Sunday, July 15, 2012

വിശ്വാസപ്രമാണം

ഔദ്യോഗിക ജോലികൾ എറ്റെടുക്കുന്നതിനു മുൻപും കർമ്മങ്ങൾ നിർവഹിക്കുന്നതിനൊരുക്കമായും സ്വവിശ്വാസം ഏറ്റുപറയുന്ന രീതി അതിപുരാതനമായ ഒന്നാണ്. കുർബാന പട്ടമോ മെത്രാൻ പട്ടമോ സ്വീകരിയ്ക്കുന്നതിനു മുൻപ് അർത്ഥികൾ ഔദ്യോഗികമായി വിശ്വാസപ്രണാമം നടത്തുന്നതു നാം കേട്ടിട്ടുണ്ടാകും. ദൈവശാസ്ത്രപീഠങ്ങളിൽ പഠിപ്പിയ്ക്കുന്നവരും ദൈവശാസ്ത്ര ബിരുദം സമ്പാദിയ്ക്കുന്നവരും ഈ വിശ്വാസപ്രതിജ്ഞ നടത്താറൂണ്ട്.  ഔദ്യോഗികമായി പഠിപ്പിയ്ക്കുവാൻ നിയോഗിക്കപ്പെടുന്ന ഇവർ വിശ്വാസത്തിനെതിരായി ഒന്നും പ്രവർത്തിയ്ക്കുകയില്ലെന്നും സഭാനിർദ്ദേശങ്ങളോട് പരിപൂർണ്ണ വിശ്വസ്തത പാലിച്ചുകൊള്ളാമെന്നും ആണ് ഈ വിശ്വാസ പ്രഖ്യാപനത്തിൽ നാം ഏറ്റുപറയുന്നത്.  വിശുദ്ധ കുർബാനയിൽ അതിന്റെ കേന്ദ്രഭാഗമായ കൂദാശാഭാഗത്തിനു തൊട്ടൂ മുൻപ് ഈ പ്രഖ്യാപനം നടത്തുന്നത് ഏറ്റം അർത്ഥവത്താണെന്നും കാണാൻ കഴിയും.

1968 വരെ നമ്മുടെ കുർബാനക്രമത്തിൽ ഒരു വിശ്വാസ സംഹിതയേ ഉണ്ടായിരുന്നുള്ളൂ. അത് നിഖ്യാ വിശ്വാസപ്രമാണം, നിഖ്യാ കോൺസ്റ്റാന്റിനൊപ്പിൾ വിശ്വാസപ്രമാണം, സാർവത്രിക വിശ്വാസപ്രമാണം എന്നൊക്കെ വിഖ്യാതമായ വിശ്വാസ സംഹിതയാണ്.

പല കാര്യങ്ങളിലുമെന്നതു പോലെ 16ആം നൂറ്റാണ്ടുമുതൽ  നിഖ്യാവിശ്വാസത്തിനു നൂറ്റാണ്ടുകൾക്കു ശേഷം മാത്രം രൂപം കൊണ്ട ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്നറിയപ്പെടുന്ന വിശ്വാസപ്രമാണം പ്രചരിച്ചു തുടങ്ങി. 1968ൽ നമ്മുടെ സഭയിലെ ചില പ്രധാനപ്പെട്ടയാളുകൾ തന്നെയാണ് നമ്മുടെ ആരാധനാ ചൈതന്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വിശ്വാസപ്രമാണം കുർബാനയിൽ കൂട്ടിച്ചേർത്തത്. എന്നാൽ 1985 ഡിസംബർ 19നു അന്തിമമായി റോംമിൽ നിന്ന് അംഗീകരിച്ച  കുർബാന ക്രമത്തിൽ നിഖ്യാ വിശ്വാസപ്രമാണം മാത്രമേയുള്ളൂ.


നിഖ്യാ വിശ്വാസപ്രമാണത്തിനു A.D 325ലെ നിഖ്യാ സൂനഹദോസാണു രൂപം കൊടുക്കുന്നത്. 381ലെ കോൺസ്റ്റാന്റിനോപ്പിൽ സൂനഹദോസ് ചില വ്യതിയാനങ്ങളോടെ അതിന് അന്തിമ രൂപം നൽകി. 5-ആം നൂറ്റാണ്ട് അവസാനത്തോടെ മിക്കവാറും എല്ലാ പൗരസ്ത്യ സഭകളും ഈ വിശ്വാസപ്രമാണം കുർബാനയർപ്പണത്തിന്റെ അവശ്യ ഘടകമാക്കി. എതിയോപ്പിയൻ സഭയൊഴികെ എല്ലാ പൗരസ്ത്യസഭകളും ഈ സാർവത്രിക വിശ്വാസപ്രമാണമാണ് കുർബാനയിൽ ഉപയോഗിക്കുന്നത് -അതും കൂദാശാഭാഗത്തിനു തൊട്ടൂ മുൻപിലായി.




നമ്മുടെ സഭ ഒരപ്പസ്തോലിക സഭയാണ്. 20 നൂറ്റാണ്ടിന്റെ ആരാധനാക്രമ പാരമ്പര്യം നമുക്കുണ്ട്.  എല്ലാ സഭകൾക്കും പൊതുവായി ഉള്ളതും 5 ആം നൂറ്റാണ്ടു മുതലെങ്കിലും നാം ഉപയോഗിച്ചു പോരുന്നതുമായ നിഖ്യാവിശ്വാസപ്രമാണമുള്ളപ്പോൾ ഒരു പ്രത്യേകസഭയുടെ മാമോദീസാ വിശ്വാസപ്രമാണമായ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം ഉപയോഗിയ്ക്കുവാൻ ആഗ്രഹം കാണിയ്ക്കുന്നത് ആരാധനാക്രമ ചൈതന്യവുമായി യാതൊരു ബന്ധവും ഇല്ലാത്തനിനാലാണ്. ഏതായാലും റോമാ സിംഹാസനം തന്നെ ഇക്കാര്യം വ്യക്ത്യമായി പഠിപ്പിയ്ക്കുന്നതുകൊണ്ട് മുൻപറഞ്ഞ കാര്യങ്ങൾ റോമാസഭയോട് - ലത്തീൻ സഭയോട് ഉള്ള വിരോധം കൊണ്ടാണെന്ന് ആരും തെറ്റിദ്ധരിയ്ക്കുകയില്ലെന്നു കരുതുന്നു.

(നമ്മുടെ കുർബാന:  പാത്തിക്കുളങ്ങര വർഗ്ഗീസച്ചൻ)

1 comment:

Unknown said...

ഒരു സംശയം ഉളളത്, വിശ്വാസപ്രമാണത്തിൽ ത്രിത്വം എന്ന ആശയം അവതരിപ്പിക്കുന്നത് എങ്ങനെ എന്ന് വ്യക്തമാക്കാമോ, അതുപോലെ തന്നെ ത്രിതേക ദൈവം എന്നതും