടെ അവസരത്തിൽ പീലാസാമേലും കാസമേലും മൂന്നുപ്രാവശ്യം വീതം കാർമ്മികൻ കുരിശുവരയ്ക്കുന്നുണ്ട്. അതുപോലെ കൂദാശാഭാഗത്തിന്റെ ആരംഭത്തിലും മധ്യത്തിലും അവസാനത്തിലും കാർമ്മികൻ തിരുവസ്തുക്കളുടെ മേൽ കുരിശുവരയ്ക്കുന്നുണ്ട്. തിരുശരീരം ഉയർത്തിയ ശേഷം തിരുവോസ്തിയിൽ സ്പർശിയ്ക്കാതെ അധരങ്ങൾ കൊണ്ട് കുരിശടയാളത്തിൽ ചുംബിക്കുന്നുണ്ട്. ഈ കുരിശുകളെല്ലാം നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള മിശിഹായുടെ കുരിശുമരണം ആഘോഷമായി ഏറ്റുപറയുന്ന കർമ്മങ്ങളാണ്. ആരാധനാ സമൂഹത്തിലെ ഓരോ അംഗവും പ്രസ്തുത സമയങ്ങളിൽ ഈ അവബോധത്തോടൂകൂടീ തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ടിരിക്കണം.
വിശുദ്ധകുർബാനയിൽ അഞ്ചുപ്രാവശ്യം കാർമ്മികൻ സമൂഹത്തെ ആശീർവ്വദിക്കുന്നുണ്ട്. സുവിശേഷവായനയ്ക്കു മുൻപ് ഏവൻഗാലിയൻ പുസ്തകം കൊണ്ടൂം സമാധാനാശംസയുടെ രണ്ട് അവസരങ്ങളിലും, കുർബാന സ്വീകരണത്തിനു ക്ഷണിയ്ക്കുമ്പോഴും ഹൂത്താമാപ്രാർത്ഥനയുടെ അവസാനത്തിലുമാണ് ഈ ആശീർവാദങ്ങൾ നല്കുന്നത്. മൂന്നു പ്രാവശ്യം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുന്നുണ്ട്. സുവിശേഷപുസ്തകം കൊണ്ടല്ലാതെ “സമാധാനം നിങ്ങളോടുകൂടെ” എന്നാശംസിച്ചാശീർവ്വദിക്കുന്ന രണ്ടവസരങ്ങൾക്കു തൊട്ടൂ മുൻപും അനുരഞ്ജനശുശ്രൂഷയിലെ “നമ്മുടെ കർത്താവീശോമിശിഹായുടേ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും …” എന്ന ആശംസാ പ്രാർത്ഥനയുടെ അവസരത്തിലുമാണ് കാർമ്മികൻ സ്വയം കുരിശൂവരയ്ക്കുന്നത്. ഈ അവസരങ്ങളിലെല്ലാം “കാർമ്മികൻ വലതു കൈവിടർത്തി ഉള്ളം കൈ പടിഞ്ഞാട്ടേയ്ക്ക് അഥവാ ജനങ്ങളുടെ നേരെ ആക്കി വിരലുകൾ ശിരസിനു മുകളിൽ കാണത്തക്കവിധം ഉയർത്തി” കുരിശുവരയ്ക്കണമെന്നാണ് കുർബാനപുസ്തകത്തിൽ നിർദ്ദേശിക്കുന്നത്. തന്റെ പിന്നിൽ തന്നോടൊത്ത് സ്വർഗ്ഗോനുഖമായി നിൽക്കുന്ന സമൂഹത്തെ മുഴുവൻ ഉൾപ്പെടുത്തിയുള്ള കുരിശുവരയായതുകൊണ്ടാണ് ഇപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കാർമ്മികൻ ആശീർവദിക്കുന്ന അവസരത്തിൽ ആശീർവ്വാദം സ്വീകരിച്ചുകൊൻടൂം കാർമ്മികൻ സ്വയം കുരിശുവരയ്ക്കുമ്പോൾ അദ്ദേഹത്തോടു യോജിച്ചുകൊണ്ടൂം സമൂഹത്തിലെ ഓരോ അംഗവും സ്വയം കുരിശുവരച്ച് വിശുദ്ധീകരിക്കണം.
(കുരിശുവരക്കേണ്ടതെങ്ങനെയെന്ന് മറ്റൊരു പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്)
(തുടരും)

No comments: